ന്യൂഡൽഹി : കോവിഡ് പോസിറ്റിവിറ്റിനിരക്ക് നഗരത്തിൽ അഞ്ചുശതമാനത്തിൽ താഴെയായെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കോവിഡ് കുറഞ്ഞുവരുന്നതിന്റെ ഈ സൂചനകൾ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ആശുപത്രികളിൽ 65 ശതമാനത്തിലേറെ കിടക്കകളും 40 ശതമാനത്തിലേറെ ഐ.സി.യു. കിടക്കകളും ലഭ്യമാണ്. ഇപ്പോഴത്തെ പോസിറ്റിവിറ്റിനിരക്ക് അഞ്ചു ദിവസംകൂടി തുടർന്നാൽ കോവിഡിനെ പിടിച്ചുനിർത്താൻ കഴിഞ്ഞതായി കരുതാമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച 3734 പേർക്കു മാത്രമേ രോഗബാധയുണ്ടായിട്ടുള്ളൂ. മുക്കാൽ ലക്ഷത്തിലേറെ കോവിഡ് പരിശോധനകൾ നടന്നു. പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമായി. ഡൽഹിയിൽ 18,700 കോവിഡ് കിടക്കകളുണ്ട്. ഇതിൽ 12,000ത്തിൽ കൂടുതൽ ഒഴിവുണ്ട്. ഐ.സി.യു. കിടക്കകൾ 5029 എണ്ണമുള്ളതിൽ 2013 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. സ്ഥിതി മെച്ചപ്പെടുന്നതായി തെളിയിക്കുന്നതാണ് ഈ സാഹചര്യം. കോവിഡ് പരിശോധന കൂട്ടിയത് ഏറെ ഗുണകരമായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വാക്സിൻ കിട്ടിയാൽ ആഴ്ചകൾക്കുള്ളിൽ ഡൽഹിനിവാസികൾക്കെല്ലാം വിതരണം ചെയ്യാനാവും. മൊഹള്ള ക്ലിനിക്കുകളും പോളിക്ലിനിക്കുകളും ഡിസ്‌പെൻസറികളുമൊക്കെയായി വലിയ സൗകര്യം ഇതിനായി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.