റോഹിംഗ്യൻ അഭയാർഥികളുടെ പ്രശ്നം രാജ്യത്ത് കത്തിപ്പടരുമ്പോൾ ചെന്നൈയിലെ പ്രാന്തപ്രദേശമായ കേളമ്പാക്കത്തെ സുനാമി പുനരധിവാസകേന്ദ്രത്തിൽ തങ്ങളുടെ ദുരിതജീവിതത്തോട് മല്ലിടുകയാണ് ഒരു സംഘം മനുഷ്യർ. ചെന്നൈയുമായി ഇഴുകിച്ചേർന്ന് ജീവിതം മുന്നോട്ടുനീക്കുന്ന ഇവർക്ക് ചോദിക്കാൻ ഒരു ചോദ്യം മാത്രം: ‘ഞങ്ങൾ എങ്ങോട്ടുപോകണം’. കേളമ്പാക്കത്തെ സുനാമികോളനിയിൽ അങ്ങേയറ്റം ദുരിതം പേറിയാണ് ഇവർ ജീവിക്കുന്നത്. എങ്കിലും തമിഴ് മണ്ണ് ഇവർക്ക് സമാധാനം നൽകുന്നു. പക്ഷേ, എത്രനാൾ  ഇവിടെ തുടരാനാകും എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു. ഇവിടെനിന്ന് ആട്ടിപ്പായിക്കുന്നതിനുമുമ്പ്  തങ്ങളെ കൊന്നുതരുമോ എന്ന ദയനീയമായ ചോദ്യമാണ് പലരിൽനിന്നുമുണ്ടായത്.

19 കുടുംബങ്ങളിലായി 94 പേരടങ്ങുന്ന റോഹിംഗ്യൻ മുസ്‌ലിങ്ങൾക്ക് അഞ്ചുവർഷമായി  തമിഴ് മണ്ണ് അഭയം നൽകിയിരിക്കുകയാണ്?. സ്വന്തമെന്നുപറയാൻ ഇവർക്ക് ഒന്നുമില്ല. തീ തിന്നുകൊണ്ടുള്ള ജീവിതം എത്രനാൾ തുടരാനാവുമെന്നും ഇവർക്കറിയില്ല. ഏതുസമയവും ഈ താത്‌കാലിക അഭയകേന്ദ്രത്തിൽനിന്ന്‌ പിഴുതെറിയപ്പെടാമെന്ന് വേദനയോടെ ഇവർ തിരിച്ചറിയുന്നു. ജീവിതമെന്നുപറയാൻ ഇവർക്കില്ല. നരകതുല്യമായുള്ള ദിനം തള്ളിനീക്കൽ എന്നുപറയുന്നതാവും ഉചിതം.

പൊളിഞ്ഞുവീഴാറായ കൂരകൾ. യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇവിടെയില്ല. ചുഴലിക്കാറ്റുബാധിതർക്ക് ഒരുക്കിയ താത്‌കാലിക കൂരകളാണിവ. പാഴ്തടികളും പ്ലാസ്റ്റിക്കും തകരഷീറ്റുകളുമാണ് മേൽക്കൂര. കൊച്ചുമുറികൾ തുണികൾകൊണ്ട്‌ മറച്ചാണ് ഇവരുടെ ജീവിതം. സർക്കാരിതര സന്നദ്ധസംഘടനകളുടെ ഇടപെടലുകളെത്തുടർന്ന്‌ തിരുപ്പൊരൂർ പഞ്ചായത്ത് അധികൃതർ വെള്ളവും വൈദ്യുതിയും എത്തിക്കുന്നുണ്ട്. കിലോമീറ്ററുകൾ ദൂരമുള്ള റെസ്റ്റോറൻറുകളിലും കടകളിലും സഹായികളായിനിന്നാണ് പുരുഷന്മാർ  കുടംബത്തിന്റെ വിശപ്പകറ്റുന്നത്. സ്ത്രീകളാവട്ടെ സമീപ പ്രദേശങ്ങളിലെ ആസ്പത്രികൾ, ഐ.ടി. കമ്പനികൾ എന്നിവിടങ്ങളിൽ ശുചീകരണജോലിക്കുപോകുന്നുണ്ട്.  പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള തമിഴ് സ്കൂളിലാണ് ഇവരുടെ കുട്ടികളുടെ പഠനം. ചിലർ പഠനം ഉപേക്ഷിച്ച് കുടുംബം പോറ്റാൻ കൂലിവേലക്കിറങ്ങുന്നു. റോഹിംഗ്യൻ പ്രശ്നം  ചർച്ചയായതോടെ തങ്ങളെ കാണാൻ ആരെങ്കിലും എത്തുമ്പോൾ ഇവരിൽ ഭയമാണ്. ആട്ടിയിറക്കാനായിരിക്കാമോ വരവെന്ന് സംശയിക്കുന്നു. മാധ്യമപ്രവർത്തകരോടുപോലും മനസ്സുതുറക്കാൻ  ഇവർ വൈമനസ്യം കാട്ടുന്നു.

മ്യാൻമാറിലെ പടിഞ്ഞാറൻ പ്രദേശമായ റാഖിനി സംസ്ഥാനത്താണ് വേരുകളെന്ന് ഇവർപറയുന്നു. പട്ടാളത്തിന്റെ സഹായത്തോടെ ആക്രമം അഴിച്ചുവിട്ട ബുദ്ധമതക്കാരിൽനിന്ന് രക്ഷതേടിയാണ് രാജ്യം വിട്ടതെന്ന് ഇവരിൽ ചിലർ പറഞ്ഞു. ആക്രമണത്തിന്റെയും പാലായനത്തിന്റെയും ഭീതിദമായ ഓർമകൾ ഇവരെ ഇന്നും വേട്ടയാടുന്നുണ്ട്. ബംഗ്ളാദേശിലേക്ക്‌  രക്ഷപ്പെട്ട തങ്ങളെ അവിടെനിന്ന്‌ പുറത്താക്കിയതോടെയാണ് റോഡുമാർഗം കൊൽക്കത്തയിലെത്തിയത്‌. 2012-ൽ അവിടെനിന്ന്‌ തീവണ്ടിയിൽ ചെന്നൈയിൽ എത്തിപ്പെടുകയായിരുന്നുവത്രെ.

അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭ ഹൈക്കമ്മിഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തങ്ങളാരും ഒളിച്ചല്ല താമസിക്കുന്നതെന്നും ഇവരിൽ ചിലരറിയിച്ചു. റോഹിംഗ്യൻ അഭയാർഥികളിൽ പലരും ഇപ്പോൾ നന്നായി തമിഴ് സംസാരിക്കുന്നുണ്ട്. ഇവർക്കിപ്പോൾ ഒറ്റപ്രാർഥനയേയുള്ളൂ. ഈ മണ്ണിൽനിന്ന്‌ അവരോട്‌ പോകാൻ പറയരുതെന്നാണത്. ‘‘ഞങ്ങളിപ്പോൾ സമാധാനത്തോടെ ജോലിചെയ്ത് കുടുംബം പോറ്റുന്നു. ഇനിയൊരു പലായനം കൊല്ലുന്നതിന്‌ തുല്യമാണ്’’ -വിതുമ്പലോടെ ഇവർ പറയുന്നു.