ചരിത്രത്തിന്റെ ബാക്കിപത്രമായിരുന്ന പുതുച്ചേരി ടൗൺ ഹാൾ പുത്തൻ രൂപത്തിൽ പുനർജനിക്കുന്നു. ജനുവരി ആരംഭത്തോടെ ഹാൾ തുറക്കും. ലോകബാങ്കിന്റെ സഹായത്തോടെ ഈ വർഷമാണ് ടൗൺ ഹാൾ നവീകരണം ആരംഭിച്ചത്. 2014 -ലെ കനത്തമഴയിൽ തകർന്നടിഞ്ഞ ടൗൺ ഹാളിന്റെ നവീകരണം പ്രോജക്ട് ഇംപ്‌ളിമെന്റേഷൻ കമ്മിറ്റി വഴിയാണ് സർക്കാർ നടത്തുന്നത്. പഴയകെട്ടിടം  പൂർണമായും ഇടിച്ചുനിരത്തിയാണ് പുതിയതിന്റെ നിർമാണം. ഏകദേശം 14.83 കോടി രൂപയാണ് ചെലവ്. ചെന്നൈയിലുള്ള കമ്പനിക്കാണ് കരാർ.

 പഴയ കെട്ടിടത്തിന്റെ തനിമ നിലനിർത്തി പണികഴിക്കുന്ന ഇതിന്റെ  താഴത്തെനിലയിൽ വലിയ തൂണുകളോടുകൂടിയ വരാന്തകളും ഒന്നാംനിലയിൽ കമാനങ്ങളും ഉണ്ടായിരിക്കും. മേയറുടെ ഓഫീസ്, ജനന-മരണ സർട്ടിഫിക്കറ്റുകൾക്ക് സൗകര്യമുളള രജിസ്‌ട്രേഷൻ ഓഫീസ്, മുനിസിപ്പാലിറ്റി  ഓഫീസ് കൗൺസിൽ,  സമ്മേളന ഹാൾ  എന്നിവയും ഒരുക്കും.

ചരിത്രമുറങ്ങുന്ന ടൗൺ ഹാൾ ഹോട്ടൽ ദു വില്ലെ  എന്നാണ് അറിയപ്പെടുന്നത്. പുതുച്ചേരിയിൽ അവശേഷിക്കുന്ന അധിനിവേശത്തിന്റെ  അടയാളം. 1870-71ൽ ആദ്യത്തെ  പാരീസ്  അസംബ്ലിയിലേക്ക്  കന്നിവോട്ട്  ചെയ്ത ഇടമാണ് ഈ ടൗൺ ഹാൾ. ജവഹർലാൽ നെഹ്രുവാണ് ആദ്യമായി ഇവിടെ സന്ദർശിച്ച പ്രമുഖൻ. പുതുച്ചേരി അസംബ്ലിയുടെ തുടക്കം ഇവിടെയായിരുന്നു.

കെട്ടിടത്തിന്റെ പുനർ നിർമിതി ജനങ്ങൾ ഉറ്റുനോക്കുകയാണ്. പുതുച്ചേരിയുടെ ഹൃദയത്തിലേറി കടൽത്തീരത്തേക്ക് കണ്ണും നട്ടിരിക്കാനാവുന്ന ടൗൺ ഹാൾ  വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടമാണ്. സ്മാർട്ട്  സിറ്റി പദ്ധതിയിൽ ഉൾപ്പെടുന്നതാണ് കെട്ടിടം. ടൗൺ ഹാൾ പൂർത്തിയാകുന്നതോടെ സ്മാർട്ട് സിറ്റി നിർമാണത്തിന് 500 കോടി നൽകിയ ഫ്രഞ്ച് സർക്കാരിനും നഷ്ടപ്രതാപത്തിന്റെ ഭൂതകാലം തിരിച്ചുപിടിക്കാനാവും. ഫ്രഞ്ച് കോൺസിലേറ്റ്, പവർ ഹൗസ് തുടങ്ങിയവ ടൗൺ ഹാളിനൊപ്പം നിർമിച്ചവയാണ്.