ന്യൂഡൽഹി : അയോധ്യയിലേക്കുള്ള ആദ്യ തീർഥാടകവണ്ടി വെള്ളിയാഴ്ച പുറപ്പെട്ടു. മുതിർന്നവർക്കായുള്ള തീർഥാടക പദ്ധതിയിൽ അയോധ്യാതീർഥാടനം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യവണ്ടിയാണ് വെള്ളിയാഴ്ച സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ടത്. തീർഥാടകരെ കാണാനും ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യാനുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ റെയിൽവേ സ്റ്റേഷനിലെത്തി. മുതിർന്നവരോടു സംസാരിച്ചും അനുഗ്രഹം തേടിയും മുഖ്യമന്ത്രി തീർഥാടകരെ യാത്രയയച്ചു. ആഹ്ലാദാരവങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ‘അരവിന്ദ് കെജ്‌രിവാൾ-ഹമാരാ ശ്രാവൺ കുമാർ’ എന്ന മുദ്രാവാക്യവും തീർഥാടകർ മുഴക്കി.

അയോധ്യയിലേക്കുള്ള ആദ്യവണ്ടിയിൽ ആയിരംപേരാണ് തീർഥാടകർ. രാംലല്ലയുടെ ദർശനത്തിനുവേണ്ടിയാണ് ഡൽഹിയിലെ തീർഥാടകർ പുറപ്പെട്ടതെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഏറെ സന്തോഷകരമായ മുഹൂർത്തമാണിത്. വാർധക്യത്തിൽ തീർഥാടനത്തിനുപോവാൻ അവസരം കിട്ടിയാൽ അവരുടെ സന്തോഷത്തിന് അതിരുകളുണ്ടാവില്ല. എല്ലാവരും അയോധ്യയിൽ ദർശനത്തിനു പോവുന്നു. തീർഥാടകരെ കാണാനായതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി കൈലാഷ് ഗെഹ്‌ലോത്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

രാമേശ്വരം, ജഗന്നാഥപുരി, ഹരിദ്വാർ, ഋഷികേശ്, അജ്‌മേർ തുടങ്ങിയ 15 പുണ്യസ്ഥലങ്ങളിലേക്കാണ് സൗജന്യ തീർഥാടനം. അയോധ്യയ്ക്കു പുറമെ വേളാങ്കണ്ണിയും കർതാർപുരും അടുത്തിടെ ഉൾപ്പെടുത്തുകയായിരുന്നു. വേളാങ്കണ്ണിയിലേക്കും കർതാർപുരിയിലേക്കുമുള്ള വണ്ടി ജനുവരിയിൽ പുറപ്പെടും.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ അങ്കം കുറിക്കാനിറങ്ങുകയാണ് എ.എ.പി. ഇതു കൂടി ലക്ഷ്യമിട്ടാണ് അയോധ്യയിലേക്കുള്ള തീർഥാടകവണ്ടി.