രണ്ടുവർഷംമുമ്പ് സ്കൂൾയൂണിഫോമിൽ കൈയിലൊരു പ്ലക്കാർഡുമേന്തി ഒറ്റയാൾപോരാട്ടം നടത്തി വാർത്തകളിൽ നിറഞ്ഞ ഒരു എട്ടുവയസ്സുകാരനെ ഓർമയുണ്ടാകും. ഇ.സി.ആർ. റോഡിലെ പടൂരിൽ ജനവാസകേന്ദ്രത്തിലെ മദ്യഷാപ്പിനെതിരേയായിരുന്നു അവന്റെ സമരം.

‘കുടിയെ വിടൂ, പഠിക്ക വിടൂ’ എന്നെഴുതിയ പ്ലക്കാർഡാണ് കൈയിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് പോലീസെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ എട്ടുവയസ്സുകാരൻ വഴങ്ങിയില്ല. പ്രാദേശിക പത്രത്തിൽ വാർത്ത വന്നതോടെ സമരം പെട്ടെന്ന് ചർച്ചയായി. സമരം റിപ്പോർട്ടുചെയ്യാൻ മുഖ്യധാരാമാധ്യമങ്ങളും ചാനലുകളുമെത്തി. ഇതോടെ ചെറുതല്ലാത്ത സമ്മർദം അധികാരികളുടെ മേലുമുണ്ടായി. കാര്യമന്വേഷിക്കാൻ കാഞ്ചീപുരം കളക്ടർതന്നെ നേരിട്ട് സ്ഥലത്തെത്തി. നാട്ടുകാർക്ക് ശല്യമാകുന്ന മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എട്ടുവയസ്സുകാരൻ തീർത്തുപറഞ്ഞു. ഒടുവിൽ മറ്റുവഴികളില്ലാതെ കളക്ടർ മദ്യഷാപ്പ് പൂട്ടി സീൽവെച്ചു. ഒറ്റയ്ക്ക് സമരം നടത്തി വിജയിപ്പിച്ച ആ എട്ടുവയസ്സുകാരന്റെ പേര് ആകാശ് ആനന്ദൻ.

മദ്യത്തിനെതിരായ സമരത്തിന് അവസാനമില്ലെന്ന് ആകാശ് പറയുന്നു. ഇപ്പോൾ പത്താംവയസ്സിൽ അഭിനയിച്ച സിനിമയിലൂടെയും അത് തുടരുകയാണ് ആകാശ്. ഏപ്രിലിൽ പുറത്തിറങ്ങിയ ‘കുടിമകൻ’ എന്ന ലഹരിവിരുദ്ധപ്രമേയമുള്ള ചിത്രത്തിൽ ആകാശ് പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഒട്ടേറെപ്പേർ അഭിനന്ദനമറിയിച്ച് വിളിക്കുന്നുണ്ടെന്ന് ആകാശിന്റെ അച്ഛൻ ആനന്ദൻ പറഞ്ഞു. എന്നാൽ, സിനിമയിലെ അഭിനയത്തിനല്ല അതിന്റെ സന്ദേശത്തിലാണ് കാര്യമെന്നാണ് ആകാശിന്റെ നിലപാട്.

