തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ സ്ഥിരതാമസമാക്കിയ കെ.വി. ജയശ്രീയുടെ കുടുംബം പൂർണമായും സാഹിത്യലോകത്താണ്. സഹോദരി കെ.വി. ഷൈലജ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. കൽപ്പറ്റ നാരായണന്റെ ‘ഇത്രമാത്രം’ എന്ന നോവൽ ‘സുമിത്ര’ എന്നപേരിൽ ഷൈലജ മൊഴിമാറ്റിയതും ഇത്തവണ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു. ഷൈലജയുടെ ഭർത്താവ് ബവ ചെല്ലദുരൈ മലയാളികൾക്ക് പരിചിതനായ തമിഴ് എഴുത്തുകാരനാണ്. വംശി എന്ന പ്രസാധന കേന്ദ്രവും ഇവർ നടത്തുന്നുണ്ട്. ജയശ്രീയുടെ ഭർത്താവ് ഉത്തിരകുമാരനും മകൾ സുഹാനയും ഇതുവരെ മൂന്ന് പുസ്തകങ്ങൾ മലയാളത്തിൽനിന്ന് വിവർത്തനം ചെയ്തിട്ടുണ്ട്. എഴുത്തില്ലെങ്കിലും മകൻ അമരഭാരതിയും പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്. പുരസ്കാരനിറവിൽ കെ.വി. ജയശ്രീ സ്വന്തം കഥ പറയുന്നു.

മലയാളിയായ ജയശ്രീ
അച്ഛന്റെയും അമ്മയുടെയും സ്വദേശം പാലക്കാടാണ്. ഇരുവരും ബന്ധുക്കളായിരുന്നു. അച്ഛൻ വാസുദേവൻ പാലക്കാട് ടൗണിൽത്തന്നെ മേത്തിൽ വീട് എന്ന കുടുംബത്തിലെയാണ്. അമ്മ മാധവിയുടെ സ്വദേശം പറളിയിലാണ്. ഞങ്ങൾ മക്കൾ ജനിച്ചതും വളർന്നതും തമിഴ്നാട്ടിൽതന്നെയാണ്.
സാമ്പത്തികപ്രയാസങ്ങളെത്തുടർന്ന് അച്ഛൻ ചെറുപ്പത്തിൽത്തന്നെ ജോലിക്കായി തമിഴ്നാട്ടിലേക്ക് പോന്നിരുന്നു. അച്ഛന്റെ മൂത്ത ജ്യേഷ്ഠത്തിയെ വിവാഹം ചെയ്തയച്ചിരുന്നത് സേലത്തെ ഒരു വലിയ കുടുംബത്തിലേക്കാണ്. അവിടെ അവർ ഒരു ഇലക്‌ട്രിക് ഉപകരണങ്ങളുടെ കട നടത്തുകയായിരുന്നു. പത്തുവയസ്സ് പ്രായത്തിൽത്തന്നെ അച്ഛനും അവർക്കൊപ്പം ചേർന്നു. അച്ഛന് 32 വയസ്സുള്ളപ്പോഴാണ് 15 വയസ്സുള്ള അമ്മയെ വിവാഹം ചെയ്യുന്നത്. കല്യാണം കഴിഞ്ഞ് എട്ടാംദിവസംതന്നെ നാട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് പോന്നു. സേലത്തെ വീട്ടിലേക്കാണ് അമ്മയെത്തിയത്. അവിടത്തെ ഏറ്റവും പ്രായംകുറഞ്ഞ പെൺകുട്ടി അമ്മയായിരുന്നു. മലയാളമല്ലാതെ തമിഴിൽ ഒരക്ഷരവും അമ്മയ്ക്കറിയല്ല. രാമായണം, മഹാഭാരതകഥ എന്നീ രണ്ടുപുസ്തകങ്ങൾ ഭർതൃപിതാവ് കൊടുത്തയച്ചിരുന്നു. അത് വായിക്കും, അതല്ലെങ്കിൽ അച്ഛൻ വന്നാൽ സംസാരിക്കും. തീർത്തും കുടുംബത്തിലേക്കൊതുങ്ങിയായിരുന്നു അമ്മയുടെ ജീവിതം. കാലംപോകുന്നതിനിടെ മൂന്ന് പെൺമക്കളുമായി. ചേച്ചി സുജാത, നടുവിൽ ഞാൻ ജയശ്രീ, ഇളയവൾ ഷൈലജ. എല്ലാവരും ഇപ്പോൾ തിരുവണ്ണാമലയിൽത്തന്നെയാണ് താമസം.

