കൊട്ടിന് മട്ടന്നൂർ എന്ന ചൊല്ല് ശ്രീരാജിന്റെ അച്ഛൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുമായി ബന്ധപ്പെട്ടതാണ്. ആ മട്ടന്നൂർ പേര് വിപുലമായ താളത്തിന്റെ വലിയലോകം ഇന്ന് ശ്രീരാജിനൊപ്പവുമുണ്ട്. പാരമ്പര്യത്തിന്റെ, താളത്തിന്റെ പുതിയ ഭാവമാണ് മട്ടന്നൂർ ശ്രീരാജ്.
ചെണ്ടയിൽ അച്ഛൻ തീർത്ത അത്ഭുതങ്ങൾക്കൊപ്പം സഞ്ചരിച്ചുവെന്നതാണ് മകൻ ശ്രീരാജിന്റെ മഹിമ. ചെണ്ടയിൽ പ്രതിഭ തെളിയിക്കാനും ലോകവേദിയിൽ ഉൾപ്പെടെ തന്നെ രേഖപ്പെടുത്താനും ഇന്ന് മട്ടന്നൂർ ശ്രീരാജിനായിട്ടുണ്ട്. ചെണ്ട എന്ന വാദ്യോപകരണത്തിൽ നാദബ്രഹ്മത്തിന്റെ മാന്ത്രികത ആസ്വാദകന് നൽകാൻ ഇന്ന് ശ്രീരാജിനാവുന്നുണ്ട്. ജനിച്ചതുമുതുൽ ചെണ്ട എന്ന വാദ്യോപകരണത്തിന്റെ ഓരോ താളവും സ്പന്ദനവും ഏറ്റുവാങ്ങാനും ചെണ്ട ശരീരത്തിന്റെ അവയവം പോലെ ചെറുപ്പത്തിൽ തന്നെ ശ്രീരാജിന്റെ ഭാഗമായി. പിന്നീട് ചെണ്ട ലഹരി തന്നെയായി. ചെണ്ടയിൽ കോലുകൊണ്ട് ശബ്ദത്തിന്റെ താളലയങ്ങൾ തീർത്ത് ആളുകളെ വിസ്മയിപ്പിച്ചത് ഏഴാം വയസ്സിലായിരുന്നു. രണ്ടാംക്ലാസിൽ പഠിക്കുമ്പോളായിരുന്നു തായമ്പകയിൽ അരങ്ങേറ്റം. ആദ്യത്തെ ഡബിൾ തായമ്പക കൊട്ടിയത് നാലാം ക്ലാസിൽ പഠിക്കുമ്പോൾ. തായമ്പകയിലെ  എത്ര സങ്കീർണമായ എണ്ണങ്ങളും അനായാസം കൊട്ടി ഫലിപ്പിക്കാനുള്ള സിദ്ധിയാണ് നന്നേ ചെറുപ്പത്തിൽ ത്തന്നെ ശ്രീരാജിനെ ശ്രദ്ധേയനാക്കിയത്.

