തമിഴ് മണ്ണിൽ കാലൂന്നിയ നിമിഷം എന്റെ  ജീവിതത്തിലേക്കുള്ള ഒരു കാൽവെപ്പുകൂടിയായിരുന്നു.  എന്റെ പ്രവാസജീവിതത്തിന് അരനൂറ്റാണ്ട് പിന്നിടുകയാണ്. 1968 ഡിസംബറിലാണ് തമിഴ്നാട്ടിലേക്കെത്തുന്നത്.

   1970-ൽ തമിഴ്‌നാട് വൈദ്യുതിവകുപ്പ് വർക്ക് ഷോപ്പിൽ ജോലിക്കുചേരുമ്പോൾ ഏറെ സന്തോഷവും അതോടൊപ്പം ആകുലതകളുമുണ്ടായിരുന്നു. 15- ഓളം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ മലയാളികളായി രണ്ടുപേർ മാത്രം. അന്യദേശക്കാരനായ അന്യഭാഷ സംസാരിക്കുന്ന എന്നെ അവർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയ്ക്ക് അധികമൊന്നും ആയുസ്സുണ്ടായിരുന്നില്ല. എല്ലാഘട്ടത്തിലും അവർ  എന്നെ ചേർത്തുപിടിച്ചു.

   വിവാഹശേഷം സുരക്ഷിതമായൊരു താമസസ്ഥലത്തിന്റെ അന്വേഷണം എത്തിപ്പെട്ടത്, ട്രിപ്ലിക്കേനിലെ കൃഷ്ണാംപ്പേട്ട എന്ന സ്ഥലത്താണ്. എന്നാൽ,  പിന്നീടറിയുന്നത്  ഇത് അശാന്തിയുടെയും കലാപത്തിന്റെയും ഇടമാണെന്നും സ്വാർഥതാത്പര്യങ്ങൾക്കും പകപോക്കലിനും  വേണ്ടി രക്തംകൊണ്ട് മറുപടിപറയുന്ന സ്ഥലമാണെന്നുമാണ്. അന്ന് എന്റെ അരക്ഷിതാവസ്ഥ  കണ്ടറിഞ്ഞ വീട്ടുടമ  കുപ്പുസ്വാമിനായക്കർ എന്നെയും കുടുംബത്തെയും ചേർത്തുപിടിച്ചു. ഒന്നും ഭയപ്പെടേണ്ടതില്ലെന്നും സ്വന്തമായി വീടുവാങ്ങിപോകുന്നതുവരെ ഇവിടെത്തന്നെ താമസിക്കാമെന്നും പറഞ്ഞപ്പോൾ അന്നത് ദൈവവചനമായിരുന്നു. പിന്നീട് ഈ പ്രദേശത്തെ എല്ലാ ആഘോഷങ്ങളിലും ദുഃഖങ്ങളിലും  എന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ഉറപ്പായിരുന്നു.

അപ്പോഴേക്കും അവരിലൊരാളായി മാറുകയോ, അവരെന്നെ മാറ്റുകയോ ചെയ്തിരുന്നു. ആ വീട്ടുടമ എനിക്കെന്നും പിതൃതുല്യനായിരുന്നു.

വർഷങ്ങൾക്കുശേഷം ആ പ്രദേശത്ത് ഒരു ചായക്കട നടത്താനും പിന്നീട് ഇതേ സ്ഥലം സ്വന്തമായി വാങ്ങി  വീട് നിർമിച്ചപ്പോഴും ഇന്നാട്ടുകാരുടെ സഹായസഹകരണങ്ങൾ എനിക്ക് താങ്ങായി നിന്നു. ഇപ്പോൾ താമസിക്കുന്നത്‌  ഐസ്ഹൗസിന് സമീപമുള്ള സുന്ദരമൂർത്തി വിനായകർ കോവിൽ തെരുവിലാണ്.  230 കുടുംബങ്ങളിലായി 1000-ഓളം പേർ താമസിക്കുന്ന ഈ തെരുവിലെ സുരക്ഷയ്ക്കും  പുരോഗതിക്കും വേണ്ടി ഒരു റെസിഡൻറ്‌സ് വെൽഫെയർ അസോസിയേഷൻ രൂപവത്‌കരിച്ചപ്പോൾ അതിന്റെ പ്രസിഡന്റായി എന്നെ തിരഞ്ഞെടുക്കാൻ എറെയൊന്നും ആലോചിക്കേണ്ടിവന്നില്ല.

  ഏതുഭാഷക്കാരെയും ഏതുദേശക്കാരെയും നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് അവരുടെ വളർച്ചയ്ക്കും പുരോഗതിക്കും എന്നും വഴിക്കാട്ടുന്ന തമിഴ് സഹോദങ്ങളുടെ ഹൃദയവിശാലത  നാം ചെറുതായി കാണരുത്. നമ്മുടെ നാട്ടിൽ ഇത്തരക്കാരോടുള്ള സമീപനത്തിൽ സ്വയം വിമർശനപരമായ വിലയിരുത്തൽ നടത്തണം. ഇവരുടെ കഷ്ടതകളും നിസ്സഹായതകളും കണ്ടറിഞ്ഞ് പ്രവർത്തിക്കാനും ഇടപെടാനും ഇനിയുമേറെ നാം മുന്നോട്ടുവരേണ്ടതായുണ്ട്.

കെ.പി. സുരേഷ് ബാബു, പി.ടി. അലി എന്നിവരുടെ നേതൃത്വത്തിൽ ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന ചെന്നൈ പെയിൻ ആൻഡ്‌ പാലിയേറ്റീവ്  എന്ന സംഘടനയുടെ പ്രവർത്തനം നിർധനരായ തമിഴ് സഹോദരങ്ങൾക്ക് എറെ പ്രയോജനപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള കൂടുതൽ സേവനങ്ങൾ ചെയ്യാനായി മലയാളികളും മലയാളിസംഘടനകളും  സ്വയം സന്നദ്ധരായി മുന്നോട്ടുവരേണ്ടതുണ്ട്. തമിഴ് മണ്ണിനോടും തമിഴ് സഹോദരങ്ങളോടുമുള്ള  സ്നേഹവും കടപ്പാടും എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും വിസ്മരിക്കാനാകില്ല.