സേലത്തുനിന്ന് തിരുവണ്ണാമലയിൽ
എന്റെയും ചേച്ചിയുടെയും ജനനം സേലത്തായിരുന്നു. സേലത്തുനിന്ന് മാറി പുതിയ ഒരു കട തുടങ്ങാനായി തമിഴ്നാട്ടിലാകെ അന്വേഷിച്ചാണ് അച്ഛൻ തിരുവണ്ണാമലയിലെത്തുന്നത്. തിരുവണ്ണാമലയിലെ ആദ്യ ഇലക്‌ട്രിക്കൽ കട ഞങ്ങളുടേതായിരുന്നു. തിരുവണ്ണാമലയിലെത്തി ഒന്നരവർഷത്തിനകം ഷൈലജയും ജനിച്ചു. അമ്മയുടെ ചേട്ടൻ ചന്ദ്രൻ അന്ന് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ നടക്കുമ്പോൾ അച്ഛൻ തിരുവണ്ണാമലയിലേക്ക് വിളിച്ച് കടയിലെ ജോലി പഠിപ്പിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോൾ രോഗപീഡകളാൽ  37-ാം വയസ്സിൽ അച്ഛൻ മരിച്ചു. അമ്മയ്ക്കന്ന് 20 വയസ്സാണ്. അച്ഛന്റെ മരണശേഷം അമ്മാവനായ ചന്ദ്രനാണ് ഉത്തരവാദിത്വമേറ്റ് ഞങ്ങളെ വളർത്തിയത്. ബന്ധുക്കളില്ലാത്ത അരക്ഷിതമായ ഒരവസ്ഥയായിരുന്നു വീട്ടിൽ ചെറുപ്പത്തിലുണ്ടായിരുന്നത്. അച്ഛനില്ലാത്ത മൂന്നുപെൺമക്കളും അമ്മയും അമ്മയുടെ അമ്മയുമായങ്ങനെ. ആൺമക്കളാണ് തുണയെന്ന് പറഞ്ഞാണല്ലോ നമ്മൾ നടക്കുന്നത്. സമൂഹവും അങ്ങനെയാണല്ലോ. അതിന്റെ ബുദ്ധിമുട്ടുകൾ വീട്ടിലുണ്ടായിരുന്നു. ഞാൻ രണ്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മാവൻ വിവാഹം ചെയ്യുന്നത്. അവർക്ക് ആദ്യ രണ്ടും പെൺകുട്ടികളുണ്ടായതിനുശേഷമാണ് രണ്ട് ആൺകുട്ടികളുണ്ടായത്. അതുവരെ പത്തുപന്ത്രണ്ടുപേരുള്ള ആ കുടുംബത്തിലെ ഏക ആൺ അമ്മാവനായിരുന്നു. ഇരുപത്തിയഞ്ചുവർഷത്തോളം ഒരു കൂട്ടുകുടുംബമായിത്തന്നെയാണ് ഞങ്ങൾ കഴിഞ്ഞത്.

അമ്മയുടെ വായനശീലം
പത്തുപന്ത്രണ്ടുപേരുള്ള വീട്ടിലെ അടുക്കളജോലി അമ്മ സ്വയമേറ്റെടുത്തു. എന്നാൽ,  അമ്മയുടെ ഉള്ളിൽ എന്തെങ്കിലും പുതുതായി ചെയ്യണം അറിയണം എന്ന ആഗ്രഹമുണ്ടായിരുന്നു. സങ്കടങ്ങളും നൊമ്പരങ്ങളും വായനയിലൂടെയാണ് അമ്മ മറികടന്നത്. ചേച്ചി സുജാതയെ ഒന്നാം ക്ലാസിൽ തിരുവണ്ണാമലയിൽ തമിഴ് മീഡിയത്തിലാണ് ചേർത്തത്. ചെറിയ കുട്ടിയായ സുജാത പഠിക്കുന്നതിനൊപ്പം അമ്മയും തമിഴ് പഠിച്ചു. ചേച്ചിയുടെ പുസ്തകങ്ങൾ വായിച്ചായിരുന്നു അമ്മയുടെയും പഠനം. എന്റെയും അനിയത്തിയുടെയും പുസ്തകങ്ങളും പഠിക്കുമായിരുന്നു. ഞാൻ മൂന്നാം ക്ലാസിലെത്തിയപ്പോഴേക്കും അമ്മ തമിഴ് നന്നായി വായിക്കാൻ പഠിച്ചു. ഇന്നത്തേപ്പോലെയല്ല, പണ്ട് ടി.വി.യില്ല. റേഡിയോയിൽ പാട്ടുകേൾക്കുന്നതല്ലാതെ പ്രധാന നേരമ്പോക്ക് വായനയാണ്. പകൽ മുഴുവൻ അടുക്കളപ്പണി ചെയ്തുതീർക്കും. രാത്രി റാന്തൽ കത്തിച്ചിരുന്ന് അമ്മ കഥാപുസ്തകങ്ങൾ വായിക്കും. അമ്മ വായിച്ചുതീർത്ത കഥാപുസ്തകങ്ങളെല്ലാം ഞാനും ഷൈലജയും വായിക്കുമായിരുന്നു. അയൽപക്കങ്ങളിലൊക്കെ പോയി പുസ്തകങ്ങൾ എടുത്തുകൊണ്ടുവരുമായിരുന്നു. അയൽപക്കങ്ങളിലുള്ളവർ വായിച്ചുകഴിയുന്നതുവരെ കാത്തിരുന്ന് ആ പുസ്തകങ്ങൾ വാങ്ങി ഞങ്ങൾ അമ്മയ്ക്ക് കൊടുക്കും. അമ്മ വായിച്ചതിനുശേഷം അവ ഞങ്ങളും വായിക്കും. അന്നത്തെ കാലത്തെ പ്രധാന എഴുത്തുകാരെയെല്ലാം അമ്മ വായിച്ചിരുന്നു. സ്കൂൾപുസ്തകങ്ങളെക്കാൾ ഞങ്ങൾക്കിഷ്ടം അമ്മ വായിക്കുന്ന പുസ്തകങ്ങളായിരുന്നു. ഹോംവർക്കിന്റെയും ട്യൂഷന്റെയുമൊന്നും തിരക്കില്ലാത്ത കാലമാണ്. നാലാംക്ലാസ് തൊട്ട് അമ്മയുടെയൊപ്പംതന്നെ ഞാനും ഷൈലജയും വായിക്കുമായിരുന്നു. വായിക്കുന്നതിന് അമ്മയുടെ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. വീട്ടിൽ ഒരുപാടുപേർ ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും വായനശീലമുണ്ടായിരുന്നില്ല. അമ്മയിൽനിന്ന് മുലപ്പാൽപോലെ വായനശീലവും ഞങ്ങൾക്ക് ലഭിക്കുകയായിരുന്നു.