1982-ലാണ് ജനനം. തായമ്പകയിലെ ജനകീയ വ്യക്തിത്വമായ അച്ഛൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ആണ് ആദ്യഗുരു. പിന്നീട് തായമ്പക വിസ്തരിച്ചു അഭ്യസിപ്പിച്ചത് പ്രശസ്ത തായമ്പക വിദഗ്ധൻ  ചെറുതാഴം ചന്ദ്രൻ. 1940 മുതൽ തായമ്പകയുടെ കാവൽക്കാരായ കുഞ്ഞുകുട്ട മാരാർ, ആലിപ്പറമ്പ് ശിവരാമപൊതുവാൾ, സദനം വാസു, 1950 മുതൽക്കുള്ള കല്ലൂർ രാമൻകുട്ടി മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, 1960 മുതൽക്കുള്ള പോരൂർ ഉണ്ണിക്കൃഷ്ണൻ, പനമണ്ണ ശശി തുടങ്ങിയവർക്കൊപ്പം കൊട്ടാൻ കഴിഞ്ഞതിലൂടെ  തായമ്പകയുടെ പോയ 70 വർഷത്തെ വാദന പാരമ്പര്യത്തോട് കണ്ണിചേരാൻ കഴിഞ്ഞ കലാകാരൻ എന്ന നിലക്കാണ് കലാ ഭൂപടത്തിൽ ശ്രീരാജിനെ അടയാളപ്പെടുത്തേണ്ടത്.
നിരീക്ഷണപാടവമാണ്  കലാകാരൻ എന്ന നിലയിലുള്ള ശ്രീരാജിന്റെ ഏറ്റവും വലിയ സദ്ഗുണം. വാദ്യ നിയന്ത്രണത്തിൽ അസാമാന്യ പാടവമുള്ള അച്ഛൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഇടംതലയിൽ കോലും കൈയും വിദഗ്ധമായി വിന്യസിക്കുന്ന വിദ്യ നന്നേ ബാല്യത്തിൽ തന്നെ ശ്രീരാജ് നിരീക്ഷിച്ചറിഞ്ഞു. പരമ്പരാഗതമായ പഞ്ചവാദ്യത്തെ അടന്തതാളത്തിന്‌ പകരം പഞ്ചാരിയിൽ ചിട്ടപ്പെടുത്തിയും അച്ഛൻ മട്ടന്നൂർ ശങ്കരൻകുട്ടി നടത്തിയ പരീക്ഷണം അത്  വാദന പദ്ധതിയിലേക്ക് വിദഗ്ധമായി പ്രയോജനപ്പെടുത്താൻ ശ്രീരാജിനായി.  ഇത്രയും വാദ്യനിയന്ത്രണവും ഇടം തലയിലെ ഓരോ സ്ഥാനങ്ങളെയും പറ്റിയുള്ള വ്യക്തമായ  ധാരണയും  ചെണ്ടയുടെ സൂക്ഷ്മ സ്വരജ്ഞാനവും ഉള്ള യുവ വാദകർ കുറവാണ്. താളസ്ഥിതി, സാധകം, ശബ്ദഭംഗി, കാലപ്രമാണം, ഭാവം, സംഗീതം എന്നിങ്ങനെ വാദ്യകലാകാരന് വേണ്ട സിദ്ധികളുമുണ്ട്. അതുകൊണ്ടാണ് ചെണ്ട എന്ന വാദ്യത്തിന്റെ മൃദുമന്ത്രണങ്ങളും ഘോഷാരാവങ്ങളും അനായാസം ശ്രോതാക്കളെ അനുഭവിപ്പിക്കാൻ ശ്രീരാജിന് കഴിയുന്നത്.

