പാടാത്ത പാട്ടുപോലെ ആഘോഷിക്കാത്ത പിറന്നാളിനും മധുരമാണെന്ന് പാട്ടുകളുടെ പെരുന്തച്ചൻ ദേവരാജൻ മാസ്റ്ററുടെ ഭാര്യ ലീലാമണി ഓർക്കുന്നു. കാരണം, മനസ്സിൽനിറയെ മാസ്റ്ററുടെ ആഘോഷിക്കാത്ത  ജന്മദിനങ്ങളാണ്. ‘ആഘോഷത്തോട് അദ്ദേഹത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല, വീട്ടിലാരും നിർബന്ധിച്ചിരുന്നില്ല’ -മഹാലിംഗപുരത്തെ ‘ദേവരാഗ’ത്തിന്റെ പൂമുഖത്തിരുന്ന് ലീലാമണി പറയുന്നു. 78-ാം വയസ്സിൽ കാലയവനികയ്ക്കുള്ളിൽ മറയുംവരെ കാര്യമായ ആഘോഷമില്ലാതെ പിറന്നാൾ കടന്നുപോയി. എന്നാൽ, മരണാനന്തരം സംഗീതപ്രേമികളും ആരാധകരും സുഹൃത്തുകളും ജന്മനാടും ദേവാരാജസ്മൃതി വിപുലമായി കൊണ്ടാടി. ഇത്തവണ ചെന്നൈയിലും ആഘോഷമുണ്ട്. ആഘോഷങ്ങൾക്കുനടുവിൽ പഴയ പിറന്നാൾ ഓർമകളിലേക്ക് പോകുകയാണ് മാസ്റ്ററുടെ പ്രിയപത്നി.

മാസ്റ്ററിന്റെ ജന്മദിനം സെപ്റ്റംബർ 27-നാണെന്ന് അധികമാർക്കും അറിയില്ലായിരുന്നു. നക്ഷത്രപ്രകാരം കന്നിമാസത്തെ അത്തമാണ് ജന്മദിനം. മാസ്റ്റർ ആഘോഷം നടത്തിയിരുന്നില്ലെങ്കിലും ലീലാമണി ആ ദിവസം ക്ഷേത്രദർശനം മുടക്കിയിരുന്നില്ല. പ്രത്യേക വഴിപാടുകളും നടത്തിയിരുന്നു. പായസമുണ്ടാക്കുന്ന പതിവുമുണ്ടായിരുന്നു. മാസ്റ്ററിന് ജന്മദിനവും മറ്റെല്ലാ ദിവസത്തെപോലെ തന്നെയായിരുന്നു. റെക്കോഡിങ്ങോ മറ്റുജോലികളോ ഉണ്ടായിരുന്നുവെങ്കിൽ മുടക്കിയിരുന്നില്ല. പതിവുപോലെ സ്റ്റുഡിയോയിലേക്ക് പോകും.

ദേവരാജൻ മാസ്റ്റർ ഈശ്വര വിശ്വാസിയല്ലായിരുന്നുവെങ്കിൽ ലീലാമണി നേർവിപരീതമായിരുന്നു. ഭക്തിയായിരുന്നു ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ ലീലാമണിയുടെ മുഖമുദ്ര. മുരുകനാണ് ഇഷ്ടദൈവം. കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ദേവരാജൻ മാസ്റ്റർ ഒരിക്കലും ഭക്തിയിൽനിന്ന് ഭാര്യയെ വിലക്കില്ല. തന്റെ  ജന്മദിനത്തിൽ ലീലാമണി ക്ഷേത്രദർശനം നടത്തുന്നതും വഴിപാടുകഴിക്കുന്നതും അദ്ദേഹം തടഞ്ഞില്ല. ആഘോഷങ്ങളില്ലാത്തതിനാൽ മാസ്റ്ററുടെ ജന്മദിനങ്ങൾ ലീലാമണിയുടെ ക്ഷേത്രദർശനത്തിലും വീട്ടിലുണ്ടാക്കുന്ന പായസത്തിലുമായി ഒതുങ്ങുകയായിരുന്നു പതിവ്.

