വളരുന്ന നോർത്ത് ചെന്നൈ
: ചെന്നൈ നഗരത്തിൽ തുടക്കം തന്നെ നോർത്ത് ചെന്നൈയാണെന്ന് പറയാം. സെയ്‌ന്റ് ജോർജ് ഫോർട്ടിൽ ബ്രിട്ടീഷുകാർ തുടങ്ങിവെച്ചതാണ് മദിരാശി പട്ടണത്തിന്റെ വികസന പ്രവർത്തനങ്ങൾ. കാലാന്തരത്തിൽ ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായി രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ ഒന്നായി ചെന്നൈ മാറി. നഗരം വളർന്നപ്പോൾ നോർത്ത് ചെന്നൈയുടെയും വിസ്തൃതി വർധിച്ചുവെങ്കിലും വികസനത്തിന്റെ കാര്യത്തിൽ നഗരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് പിന്നിലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. പാർപ്പിടമേഖലയെന്ന നിലയിലും നോർത്ത് ചെന്നൈ വളർന്നിരിക്കുകയാണ്.

അത്യാധുനിക സൗകര്യങ്ങൾ
:മൂന്ന് നിലകളിലായി നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ ഡോർമെറ്ററി താമസ സൗകര്യംവരെ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് മുലയൂട്ടാനുള്ള ഫീഡിങ് റൂം, വൈദ്യസഹായത്തിനുള്ള എമർജൻസി കെയർ സെന്റർ, ഫാർമസി, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്ലോക്ക്റൂം തുടങ്ങിയവ ഉടൻ ആരംഭിക്കും. ഇവയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. മറ്റ് ക്രമീകരണങ്ങൾ അധികം വൈകാതെയുണ്ടാകും. രണ്ട് എ.ടി.എമ്മുകൾ, പത്തോളം കടകൾ എന്നിവയ്ക്കുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. റസ്റ്റോറന്റിനും സൗകര്യമുണ്ട്. ദീർഘദൂരയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് കൗണ്ടറുകൾക്കും കൂടുകതൽ സ്ഥലസൗകര്യമുണ്ട്. അടുത്തമാസം ആദ്യം മുതൽ ടെർമിനൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും.

ചെലവ് 96 കോടി
:എട്ട് വർഷത്തോളം മുമ്പ് ജയലളിതയാണ് മാധാവരത്ത് പുതിയ ബസ് ടെർമിനൽ പ്രഖ്യാപിച്ചത്. 32 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചത്. എന്നാൽ നിർമാണം പൂർത്തിയാക്കിയത് 96 കോടി രൂപ ചെലവഴിച്ചാണ്. എട്ട് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ടെർമിനൽ കെട്ടിലും മട്ടിലും പുതുമയോടെയാണ് നിർമിച്ചിരിക്കുന്നത്. സ്ഥല സൗകര്യമാണ് ഏറ്റവുംവലിയ മെച്ചം. ഒരേ സമയം നൂറ്്‌ ബസുകൾവന്ന് പോകുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്.
ഇതുകൂടാതെ ഒന്നാം നിലയിൽ പ്രത്യേക ബസ് പാർക്കിങ് സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇവിടെ അമ്പത് ബസുകൾ പാർക്ക് ചെയ്യാം. ആയിരത്തിഅഞ്ഞൂറിലധികം  ഇരുചക്രവാഹനങ്ങളും എഴുപതിലേറെ കാറുകളും പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

കോയമ്പേടിലെ തിരക്കൊഴിയും
:മാധാവരത്തെ ടെർമിനൽ പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ കോയമ്പേട് ടെർമിനലിലെ തിരക്ക് ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കും. തിരുപ്പതി അടക്കം ആന്ധ്രയിലേക്കുള്ള ബസുകൾ കോയമ്പേടിന് പകരം മാധാവരത്ത് നിന്നാകും പുറപ്പെടുക. ഉദ്ഘാടനം കഴിഞ്ഞതോടെ കോയമ്പേട്നിന്ന് പുറപ്പെടുന്ന ബസുകൾ ഇവിടെ എത്തിയാണ് പോകുന്നത്. എന്നാൽ അടുത്ത മാസം ആദ്യത്തോടെ കോയമ്പേടിന് പകരം ഇവിടെ നിന്നാകും ബസുകൾ പുറപ്പെടുക.

നാല് പ്ലാറ്റ്‌ഫോമുകൾ
:ബസുകൾ എത്തുന്നതിനായി നാല് പ്ലാറ്റ്ഫോമുകളാണുള്ളത്. ഒരോ പ്ലാറ്റ് ഫോമുകളിലും എത്തുന്ന ബസുകളുടെ റൂട്ടുകൾ അടങ്ങുന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഒരോ റൂട്ടിലേക്കുള്ള ബസുകൾ നിർത്തുന്നതിനുവേണ്ടി പ്രത്യേക സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ ദീർഘദൂര സർവീസുകളും ഒരു പ്ലാറ്റ്‌ഫോമിൽ എം.ടി.സി. ബസുകളുമാണ് എത്തുന്നത്. തണുത്ത വെള്ളം അടക്കം ലഭ്യമായ ശുദ്ധീകരിച്ച കുടിവെള്ളവിതരണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്ലാറ്റ്‌ഫോമിലും ശുചിമുറികളുണ്ട്. പ്രധാന കെട്ടിടത്തിൽ എല്ലാ നിലയിലും ശുചിമുറികളുണ്ട്. ഏഴ് ലിഫ്റ്റുകൾ, രണ്ട് യന്ത്രപ്പടികൾ എന്നിവയും ക്രമീകരിക്കും.

