ആകെ മരണം 17,000 കടന്നു

ന്യൂഡൽഹി : തലസ്ഥാനത്ത് തുടർച്ചയായി രണ്ടാംദിവസവും 400-ലേറെ കോവിഡ് രോഗികൾ മരിച്ചു. ഞായറാഴ്ച 407 കോവിഡ് രോഗികൾ മരിച്ചതായി സർക്കാർ അറിയിച്ചു. ശനിയാഴ്ച 412 കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് നഗരത്തിൽ മരിക്കുന്നവരുടെ ആകെ എണ്ണം 17,006 ആയി.

ഞായറാഴ്ച പുതുതായി 20,394 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 24,444 പേർ കോവിഡ് മുക്തരായി.

മരണനിരക്ക് ഉയരുന്നതോടെ ഡൽഹിയിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഞായറാഴ്ച കേന്ദ്രസർക്കാർ വിളിച്ച ഉന്നതതലയോഗത്തിലും ഡൽഹിയിലെ പ്രശ്‌നം പ്രത്യേകം ചർച്ചചെയ്തു. ഡൽഹിക്ക് ആവശ്യമായ ഓക്‌സിജൻ എത്തിക്കുന്നതും ചർച്ചയായി.

ഡൽഹി ഹൈക്കോടതിയും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഡൽഹിയുടെ വിഷയത്തിൽ പ്രത്യേക സിറ്റിങ് നടത്തുന്നുണ്ട്. അവധിദിവസങ്ങളായിട്ടും ശനിയാഴ്ചയും ഞായറാഴ്ചയും ഓക്സിജൻ വിഷയത്തിൽ ഹൈക്കോടതി സിറ്റിങ് നടത്തി.