ന്യൂഡൽഹി : സ്വർണം, വെള്ളി ആഭരണങ്ങളുമായി രക്ഷപ്പെടുന്നതിനിടെ മൂത്രമൊഴിക്കാൻ പൊതുസ്ഥലത്തുനിന്ന മോഷ്ടാക്കളെ പോലീസ് പിടികൂടി. തെക്കൻ ഡൽഹിയിലെ കരാവൽ നഗറിൽനിന്ന് മോഷണം നടത്തി പോവുകയായിരുന്ന ദീപക്, രവികാന്ത് എന്നിവരെയാണ് ബി.ആർ.ടി. റോഡിൽനിന്ന് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെയാണ് മോഷണം നടന്നത്. ബി.ആർ.ടി. റോഡിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന് അടുത്തിടെ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവിടെ പുലർച്ചെ സമയത്ത് മോഷണം പതിവായതിനെത്തുടർന്നായിരുന്നു നടപടി. കാറിൽ പോവുകയായിരുന്ന പ്രതികൾ വാഹനം നിർത്തിയശേഷം റോഡരികിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്യാനാണ് പോലീസ് എത്തിയത്. തുടർന്ന് ഇവരിൽനിന്ന് ആഭരണങ്ങളും രണ്ട് നാടൻതോക്കുകളും വാഹനപരിശോധനയിൽ കണ്ടെടുത്തു. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.