വായനയിലെ വഴിതിരിയൽ
അവധിക്കാലത്ത് കൂട്ടുകാരുടെ വീട്ടിൽനിന്ന് പുസ്തകങ്ങൾ കൊണ്ടുവരുമായിരുന്നു. കയറിട്ടുകെട്ടിയാണ് പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുവരുക. എന്തോ വലിയൊരു സന്തോഷമാണ് അപ്പോഴുണ്ടാകുന്നത്. അന്നത്തെ സമകാലികരായ ഒട്ടുമിക്ക തമിഴ് എഴുത്തുകാരുടെയും പുസ്തകങ്ങൾ ഞങ്ങൾ വായിച്ചിട്ടുണ്ട്. ശിവശങ്കരി, ഇന്ദുമതി, വാസന്തി, പുഷ്പ എന്നിവരെല്ലാം അതിലുണ്ട്. മാസികകളിൽ വരുന്ന അത്തരം കഥകളും നോവലുകളുമാണ് ഞങ്ങൾ അധികമായി വായിച്ചിരുന്നത്. പന്ത്രണ്ടാംക്ലാസ് കഴിഞ്ഞ് കോളേജിലേക്കുപോയ സമയത്താണ് സുഹൃത്തായ ബവ ചെല്ലദുരൈ ഞങ്ങളെ കണ്ടംപററി ലിറ്ററേച്ചർ പരിചയപ്പെടുത്തുന്നത്. അതുവരെ വായിച്ചിരുന്നതല്ല, അതിനപ്പുറത്തുള്ള സാഹിത്യത്തെ അദ്ദേഹം പരിചയപ്പെടുത്തി. പ്രപഞ്ചൻ, കെ. അഴഗിരിസ്വാമി, സുന്ദരരാമസ്വാമി, അമ്പൈ എന്നിങ്ങനെ. എസ്. രാമകൃഷ്ണനും ജയമോഹനുമൊക്കെ അന്ന് എഴുതിത്തുടങ്ങിയ കാലമാണ്. മനോഹരമായ ആ സാഹിത്യലോകത്തേക്ക് ഞങ്ങളെ വഴിതിരിച്ചുവിട്ടത് ബവയായിരുന്നു. ബവ പിന്നീട് ഷൈലജയുടെ ജീവിതപങ്കാളിയായി. ബവയെ പരിചയപ്പെട്ടതിനുശേഷം അപ്ഡേറ്റഡായ പുസ്തകങ്ങൾ ഞങ്ങൾ വായിക്കാൻ തുടങ്ങി. അതൊക്കെയും അമ്മയും വായിക്കും. അമ്മയ്ക്ക് ഇപ്പോൾ 71 വയസ്സായി. ഇപ്പോളും മുടങ്ങാതെ ആ ശീലം തുടരുന്നു. അരമണിക്കൂർ കിട്ടിയാലും അമ്മ വായിക്കും. അമ്മയുടെ വായനയാണ് ഞങ്ങളെ ഈ നിലയിലെത്തിച്ചത്. ചിലരൊക്കെ പറയാറില്ലേ.., ജീവിതം മുഴുവൻ വായിക്കണം.. അതാണെന്റെ ആഗ്രഹമെന്നൊക്കെ. അമ്മ ഇതൊന്നും പറയാതെതന്നെ അങ്ങനെ ജീവിക്കുകയാണ്.

വീട്ടിലെ മലയാളം
പത്താംക്ലാസ് അവധിക്കാണ് ഞാൻ മലയാളം വായിക്കാൻ പഠിക്കുന്നത്. എന്റെ ചെറുപ്പം തൊട്ടുതന്നെ വീട്ടിൽ എല്ലാവരും മലയാളമാണ് സംസാരിക്കുക. പക്ഷേ, തമിഴ് കൂടുതൽ  പഠിച്ചിരുന്നതിനാൽ എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയുമായിരുന്നില്ല.  നാട്ടിൽനിന്നുവരുന്ന ബന്ധുക്കൾ മലയാളമാസികകൾ കൊണ്ടുവരുമായിരുന്നു. അതൊക്കെ എടുത്തുവെച്ച് വായിക്കും. ചില അക്ഷരങ്ങൾ പിടികിട്ടാറില്ല. അമ്മയോട് ചോദിച്ച് അത് മനസ്സിലാക്കി. വായിച്ച് വായിച്ച് കത്തെഴുതാൻ വരെ പഠിച്ചു. തനിച്ചാണ് പഠിച്ചെടുത്തതും. നാട്ടിലെ ബന്ധുക്കൾക്കൊക്കെ കത്തയക്കുമായിരുന്നു. മാതൃഭാഷ എഴുതാനും വായിക്കാനും പഠിക്കണമെന്ന ആഗ്രഹത്തിലാണ് വായിച്ചുതുടങ്ങിയത്. എനിക്കും വളരെ ശേഷമാണ് ഷൈലജ മലയാളം പഠിക്കുന്നത്. ഇന്നും വീട്ടിൽ മക്കളോട് മലയാളത്തിലാണ് സംസാരിക്കുന്നത്. അവർ തമ്മിൽ സംസാരിക്കുമ്പോൾ തമിഴ് ചുവ കയറിവന്നാലും അടിസ്ഥാനം മലയാളത്തിന്റേതാണ്. ഭർത്താവ് ഉത്തിരകുമാരൻ മധുരക്കാരനാണ്. പക്ഷേ,  അദ്ദേഹത്തിനും മലയാളമറിയാം. ഇരുപതുവർഷത്തോളം അദ്ദേഹം ബിസിനസുമായി ഇടുക്കിയിലെ അടിമാലിയിലുണ്ടായിരുന്നതാണ്.