ജന്മദിനം ആഘോഷിക്കാൻ താത്പര്യമില്ലെങ്കിലും സംഗീതരംഗത്ത് ഒപ്പംപ്രവർത്തിക്കുന്നവരെ ഓണത്തിന് വീട്ടിൽവിളിച്ച് സദ്യ നൽകണമെന്ന നിർബന്ധം ദേവരാജൻ മാസ്റ്റർക്കുണ്ടായിരുന്നു. ചെന്നൈയിൽ എത്തിയതിനുശേഷം തുടങ്ങിയ പതിവാണത്. തനി കേരളശൈലിയിൽ സദ്യ തയ്യാറാക്കും. നിലത്ത് ഇലയിട്ടിരുന്ന് എല്ലാവരും ഒന്നിച്ച് സദ്യയുണ്ണും. ശിഷ്യന്മാരും സംഗീതസംവിധായകരുമായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെയൊക്കെ ക്ഷണിക്കുമായിരുന്നു.

സഹപ്രവർത്തർക്കൊപ്പമുള്ള വീട്ടിൽ നടത്തുന്ന ഓണാഘോഷം മുടക്കാൻ ഒട്ടും താത്പര്യമില്ലാതിരുന്നിട്ടും ഒരിക്കൽ അതുമുടങ്ങി. ചികിത്സയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ പോകേണ്ടിവന്നതാണ് കാരണം. അത് അദ്ദേഹത്തിന് വിഷമമായി. ഇത്തവണ സദ്യ കൊടുക്കാൻ പറ്റിയില്ലല്ലോയെന്നുപറഞ്ഞപ്പോൾ പിറന്നാൾ ദിനത്തിൽ സദ്യ നൽകാമെന്ന ആശയം ഉരുത്തിരിഞ്ഞുവന്നു. പിറന്നാൾ ആഘോഷമാക്കാൻ താത്പര്യമില്ലാതിരുന്നിട്ടും ഓണത്തിന് സദ്യ നൽകാൻ സാധിക്കാത്തതിന്റെ പോരായ്മ നികത്താം എന്ന കാരണത്താൽ അദ്ദേഹം സമ്മതംമൂളി. പക്ഷേ, നിബന്ധനവെച്ചു. പിറന്നാളാണെന്ന് ആരോടുംപറയരുത്.

കന്നിമാസത്തെ അത്തം നാളിൽ അങ്ങനെ ആദ്യമായി പിറന്നാളാഘോഷം ഒരുങ്ങി. ലീലാമണി പതിവുപോലെ ക്ഷേത്രദർശനവും വഴിപാടും നടത്തി. ഭക്ഷണം കഴിക്കാൻ സഹപ്രവർത്തകരെ ക്ഷണിച്ചുവെങ്കിലും വിശേഷം എന്താണെന്നുപറഞ്ഞില്ല. ജന്മദിനമാണെന്ന് അറിഞ്ഞാൽ ആരെങ്കിലുമൊക്കെ സമ്മാനങ്ങളുമായി വരുമെന്ന് അദ്ദേഹം കരുതി. അത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. സദ്യകഴിഞ്ഞ്‌  പായസവും കഴിച്ചതിനുശേഷം ചിദംബരനാഥനാണ് ലീലാമണിയോട് ചോദിച്ചത് എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകതയെന്ന്. അങ്ങനെ ലീലാമണി വാക്കുതെറ്റിച്ചു. ആരോടും പറയരുതെന്ന് മാസ്റ്റർ പറഞ്ഞിട്ടുണ്ടെന്ന മുഖവുരയോടെ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന വെളിപ്പെടുത്തി. അന്ന് കൊണ്ടാടിയതല്ലാതെ മാസ്റ്റർ പിറന്നാൾ ആഘോഷിച്ചിട്ടില്ല.

മാസ്റ്ററുടെ മരണത്തിനുശേഷം പിറന്നാൾദിനം  ആചരിച്ചിട്ടില്ലെന്ന് ലീലാമണി പറയുന്നു. ചരമവാർഷിക ദിവസം നുങ്കമ്പാക്കത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പതിവുണ്ട്. മാസ്റ്ററുടെ ഒാരോ ജന്മദിനത്തിനും നാട്ടിൽ വലിയ ആഘോഷം നടത്താറുണ്ട്. സ്വന്തംസ്ഥലമായ കൊല്ലം പരവൂരിൽ നഗരസഭയുടെ നേതൃത്വത്തിൽ വർഷംതോറും സംഗീതമത്സരം നടത്തും. ആദ്യമൊക്കെ ചരമവാർഷികദിനത്തിലായിരുന്നു. മാർച്ച് പരീക്ഷാസമയമായതിനാൽ ഇപ്പോൾ  ജന്മദിനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

എല്ലാവർഷവും നാട്ടിൽ നടത്തുന്ന ജന്മദിനവാർഷികാഘോഷങ്ങൾ അറിയിക്കുമെങ്കിലും അത്രദൂരം യാത്രചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട്  ലീലാമണി പങ്കെടുക്കാറില്ല. രണ്ടുവർഷംമുമ്പ് നവതി ആഘോഷിച്ചപ്പോൾ പോയിരുന്നു. തിരുവനന്തപുരത്തും പരവൂരിലും നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തു. വലിയ ആഘോഷമായിരുന്നു അന്ന് സംഘടിപ്പിച്ചിരുന്നത്.

