അർബുദത്തെ അനാവശ്യമായി ഭയക്കേണ്ടതില്ല. പുതിയൊരു ജീവിതമാണെന്ന് കരുതി രോഗി മുന്നേറുകയാണ് വേണ്ടത്. എല്ലാവിധ കച്ചവടമനോഭാവവും വെടിഞ്ഞ് വൈദ്യശാസ്ത്രം മുഴുവൻ നിസ്സഹായനായ ആ മനുഷ്യനായി നിലകൊള്ളണം. രോഗക്കിടക്കയിൽ  അച്ഛനമ്മമാരോ സഹോദരങ്ങളോ മക്കളോ ആണുള്ളതെന്ന് ഡോക്ടർ സങ്കല്പിക്കണം- ഡോ. വി. ശാന്ത പറയുന്നു.

അഡയാർ കാൻസർ സെന്ററിന്റെ എക്സിക്യുട്ടീവ് ചെയർപേഴ്‌സണെന്നനിലയിൽ 64 വർഷം അർബുദരോഗികൾക്കായി സമർപ്പിതജീവിതം നയിക്കുന്ന ഡോ. ശാന്തയെ പത്മശ്രീയും പത്മവിഭൂഷണും നൽകിയാണ് രാഷ്ട്രം നമിച്ചത്. മഗ്‌സസെ അവാർഡ് നൽകി ലോകവും കൈകൂപ്പി.
12 രോഗിക്കിടക്കകളും രണ്ടേരണ്ടു ഡോക്ടർമാരും രണ്ടുനഴ്‌സുമാരുമായി തുടങ്ങിയ അഡയാർ ഇൻസ്റ്റിറ്റ്യൂട്ട് 800 കിടക്കകളുള്ള മികച്ച അർബുദ ചികിത്സാകേന്ദ്രമായി മാറിയത് ഈ അമ്മയുടെ കഠിനപ്രയത്നത്തിന്റെ ബലത്തിലാണ്.

അർബുദത്തെക്കുറിച്ച്, സ്വയം വെട്ടിത്തുറന്ന പാതയെക്കുറിച്ച്, തലമുറകൾക്ക് വിളക്കാവേണ്ട ചികിത്സാവഴികളെക്കുറിച്ച് അവർ സംസാരിക്കുന്നു...

?  എത്രയൊക്കെപ്പറഞ്ഞാലും ആളും അർഥവും നശിപ്പിക്കുന്ന അർബുദം ഒരു പേടിസ്വപ്നമല്ലേ ഡോക്ടർ
അല്ലേയല്ല. അത് തെറ്റിദ്ധാരണ മാത്രം. ചികിത്സിച്ചു ഭേദമാക്കാവുന്നവയാണ് മിക്ക അർബുദ വകഭേദങ്ങളും. പ്രമേഹംപോലും നിയന്ത്രിക്കാനേ കഴിയൂ. അർബുദം അങ്ങനെയല്ല. ഇന്ത്യയ്ക്കുമാത്രമല്ല, ലോകത്തിനുതന്നെ ഒരു വെല്ലുവിളിയാണ് ഈ രോഗം എന്നത് ശരി. എന്നാൽ എച്ച്.ഐ.വി.ക്കോ മറ്റുപകർച്ചവ്യാധികൾക്കോ നൽകുന്ന പരിഗണന ഭരണകൂടം അർബുദത്തിന് നൽകാറില്ല. ചെലവേറിയ ചികിത്സയാണിത്. വികസിതരാജ്യങ്ങൾ വൈദ്യശാസ്ത്രരംഗത്തിനു നൽകുന്ന ബജറ്റുവിഹിതം എട്ട് ശതമാനമാണ്. ഇവിടെയത് പരമാവധി രണ്ടുശതമാനം. വേദന അനുഭവിക്കുന്ന രോഗികൾ കുറേക്കൂടി പരിഗണന അർഹിക്കുന്നുണ്ട്.

