ചെ  ന്നൈയിലുള്ളത്രയും ചായക്കടകൾ ഇന്ത്യയിൽ ഒരു നഗരത്തിലുമുണ്ടാകാൻ വഴിയില്ല. ഇതിൽ ഭൂരിഭാഗവും മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ്. വർഷങ്ങൾക്കുമുമ്പ് നാടുവിട്ട് ചെന്നൈയിലെത്തി കൂലിപ്പണി ചെയ്ത് തുച്ഛമായ വരുമാനം സ്വരൂപിച്ച് സ്വന്തമായി ചായക്കടകൾ തുടങ്ങുകയായിരുന്നു അവർ. ഇന്നിപ്പോൾ മലയാളിയുടെ ചായക്കടകൾ നഗരത്തിന്റെ മുഖമുദ്രയാണ്. ചായക്കടക്കാർക്കു വേണ്ടി പേരാടുന്ന സംഘടനയുടെ തലപ്പത്തും മലയാളികൾതന്നെ. മൂവായിരത്തോളം പേർ അംഗങ്ങളാണ്.

ചെന്നൈ ചായ - ഒരു ചരിത്രം
അടുപ്പുകളിൽനിന്ന്‌ ഊതിയൂതി വളർന്ന്, പിന്നീട് സമോവറിലെ കരിയുടെ ചൂടിലെത്തുകയും അവിടെ നിന്ന് മണ്ണെണ്ണ സ്റ്റൗവിലേക്കും പാചക വാതക സിലിൻഡറുകളിലേക്കും വളർന്നെത്തി നിൽക്കുന്ന വർഷങ്ങൾ നീണ്ട ചരിത്രമുണ്ട് ചെന്നൈയുടെ ചായയ്ക്ക്. മലയാളികളുടെകൂടി ചരിത്രമാണിത്. ചെന്നൈയിൽ മലയാളി ചായക്കട തുടങ്ങിയിട്ട് 150 വർഷത്തിലേറെയായെന്നാണ് പഴമക്കാരുടെ കണക്ക്. ഇന്ന് നഗരത്തിലെ 80 ശതമാനം ചായക്കടകളും മലയാളികളുടെ ഉടമസ്ഥതിലുള്ളതാണ്.

പ്രതിസന്ധികളുടെയും തിരസ്‌കരണങ്ങളുടെയും ഭീഷണികളുടെയും കൂറ്റൻ മതിലുകളോരോന്നും ചാടിക്കടന്ന് പരിക്കില്ലാതെ മുന്നോട്ടു നീങ്ങുകയാണ് ചായക്കടകൾ. നന്ദിപറയേണ്ടത് ചായക്കട ഉടമസ്ഥ സംഘത്തോടാണ്. സംഘടനയുടെ സമയോചിത ഇടപെടലുകളിലൂടെ സർക്കാരിന്റെയും കോർപ്പറേഷന്റെയും പോലീസിന്റെയും ഗുണ്ടകളുടെയും നിരന്തര പീഡനങ്ങളിൽനിന്ന് ചായക്കടകൾ ഏതാണ്ട് മുക്തമായിക്കഴിഞ്ഞു എന്നു തന്നെ പറയാം.

സംഘടനയുടെ തുടക്കം
1981-ലാണ് ചെന്നൈ ചായക്കട ഉടമസ്ഥസംഘം തുടങ്ങുന്നത്. സംഘശക്തിയില്ലെങ്കിൽ നൂറുകണക്കിന്  തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടുമെന്ന അവസ്ഥയിലാണ് തുടക്കം.  സാമൂഹികദ്രോഹികളുടെയും ഗുണ്ടകളുടെയും വിഹാരകേന്ദ്രമായിരുന്നു അന്ന് ചായക്കടകൾ.