കോളേജ് പഠനം, വിവാഹം
ഞങ്ങൾ മൂന്നുസഹോദരങ്ങളെയും വളർത്തിയത് അമ്മാവനായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾത്തന്നെ പതിനെട്ടാം വയസ്സിൽ ചേച്ചിയെ വിവാഹം ചെയ്തയച്ചു. പ്ലസ്ടു കഴിഞ്ഞപ്പോൾ ഇനി പഠിപ്പിക്കാൻ പറ്റില്ലെന്നുപറഞ്ഞ് എന്നെ വീട്ടിലിരുത്തി. മൂന്നുവർഷത്തോളം വീട്ടിലിരുന്നു. അപ്പോഴാണ് ഷൈലജ പ്ലസ്ടു കഴിഞ്ഞ് എത്തിയത്. ആലോചന എത്തിയാൽ വിവാഹത്തിന് തയ്യാറാണെന്ന വ്യവസ്ഥയിൽ അമ്മാവനെക്കൊണ്ട് സമ്മതിപ്പിച്ച് ബാങ്ക് ലോൺ തരപ്പെടുത്തി പഠിക്കാൻ പോയി. ബി.എ.യ്ക്ക് എനിക്ക് യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് ഉണ്ടായിരുന്നു. അതോടെ  കല്യാണ വിഷയമൊക്കെ വിട്ട്, എത്രവേണമെങ്കിലും പഠിച്ചോളൂ എന്ന നിലയിലേക്കെത്തി അമ്മാവൻ. ആ സമയത്താണ് കോളേജിലെ സീനിയറായിരുന്ന ബവയെ പരിചയപ്പെടുന്നത്. തിരുവണ്ണാമലയിൽ ബവയുടെ നേതൃത്വത്തിൽ ഒട്ടേറെ സാഹിത്യപ്രവർത്തനങ്ങൾ നടത്തിയിരുന്നു. തമിഴിലെ പുരോഗമന സാഹിത്യ സംഘമായ മുർപോക് എഴുത്താളർ സംഘത്തിൽ അദ്ദേഹം എന്നെയും ഷൈലജയെയും ചേർത്തു. എനിക്ക് അടിസ്ഥാന അംഗത്വമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഷൈലജ ജില്ലാ ഭാരവാഹിയായിരുന്നു. ബവ സംസ്ഥാനനേതൃത്വത്തിലും ഉണ്ടായിരുന്നു. തൊണ്ണൂറുകളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തിരുന്നു. ഉത്തിരകുമാരനെ പരിചയപ്പെട്ടതും ആ കൂട്ടായ്മകൾ വഴിയാണ്. അദ്ദേഹത്തിന്റെ കുടുംബം പണ്ട് തിരുവണ്ണാമലയിലായിരുന്നു ബിസിനസ് ചെയ്തിരുന്നത്. ബവയും അദ്ദേഹവുമൊക്കെ ബാല്യകാല സുഹൃത്തുക്കളാണ്. ഉത്തിരകുമാരനെ പരിചയപ്പെട്ട് ഞങ്ങൾ വിവാഹം ചെയ്യാൻ ആലോചിച്ചു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ ജാതിയും മതവുമൊക്കെ പറഞ്ഞ് അമ്മാവനടക്കം ബന്ധുക്കൾ എതിർത്തു. എന്നാൽ, അമ്മയും അമ്മമ്മയും പൂർണ പിന്തുണ നൽകിയിരുന്നു. ജാതിയും മതവുമൊക്കെ നോക്കി വിവാഹം ചെയ്യാൻ നിന്നിരുന്നെങ്കിൽ കെ.വി. ജയശ്രീയോ കെ.വി. ഷൈലജയോ ഒന്നും ഇന്നുണ്ടാവുമായിരുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ദേശീയ പുരസ്കാര വിവരമറിഞ്ഞപ്പോൾ നാട്ടിൽനിന്ന് ബന്ധുക്കളൊക്കെ വിളിച്ച് അഭിനന്ദിച്ചു, ബന്ധം പുതുക്കി.

അടിമാലിയിൽ
വിവാഹശേഷം ഉത്തിരകുമാരനൊപ്പം അടിമാലിയിലായിരുന്നു താമസം. അവിടെ എസ്.എൻ.ഡി.പി. കോളേജിൽ ലൈബ്രേറിയനായി ജോലിക്ക് കയറി. കോളേജിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനംകൊണ്ടാണ് പിന്നീട് ബി.എഡ്. പഠിച്ചത്. മക്കൾ രണ്ടുപേരും ആദ്യം പഠിച്ചത് മലയാളം മീഡിയത്തിലാണ്. മകൾ സുഹാനയും മകൻ അമരഭാരതിയും അടിസ്ഥാനവിദ്യാഭ്യാസം നേടിയത് നാട്ടിൽനിന്നായിരുന്നു. അവിടെനിന്ന് അവധിക്ക് തിരുവണ്ണാമലയിലെത്തിയ സുഹാനയാണ് ഷൈലജയെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ -വിവർത്തനത്തിന് സഹായിച്ചത്. അന്ന് അവൾ മൂന്നാം ക്ലാസിൽ പഠിക്കുകയാണ്.  മലയാളം ഗുരു സുഹാനയാണെന്ന് ഷൈലജ ഇപ്പോഴും പറയും. എനിക്കും എഴുത്തിൽ മകൾ സഹായമാണ്. ശബ്ദതാരാവലി നോക്കി ഇപ്പോഴും റഫർ ചെയ്ത് നൽകുന്നത് മക്കളാണ്.

ആദ്യ പുസ്തകം
കോളേജിൽ ബി.എ. രണ്ടാംവർഷം പഠിക്കുമ്പോൾ തച്ചോളി അമ്പു എന്ന കഥയാണ് ആദ്യമായി വിവർത്തനംചെയ്യുന്നത്. പഴയ ഒരു പുസ്തകം കിട്ടിയപ്പോൾ വായിച്ചതാണ് ആ കഥ. സ്വന്തമായി എഴുതാൻ പറ്റുമോയെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ കഥയെ മലയാളത്തിൽനിന്ന് തമിഴിലേക്ക് മൊഴിമാറ്റി പിന്നീട് നാടകമാക്കി. ആ നാടകം കോളേജ് മാഗസിനിൽ നൽകി. 1989-ൽ പുറത്തിറങ്ങിയ മാഗസിനിൽ തച്ചോളി അമ്പു എന്ന പേരിൽ ആ നാടകം പ്രസിദ്ധീകരിച്ചുവന്നു. അതായിരുന്നു ആദ്യ വിവർത്തനം. അന്ന് 22 വയസ്സായിരുന്നു. അതുകണ്ട ഒട്ടേറെപേർ അഭിനന്ദിക്കുകയും എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതോടെയാണ് എന്തെങ്കിലും സാഹിത്യത്തിൽ ചെയ്യണമെന്ന തോന്നലുണ്ടായത്.

