കുഞ്ഞിക്കുറുമൊഴി മുല്ലകൾ വിരിയും
കുങ്കുമം പൊഴിയുമീ യാമങ്ങളിൽ
മല്ലിപിച്ചക മലരുകളിറുത്താ തമിഴ്
പ്പെൺകൊടിമാർ പൂമാല തീർക്കെ

വിരിയുന്നു കോവിലിൽ ഭദ്രദീപങ്ങൾ
പെരുകുന്ന കർപ്പൂര നവ്യസുഗന്ധവും
മണിനാദ ശംഖൊലിയീണങ്ങളും ഈ
സന്ധ്യതൻ ദൈവിക ഭാവങ്ങളായ്

അംബരചുംബിയാം നിറയുമീ സൗധങ്ങൾ
അതിലൊന്നിൻ വിശാലാങ്കണത്തിൽ നിൽക്കെ,
മുതിരുന്ന സൗരഭ വശ്യമാം ചാരുത
യെന്നിലെ തംബുരുതൻ ശ്രുതിമീട്ടവെ

അറിയുന്നു ഞാനീ തമിഴ്‌മൊഴിതൻ    
   മാധുര്യം
സംഗീത സാഥക ചര്യയോടെ,
ഏതോ ഒരജ്ഞാത ജന്മസുകൃതംപോൽ
എൻ ജീവരാഗങ്ങളിൽ തുടക്കുന്നിതോ

സംഗീതരാഗപരാഗങ്ങളാമിതു
ജീവനിന്നാധാരമായ് മാറിടുന്നു
ശ്രീരാഗധാരതൻ പാലാഴിയെൻ തായ
എന്നുമേ പാലമൃതൂട്ടിടുന്നു