: ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ടോയെന്ന് ക്രിസ്ത്യാനികളോട് പലരും ചോദിച്ചിട്ടുണ്ടാകും. എന്നാൽ എഗ്‌മൂറിൽ താമസിക്കുന്ന സി.സി. ആന്റണിയോടാണ് ചോദ്യമെങ്കിൽ ബൈബിൾ മുഴുവൻ എഴുതിയിട്ടുണ്ടോയെന്ന് ചോദിക്കണം! എത്ര തവണയെന്നും ഏതൊക്കെ ഭാഷയിലെന്നും ചോദിക്കണം! അഞ്ച് വർഷത്തിനുള്ളിൽ ഏഴ് ഭാഷകളിലാണ് അദ്ദേഹം ബൈബിൾ പകർത്തി എഴുതിയത്. 85-ാം വയസ്സിലും ചെന്നൈയിലെ തിരക്കുപിടിച്ച റോഡിലൂടെ യഥേഷ്ടം കാറോടിച്ച് പോകുന്ന തന്റെ ഊർജത്തിന്റെ ഉറവിടവും ദിനചര്യയുടെ ഭാഗമായ ബൈബിൾ പകർത്തിയെഴുത്താണെന്ന് അദ്ദേഹം പറയുന്നു.

ഒരു പേന, 635 റീഫില്ലർ
ഒരൊറ്റ പേന കൊണ്ടാണ് ഇതുവരെ എഴുതിയത്. ഇതിനകം 635 റീഫില്ലുകൾ മാറി. ആകെ 10,845 പേജുകൾ എഴുതി. 2014 നവംബർ ഒന്ന് മുതൽ 2019 ഒക്ടോബർ 31 വരെയുള്ള കാലയളവിലാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗ്രീക്ക്, ലാറ്റിൻ, ജർമൻ, ഫ്രഞ്ച് ഭാഷകളിൽ ബൈബിൾ പകർത്തിയത്. മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് സമ്പൂർണ ബൈബിളും ഹിന്ദിയിൽ ഒരു സമ്പൂർണ ബൈബിളും മറ്റ് ഭാഷകളിൽ പുതിയ നിയമവും പകർത്തിയെഴുതിയ ആന്റണി തമിഴിൽ എഴുതാൻ തയ്യാറെടുക്കുകയാണ്.

 ഇതുവരെ പകർത്തിയെഴുതിയ ബൈബിളുകൾ എല്ലാം ഭംഗിയായി ബൈൻഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. കൈയെഴുത്ത് പ്രതികൂടാതെ അവയുടെ പകർപ്പുകളും ബൈൻഡ് ചെയ്തിട്ടുണ്ട്. വേളാങ്കണി മാതാ മ്യൂസിയം, കൊച്ചി കാക്കനാട് സെയ്‌ന്റ് തോമസ് മൗണ്ട് ക്രിസ്ത്യൻ മ്യൂസിയം, തിരുവനന്തപുരം മലങ്കര കത്തോലിക്ക മ്യൂസിയം, തൃശ്ശൂർ ബൈബിൾ ടവർ, മൈലാപൂർ സെയ്‌ന്റ് തോമസ് മ്യൂസിയം എന്നിവിടങ്ങളിൽ ആന്റണി പകർത്തിയെഴുതിയ ബൈബിളിന്റെ പകർപ്പുകളുണ്ട്.

അക്കങ്ങളിൽനിന്ന് അക്ഷരങ്ങളിലേക്ക്
തൃശ്ശൂർ നടത്തറ ചിറമ്മൽ വീട്ടിൽ സി.സി. ആന്റണി 40 വർഷത്തിലേറെയായി ചെന്നൈയിലാണ് താമസം. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് അസി. ജനറൽ മാനേജരായി വിരമിച്ചത് 1994-ലാണ്. അതിനുശേഷം പത്തുവർഷം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മേധാവിയായി പ്രവർത്തിച്ചു. 1954-ൽ ജോലിയിൽ പ്രവേശിച്ച് 2004 വരെയുള്ള അരനൂറ്റാണ്ട് കാലം സാമ്പത്തിക കാര്യങ്ങളിലും കണക്കുകളിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ പിന്നീട് അക്ഷരങ്ങളുമായിട്ടാണ് കൂട്ട്. വിവിധ ആത്മീയ മാസികകളിൽ ലേഖനകൾ എഴുതാറുള്ള ആന്റണിയുടെ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ ദിവസവും ബൈബിൾ പകർത്തിയെഴുതുന്നതിനാൽ ഇപ്പോൾ ദൈവവചനങ്ങളുമായിട്ടാണ് ചങ്ങാത്തം.

എൺപതാം ജന്മദിനത്തിൽ തുടക്കം
2014 നവംബർ ഒന്നിന് എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ദിവസമാണ് ബൈബിൾ പകർത്തിയെഴുതാൻ ആരംഭിച്ചത്. മാതൃഭാഷയായ മലയാളത്തിലായിരുന്നു തുടക്കം.