സജീവ എഴുത്തിലേക്ക്
വിവാഹത്തിനുശേഷം ബവയും ഷൈലജയും ചേർന്ന് മലയാളത്തിൽനിന്നും തമിഴിൽനിന്നും ഏഴുകഥകൾ ചേർത്ത് സമകാലീന കഥകളുടെ ഒരു സമാഹാരം പുറത്തിറക്കി. അതിൽ മൂന്നു കഥകൾ ഞാൻ ചെയ്തുകൊടുത്തു. സക്കറിയയുടെ കഥകളായിരുന്നു അത്. എന്റെ 12 പുസ്തകത്തിൽ അഞ്ചെണ്ണവും സക്കറിയയുടേതാണ്. ഡോക്റോട് ചോദിക്കാം എന്ന കഥാസമാഹാരം 'രണ്ടാം കുടിയേറ്റം' എന്ന പേരിൽ തമിഴിൽ മൊഴിമാറ്റം ചെയ്തതിന് വൻവരവേൽപ്പ് ലഭിച്ചു അതോടെ മൊഴിമാറ്റമാണ് എന്റെ വഴിയെന്ന് ഉറപ്പിക്കുകയായിരുന്നു. പല കഥകളും മൊഴിമാറ്റി പത്രങ്ങളിലും മറ്റ് ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. അതൊക്കെകണ്ട് പല വലിയ എഴുത്തുകാരും അഭിപ്രായം പറയുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. എഴുത്തിൽ അമ്പതുവർഷത്തെ പരിചയമുണ്ട് ആ കൈകൾക്ക് എന്നാണ് സുന്ദരരാമസ്വാമി പറഞ്ഞത്.

എഴുത്തിലെ ആരാധനാപുരുഷനായ പ്രപഞ്ചനെ പരിചയപ്പട്ടു. മുർപോക് എഴുത്താളർ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സമയത്ത് അവരെയെല്ലാം കണ്ടു. 2000-ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്. ഒരിക്കൽ തിരുവണ്ണാമലയിലെത്തിയ പ്രപഞ്ചൻ, സക്കറിയയുടെ പെൺകഥകൾ 'ഇതു താൻ എൻ പേർ' എന്നപേരിൽ ഞാൻ പൂർത്തിയാക്കി വെച്ചിരുന്നത് പ്രൂഫ് പോലും നോക്കാൻ സമയം നൽകാതെ വാങ്ങിക്കൊണ്ടുപോയി. മദ്രാസിൽ കവിതാ പബ്ലിക്കേഷനിൽ നിന്ന് ആ പുസ്തകം പ്രസിദ്ധീകരിച്ചത് അദ്ദേഹമായിരുന്നു, എന്റെ ആദ്യ പുസ്തകം. തമിഴിൽ പെണ്ണെഴുത്തിനെ അദ്ദേഹം അത്രയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ഓരോ തവണയും വരുമ്പോൾ പത്തുപതിനഞ്ച് പുസ്തകങ്ങൾ അദ്ദേഹം കൊണ്ടുവന്ന് വായിക്കാൻ തരും. നോട്ടുബുക്കുകൾ പേനയടക്കം തന്നിട്ട് അത് മുഴുവൻ എഴുതിത്തീർക്കണമെന്ന് പറയും. ഇടയ്ക്ക് ഫോൺ വിളിക്കുമ്പോൾ, എന്തു ചെയ്യുന്നു, എന്താ വായിക്കുന്നത്, എന്താ എഴുതിക്കൊണ്ടിരിക്കുന്നത്. ഈ മൂന്നുചോദ്യം അവസാനകാലം വരെയും ചോദിക്കുമായിരുന്നു. പിതൃതുല്യനായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇത്രയധികം എഴുതില്ലായിരുന്നു. ഈ നേട്ടം കാണാൻ അദ്ദേഹമില്ല എന്ന വിഷമമുണ്ട്.

എഴുത്തിന് പുരസ്കാരങ്ങൾ
അടിമാലിയിൽവെച്ചാണ് ശ്യാമള ശശികുമാറിന്റെ നിശ്ശബ്ദം എന്ന കവിതാസമാഹരം വിവർത്തനത്തിന് തിരഞ്ഞെടുത്തത്. ആ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനെത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടാണ് അത് നിർദേശിച്ചത്. അതേ പേരിൽത്തന്നെ എന്റെ രണ്ടാമത്തെ പുസ്തകമായി തമിഴിൽ പുറത്തിറക്കി. അതിനും നല്ല വരവേൽപ്പ് കിട്ടി. കവിതകളും വഴങ്ങുന്നുണ്ടെന്ന പ്രോത്സാഹനമായതോടെ എ. അയ്യപ്പന്റെ കൽക്കരിയുടെ നിറമുള്ളവർ എന്ന കൃതിയും തമിഴിലെത്തിച്ചു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ഒറ്റവാതിൽ’ എന്ന പുസ്തകം ‘ഒട്രൈ കതവ്’ പേരിൽ മൊഴിമാറ്റി. ഈ പുസ്തകത്തിന് തമിഴിലെ പ്രസിദ്ധമായ ഒരു വിവർത്തന പുരസ്കാരം ലഭിച്ചു. തിരുപ്പൂർ തമിഴ് സംഘം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പുസ്തകമേളകളുടെ പുരസ്കാരങ്ങളും പിന്നാലെയെത്തി. എഴുത്തിന്റെ രംഗത്ത് എനിക്ക് ഇതൊക്കെ വലിയ അംഗീകാരമായി.