കോർപ്പറേഷൻ അധികൃതർ കണ്ണിൽക്കണ്ട നിയമങ്ങളുമായി അവരെ ധർമസങ്കടത്തിലാക്കി. തെളിയാത്ത കേസുകളിൽ പ്രതികളാക്കിക്കൊണ്ടായിരുന്നു പോലീസ് പ്രതികാരം വീട്ടിയത്. പാൽ വിൽപ്പനക്കാരുടെ ഭീഷണിയായിരുന്നു മറ്റൊരു പ്രശ്‌നം. കടകൾക്കു മുന്നിൽ പശുക്കളെ എത്തിച്ച് ‘ലൈവായി’ കറന്നായിരുന്നു പാൽ നൽകിയിരുന്നത്. ഇടയ്ക്കിടെ പാൽ വില കൂട്ടി ചായക്കടക്കാരെ സമ്മർദത്തിലാക്കി. വെള്ളം കലർത്തിയ പാലിനെ ചോദ്യം ചെയ്തവർക്ക് ഭീഷണി നേരിടേണ്ടിവന്നു. പാൽ വിൽപ്പനക്കാർ യൂണിയൻ ആരംഭിച്ചു. ചായക്കടകൾക്ക് പാൽ നൽകില്ലെന്ന് ഭീഷണി മുഴക്കി. അന്ന് പാക്കറ്റുകളിൽ പാൽ ലഭ്യമല്ലായിരുന്നു. പാൽക്കാരുടെ ഭീഷണിക്കു മുന്നിൽ പിടിച്ചുനിൽക്കണമെന്ന കൂട്ടായ തീരുമാനത്തിൽ നിന്നാണ് ചായക്കട ഉടമസ്ഥ സംഘത്തിന്റെ തുടക്കം. ആദ്യ പ്രസിഡന്റ് വി. ചൊക്കലിംഗവും സെക്രട്ടറി ടി. അനന്തനുമായിരുന്നു.

ചായക്കട നടത്തണമെങ്കിൽ അക്കാലത്ത് പോലീസ് ലൈസൻസ് ആവശ്യമായിരുന്നു. ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത നിയമമായിരുന്നു ഇത്.

ചായക്കടകളിൽ പത്രംവായിക്കുകയും രാഷ്ട്രീയം പറയുകയും ചെയ്യുന്നു എന്നുള്ള കാരണത്താലായിരുന്നു പോലീസ് ലൈസൻസ് ഏർപ്പെടുത്തിയത്. 1992-ൽ സംഘടന ഇതിനെതിരേ പ്രക്ഷോഭം തുടങ്ങി. തുടർന്ന് 1998-ൽ ചെന്നൈയിലെ ചായക്കടകൾക്കുള്ള പോലീസ് ലൈസൻസ് റദ്ദാക്കി. കോർപ്പറേഷൻ ലൈസൻസ് നിരക്ക് 250 രൂപയിൽ നിന്ന് 500 രൂപയാക്കി ഉയർത്തിയപ്പോഴും സമരത്തിലൂടെ ആവശ്യം നേടിയെടുത്തു. ചായക്കടകളിൽ വടയും ബോണ്ടയും വിറ്റാൽ ആദ്യകാലത്ത് പോലീസ് കേസെടുക്കുമായിരുന്നു. അതിനെതിരെയും പോരാടി വിജയംനേടി.

 ഇന്നിപ്പോൾ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി പതിനായിരത്തിലേറെ ചായക്കടകളുണ്ട്.  അമ്പതിനായിരത്തിൽപ്പരം പേർ ജോലി ചെയ്യുന്നു. ചായക്കടകളിൽ ഭൂരിഭാഗവും സംഘടനയിൽ അംഗങ്ങളാണ്. ഇവരുടെ പ്രശ്‌നങ്ങൾ തീർക്കുന്ന ‘കോടതി’യാണ് സംഘം. സമൂഹത്തിൽ നല്ല കാര്യങ്ങൾക്കെല്ലാം സഹായവും സഹകരണവുമുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവം. ഓരോ വർഷവും രക്തദാന ക്യാമ്പുകൾ നടത്തി സർക്കാർ ആസ്പത്രികളിലേക്ക് രക്തമെത്തിക്കുന്നുണ്ട്. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 80,000 രൂപ വിലയുള്ള പരിശോധനായന്ത്രങ്ങൾ സംഭാവനചെയ്തു. ചെന്നൈയിലും കേരളത്തിലും വെള്ളപ്പൊക്കമുണ്ടായപ്പോൾ സഹായമെത്തിച്ചു.