ആത്മവിശ്വാസം തന്ന തായമ്പക
തായമ്പകയിലെ ഭീഷ്മാചാര്യനായിരുന്ന പല്ലാവൂർ കുഞ്ഞുകുട്ടമാരാർക്കൊപ്പം  കൊട്ടിയ ഒരു തായമ്പക അനുഭവം ഓർക്കുമ്പോൾ എന്നെ ഇന്നും ത്രസിപ്പിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ആദ്യമായി ഇരട്ട തായമ്പക കൊട്ടുമ്പോൾ എനിക്ക് 17 വയസ്സാണ്. അതിസങ്കീർണമായ എണ്ണങ്ങൾ തടസ്സമില്ലാതെ  അനായാസം പ്രവഹിക്കുന്ന ഒരു താളപ്രവാഹമാണ് കുഞ്ഞുകുട്ട മാരാരുടെ തായമ്പക. അനുഭവ സമ്പന്നരായ മുതിർന്ന തായമ്പകക്കാർപോലും അത് പകർന്നു കൊട്ടാൻ ഭയക്കും. എന്റെ അച്ഛൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരായിരുന്നു അന്ന് ഇരട്ട തായമ്പക കൊട്ടേണ്ടിയിരുന്നത്. അച്ഛന് അസൗകര്യമായതിനാൽ അപ്രതീക്ഷിതമായിട്ടാണ് അന്ന് ആ തായമ്പക ചെയ്യേണ്ടിവന്നത്. കുഞ്ഞുകുട്ടമാരാരെ വളരെ ഭംഗിയായി അനുധാവനം ചെയ്യാൻ എനിക്ക് കഴിഞ്ഞു. പിതൃക്കളുടെയും ഗുരുപരമ്പരകളുടെയും അനുഗ്രഹം ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. കുഞ്ഞുകുട്ടമാരാർ എത്ര സങ്കീർണമായ എണ്ണങ്ങൾ കൊട്ടിയപ്പോഴും അതെല്ലാം അനായാസം കൊട്ടി തിമർക്കാൻ എനിക്കായി. കുഞ്ഞു കുട്ടമാരാർ എന്നെ അനുഗ്രഹിച്ചു. അദ്ദേഹം ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. അത്തരം മഹത്തുക്കളുടെ അനുഗ്രഹം അന്നും ഇന്നും എന്നോടൊപ്പമുണ്ട്.  

മറക്കാത്ത തായമ്പക
എട്ടാം വയസ്സിൽ അച്ഛന്റെ വാദ്യസംഘത്തോടോപ്പം ബറോഡയിലേക്ക്  യാത്ര പോയി.  അവിടത്തെ സംഘാടകർ അച്ഛന്റെയും എന്റെയും ഒരു ഡബിൾ തായമ്പക വേണമെന്ന് നിർബന്ധിച്ചു. അച്ഛൻ സമ്മതംമൂളി, എനിക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കൊട്ടാൻ കഴിയുന്ന  ചമ്പക്കൂർ കൊട്ടാനുള്ള സാധ്യതകൾ അന്യോന്യം പറഞ്ഞു ഉറപ്പിച്ചു. പക്ഷേ അരങ്ങത്ത് കയറിയപ്പോൾ അച്ഛൻ ഇത് മറന്നു. അദ്ദേഹം അന്ന് കൊട്ടിയത് അടന്തക്കൂർ ആയിരുന്നു. അതിനുമുമ്പ് ഒരിക്കലും ഞാൻ അടന്തക്കൂർ കൊട്ടിയിട്ടില്ല. പക്ഷേ ഒരു പരിഭ്രമവും കൂടാതെ ആ കൂറ് അരങ്ങത്ത് ഭംഗിയായി കൊട്ടി. സദസ്യരുടെ നിറഞ്ഞ കൈയടി ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്. ചെണ്ടയേക്കാൾ കുറച്ചു മാത്രം ഉയരമേ എനിക്ക് അന്നുണ്ടായിരുന്നുള്ളു.  തായമ്പക രംഗത്ത് തന്നെ വലിയ അത്ഭുതമായി അന്ന് സംഘാടകരും പിന്നീട് ഒട്ടേറെ പേരുടെ വാക്കുകളിൽ നിന്നും കേൾക്കുമ്പോൾ എന്നിൽ ആഹ്ലാദം വന്ന് നിറയുന്നു. ഗുരുപരമ്പരകളുടെ കാരുണ്യം അല്ലാതെന്ത്.