യാത്രാവിവരണങ്ങൾ
നോവലുകൾ ഒരുപാട് വായിക്കാറുണ്ടായിരുന്നു, അതിനൊപ്പംതന്നെ യാത്രാവിവരണങ്ങളും. ചെറുപ്പംമുതലേ യാത്രപോകാനോ, വിനോദയാത്ര നടത്താനോ ഉള്ള സാഹചര്യം വീട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ യാത്രാവിവരണങ്ങൾ വളരെ ഇഷ്ടമായിരുന്നു. പുസ്തകങ്ങളിലൂടെയായിരുന്നു എന്റെ യാത്രകൾ. ഹിമാലയൻ യാത്രകൾ ഏറെ ഇഷ്ടമാണ്. എം.പി. വീരേന്ദ്രകുമാറിന്റെ ‘ഹൈമതഭൂവിൽ’ എന്ന പുസ്തകത്തിന് തമിഴ് തർജമയുണ്ടായിരുന്നെങ്കിലും മലയാളത്തിൽത്തന്നെയാണ് വായിച്ചത്. അങ്ങനെയാണ് ഷൗക്കത്ത് രചിച്ച ‘ഹിമാലയം’ തമിഴിലേക്ക് ചെയ്യുന്നത്. ആത്മീയമായും വ്യത്യസ്തമായ ഒരനുഭവമായിരുന്നു അതിന്റെ മൊഴിമാറ്റ ജോലിയും. ഏറെ ആസ്വദിച്ച് ചെയ്തതാണത്. ഇന്നും തമിഴിൽ ഒരുപാട് വായനക്കാരുള്ള പുസ്തകമാണത്.

നിലംപൂത്തു മലർന്ന നാൾ
ഞാനും ഷൈലജയും സകുടുംബം കുട്രാലത്തേക്ക് ഒരു യാത്ര പൊയ്ക്കൊണ്ടിരിക്കുമ്പോൾ യാദൃച്ഛികമായി എഴുത്തുകാരൻ ജയമോഹനെ കണ്ടു. മുപ്പതുവർഷത്തോളമായി അദ്ദേഹത്തിന് ഞങ്ങളുടെ കുടുംബവുമായി പരിചയമുള്ളതാണ്. അന്ന് ജയമോഹനുമായുള്ള സംസാരത്തിലാണ് ആദ്യമായി മനോജ് കുറൂരിനെപ്പറ്റി കേൾക്കുന്നത്. പഴയകാല സുഹൃത്താണ് മനോജ്. അദ്ദേഹം ആദ്യമായി ഒരു നോവലെഴുതിയിട്ടുണ്ട്. അതിന് താനാണ് അവതാരിക എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി ‘അത് നീങ്ക തമിഴുക്ക് കൊണ്ടുവരലാമേ..’ എന്നുപറഞ്ഞു. ഞാൻ തമിഴ് അധ്യാപികയാണെന്നൊക്കെ  അദ്ദേഹത്തിന് അറിയാം. ചെയ്തുനോക്കൂ, എന്നുപറഞ്ഞ് എഴുത്തുകാരന്റെ ഫോൺ നമ്പറും  തന്നു. ഞാൻ മനോജിനെ വിളിക്കുമ്പോൾ പുസ്തകം പ്രിന്റ് ആയിട്ടില്ല. മാനുസ്‌ക്രിപ്റ്റ് ആണ് ഞാൻ വായിക്കുന്നത്. അത് വായിച്ചുതീർക്കുമ്പോഴേക്കും മലയാളത്തിൽ പുസ്തകം പുറത്തിറങ്ങി. ആറുമാസത്തിനകം ഞാനും അത് തമിഴിലേക്കുമാറ്റി. ഒരു വർഷത്തിനുള്ളിൽത്തന്നെ 2016-ൽ തമിഴിൽ പുസ്തകം പുറത്തിറങ്ങുകയുംചെയ്തു.

നോവലിലെ ഭാഷ
‘നിലം പൂത്തു മലർന്ന നാൾ’ നോവലിലെ ഭാഷ തമിഴ് വായനക്കാർക്ക് ഒരു പ്രശ്നമാകുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. വായനയോഗ്യമല്ലെന്ന പരാതി വരുമോയെന്ന ആശങ്കയോടെയാണ് വിവർത്തനം ചെയ്തുതുടങ്ങിയതും. പിന്നീട് അതേക്കുറിച്ചൊന്നും ആലോചിക്കാതെ രണ്ടും കല്പിച്ച് മൊഴിമാറ്റി. എന്നാൽ, പുസ്തകം പുറത്തിറങ്ങിയപ്പോൾ ആശങ്ക അസ്ഥാനത്തായി. കരുതിയതിന് നേർവിപരീതമായിരുന്നു പ്രതികരണങ്ങൾ. വൻവരവേൽപ്പാണ് ലഭിച്ചത്. ആറുമണിക്കൂർ കൊണ്ട് വായിച്ചു, ഒറ്റ രാത്രികൊണ്ടു വായിച്ചു, ഒറ്റയിരുപ്പിൽ വായിച്ചുതീർത്തു എന്നിങ്ങനെയൊക്കെ വായനക്കാർ പറയുന്നത് കേൾക്കുമ്പോൾ നമ്മുടേത് ശരിയായ വഴിയായിരുന്നു എന്നുതോന്നി.

മലയാളത്തിലേക്കാൾ സ്വീകരണം തമിഴിൽ
മലയാളത്തിലാണ്  നോവലിന്റെ കൂടുതൽ കോപ്പികൾ വിറ്റുപോയതെങ്കിലും അത് കൂടുതൽ ഫലപ്രദമായി വായനക്കാരിലെത്തിയത് തമിഴിലാണ്. തമിഴ് കഥയാണ് നോവലിൽ പറയുന്നത്. പഴയ തമിഴ് കഥ എന്നതാകും മലയാളത്തിലെ വായനക്കാർക്ക് വിഷമം. തമിഴിൽ പുസ്തകം കുറച്ചേ പോയിട്ടുള്ളു. പക്ഷേ, വിറ്റുപോയവ വൻചർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. കേന്ദ്രസർക്കാർപുരസ്കാരത്തിനുശേഷമാണ് പുസ്തകത്തിന്റെ വിൽപ്പന തമിഴിൽ കൂടിയത്. തമിഴ്‌നാടിന്റെ എല്ലാ ഭാഗങ്ങളിലും പുസ്തകമെത്തിയിട്ടുണ്ട്. ഇവിടെ മാത്രമല്ല, തമിഴ് സംസാരിക്കുന്നവർ ഉള്ളിടങ്ങളിലെല്ലാം പുസ്തകം പോയിട്ടുണ്ട്. ജർമനി, ഫ്രാൻസ്, സിങ്കപ്പൂർ എന്നിങ്ങനെ ഒരുപാടിടങ്ങളിൽ. അവിടെനിന്നൊക്കെ ആളുകൾ വിളിക്കാറുമുണ്ട്. വായനക്കാരിലൂടെയും അവരുടെ ചർച്ചകളിലൂടെയുമാണ് പുസ്തകം ശ്രദ്ധ നേടിയത്.