തുടക്കം അഞ്ചാംവയസ്സിൽ
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ഒരു ബൈക്കപകടം നേരിട്ടുകാണാനിടയായതാണ് ആകാശിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 19 വയസ്സ് മാത്രമുണ്ടായിരുന്ന യുവാവ് മരണപ്പെട്ടു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിൽ അപകടത്തിൽ ഗുരുതരപരിക്ക് ഒഴിവാക്കാമായിരുന്നു എന്ന് അച്ഛനിൽനിന്നറിഞ്ഞതോടെ ബൈക്ക് യാത്രക്കാർ എന്താണ് ഹെൽമെറ്റ് ധരിക്കാത്തതെന്ന് ആകാശ് ആലോചിച്ചു. ബോധവത്കരണത്തിലൂടെയേ അതിന് മാറ്റംവരൂ എന്നുമനസ്സിലാക്കിയ ആകാശ്, പിറന്നാൾസമ്മാനമായി ഹെൽമെറ്റ് ബോധവത്കരണത്തിന് കുറച്ച് ലഘുലേഖകൾ വേണമെന്നാണ് വീട്ടിൽ ആവശ്യപ്പെട്ടത്. അഞ്ചാംപിറന്നാളിന് അങ്ങനെ സുഹൃത്തിന്റെ പ്രസിൽനിന്ന് അച്ചടിച്ച നോട്ടീസുകൾ ആനന്ദൻ മകന് നൽകി. ഇതോടെ ആകാശും കുറച്ചുകൂട്ടുകാരും സ്കൂളിനടുത്ത് റോഡിലിറങ്ങി പ്രചാരണമാരംഭിച്ചു.

ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിക്കുന്നവരെ കൈകാട്ടി നിർത്തി അവർ ഉപദേശിച്ചു. റോഡിൽ മാത്രമല്ല, സമീപത്തെ വ്യാപാരസ്ഥലങ്ങളിലും ആകാശ് നോട്ടീസുകളുമായെത്തി. അച്ഛൻ ആനന്ദനും ഇതിന് പിന്തുണ നൽകി. അഞ്ചുവയസ്സുകാരന്റെ പ്രചാരണം പ്രദേശവാസികളെയും മാറിചിന്തിപ്പിച്ചു. റോഡിലെ സുരക്ഷാക്രമങ്ങൾ പാലിക്കണമെന്ന അവന്റെ ഉപദേശം നാട്ടുകാർ ഏറ്റെടുത്തു. ഇതായിരുന്നു ആകാശിന്റെ പൊതുജീവിതത്തിന്റെ തുടക്കം. ഒരിക്കൽ വീട്ടിലെത്തിയ ബന്ധു ഹെൽമെറ്റ് വെക്കാതെ ബൈക്കുമായി പുറത്തേക്കിറങ്ങുന്നത് കണ്ട ആകാശ് വാഹനം തടഞ്ഞ് പോകാൻ സമ്മതിച്ചില്ല. ഹെൽമെറ്റില്ലെങ്കിൽ വണ്ടിയോടിച്ചുപോകേണ്ടെന്ന് അവൻ വാശിപിടിച്ചു. അവസാനം ഹെൽമെറ്റ് ധരിച്ചശേഷമാണ് ആകാശ് ബന്ധുവിനെ പോകാനനുവദിച്ചത്.

നമ്മുടെ കടമ നാംതന്നെ നിർവഹിക്കണം
സാമൂഹികവിഷയങ്ങളിലുള്ള ഇടപെടൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് ആകാശ്. പെരിയകുളം തടാകത്തിന് കരയിൽ കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ സുഹൃത്തുക്കളുമായിചേർന്ന് ആകാശ് വൃത്തിയാക്കിയിരുന്നു. ഇതറിഞ്ഞ് നൂറോളംപേർ അന്ന് സ്വമേധയാ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇത്തരത്തിൽ സ്വയം മുന്നോട്ടുവരാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് ആകാശ് പറയുന്നു. എല്ലാകാര്യങ്ങളും സർക്കാരോ മറ്റ് അധികാരികളോ ചെയ്യുമെന്ന് വിചാരിക്കരുത്. നമ്മുടെ കടമ നമ്മളും നിർവഹിക്കണം -ആകാശ് കൂട്ടിച്ചേർത്തു.

