ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ ജനങ്ങൾക്ക്‌ കൂടുതൽ സേവനങ്ങളൊരുക്കി സംസ്ഥാന സർക്കാർ. മോട്ടോർ വാഹന ലൈസൻസടക്കം ഗതാഗത വകുപ്പിലെ 33 സേവനങ്ങൾ ഓൺലൈനാക്കാൻ സർക്കാർ തീരുമാനിച്ചു. ലഭിക്കുന്ന 95 ശതമാനം അപേക്ഷകളും ഓൺലൈൻ വഴി നടപ്പാക്കും. ഓൺലൈൻ ലേണേഴ്‌സ് ലൈസൻസ് ലഭിക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമായിരിക്കും ഡൽഹിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഐ.പി. എസ്റ്റേറ്റ് മേഖലയിലെ ആർ.ടി.ഒ. ഒാഫീസിന് താഴിട്ടായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടനം.

ഗതാഗത ഓഫീസുകളിലെ തിരക്കും സമയവും ലാഭിക്കാൻ പാകത്തിൽ ഇ-ഒപ്പ് സംവിധാനമടക്കമുള്ളവ പരിഷ്കാരം ഇതിന്റെ ഭാഗമായിട്ടുണ്ടാവും. മുഖം തിരിച്ചറിയുന്ന സോഫ്റ്റ്‌ വേർ ഉപയോഗിച്ച് സുരക്ഷിതമായിത്തന്നെ ഓൺലൈൻ ലേണേഴ്‌സ് ലൈസൻസ് നടപ്പാക്കും. ഇതിനായി ആധാർ അധിഷ്ഠിത തിരിച്ചറിയിൽ സംവിധാനം പ്രയോജനപ്പെടുത്തും. വരി നിൽക്കാതെയും ഓഫീസുകളിൽ പോവാതെയും സ്പർശനമില്ലാതെയുമൊക്കെ അപേക്ഷ നൽകി സേവനങ്ങൾ നേടാൻ ഇപ്പോഴത്തെ പരിഷ്കാരം വഴി ജനങ്ങൾക്ക് അവസരമൊരുങ്ങും. സേവനത്തിൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഗതാഗത വകുപ്പിൽ ഫെയ്‌സ് ലെസ് സേവനമാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രാൻസ്പോർട്ട് ഓഫീസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയായിരുന്നു ജനങ്ങൾക്ക്. ഏത് ഏജന്റിനെ സമീപിക്കണമെന്നും ഓഫീസിൽ പോവാൻ എന്ന് അവധിയെടുക്കണമെന്നുമൊക്കെ ചിന്തിക്കണമായിരുന്നു. ഓഫീസിൽ ആരെങ്കിലും തടസ്സമുന്നയിച്ചാൽ അവിടെ നിരന്തരം കയറിയിറങ്ങണമായിരുന്നു. സ്വയം ഓടിത്തളർന്നാൽ പിന്നീട് ഏജന്റുമാരെ സമീപിക്കാൻ നിർബന്ധിതരാവും.

2015-ൽ എ.എ.പി. അധികാരത്തിൽ വന്നശേഷം ചെറിയതോതിൽ പരിഷ്കാരങ്ങൾ നടപ്പാക്കിത്തുടങ്ങി. 2018-ൽ വലിയതോതിലായി. 1076 എന്ന നമ്പറിൽ വിളിച്ചാൽ നിങ്ങളുടെ രേഖകൾ പരിശോധിച്ചും അപേക്ഷ പൂരിപ്പിച്ചും ഫീസടച്ചും സേവനങ്ങൾ ലഭിക്കുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ലൈസൻസ് നൽകും. ഇങ്ങനെ, 150 സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാനായത് വിപ്ലവകരമായ ചുവടുവെപ്പായി. അമേരിക്ക സന്ദർശിച്ചുവന്ന ഒരാൾ അവിടെയെല്ലാം ഓൺലൈനാണെന്നു പറയും. ഇനി ഇന്ത്യയിലും അങ്ങനെയുണ്ടെന്ന്‌ പറയാം. ഡ്രൈവിങ് ടെസ്റ്റിനും കാറിന്റെ ഫിറ്റ്‌നസിനും മാത്രമായി ഇനി ഗതാഗത ഓഫീസുകളിൽ എത്തിയാൽ മതി. ബാക്കിയുള്ള സേവനങ്ങളെല്ലാം ഓൺലൈൻ ആയി ലഭിക്കും.

ഗതാഗത സേവനങ്ങൾക്ക് ഇനി ആർ.ടി. ഓഫീസിലോ മറ്റോ പോവേണ്ടതില്ലെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് പറഞ്ഞു. വീട്ടിലോ ഓഫീസിലോ സൈബർ കഫേയിലോ ഇരുന്ന് എല്ലാം ചെയ്യാം. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഡൽഹിയിലെ ജനങ്ങൾക്കുള്ള സമ്മാനമാണിതെന്നും ഗതാഗതമന്ത്രി പറഞ്ഞു.

ഐ.പി. ഡിപ്പോ, വസന്ത് വിഹാർ, സരായ് കലേഖാൻ, ജനക്പുരി എന്നീ ആർ.ടി. ഓഫീസുകൾ സർക്കാർ അടച്ചു. ഇവ ഇനി ഹെൽപ്പ് ഡെസ്കുകളായി പ്രവർത്തിക്കും. വരുംദിവസങ്ങളിൽ കൂടുതൽ ഓഫീസുകൾ പൂട്ടാനാണ് സർക്കാരിന്റെ പദ്ധതി.

സേവനങ്ങൾക്ക്: ഓൺലൈൻ സേവനങ്ങളെല്ലാം transport.delhi.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വീട്ടുപടിക്കൽ സേവനത്തിന് 1076-ൽ വിളിക്കാം. കൂടാതെ, 8588820000 എന്ന വാട്‌സാപ്പ് നമ്പറിലും സന്ദേശങ്ങളയയ്ക്കാം.