? എന്നോ ഒഴുക്ക് നിലച്ച കലാപ്രവാഹം എന്ന് ശാസ്ത്രീയ കലകളെ കുറ്റപ്പെടുത്താറുണ്ടല്ലോ
ശാസ്ത്രീയകലാരൂപങ്ങളിൽ ശാസ്ത്രീയ അടിത്തറയായി നിഷ്‌കർഷിക്കുന്ന ഇടങ്ങൾ ശാസ്ത്രീയ കലകളിൽ കാലത്തെ  അതുപോലെത്തന്നെ രേഖപ്പെടുത്തി വെച്ചിരിക്കുന്നുവെന്നത് ശരിയാണ്. പക്ഷേ അത് തന്നെയാണല്ലോ ഈ കലാരൂപങ്ങളെ കാലാതിവർത്തിയാക്കുന്നതും. ശാസ്ത്രീയ കലകളിൽ മനോധർമത്തിനായി മാറ്റിവെച്ചിട്ടുള്ള ഇടങ്ങൾ ഉണ്ട്. ഈ ഇടങ്ങളാണ് ഈ കലാരൂപങ്ങളെ കാലികമാക്കാനുള്ള സങ്കേതങ്ങൾ. അവിടെയാണ് ശാസ്ത്രീയ കലാമേഖലയിലെ ആചാര്യന്മാർ മനുഷ്യന്റെ ക്രിയാത്മകതക്കും ചോദനകൾക്കും യഥേഷ്ടം വിഹരിക്കാനുള്ള സ്വതന്ത്ര സ്ഥലങ്ങളായി മാറ്റി വെച്ചിട്ടുള്ളത്. തികഞ്ഞ  ഉത്തരവാദിത്വത്തോടെയാവണം ഒരു കലാകാരൻ ആ സ്വാതന്ത്ര്യത്തെ വിനിയോഗിക്കേണ്ടത്. ഇന്ന് കൊട്ടിയ മനോധർമം ഒരിക്കലും അടുത്ത ദിവസം കൊട്ടരുത്. അന്ന് മറ്റൊന്ന് കണ്ടെത്തണം. അടുത്ത ദിവസം മറ്റൊന്ന്. ഇങ്ങിനെയാവണം ശാസ്ത്രീയ കലാമേഖലയിൽ വിവരിക്കുന്ന ഒരു കലാകാരൻ  മാധ്യമത്തെ എന്നും നവീകരിക്കേണ്ടതെന്നാണ് എന്റെ മതം.

ചെണ്ടയിലെ കാലപ്രമാണം
സാവധാനതയാണ് വാദ്യകലയുടെ ഗരിമ എന്ന് ഞാൻ വിശ്വസിക്കുന്നു. താഴ്ന്ന കാലത്തിലാണ് കാല നിയന്ത്രണം ഏറ്റവും വലിയ വെല്ലുവിളിയായി കലാകാരനെ പരീക്ഷിക്കുന്നത്. ആ വെല്ലുവിളി കലാകാരൻ ഏറ്റെടുക്കണം. വേഗമേറിയ കാലത്തിൽ ഭ്രാന്തമായി കൊട്ടി ആസ്വാദകരെ പാട്ടിലാക്കുന്നത് വാദ്യകലക്ക് ദോഷം ചെയ്യും. ഇത്തരം അനാശാസ്യ പ്രവണതകൾ അനാരോഗ്യകരമായ പ്രേക്ഷക സമൂഹത്തെയാണ് സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ സാവധാനതയുടെ സൗന്ദര്യം പരമാവധി അനാവരണം ചെയ്യുന്ന സൗന്ദര്യാത്മക സമീപനം ആണ് വാദകൻ വെച്ച് പുലർത്തേണ്ടത്.

കലായാത്രകൾ
ഒരു വർഷം ശരാശരി നൂറിലേറെ തായമ്പകൾ അവതരിപ്പിക്കാറുണ്ട്. അല്ലാരാഖയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് മകൻ ഉസ്താദ് സാക്കീർ ഹുസൈൻ അമേരിക്കയിൽ നടത്തിയ 28 ദിവസം നീണ്ടുനിന്ന വാദ്യ സമന്വയ സംഘത്തിന്റെ ഭാഗമായി ഞാനും ഉണ്ടായിരുന്നു.