മാധ്യമങ്ങളിലെ ‘കുട്ടിഹീറോ’ ആയതോടെ ആകാശ് ഇടപെടുന്ന വിഷയങ്ങൾ പരമാവധി നേരത്തേ തീർപ്പാക്കാനും അധികൃതർ ശ്രദ്ധിക്കുന്നു. അടുത്തിടെ പടൂരിലെ റോഡിൽ രൂപപ്പെട്ട കുഴികൾ ആകാശ് മണ്ണിട്ട് അടച്ചിരുന്നു. രണ്ടുദിവസത്തിനുള്ളിൽ റോഡ് ശരിയാക്കാൻ ആളെത്തി. കഴിഞ്ഞ ചെന്നൈ പുസ്തകമേളയിലും ആകാശ് വ്യത്യസ്തമായ ബോധവത്കരണപരിപാടികളുമായെത്തി. പാരമ്പര്യവേഷത്തിൽ വായനസന്ദേശങ്ങളെഴുതിയ  പ്ലക്കാർഡുമേന്തിയാണ് ആകാശ് മേളയ്ക്കെത്തിയത്. ‘‘എന്തായാലും  പുസ്തകമേളയ്ക്ക് എത്തുന്നുണ്ട്. അതോടൊപ്പം ആളുകൾക്ക് ഗുണകരമായ എന്തെങ്കിലുംചെയ്യണമെന്ന് ആകാശ് ആലോചിച്ചു. അങ്ങനെയാണ് നഷ്ടമായിക്കൊണ്ടിരിക്കുന്ന പാരമ്പര്യ കലാരൂപങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാൻ ആ വേഷത്തിലെത്തിയത്. അതിനുവേണ്ട  സൗകര്യങ്ങളും വേഷങ്ങളും വാങ്ങിനൽകുകയാണ് അച്ഛനെന്ന നിലയിൽ ഞാൻ ചെയ്തത്. എപ്പോഴും തീരുമാനങ്ങൾ ആകാശിന്റേതുതന്നെയാണ്’’ - ആനന്ദൻ പറഞ്ഞു.

 ഹെൽപ്‌ലൈൻ നമ്പറുകൾ മനഃപാഠം
അടുത്തിടെ ആകാശിന്റെ ക്ലാസിൽനടന്ന ഒരു സംഭവമാണ്. സഹപാഠികളായ രണ്ട് പെൺകുട്ടികൾ കരഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ശ്രദ്ധിച്ച ആകാശ് കാര്യമന്വേഷിച്ചപ്പോൾ അടുത്തുള്ള കടക്കാരൻ അവരോട് മോശമായി പെരുമാറിയെന്നറിഞ്ഞു. വീട്ടിൽ അറിയിച്ചാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ എന്തുചെയ്യണമെന്നറിയാതെ ക്ലാസിലിരുന്ന് കരയുകയായിരുന്നു അവർ. വിവരമറിഞ്ഞ ആകാശിന് ഒട്ടും ആശങ്കയുണ്ടായില്ല. വീട്ടിലെത്തി നേരിട്ട് ചൈൽഡ് ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് വിവരം പറഞ്ഞു. ഇതുപ്രകാരം കേളമ്പാക്കം പോലീസ് കടക്കാരന്റെ പേരിൽ കേസെടുത്തു. എല്ലാ അവശ്യ ഹെൽപ്‌ലൈൻ നമ്പറുകളും ആകാശിന് മനഃപാഠമാണ്. ഹെൽപ്‌ലൈൻ നമ്പറുകളെക്കുറിച്ച് നടന്ന ക്ലാസിൽ പങ്കെടുത്താണ് ഈ നമ്പറുകൾ ആകാശ് പഠിച്ചെടുത്തത്. ആവശ്യം വന്നാൽ അതിൽ വിളിച്ച് സഹായംതേടുകയുംചെയ്യും.