നവതിയോടനുബന്ധിച്ച് യുവസംഗീതജ്ഞൻ ചക്രപാണിയുടെ നേതൃത്വത്തിലുള്ള സംഗീതപരിപാടി കുടുംബത്തിന്റെ വകയായി നടത്തിയിരുന്നു. മാസ്റ്റർ  സംഗീതം നൽകിയ സിനിമാപ്പാട്ടുകളും അവ ചിട്ടപ്പെടുത്തിയ രാഗത്തിലെ കീർത്തനങ്ങളും ഉൾപ്പെടുത്തിയുള്ള കച്ചേരിയായിരുന്നു നടത്തിയത്. വൈക്കം വാസുദേവൻ നായരുടെ മകളും മരുമകനും ചേർന്നാണ് ആദ്യം ചക്രപാണിയുടെ സംഗീതപരിപാടി നടത്തിയത്. അതിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ലീലാമണിക്ക്‌ പങ്കെടുക്കാനായില്ല. പിന്നീട് അതിന്റെ സി.ഡി. ചെന്നൈയിലെ വീട്ടിലേക്ക് അയച്ചുകൊടുത്തു. അതുനന്നായി ഇഷ്ടപ്പെട്ടുവെന്നും അതിനാലാണ് ചക്രപാണിയുടെ സംഗീതപരിപാടിതന്നെ നവതിക്കും  നടത്തിയതെന്നും ലീലാമണി പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷങ്ങളിലും ജന്മദിനവാർഷികം ആഘോഷിച്ചില്ല. ഇത്തവണ സഹപ്രവർത്തകർ സ്മരണാഞ്ജലി സംഘടിപ്പിക്കാൻ ഒരുങ്ങിയപ്പോൾത്തന്നെ ദേവരാഗത്ത് എത്തിയിരുന്നു. ഈ  പരിപാടി നടക്കുന്ന ഞായറാഴ്ച ദേവരാജൻ മാസ്റ്ററുടെ ജന്മനക്ഷത്ര ദിനമാണെന്ന പ്രത്യേകതയുമുണ്ട്. അതൊരു നിമിത്തമാണെന്ന് കരുതുകയാണ് ലീലാമണി.

ദേവരാജസ്മൃതി നാളെ
: ചെന്നൈയിലെ കലാസാംസ്കാരിക സംഘടനയായ ആശ്രയയും ആശാൻ സ്മാരക അസോസിയേഷനും ദേവരാജൻ മാസ്റ്ററുടെ സഹപ്രവർത്തകരും ചേർന്നൊരുക്കുന്ന ദേവരാജസ്മൃതി ഞായറാഴ്ച നടക്കും. ആശാൻ സ്കൂളിലെ അമ്മുസ്വാമിനാഥൻ ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചുമുതലാണ് പരിപാടി. മാസ്റ്ററുടെ സംഗീതജീവിതത്തിലെ പ്രധാന നിമിഷങ്ങളടങ്ങുന്ന ചിത്രങ്ങളുടെ പ്രദർശനത്തോടെ പരിപാടി ആരംഭിക്കും. മാസ്റ്ററുടെ ഭാര്യ ലീലാമണി ദേവരാജൻ ഭദ്രദീപം തെളിയിക്കും. ‘ദേവരാജൻ മാസ്റ്റർ ഒരനുസ്മരണം’ എന്ന ദൃശ്യാവതരണ പരിപാടിയും നടക്കും. പിന്നീട് നടക്കുന്ന സംഗീത പരിപാടിയിൽ പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, എൻ. ലതിക, എം. ജയചന്ദ്രൻ, ഗംഗ, സുദീപ് കുമാർ, വിജേഷ്‌ഗോപാൽ, ദിനേശ്, ഇളങ്കോ എന്നിവർ ഗാനങ്ങൾ ആലപിക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.