തൊഴിലാളികൾ ഉത്തരേന്ത്യക്കാർ
ചെന്നൈ നഗരത്തിലെ ചായക്കടകളിൽ 80 ശതമാനവും മലയാളികളുടെ ഉടമസ്ഥതയിലാണെങ്കിലും കേരളത്തിൽ നിന്നെത്തുന്ന തൊഴിലാളികൾ കുറയുന്നുണ്ടെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു. ആദ്യ കാലങ്ങളിൽ ഉടമകളും തൊഴിലാളികളും മലയാളികളായിരുന്നു.

 എന്നാൽ ചായക്കട തൊഴിലാളി എന്നാൽ സമൂഹത്തിൽ വിലയില്ലെന്ന് തോന്നൽ പലരിലുമുണ്ടായി. ഗൾഫ് രാജ്യങ്ങളിൽ ജോലി തേടുകയായി അവരുടെ ലക്ഷ്യം. പതുക്കെ മലയാളികളായ ചായക്കടത്തൊഴിലാളികൾ ചെന്നൈയിലേക്കുള്ള വരവ് കുറച്ചു. മലയാളികൾ കുറഞ്ഞപ്പോൾ തമിഴ്‌നാട്ടുകാർ ഈ രംഗത്തെത്തിയെങ്കിലും പിന്നീട് അവർക്കും താത്‌പര്യം കുറഞ്ഞു. ഇപ്പോൾ ഉത്തരേന്ത്യൻ തൊഴിലാളികൾ ധാരാളമായി ചെന്നൈയിലെ ചായക്കടകളിൽ ജോലി ചെയ്യുന്നുണ്ട്.

അവർ മലയാളവും തമിഴും എളുപ്പത്തിൽ പഠിച്ചെടുക്കുന്നു. തമിഴ്‌നാട്ടുകാർ ചായക്കടതൊഴിലാളികളായി എത്തിയപ്പോൾ സ്വന്തമായി കട തുടങ്ങണമെന്നതായിരുന്നു ആഗ്രഹം. എന്നാൽ ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് മുതലാളിമാരാകാൻ വലിയ താത്‌പര്യമില്ല.

എന്നാൽ ഇവർ സംഘമായി മുറിയെടുത്ത് ചായയുണ്ടാക്കി ഫ്ളാസ്‌കുകളിൽ തെരുവുകളിൽ വിൽപ്പന നടത്തുന്നുണ്ട്. ചെന്നൈ പോലെ ഉറക്കമില്ലാത്ത നഗരത്തിൽ ചായക്കടകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി വേണമെന്ന കാലങ്ങളായുള്ള ആവശ്യത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും രാത്രി തുറക്കുന്ന കടകളെ വേട്ടയാടുകയാണ് പോലീസ്.

കട തുറന്നിരിക്കുന്നതു കണ്ടാൽ കള്ളക്കേസിൽ കുടുക്കിയാണ് ശിക്ഷിക്കുന്നത്. ചായക്കടകൾ മുന്നറിയിപ്പില്ലാതെ മുദ്രവെക്കുന്ന കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നടപടി തടയണമെന്നതാണ് സംഘടനയുടെ മറ്റൊരുവശ്യം. പാൽ വില വർധിപ്പിച്ചത് പ്രയാസമുണ്ടാക്കുന്നുണ്ട്.

പക്ഷേ, ചായയുടെ വില കൂട്ടിയാൽ തിരിച്ചടിയാകുമോ എന്ന ആശങ്ക ഇവർക്കുണ്ട്.