? എന്നെങ്കിലും അർബുദ ചികിത്സയിൽ നാം വികസിത രാജ്യങ്ങൾക്കൊപ്പമെത്തുമോ
തടയാവുന്ന രോഗമാണ് അർബുദം. ചികിത്സിച്ചു മാറ്റാവുന്നതും. നേരത്തേ കണ്ടെത്തണം. രോഗിയെ പരിഗണിക്കണം. ഡോക്ടറും കുടുംബവും രാജ്യവും.  ആധുനിക സാങ്കേതികവിദ്യാ ചികിത്സയുമായി സമരസപ്പെട്ടുപോവണം. അമേരിക്കയോടൊപ്പം ഇന്ത്യയും വളരുന്നുവെന്നതിൽ ഞാനും സന്തോഷവതിയാണ്. എന്നാൽ അർബുദചികിത്സയിൽ അതിന്റെ യാതൊരു പ്രതിഫലനവുമില്ലല്ലോ എന്നതിൽ വ്യസനിക്കുന്നു.

ഒരു കാര്യത്തിൽമാത്രം ഞാൻ സന്തോഷിക്കുന്നു. ഇവിടത്തെ പാവപ്പെട്ടവർക്ക് യു.എസിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് കിട്ടുന്നതിനെക്കാൾ നല്ല ചികിത്സ കിട്ടുന്നുണ്ട്. ഇവിടെ ബോധവത്കരണം കുറേക്കൂടി വേണ്ടിയിരിക്കുന്നു. പുകയിലയുടെ ഉപയോഗം മുതൽ പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരേവരെ. കീടനാശിനികളുടെ അമിതോപയോഗവും പാടില്ല.

? അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച്...
ഞങ്ങൾ ഇന്ത്യയിലെ കാൻസർ ചികിത്സയിൽ മുമ്പേ നടന്നവരാണ്. 1955-ൽ സ്ഥാപിതമായി. പൂർണമായും സന്നദ്ധ സ്ഥാപനമായി പ്രവർത്തിക്കുന്നു. ഇവിടെയെത്തുന്ന രോഗി തെരുവുയാചകനായാലും ശതകോടീശ്വരനായാലും ഒരേ ചികിത്സ. ഞങ്ങളുടെ ഡോക്ടർമാർക്ക് കുറഞ്ഞശമ്പളം മാത്രം.
ഇതുപോലെ ഇന്ത്യയിൽ ടാറ്റാ മെമ്മോറിയലും അരവിന്ദ് കണ്ണാശുപത്രിയും മാത്രം. ഡോ. മുത്തുലക്ഷ്മി റെഡ്ഡിയും ഞാനും ചേർന്ന് തുടക്കമിട്ടപ്പോൾ മുതലുള്ള സ്വപ്നം ഇന്ന് ഫലം കായ്ക്കുന്നു. പാവങ്ങളാണ് ഞങ്ങളുടെ പ്രഥമപരിഗണന.

ഇന്ത്യയിലെ ആദ്യത്തെ പൂർണ കാൻസർ സെന്റർ, രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ഉപാധികളില്ലാതെ ജീവാവസാനംവരെ ചികിത്സ നൽകുന്ന ഏക കാൻസർ ചികിത്സാസ്ഥാപനം, മോളിക്യുലാർ ഹെറിറ്ററി കാൻസർ ക്ലിനിക്കുള്ള സ്ഥാപനം എന്നീ പ്രത്യകതകളുണ്ട്.

? കാൻസർ വരാതിരിക്കാൻ എന്തെല്ലാം ചെയ്യണം
ആഹാരമടക്കം ജീവിതശൈലിയിൽ ശ്രദ്ധിക്കണം. പുകയിലയുടെ ഉപയോഗം എല്ലാതരത്തിലും ഉപേക്ഷിക്കണം. തടയണം. അന്തരീക്ഷമലിനീകരണം കഴിയുന്നത്ര കുറയ്ക്കണം.