ആദ്യ രണ്ടുദിവസം എഴുതി കഴിഞ്ഞതോടെ കൈയ്ക്ക് വലിയ വേദനയായി. വിരലുകൾ ചലിപ്പിക്കാൻ സാധിക്കാത്ത സ്ഥിതി. ഏറെ വേദനയോടെ പ്രാർഥിച്ചു. പിന്നീട് വേദനയുണ്ടായിട്ടില്ല.

 തുടർച്ചയായ ദിവസങ്ങളിൽ എഴുതിയിട്ടും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും ആന്റണി പറയുന്നു. ആദ്യം പുതിയ നിയമമായിരുന്നു എഴുതിയത്. മലയാളത്തിൽ എഴുതി കഴിഞ്ഞപ്പോൾ ഇംഗ്ലീഷിൽ എഴുതാൻ ആരംഭിച്ചു. അതിന് ശേഷം വീണ്ടും മലയാളം. പിന്നീട് വീണ്ടും ഇംഗ്ലീഷ് എന്നിങ്ങനെയായിരുന്നു എഴുത്ത്. അടുത്ത ഊഴം ഹിന്ദിയിലായിരുന്നു.

വിദേശഭാഷകളിലേക്ക്
സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയാണ് മറ്റ് ഭാഷകളിൽ എഴുതാൻ ആദ്യമായി നിർദേശിച്ചത്. ബൈബിൾ മൂലഗ്രന്ഥം എഴുതിയ ഭാഷകളിൽ എഴുതാനുള്ള നിർദേശം പാലിക്കാൻ തനിക്കാകില്ലെന്നായിരുന്നു ആദ്യ പ്രതികരണം. ശ്രമിച്ചാൽ സാധിക്കുമെന്ന് കർദിനാൾ ധൈര്യപ്പെടുത്തി. പിന്നീട് മലങ്കര കത്തോലിക്ക സഭാധ്യക്ഷൻ മാർ ബസേലിയോസ് ക്ലിമ്മിസ് കതോലിക്ക ബാവയും പ്രോത്സാഹിപ്പിച്ചു. അങ്ങനെ അതുവരെ അറിയാത്തഭാഷയിൽ ബൈബിൾ പകർത്താൻ തീരുമാനിക്കുകയായിരുന്നു. ഗ്രീക്കിലായിരുന്നു ആദ്യം എഴുതിയത്. ബൈബിൾ സൊസൈറ്റിയിൽ പോയി ഗ്രീക്ക് ബൈബിൾ കണ്ടുപിടിച്ചു. തുടക്കത്തിൽ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് എളുപ്പമായി. ഒരോ ഭാഷയിലെയും ബൈബിളുകൾ ഇന്റർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് അക്ഷരങ്ങൾ പഠിച്ച് അതേപടി പകർത്തുകയായിരുന്നു. ജർമൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളുടെ ലിപികൾ ഇംഗ്ലീഷിന് സമാനമായതിനാൽ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഏഴ് ഭാഷകളിലായി 7710 അധ്യായങ്ങളാണ് ഇതുവരെ പകർത്തിയത്. ഇതിൽ രണ്ട് ലക്ഷത്തിലേറെ വാക്കുകളുണ്ട്. ഏഴ് ബൈബിളുകളും ചേർത്താൻ 11 കിലോ ഭാരം വരും.

രാവിലെ അഞ്ചിന് തുടങ്ങുന്ന എഴുത്ത്
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വളരെ കുറച്ച് ദിവസം മാത്രമാണ് ബൈബിൾ പകർത്തി എഴുത്ത് മുടക്കിയിട്ടുള്ളത്. ഒരു ദിവസം മുടങ്ങിയാൽ അടുത്ത ദിവസം അതിന്റെ കുറവ് പരിഹരിക്കാൻ കൂടുതൽ എഴുതുകയാണ് ശീലം. രാവിലെ അഞ്ചിന് എഴുന്നേറ്റാൽ ഉടൻ ഒരു മണിക്കൂറോളം എഴുതും. പിന്നീട് 6.30-ന് ഡോൺ ബോസ്‌കോ പള്ളിയിൽ നടക്കുന്ന കുർബാനയിൽ പങ്കെടുക്കും. പിന്നീട് പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം ഒമ്പതിനോടെ ആരംഭിക്കുന്ന എഴുത്ത് രണ്ട് മണിക്കൂർ നീളും.

 ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം രണ്ട് മണിക്കൂർ വിശ്രമം. വൈകീട്ട് മൂന്നിന് ഒരു മണിക്കൂർ വീണ്ടും എഴുതും. സായ്ഹാന സവാരി മുടക്കാത്ത ആന്റണി പിന്നീട് എഴുതുന്നത് ഉറങ്ങുന്നതിന് മുമ്പ് അരമണിക്കൂറാണ്. ഈ

 ദിനചര്യ കഴിവതും മുടക്കാറില്ല. ആരോഗ്യം അടക്കം തന്റെ നന്മകൾക്കെല്ലാം ഉറവിടം ബൈബിളുമായുള്ള ഈ
ബന്ധവും പ്രാർഥനയുമാണെന്ന ആന്റണി ഉറച്ച് വിശ്വസിക്കുന്നു. ഈ വിശ്വാസത്തിലാണ് തമിഴിൽ എഴുതാനൊരുങ്ങുന്നത്.