ന്യൂഡൽഹി : കോവിഡ് വാക്സിൻ നൽകാനായി വിവിധ ആശുപത്രികൾ, നഴ്‌സിങ് ഹോമുകൾ, മറ്റു ചികിത്സാകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ പട്ടിക തയ്യാറാക്കുന്ന നടപടി ഡൽഹി സർക്കാർ ആരംഭിച്ചു. സംസ്ഥാന ആരോഗ്യമിഷന്റെ വെബ്‌സൈറ്റ് വഴിയാണ് ഇവരുടെ പേരുവിവരം ശേഖരിക്കുന്നത്. ഇതിനായി പ്രത്യേക ലിങ്ക് സൈറ്റിൽ ഏർപ്പെടുത്തി.
നിരവധി ക്ലിനിക്കുകൾ ഉൾപ്പെടെ ഒട്ടേറെ ആശുപത്രികളും നഴ്‌സിങ് ഹോമുകളും ഇതിനകം വിവരം നൽകിയിട്ടുണ്ടെന്ന് സർക്കാർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ശേഷിക്കുന്ന എല്ലാ ചികിത്സാകേന്ദ്രങ്ങളും അവരവരുടെ ആരോഗ്യപ്രവർത്തകരുടെ വിവരം അപ്‌ലോഡ് ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പാരാമെഡിക്കൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാർ എന്നിവർ ആരോഗ്യപ്രവർത്തകരുടെ വിഭാഗത്തിൽ വരുമെന്നും നോട്ടീസിൽ വ്യക്തമാക്കി.
നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി നൂറുകണക്കിന് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും നിരവധി പേർക്ക് വൈറസ് ബാധിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ രാജ്യത്തെ 30 കോടി ആളുകൾക്ക് വാക്സിൻ നൽകുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. ഇവരിൽ ഒരുകോടിപേർ ആരോഗ്യപ്രവർത്തകരാണ്.
ഡൽഹിയിലെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകാൻ തങ്ങൾ ഒരുക്കമാണെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ ലഭ്യമായാൽ ഡൽഹിയിലെ മുഴുവൻ ആളുകൾക്കും ഏതാനും ആഴ്ചകൾക്കുള്ളിൽ നൽകാൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞിരുന്നു.
ഡൽഹി സർക്കാരിനു കീഴിലുള്ള രാജീവ്ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയെയാണ് വാക്സിൻ സൂക്ഷിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്.ആരോഗ്യപ്രവർത്തകർ, സേനാംഗങ്ങൾ, മുതിർന്ന പൗരൻമാർ, 50 വയസ്സിൽ താഴെയുള്ള മറ്റു രോഗങ്ങളുള്ളവർ എന്നിവർക്കാണ് ഒന്നാംഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തിന്റെ ലക്ഷ്യം. വാക്സിനേഷന് വിധേയമാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച നടപടികൾ അന്തിമഘട്ടത്തിലാണെന്നാണ് സൂചന.
രാജ്യത്ത് കോവിഡ് വാക്സിനുകളുടെ പരീക്ഷണം അവസാനഘട്ടത്തിലാണെന്നും ഡിസംബർ അവസാനമോ ജനുവരി ആദ്യമോ വാക്സിനേഷൻ ആരംഭിക്കാൻ സാധിക്കുമെന്നും ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞിരുന്നു.