സാഹിത്യ അക്കാദമി പുരസ്കാരം
കഴിഞ്ഞ രണ്ടുവർഷമായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ‘നിലം പൂത്തു മലർന്ന നാളു’ണ്ടായിരുന്നു. അവാർഡിനുവേണ്ടി ഒന്നും എഴുതിയിട്ടില്ല. പക്ഷേ, ഒന്ന് കിട്ടുകയാണെങ്കിൽ ഈ പുസ്തകത്തിന് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു ചെറിയ പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷേ, പുരസ്കാരം പ്രഖ്യാപിച്ചത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. നാട്ടിൽനിന്ന് മനോജാണ് ആദ്യം വിവരമറിയുന്നത്. അദ്ദേഹം എന്നെ വിളിച്ചുചോദിച്ചു. എനിക്കറിയില്ലായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോളാണ് വിവരമുറപ്പിച്ചത്. എഴുത്തുകാരൻതന്നെ പുരസ്കാരവിവരവുമറിയിച്ചു എന്ന സന്തോഷവും യാദൃച്ഛികമായാണെങ്കിലും ഉണ്ടായി. അദ്ദേഹത്തിനും വളരെ സന്തോഷമായിരുന്നു. തമിഴിൽ പുസ്തകം ആഘോഷിക്കപ്പെടുന്നതിൽ ഏറ്റവും സന്തോഷിക്കുന്നതും അദ്ദേഹമാണ്.

പുതിയ പുസ്തകം
കെ.വി. മോഹൻകുമാറിന്റെ ‘ഉഷ്ണരാശി’ എന്ന നോവലാണ് ഇപ്പോൾ വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയതാണ്. അദ്ദേഹം നാലുവർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. നൂറുവർഷം മുമ്പത്തെ കേരളമാണ് നോവലിൽ. കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രമാണ് പറയുന്നത്. ആ നോവലിന്റെ പശ്ചാത്തലത്തിൽ സഞ്ചരിച്ചുതന്നെയാണ് ഞാൻ അതെഴുതുന്നത്. റഫറൻസും അതുപോലെത്തന്നെ. ചരിത്രനോവലാകുമ്പോൾ വാക്കുകൾ പ്രയാസമാകും. ശരിയായ വാക്കുകൾ കിട്ടുന്നതുവരെ ഞാൻ കാത്തിരിക്കും. മലയാളത്തിലെ എല്ലാംതന്നെ മറ്റൊരുതരത്തിൽ ഇവിടെയുണ്ട്. വേറൊരു പേരിലാണെങ്കിലും എല്ലാം ഇവിടെത്തന്നെയുണ്ടാകും. അതിനെ തേടി  കണ്ടെത്തിയാണ് ഇപ്പോൾ എഴുത്ത് മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോൾ 80 ശതമാനം പണി പൂർത്തിയായിക്കഴിഞ്ഞു. മധ്യവേനലവധിക്ക് എഴുതിത്തീർക്കാമെന്നാണ് കരുതുന്നത്.

ഇപ്പോൾ വിവർത്തനം മാത്രം
വിവർത്തനമില്ലെങ്കിൽ ഭാഷയിൽ ദാരിദ്ര്യമുണ്ടാകും. കാരണം, മാതൃഭാഷയല്ലാതെ മറ്റൊന്നും വേണ്ടെന്ന് വിചാരിച്ചാൽ എന്താകും നമ്മുടെ സാഹിത്യത്തിന്റെ സ്ഥിതി. അവിടെയാണ് സാഹിത്യത്തിൽ വിവർത്തനത്തിന്റെ പ്രസക്തി. വിവർത്തക എന്നറിയപ്പെടാൻ തന്നെയാണ് ആഗ്രഹം. സ്വന്തമായി എഴുതാൻ ഇതുവരെ ആലോചനയില്ല. അതിന്റെ സാഹചര്യമുണ്ടായിട്ടില്ല. ബാക്കിയൊക്കെ വരുമ്പോ വരട്ടെ, കാത്തിരിക്കാം. എന്നാണോ സ്വന്തമായി എഴുതാൻ തോന്നുന്നത് അന്ന് എഴുതിയാൽ മതിയെന്നാണ് കരുതുന്നത്.

മലയാളവുമായി തുടർബന്ധം
മലയാളത്തിൽനിന്ന് തമിഴിലേക്കുള്ള വിവർത്തകർ എന്ന നിലയിൽ കേരളത്തിലെ മിക്ക സാഹിത്യസമ്മേളനങ്ങളിലും എന്നെയും ഷൈലജയെയും വിളിക്കാറുണ്ട്. തിരുവണ്ണാമലയിൽ രണ്ടുവർഷം മുമ്പ് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ പെണ്ണെഴുത്തുകാരുടെ ക്യാമ്പ് നടത്തിയിരുന്നു.
മാനസി, മ്യൂസ് മേരി ജോർജ്, മുംതാസ്, സുജ സൂസൻ ജോർജ്, പി.കെ. ഭാഗ്യലക്ഷ്മി അങ്ങനെ കുറേ സുഹൃത്തുക്കളുണ്ട്. എല്ലാവരുമായും ബന്ധം സൂക്ഷിക്കുന്നു. പുരസ്കാരവിവരമറിഞ്ഞും പലരും വിളിച്ചിരുന്നു. ബഷീർ ചരമദിനത്തോടനുബന്ധിച്ച് ജൂലായ് അഞ്ചിന് എറണാകുളത്ത് നടക്കുന്ന ഒരുപരിപാടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അങ്ങനെ ബന്ധം തുടരുകയാണ്.

