ന്യൂഡൽഹി : ലോകോത്തര സൈക്കിൾതാരമാകാൻ കൊതിക്കുന്ന ഡൽഹിയിലെ സ്കൂൾവിദ്യാർഥിക്ക് തുണയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വന്തമായി സൈക്കിളില്ലാത്ത റിയാസിനാണ് സഹായഹസ്തവുമായി രാജ്യത്തെ പ്രഥമപൗരൻതന്നെ എത്തിയത്. റിയാസിന്റെ കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ രാഷ്ട്രപതി റിയാസിന് പുത്തൻ സൈക്കിൾ സമ്മാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാഷ്ട്രപതിഭവനിൽവെച്ചാണ് സൈക്കിൾ കൈമാറിയത്.

പ്രഥമ വനിത സവിത കോവിന്ദ്, രാഷ്ട്രപതിയുടെ മകൾ സ്വാതി എന്നിവരും ഒപ്പമുണ്ടായിരുന്നു. സൈക്കിൾ കൈമാറുന്നതിന്റെ ചിത്രങ്ങൾ രാഷ്ട്രപതി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കുകയുംചെയ്തു. അന്താരാഷ്ട്ര സൈക്ലിങ് രംഗത്ത് ഉയരങ്ങൾ കീഴടക്കാൻ റിയാസിനാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

ബിഹാറിലെ മധുബനി സ്വദേശിയായ റിയാസ് ഡൽഹിയിലെ ആനന്ദ് വിഹാറിലെ സർവോദയ ബാൽ വിദ്യാലയത്തിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. രക്ഷിതാക്കളും രണ്ടുസഹോദരിമാരും ഒരു സഹോദരനും അടങ്ങുന്ന കുടുംബം മധുബനിയിലാണ് കഴിയുന്നത്. ഗാസിയാബാദിലെ മഹാരാജ്പുരിലുള്ള വാടകവീട്ടിലാണ് റിയാസിന്റെ താമസം. പാചകജോലിക്കാരനാണ് റിയാസിന്റെ പിതാവ്. കുടുംബത്തെ സഹായിക്കാൻ ഒഴിവുസമയങ്ങളിൽ റിയാസ് ഗാസിയാബാദിൽ പാത്രംകഴുകുന്ന ജോലിക്കും പോകാറുണ്ട്. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രമോദ് ശർമ എന്നയാളുടെ കീഴിലാണ് സൈക്ലിങ് പരിശീലനം.

പഠനത്തിന്റെയും ജോലിത്തിരക്കുകളുടെയും ഇടയിലാണ് റിയാസ് പരിശീലനത്തിന് സമയംകണ്ടെത്തുന്നത്.

2017-ൽ ഡൽഹിയിൽനടന്ന സംസ്ഥാന സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയിരുന്നു. ഗുവാഹാട്ടിയിൽ നടന്ന ദേശീയ സ്കൂൾമീറ്റിൽ നാലാംസ്ഥാനവും ലഭിച്ചിരുന്നു. സ്വന്തമായി സൈക്കിൾ ഇല്ലാത്തതിനാൽ കടംവാങ്ങിയ സൈക്കിൾ ഉപയോഗിച്ചായിരുന്നു റിയാസിന്റെ ഈ നേട്ടങ്ങൾ.