സമയനഷ്ടം ഒഴിവാക്കാം
:മാധാവരത്ത്നിന്ന് ബസ് പുറപ്പെടുന്നതിനാൽ നോർത്ത് ചെന്നൈയിൽനിന്ന് തിരുപ്പതി, കടപ്പ, ചിറ്റൂർ, ഹൈദരാബാദ് തുടങ്ങിയിടങ്ങളിലേക്ക് പോകുന്നതിന് ഒന്നര മണിക്കൂറോളം സമയം ലാഭിക്കാൻ സാധിക്കും. മുമ്പ് ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കോയമ്പേട് പോയി ബസ് കയറണമായിരുന്നു.

അവിടെനിന്ന് നഗരത്തിലെ ഗതാഗതത്തിരക്കിനെ മറികടന്നു മാധാവരംവരെ എത്താൻ ഒന്നരമണിക്കൂറോളം സമയം വേണ്ടി വരും. എന്നാൽ ഇപ്പോൾ ഇതൊഴിവാക്കാൻ സാധിക്കും. കോയമ്പേട്നിന്ന് തിരുപ്പതിവരെ പോകുന്നതിന് മൂന്നരമണിക്കൂറോളം വേണ്ടിയിരുന്ന സ്ഥാനത്ത് മാധാവരത്ത് നിന്ന് രണ്ട് മണിക്കൂർ ക്കൊണ്ട് എത്താൻ സാധിക്കും.

നഗരത്തിന്റെ മറ്റിടങ്ങളിൽനിന്ന് മാധാവരത്തേക്ക് കൂടുതൽ സർവീസുകൾ നടത്താൻ എം.ടി.സി. തീരുമാനിച്ചിരിക്കുകയാണ്. ഇതു നടപ്പാക്കുന്നതോടെ നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് തിരുപ്പതി തുടങ്ങിടങ്ങളിലേക്ക് സമയ നഷ്ടമില്ലാതെ പോകാൻ സാധിക്കും.  

കൂടുതൽ എം.ടി.സി. ബസ് സർവീസുകൾകൂടി വരുന്നതോടെ മാധാവരവും നഗരത്തിലെ മറ്റിടങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗതസൗകര്യം വർധിക്കും. ഇത് പാർപ്പിടമേഖലയെന്ന നിലയിൽ നോർത്ത് ചെന്നൈയുടെ വളർച്ചയ്ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ.

ബസുകൾ പുറപ്പെടുന്നത്...

പ്ലാറ്റ്‌ഫോം-ഒന്ന് എം.ടി.സി. ബസുകൾ

പ്ലാറ്റ്‌ഫോം-രണ്ട്

ബസ്     എത്തിച്ചേരുന്ന സ്ഥലം
ബേ

1.    പെരിയപാളയം, ഉതുക്കോട്ട
2.    നഗരി, പുത്തൂർ
3.    ആറണി, ഉതുക്കോട്ട
4.    മാധർപ്പാക്കം, പ്ലേസ്പാളയം, വെങ്കൽസ മെയ്യൂർ
5.    താമരപ്പാക്കം, തിരുവള്ളൂർ
6.    ഗുമ്മിഡിപൂണ്ടി, ആരമ്പാക്കം
7.    ശിരുവപുരി, മുക്കരമ്പാക്കം
8.    പൊന്നേരി
9.    പഴവേർക്കാട്, മിഞ്ചൂർ
10.    കല്ലൂർ, കൊല്ലൂർ, അണ്ണാമലഞ്ചേരി
11.    ഗുമ്മിഡിപൂണ്ടി
12.    തിരുവള്ളൂർ
13.    ഉതുക്കോട്ട
14.    പഴവേർക്കാട്
15.    പെരിയപാളയം
16.    ശിരുവപുരി

പ്ലാറ്റ്‌ഫോം മൂന്ന്

ബസ്     എത്തിച്ചേരുന്ന സ്ഥലം
ബേ

1.    തിരുപ്പതി (തിരുത്തണി വഴി)
2.    തിരുപ്പതി (തിരുത്തണി വഴി)
3.    തിരുപ്പതി (ശ്രീകാളഹസ്തി വഴി)
4.    തിരുപ്പതി (ശ്രീകാളഹസ്തി വഴി)
5.    ശ്രീകാളഹസ്തി (തടാ വഴി)
6.    സത്യവേട്
7.    നായിഡുപ്പേട്ട് (തടാ വഴി)
8.    നെല്ലൂർ (നായിഡുപ്പേട്ട് വഴി)
9.    നെല്ലൂർ (നായിഡുപ്പേട്ട് വഴി)
11.    വെങ്കടഗിരി
12.    ചിറ്റൂർ
13.    ചിറ്റൂർ

പ്ലാറ്റ്‌ഫോം നാല്

ബസ്     എത്തിച്ചേരുന്ന സ്ഥലം
ബേ

1.     തിരുമല
2     തിരുമല
3     തിരുപ്പതി (അൾട്രാ ഡീലക്‌സ്)
4     തിരുപ്പതി (എ.സി.)
5     ശ്രീ കാളഹസ്തി
6     ഹൈദരാബാദ്
7     വിജയവാഡ, വിശാഖപട്ടണം
8     കടപ്പ, കർണൂൽ
9     അനന്തപൂർ, പുട്ടപർത്തി
10     ചിറ്റൂർ, മടനപ്പള്ളി
11     കനിഗിരി, ഗിഡല്ലൂർ
12     നെല്ലൂർ, ഉദയഗിരി
13     സത്യവേട്