: മലയാള സിനിമയിലെ തൃശ്ശൂർക്കാരനായിരുന്നു ഒടുവിൽ ഉണ്ണിക്കൃഷ്ണൻ. തൃശ്ശൂർക്കാരനായിത്തന്നെയാണ് അദ്ദേഹം സിനിമയിൽ വന്നതും. ചെണ്ട (1973)യാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അതിൽ ഞാനായിരുന്നു ഫോട്ടോഗ്രാഫർ.
ഷൂട്ടിങ് ഷൊർണൂരിൽ നടക്കുകയാണ്. സിനിമയിൽ ഒരു രംഗത്ത് ചെണ്ടക്കാരനായി അഭിനയിക്കുന്ന മധു ഒരിടത്തുനിന്ന് വിലാസം ചോദിക്കുന്ന സീനുണ്ട്. അതിൽ ആരെ അഭിനയിപ്പിക്കണം എന്ന് തിരക്കഥാകൃത്തായ തോപ്പിൽ ഭാസി എഴുതിയിരുന്നില്ല. 'തൃശ്ശൂർ ഭാഷ അറിയാവുന്ന ഒരാൾ' എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെയാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ആ വേഷത്തിലേക്ക് എത്തുന്നത്.
നാടകത്തിൽ ചെറിയ വേഷമിട്ടുനടക്കുന്നതിനിടെയാണ് ചെണ്ടയിൽ അഭിനയിക്കുന്നത്. വളരെ ഭംഗിയായി അത് കൈകാര്യം ചെയ്തു. ചെറിയ റോളായിരുന്നെങ്കിലും സിനിമയിൽ ആ വേഷത്തോടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് ഒട്ടേറെ അവസരങ്ങൾ ഒടുവിലിനെ തേടിയെത്തി. വിൻസെന്റ് മാഷിന്റെയും ഹരിഹരന്റെയും മിക്ക സിനിമകളിലും അദ്ദേഹത്തിനും
വേഷമുണ്ടായിരുന്നു. സത്യൻ അന്തിക്കാടിന്റെ സ്ഥിരം ആർട്ടിസ്റ്റായിരുന്നു അദ്ദേഹം. അഭിനയം മാത്രമല്ല, സംഗീതത്തിലും ഒടുവിലിന് നല്ല പരിജ്ഞാനമുണ്ടായിരുന്നു.
തിരശ്ശീലയിലായാലും പുറത്തായാലും ആരും ഇഷ്ടപ്പെടുന്ന പ്രകൃതമാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണന്റേത്. എപ്പോഴും സന്തോഷമായിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. സാധാരണക്കാരിൽ സാധാരണക്കാരനായാണ് നടപ്പും എടുപ്പുമെല്ലാം. മെലിഞ്ഞ, ഒരു സിനിമാ നടന്റെ യാതൊരു ലക്ഷണവുമില്ലാത്ത ആളായാണ് അദ്ദേഹം നടക്കുക. വേഷം എപ്പോഴും ഒരു മുണ്ടും ഷർട്ടും മാത്രം. ആള് ശുദ്ധനായിരുന്നതുകൊണ്ടുതന്നെ നല്ല സുഹൃദ്‌വലയവും അദ്ദേഹത്തിനുണ്ടായിരുന്നു.
 തമിഴ് നടൻ നാഗേഷുമായി ഒടുവിലിന് നല്ല അടുപ്പമായിരുന്നു. അവർ തമ്മിലുള്ള ഉമിക്കരി ബന്ധത്തിന്റെ കഥ രസകരമാണ്. ഒരിക്കൽ, ഒടുവിൽ പല്ലുതേക്കുന്ന ഉമിക്കരി നാഗേഷ് കാണാനിടയായി. ഇതെന്താണ് സംഭവമെന്ന് അദ്ദേഹം ചോദിച്ച് മനസ്സിലാക്കി. പിന്നീട് ഉപ്പും കുരുമുളകുമിട്ട് പൊടിച്ച ഒരു ടിൻ ഉമിക്കരി ഒടുവിൽ നാഗേഷിന് സമ്മാനിച്ചു. അതിൽപ്പിന്നെ കാണുമ്പോൾ ഉമിക്കരി തീരാറായെന്നും അടുത്ത ടിൻ തയ്യാറാക്കാനും ഒടുവിലിനോട് നാഗേഷ് പറയാറുണ്ടായിരുന്നു.
വളർത്തുമൃഗങ്ങൾ (1981) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാഗേഷുമൊത്ത് ഹൈദരാബാദിൽ വെച്ചെടുത്ത ഫോട്ടോയാണ് നൽകിയിരിക്കുന്നതും.
ഞാനുമായും ഒടുവിലിന് നല്ല അടുപ്പമുണ്ടായിരുന്നു വീട്ടിൽ വന്ന് കുട്ടികളോടൊപ്പം തമാശയൊക്കെ പറഞ്ഞിരിക്കുന്നത് ഇന്നും ഓർമയിലുണ്ട്. കുട്ടികൾക്കും ഒടുവിലിനെ വലിയ കാര്യമായിരുന്നു.
തൃശ്ശൂരിൽ രോഗക്കിടക്കയിൽ കാണാൻ പോയപ്പോഴും അദ്ദേഹത്തിന് തമാശായിരുന്നു. അദ്ദേഹം മരിച്ചസമയത്ത്
ചിത്രഭൂമിയിൽ ഞാൻ ഓർമകൾ എഴുതിയിരുന്നു. കൈയിലുണ്ടായിരുന്ന ഒടുവിലിന്റെ അപൂർവചിത്രങ്ങളും അന്ന് പ്രസിദ്ധീകരിച്ചിരുന്നു.
തയ്യാറാക്കിയത്: അരുൺ സാബു