? ഉസ്താദ് സാക്കീർ ഹുസൈൻ എന്ന അനുഭവം
അതൊരു വിവരിക്കാൻ പറ്റാത്ത അനുഭൂതിയായിരുന്നു. ഒരു മലയാളി കലാകാരനും കയറാത്ത വേദികളിൽ അദ്ദേഹത്തോടൊപ്പം എന്റെ കലയെ അവതരിപ്പിക്കാൻ എനിക്കായി. നാലിടങ്ങളിൽ സൗണ്ട് എൻജിനിയർ എത്താൻ വൈകി. നമുക്ക് വേണ്ടി മൈക്ക് ശരിയാക്കി തന്നത് ഉസ്താദ് സാക്കീർ ഹുസൈനാണ്. ഒരു കലാകാരൻ എങ്ങിനെയായിരിക്കണമെന്ന വലിയ പാഠമാണ് അദ്ദേഹം പകർന്നു നൽകിയത്. ഫ്യൂഷൻ എന്നത് കോലാഹലം സൃഷ്ടിക്കലല്ല. കലയുടെ മാസ്മരികത പ്രേക്ഷകനെ ബോധ്യപ്പെടുത്തി നൽകലാണ്.ആ ഫ്യൂഷനുകൾ വലിയ അനുഭൂതിയാണ് എന്നിൽ ഉണ്ടാക്കിയത്. ഓരോ കലായാത്രകളും നമ്മെ വീണ്ടെടുക്കുകയാണ്.

പുരസ്കാരങ്ങൾ
 വലിയ പുരസ്കാരങ്ങൾ എന്നെ തേടി വന്നിട്ടില്ല. കേളിയുടെ യുവകലാകാരന്മാർക്ക് നൽകുന്ന പ്രതിഭാ പുരസ്കാരം എന്നെ തേടി വന്നതിൽ എനിക്ക് ആഹ്ലാദമുണ്ട്. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ  പട്ടുംവളയും നൽകി ആദരിച്ചിട്ടുണ്ട്. അംഗീകാരങ്ങൾ നൽകി എന്നെ അനുഗ്രഹിക്കുമ്പോൾ സത്യത്തിൽ അംഗീകരിക്കപ്പെടുന്നത് ഞാൻ നിലനിൽക്കുന്ന കലയാണ്. ആ പാരമ്പര്യമാണ്.

അച്ഛൻ
അച്ഛന് എന്റെ തായമ്പക ഇഷ്ടമാണ്. അച്ഛനൊപ്പം തായമ്പക അവതരിപ്പിക്കുമ്പോൾ വിമർശനം ഉണ്ടാവാറില്ല. എല്ലാം ദൈവത്തിന്റെ കൈയിലാണ്. ഗുരുനാഥന്മാർ ഇരിക്കുമ്പോൾ തായമ്പക അവതരിപ്പിക്കുക എന്നിൽ പുതിയ ഊർജം നിറയും. അതൊരു ആവേശമാണ്.

ചേട്ടൻ ശ്രീകാന്ത്
ചേട്ടൻ ശ്രീകാന്തിനൊപ്പം തായമ്പക അവതരിപ്പിക്കുക വലിയ ആവേശം തന്നെയാണ്. ഞങ്ങളുടെ കിടപ്പും നടപ്പും ഒരുമിച്ചാണ്. അത്ര വലിയ കൂട്ടാണ്. അച്ഛനൊപ്പം തായമ്പക അവതരിപ്പിക്കുമ്പോൾ ഒരു നോട്ടത്തിലൂടെ നമ്മൾക്ക് കാര്യങ്ങൾ മനസ്സിലാവും. ഞാനും ചേട്ടനും വേദിയിൽ ഉള്ളപ്പോൾ നമ്മുടെ സംവേദനവും എളുപ്പത്തിൽ മനസ്സിലാവും. ചേട്ടനൊപ്പം തായമ്പക അവതരിപ്പിക്കുക വലിയ ആവേശം തന്നെയാണ്.