? മാഡം, ഒബാമയെ തിരുത്തിയതായി കേട്ടിട്ടുണ്ട് ...
(ചുളിവാർന്ന മുഖത്ത് നിറചിരി). ശരി ശരി. സമൂഹഗാത്രത്തെ ബാധിച്ച മാറ്റാനാവാത്ത കാൻസറാണ് അഴിമതി എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അത് തിരുത്തി വിശദമായ കത്തയച്ചു. ഉടൻ മറുപടി വന്നു. സോറി മാഡം. ഞാൻ ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല എന്ന് വിശദീകരണവും.

? നവതി പിന്നിട്ട അമ്മ അനേകം ഭിഷഗ്വരന്മാർക്ക് മാതൃകയാണ്. പുതുതലമുറ ഡോക്ടർമാരോട് എന്തുപറയും
മാതൃക ഞാനല്ല. ഹിപ്പോക്രാറ്റിസും ഫാ. ഡാമിയനും ആൽബർട്ട് െെഷ്വറ്റ്‌സറും വില്യം ഓസ്സ്‌ലറും സിദ്ധാർത്ഥ് മുഖർജിയുമൊക്കെയാവട്ടെ. ഒരുകാര്യം പറയാം. ധാർമികതയുടെയും മാനുഷികതയുടെയും ഉത്തുംഗത്തിൽ നിൽക്കുന്ന പ്രൊഫഷനായിരിക്കണം ഡോക്ടറുടേത്. മരുന്നുകമ്പനികൾക്കായി രോഗിയെ ഭാരപ്പെടുത്തരുത്.

ഡോക്ടർ രോഗിയെ സ്പർശിക്കട്ടെ. ആ സാന്ത്വനസ്പർശത്തിൽ ചികിത്സ തുടങ്ങട്ടെ. സ്വന്തം മൊബൈലിലെ അനേകം കാര്യങ്ങൾ ശ്രദ്ധിക്കുകയും രോഗിയെ നോക്കുകപോലും ചെയ്യാതിരിക്കുകയും സെക്രട്ടറി മരുന്നു കുറിക്കുകയും ചെയ്യുന്ന കൺസൾട്ടിങ്‌ റൂമുകൾ ഇല്ലാതാവട്ടെ. വൈദ്യധർമമില്ലെങ്കിൽ വൈദ്യമില്ല. ആദ്യമായും അവസാനമായും അത് ആതുരസേവനമാണ്.

? ജീവിതം എന്ത്‌ പഠിപ്പിച്ചു ?
ജീവിതത്തിൽ കുഞ്ഞുനാൾമുതൽ ഞാൻ ഒന്നേ മോഹിച്ചിട്ടുള്ളൂ. ആരെയും വേദനിപ്പിക്കാതിരിക്കുകയും വേദനിക്കുന്നവരെ സാന്ത്വനിപ്പിക്കുകയും വേണം. ഇന്നും അതുമാത്രം മോഹം. നോബൽ സമ്മാനം കിട്ടിയ ഡോ. സി.വി. രാമനും (അമ്മയുടെ അമ്മാവൻ) ഡോ. എസ്. ചന്ദ്രശേഖറും (എന്റെ അമ്മാവൻ) വലിയ മാതൃകയായി. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ആർക്കുമുണ്ടാവാം. അപ്പോഴൊക്കെയും ധർമവും മനുഷ്യത്വവും എല്ലാറ്റിനും മുമ്പേ പറക്കും. 60 കൊല്ലം കഴിയുമ്പോൾ കാൻസർ ചികിത്സ ടാർജെറ്റഡ് ആവാം, പൂർണമായും റോബോട്ടിക് ആവാം, കോർപ്പറേറ്റുകൾ ഈ രംഗം കൈയടക്കിയെന്നും വരാം. എല്ലാവർക്കും ഇൻഷുറൻസ് ഉണ്ടാവാം. അപ്പോഴും ഈ അടിസ്ഥാനമൂല്യങ്ങൾ ഉയർന്നുപറക്കുമെന്നുതന്നെ എന്റെ വൃദ്ധമനസ്സ് എന്നോട് പറയുന്നു.