: ചെന്നൈ നഗരത്തിൽ എത്തിയിട്ട് രണ്ടുവർഷം തികഞ്ഞു. പക്ഷേ ഈ നഗരത്തിൽനിന്ന് ലഭിച്ച അനുഭവങ്ങൾക്ക് ഒരായുസിന്റെ ദൈർഘ്യമുണ്ട്. നഗരം ജീവിത പാഠങ്ങൾ നൽകിയത് ഇവിടുത്തെ വലിയ കെട്ടിടങ്ങളിൽനിന്നോ ഷോപ്പിങ് മാളുകളിൽ നിന്നോ ഒന്നുമല്ല, മറിച്ച് ഇവിടുത്തെ സമാന്തര പാതകളിലും അതിനോട് ചേർന്ന ജീവിതങ്ങളിൽ നിന്നുമാണ്. ഒരു വശത്ത് മനോഹരമായ നഗരമാണെങ്കിൽ മറുവശത്ത് അത്ര സുഖകരമല്ലാത്ത കാഴ്ചകളാണ്. അവിടെ താമസിക്കുന്നത് വൈറ്റ് കോളർ ജോലികൾ ചെയ്യുന്നവരല്ല. അവർ നഗരം പുറന്തള്ളുന്നവയ്ക്കിടയിൽ ജീവിക്കുന്നവരും അതിന്റെ തിക്താനുഭവങ്ങൾ ഏൽക്കാൻ വിധിക്കപ്പെട്ടവരുമാണ്. നഗരത്തിന്റെ പിന്നാമ്പുറ ജീവിതങ്ങളാണത്.
പലപ്പോഴും ജോലി കഴിഞ്ഞ് വളരെ വൈകിയാണ് താമസസ്ഥലത്തേക്ക് പോകാറുള്ളത്. അങ്ങനെയാണ് തെരുവുകളിലെ ജീവിതങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഷീറ്റ് പാകിയ വീടുകളിൽ കഴിയുന്ന ആ കുടുംബങ്ങളൊക്കെ നഗരം വൃത്തിയാക്കുന്നവരുടെയും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നവരുടെയും വൃത്തിയുള്ള പഴങ്ങൾ കച്ചവടത്തിനായി വെച്ച് അതിലെ കേടായവ കഴിച്ച് വിശപ്പടക്കുന്ന കച്ചവടക്കാരുടെയുമൊക്കെയാണ്. ഒരു രാത്രിയിൽ മെഴുകുതിരി വെളിച്ചത്തിന് കീഴിലിരുന്ന് വളരെ സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന ഒരു കുടുംബത്തെ കണ്ടു.
ആ ചെറിയ കുടിലിലെ വലിയ സന്തോഷത്തേക്കാൾ മറ്റെന്താണ് ഈ ലോകത്തിൽ വലുതായിട്ടുള്ളതെന്ന് തോന്നി.
രാത്രിയിലാണ് ആ ജീവിതങ്ങൾ ജീവിതങ്ങളാകുന്നത്. ഒരിക്കൽ ലൈറ്റ്ഹൗസ് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള തെരുവിൽ ഒരു കുഞ്ഞുവീട്ടിൽ ബലൂൺ കച്ചവടക്കാരന്റെ കുട്ടി പൊട്ടിയ ബലൂൺകൊണ്ട് കളിക്കുന്നത് കണ്ടു.
ആ കാഴ്ച  വല്ലാതെ പിടിച്ചുലച്ചിരുന്നു. നഗരത്തിലെ മുഖ്യ പാതകളെ മനോഹരമാക്കുന്നത് ഒരുപക്ഷേ ഇത്തരത്തിലുള്ള സമാന്തര പാതകളാണ്. നഗരം വൃത്തിയാക്കുമ്പോൾ  വൃത്തികേടാവുന്നത്, നഗരം മലിനമാക്കിയ നദികൾക്ക് ഓരത്ത് താമസിക്കുന്ന ഈ ജീവിത
ങ്ങളാണ്.
   നഗരജീവിതം കുടിനീർ ഊറ്റിയെടുക്കുമ്പോൾ തൊണ്ട നനയ്ക്കാൻ മണിക്കൂറുകളോളം വെള്ളം ലോറിക്കായി കാത്തുനിൽക്കേണ്ടി വരുന്നത് ഈ സമാന്തര പാതയിലെ ജീവിതങ്ങൾക്കാണ്. ഉള്ള സാഹചര്യങ്ങൾക്കിടയിൽ എത്ര സന്തോഷത്തോടെയാണ് അവർ ജീവിക്കുന്നത്. ആ സന്തോഷം നൽകിയ ജീവിതപാഠത്തേക്കാൾ വലുതായി ചെന്നൈയിൽ മറ്റൊന്നുമില്ലെന്ന് നിസംശയം പ
റയാം.