ഗാന്ധിമാതൃക
സമരപാതയിൽ ഗാന്ധിജിയാണ് ആകാശിന്റെ ആദർശമാതൃക. ബഹളങ്ങളോ ആക്രോശങ്ങളോ ഇല്ലാതെ ബന്ധപ്പെട്ടവരുടെ കണ്ണുതുറപ്പിക്കുന്ന തരത്തിൽ സമാധാനപരമായ, നിശ്ശബ്ദ സമരമാണ് ആകാശ് നടത്തുന്നത്. മദ്യഷാപ്പിനെതിരായ സമരത്തിൽ പ്ലക്കാർഡുമേന്തി വഴിയരികിലിരുന്ന ആകാശ് അന്ന് സ്കൂളിൽ പഠിപ്പിച്ച പാഠങ്ങൾ മറിച്ചുനോക്കിക്കൊണ്ടാണ് ഇരുന്നത്. ‘സമയം വളരെ പ്രധാനപ്പെട്ടതാണ്. ഒന്നിനായും സമയം നഷ്ടപ്പെടുത്തുന്നത് ആകാശിനിഷ്ടമല്ല. സമരസ്ഥലത്താണെങ്കിലും പഠിക്കാനുണ്ടെങ്കിൽ ആകാശ് അത് ചെയ്യും’ -ആനന്ദൻ പറയുന്നു. ഇത്തരത്തിൽ ഒറ്റയ്ക്കിരുന്ന് സമരം നടത്താതെ പിന്തുണയ്ക്കുന്ന ആളുകളെയും ചേർത്ത് വലിയ തരത്തിൽ പ്രക്ഷോഭം നടത്താമെന്ന് പറഞ്ഞപ്പോൾ ആകാശ് അത് നിഷേധിക്കുകയാണ് ചെയ്തത്. സമരത്തിനായി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു അവന്റെ പക്ഷം. മദ്യഷാപ്പ് പ്രവർത്തിക്കുന്നതല്ല, മദ്യം മനുഷ്യരിലുണ്ടാക്കുന്ന ആരോഗ്യപരവും അല്ലാത്തതുമായ പ്രത്യാഘാതങ്ങളാണ് അവൻ സമരത്തിനിറങ്ങിയതിന്റെ പ്രധാന കാരണം. ആദർശങ്ങളെ വിട്ടുവീഴ്ച ചെയ്യാൻ ആകാശ് തയ്യാറല്ല. വീട്ടിലാണെങ്കിൽപോലും ആകാശിന് കൃത്യമായ സമയനിഷ്ഠയുണ്ട്. അവന്റെ ചിട്ടകൾക്കൊപ്പം ഇണങ്ങിപ്പോകുകയാണ് ഞങ്ങൾ ചെയ്യുന്നത് -ആനന്ദൻ പറഞ്ഞു.

തെറ്റെന്നുതോന്നുന്ന വിഷയങ്ങളിൽ ആരെതിർത്താലും ആകാശ് ഇടപെടും. അധികൃതരും പോലീസും ഭീഷണിപ്പെടുത്തിയാലും പിന്നോട്ടുമാറാൻ ആകാശ് തയ്യാറല്ല. കാവേരിനദീജലവിഷയത്തിൽ കൂട്ടുകാരുമൊത്ത് പ്രതിഷേധറാലിയും ആകാശ് സംഘടിപ്പിച്ചു. മറ്റുള്ള കുട്ടികളെപ്പോലെ വിനോദങ്ങളിലേർപ്പെട്ടും ടി.വി. കണ്ടും കളിച്ചും പഠിച്ചും ഉല്ലസിച്ചാണ് ആകാശിന്റെയും ജീവിതം. എന്നാൽ,  സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നതിനെക്കുറിച്ച് ചെറുപ്പത്തിൽത്തന്നെ ബോധവാനാണ് എന്നതുമാത്രമാണ് അവനെ വ്യത്യസ്തനാക്കുന്നത്. മുതിർന്നിട്ടും ആർക്കും ഗുണകരമായി ഒന്നുംചെയ്യാത്തവരാണ് പലരും. ‘കുട്ടിയായ എനിക്ക് ഇത്രയൊക്കെ സാധിക്കുമ്പോൾ മുതിർന്നവർക്ക് എന്തൊക്കെ സാധ്യമാകും. സമൂഹത്തെപ്പറ്റി നമ്മൾ ബോധമുള്ളവരായിരിക്കണം. നമുക്കായി സമൂഹത്തെ കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്’ -ആകാശ് പറയുന്നു.