വിവർത്തന ലക്ഷ്യം
കേരളത്തിൽനിന്ന് അപ്‌ഡേറ്റായി പുസ്തകങ്ങൾ ലഭിക്കാറുണ്ട്. പണ്ടത്തെപ്പോലെയല്ലോ പുസ്തകങ്ങൾ ഇപ്പോൾ ഓൺലൈനായി വാങ്ങാനാകും. പലരും അയച്ചും നൽകും. ഒരു പുസ്തകം കിട്ടിയാൽ, അത് തമിഴ് വായനക്കാരിലേക്ക് എത്തിക്കേണ്ടതുണ്ടോ എന്നാണ് പ്രധാനമായി നോക്കുക. തമിഴിലും മലയാളത്തിലും ഒരേപോലെയുള്ള സംഗതികൾ ഞങ്ങളായിട്ട് കൊണ്ടുവരേണ്ടതില്ലല്ലോ. മലയാള സാഹിത്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് തമിഴ് വായനക്കാർ അറിയണമെന്ന ലക്ഷ്യത്തോടെയാണ് കൃതികൾ വിവർത്തനം ചെയ്യുന്നത്.

മലയാളത്തിലെ എഴുത്ത്‌
എല്ലാവരും ചോദിക്കുന്നത് ഇതുതന്നെയാണ്. ഞാൻ എം.എ. വരെ പഠിച്ചത് തമിഴാണല്ലോ. എന്റെ ഭാഷാശേഷി മലയാളത്തേക്കാൾ കൂടുതൽ തമിഴിലാണ്. മലയാളത്തിൽ എഴുതാൻ നേരത്തേ ഒരു ചെറിയ ശ്രമം നടത്തിയിരുന്നു. പക്ഷേ, അത്ര ശരിയായില്ല. രണ്ടു ഭാഷയിലും കൂടിയായാൽ ഒന്നുമില്ലാതാകുമോ എന്ന ഭയത്തിൽ പിന്നീട് ആ ശ്രമം നടത്തിയിട്ടില്ല. എന്നാൽ, ഇങ്ങനെ രണ്ടു ഭാഷയിലും എഴുതുന്നവരുമുണ്ട്. പക്ഷേ അവർ മാത്രം പോര. മലയാളം നന്നായി പഠിച്ചിട്ടുള്ള, തമിഴ്‌നാട്ടിൽ ജീവിക്കുന്ന തമിഴറിയാവുന്ന ആളുകളുണ്ടല്ലോ. അതിർത്തി
ജില്ലകളിലൊക്കെ താമസിക്കുന്നവർ. അവർ ബൈലിംഗ്വൽ ആയിരിക്കുമല്ലോ. വിവർത്തനങ്ങൾക്ക് അവർ മുൻകൈയെടുക്കണം. മാതൃഭാഷ തമിഴായ എന്റെ ഭർത്താവ് ഉത്തിരകുമാരൻതന്നെ പതിനഞ്ചുകൊല്ലത്തെ ജീവിതത്തിന്റെ അനുഭവത്തിൽ മൂന്നു പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. മകളും മൂന്ന് പുസ്തകങ്ങൾ വിവർത്തനംചെയ്തു.

തമിഴിൽനിന്ന് എത്ര പുസ്തകങ്ങൾ മലയാളത്തിലേക്ക് പോകുന്നുണ്ട് എന്നത് ആലോചിക്കേണ്ടതാണ്. തമിഴിലെ സാഹിത്യം വളരെ വിപുലമാണ്. പക്ഷേ, ഇവിടത്തെ പല സാഹിത്യകാരെയും മലയാളി വായനക്കാർക്ക് അറിയില്ല. അതിനുള്ള ശ്രമങ്ങൾ നടക്കുന്നില്ല എന്നതാണ് ദുഃഖകരം. ഈ മേഖലയിലേക്ക് കൂടുതൽപേർ ശ്രദ്ധ നൽകണമെന്നാണ് അഭ്യർഥിക്കാനുള്ളത്. ബംഗാളിയിൽനിന്നൊക്കെ ഒരുപാട് വിവർത്തനങ്ങളുണ്ടായിട്ടും തൊട്ടടുത്തുള്ള തമിഴിൽനിന്ന് അത്രത്തോളം കൃതികൾ മലയാളത്തിലെത്തിയിട്ടുണ്ടോ എന്ന് ആലോചിക്കണം.

തിരുവണ്ണാമലയിൽത്തന്നെ
ഞാൻ പ്ലസ്ടു വരെ പഠിച്ചത് തിരുവണ്ണാമലയിലെ ഒരു ഹയർസെക്കൻഡറി സ്കൂളിലാണ്. തമിഴ് ബി.എ. പഠിച്ചത് തിരുവണ്ണാമല ആർട്സ് കോളേജിൽ. എം.എ., എം.ഫിൽ ഒക്കെ തപാൽ വഴി പഠിച്ചു. തിരുവനന്തപുരത്താണ് ബി.എഡ്. ചെയ്തത്, തൈക്കാട് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ. അതിനുശേഷം ടി.ആർ.ബി. നിയമനം വഴി തിരുവണ്ണാമലയിൽ 2004-ൽ ഹയർസെക്കൻഡറി അധ്യാപികയായി ജോലിക്ക് കയറി. ഒമ്പതുവർഷമായി തിരുവണ്ണാമലയിലെതന്നെ കൊളക്കുടിയെന്ന ഗ്രാമത്തിലെ സ്കൂളിലാണ് പഠിപ്പിക്കുന്നത്. എല്ലാം തിരുവണ്ണാമലയിൽത്തന്നെ.