ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ അഞ്ച് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാല് സീറ്റും ആം ആദ്മി പാർട്ടി (എ.എ.പി.) നേടി. ഒരു സീറ്റിൽ കോൺഗ്രസ് ജയിച്ചു. ബി.ജെ.പിക്ക് ഷാലിമാർ ബാഗിലെ സിറ്റിങ് സീറ്റ് നഷ്ടമായി. അതേസമയം ന്യൂനപക്ഷ മേഖലയായ ചൗഹാൻ ബംഗർ വാർഡിൽ കോൺഗ്രസിനോട് പരാജയപ്പെട്ടത് എ.എ.പിക്ക് ഞെട്ടലുണ്ടാക്കി.

അടുത്തവർഷം നടക്കാൻ പോകുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനലെന്ന് വിലയിരുത്തപ്പെട്ട മത്സരത്തിലാണ് എ.എ.പിക്ക് മികച്ച വിജയമുണ്ടായത്. നിലവിൽ ഡൽഹിയിലെ മൂന്ന് കോർപ്പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പിയാണ്.

ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും എ.എ.പിയെ അധികാരത്തിലേറ്റാനുള്ള ജനങ്ങളുടെ ആഗ്രഹമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തി ഒരിക്കൽക്കൂടി ഡൽഹിക്കാർ വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ജനവിധി മാനിക്കുന്നെന്നും ഷാലിമാർ ബാഗിലെ തോൽവിയിൽ ആത്മപരിശോധന നടത്തുമെന്നും ഡൽഹി ബി.ജെ.പി. അധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു.

പതിനായിരത്തിലേറെ വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ സുബൈർ അഹമ്മദ് വിജയിച്ചത് ജനങ്ങൾക്ക് തങ്ങളിലുള്ള വിശ്വാസത്തിന് തെളിവാണെന്ന് പാർട്ടിയുടെ ഡൽഹി ചുമതലയുള്ള ശക്തിസിങ് ഗോഹിൽ അഭിപ്രായപ്പെട്ടു.

കല്യാൺപുരി, രോഹിണി- സി, ത്രിലോക്പുരി, ഷാലിമാർ ബാഗ് വാർഡുകളിൽ വിജയിച്ച എ.എ.പി.ക്ക് ലഭിച്ചത് 46.10 ശതമാനം വോട്ടുകളാണ്. ബി.ജെ.പി.ക്ക് 27.29 ശതമാനവും കോൺഗ്രസിന് 21.84 ശതമാനവും വോട്ട് ലഭിച്ചു. ഉപതിരഞ്ഞെടുപ്പിൽ 50 ശതമാനത്തോളമാണ് പോളിങ് രേഖപ്പെടുത്തിയത്.

ചൗഹാൻ ബംഗർ വാർഡിൽ എ.എ.പി.യുടെ മുഹമ്മദ് ഇർഷാദ് ഖാനെ 10,642 വോട്ടിനാണ് കോൺഗ്രസിന്റെ ചൗധരി സുബൈർ അഹമ്മദ് പരാജയപ്പെടുത്തിയത്. ഏറ്റവും കൂടിയ ഭൂരിപക്ഷവും ഇതാണ്.

എ.എ.പി.യുടെ ധീരേന്ദർ കുമാർ കല്യാൺപുരിയിൽ 7,043 വോട്ടുകൾക്കും വിജയ് കുമാർ ത്രിലോക്പുരിയിൽ 4,986 വോട്ടുകൾക്കും ജയിച്ചു. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായിരുന്ന ഷാലിമാർ ബാഗിൽ അവരുടെ സുർഭി ജാജുവിനെ 2,705 വോട്ടുകൾക്കാണ് എ.എ.പി.യുടെ സുനിത മിശ്ര തോൽപ്പിച്ചത്. രോഹിണി- സി വാർഡിൽ എ.എ.പി.യുടെ രാം ചന്ദറിന് 2,985 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

2012 മുതൽ ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പി.യാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പി. മികച്ച വിജയം കൈവരിച്ചെങ്കിലും മുനിസിപ്പൽ കോർപ്പറേഷനുകൾ അവർക്ക് കീറാമുട്ടിയായി. ഏറെ പിന്നിലായി രണ്ടാം സ്ഥാനമാണ് 2017-ലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എ.എ.പി.ക്ക് ലഭിച്ചത്. ബി.ജെ.പി.ക്ക് 181 സീറ്റുകൾ ലഭിച്ചപ്പോൾ എ.എ.പി.ക്ക് 48-ഉം കോൺഗ്രസിന് 30 സീറ്റുകളുമാണ് അന്ന് കിട്ടിയത്.

ഉപതിരഞ്ഞെടുപ്പു ഫലം അടുത്തവർഷത്തേക്കുള്ള സൂചന -കെജ്‌രിവാൾ

ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപതിരഞ്ഞെടുപ്പിൽ എ.എ.പി. നേടിയ മികച്ചവിജയം അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ.

ഡൽഹി സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങൾ പ്രകടിപ്പിച്ച വിശ്വാസമാണ് ഉപതിരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാല് സീറ്റിലും എ.എ.പി. വിജയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ വികസനവും വൈദ്യുതി, കുടിവെള്ള മേഖലയിലെ മികച്ച പ്രവർത്തനവും കണക്കിലെടുത്താണ് ജനങ്ങൾ എ.എ.പിയെ വിജയിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിക്ക് സിറ്റിങ് സീറ്റ് നഷ്ടമായത് അടുത്തവർഷത്തെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണ്. ബി.ജെ.പി. ഭരിക്കുന്ന എം.സി.ഡി.കളിലെ അഴിമതിയും കള്ളത്തരവും ജനങ്ങൾ അംഗീകരിച്ചില്ലെന്നാണ് ഫലം കാണിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലും ഡൽഹി ജലബോർഡ് ഓഫീസിലും ബി.ജെ.പി. നടത്തിയ അതിക്രമങ്ങൾക്കും ജനങ്ങൾ മറുപടി നൽകി. എ.എ.പിയുടെ നേട്ടങ്ങൾ ചോദിച്ചാൽ രാജ്യത്തെ മുഴുവൻ ജനങ്ങളും പറഞ്ഞുതരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.