പുണെ : പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർമാൻസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ബി.ജെ.പി. യുടെ ഭോസരിയിൽനിന്നുള്ള കോർപറേറ്ററായ രവി ലാൻഡ്ഗെ കോർപ്പറേഷൻ അംഗത്വം രാജിവെച്ചു.
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ ഭോസരിയിൽനിന്നുള്ള മറ്റൊരു കോർപ്പറേറ്ററായ നിതിൻ ലാൻഡ്ഗെക്കാണ്. ബി.ജെ.പി. സീറ്റ് നൽകിയത്. 2017-ലെ കോർപ്പറേഷൻ തിരെഞ്ഞെടുപ്പിൽ ഭോസരി വാർഡ് 6-ൽ നിന്നും എതിരില്ലാതെയാണ് രവി ലാൻഡ്ഗെ തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ രണ്ടുതവണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം തനിക്ക് വാഗ്ദാനംചെയ്തിരുന്നെങ്കിലും പാർട്ടി വാക്ക് പാലിച്ചില്ലെന്നും, പിംപ്രി-ചിഞ്ച്വാഡിൽ ബി.ജെ.പി. യെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച തന്റെ കുടുംബത്തോട് പാർട്ടി അനീതി കാണിക്കുകയാണെന്നുമാണ് മേയർ ഉഷാ ധോറെക്ക് രാജി സമർപ്പിച്ചശേഷം രവി ലാൻഡ്ഗെ പറഞ്ഞത്.
കുറച്ചുദിവസം മുമ്പ് എൻ.സി.പി. നേതാവ് അജിത് പവാറുമായി രവി ലാൻഡ്ഗെയടക്കമുള്ള പിംപ്രി-ചിഞ്ച്വാഡിൽ ബി.ജെ.പി. കോർപറേറ്റർമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ എൻ.സി.പി. യിൽ ചേരുന്നതിനെപ്പറ്റി പ്രതികരിക്കാൻ രവി ലാൻഡ്ഗെ തയ്യാറായില്ല. രവി ലാൻഡ്ഗെയെ എൻ.സി.പി. യിലേക്ക് സ്വാഗതം ചെയ്ത എൻ.സി.പി. പിംപ്രി-ചിഞ്ച്വാഡ് ജില്ലാ പ്രസിഡന്റ് സഞ്ജോഗ് വാഗെരെ, 15-ലധികം ബി.ജെ.പി. കോർപറേറ്റർമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അടുത്തുതന്നെ അവർ പാർട്ടിയിലേക്ക് വരുമെന്നും പറഞ്ഞു.