അന്ന് എന്നൂരിനടുത്ത അത്തിപ്പെട്ടിലാണ് ഞാൻ താമസിച്ചിരുന്നത്. നഗരഹൃദയത്തിൽനിന്ന് 21 കിലോമീറ്റർ ദൂരമേയുള്ളൂവെങ്കിലും അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാത്ത സ്ഥലമായിരുന്നു അത്തിപ്പെട്ട്. ഒരു ബസ് പോലും സർവീസ് നടത്താത്ത ഇവിടെനിന്ന്  തീവണ്ടിയെ മാത്രം ആശ്രയിച്ച് ദിവസേന ജോലിക്കുപോയി വന്നിരുന്ന സഹജീവികളുടെ ദുരവസ്ഥ എന്നെ അസ്വസ്ഥനാക്കിയിരുന്നു.

    അതിനെത്തുടർന്ന് അരങ്ങേറിയ സംഭവബഹുലമായ കാര്യമാണ് ഞാനിവിടെ കുറിക്കുന്നത്. ചെന്നൈയിലെ ഇത്രകാലത്തിനിടയിലെ ജീവിതത്തിൽ എനിക്ക് അഭിമാനവും ഒപ്പം നേരിയ ദുഃഖവും പകർന്ന സംഭവം. അത്തിപ്പെട്ടിലേക്ക് എന്നൂരിൽനിന്ന്  ഒന്നരക്കിലോമീറ്ററേ ഉള്ളൂവെങ്കിലും കൊശസ്ഥലയാർ എന്ന പുഴ അത്തിപ്പെട്ടിനെ ദ്വീപുപോലെ ഒറ്റപ്പെടുത്തിയിരുന്നു. ആ നദീമുഖത്ത് ഒരു പാലംകെട്ടി എന്നൂർ വരെ വരുന്ന ബസുകൾ അത്തിപ്പെട്ടിലേക്ക് നീട്ടാൻ വഴിയൊരുക്കിയാൽ തീർക്കാവുന്നതേയുള്ളൂ പ്രശ്നം. ഇതിനുള്ള ശ്രമം തുടങ്ങി ഞാൻ.

   പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ടുകണ്ട് ആവശ്യമുന്നയിച്ചെങ്കിലും അനുകൂലമായിരുന്നില്ല മറുപടി. ഒറ്റപ്പെട്ട ശബ്ദത്തിന് മാറ്റൊലിയുണ്ടാവില്ലെന്ന  തിരിച്ചറിവിനെത്തുടർന്ന് സംഘടന രൂപവത്കരിക്കാനും പരിശ്രമം തുടരാനും തീരുമാനിച്ചു. അത്തിപ്പെട്ടിൽ താമസിക്കുന്ന മലയാളിയും പൊതുകാര്യ തത്‌പരനുമായ വി. ബാലകൃഷ്ണനെ കാര്യമറിയിച്ചു.

  ‘ആർവം’ എന്ന കൂട്ടായ്മ അദ്ദേഹം നിഷ്‌‌പ്രയാസം രൂപപ്പെടുത്തി. ഞായറാഴ്ചകളിലെ വൈകുന്നേരങ്ങളിൽ  അത്തിപ്പേട്ടിലെ തെരുവുകളിൽ ആർവം യോഗം ചേർന്ന് ജനങ്ങളെ ബോധവത്കരിച്ചു. വിവരാവകാശനിയമമനുസരിച്ച് പിന്നീട് നടത്തിയ അന്വേഷണത്തിൽ 1964-ൽത്തന്നെ ഈ പാലത്തിന് സർക്കാരിൽനിന്ന് അനുമതിയായെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഈ വിവരങ്ങൾ ആത്മസുഹൃത്തും അന്നത്തെ ഫിഷറീസ് മന്ത്രി കെ.പി.പി. സ്വാമിയുടെ അനുചരനുമായിരുന്ന കണ്ണനുമായി പങ്കുവെച്ചു. അദ്ദേഹം ഇത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കുറച്ചുനേരത്തെ മൗനത്തിനുശേഷം മന്ത്രിയുടെ ചുണ്ടിൽ മൊട്ടിട്ട മന്ദഹാസം വലിയ പ്രതീക്ഷയാണ് പകർന്നുതന്നത്. ‘ഇത് മുടിഞ്ച്ട്ച്ച്‌നേ നെനച്ചുക്കുങ്കൊ സർ. വെയ്റ്റ് പണ്ണുങ്ക, ഇന്നക്കേ നമ്മ നെടുഞ്ചാലൈതുറൈ അമൈച്ചരെ പാക്കലാം’. അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ കാതിന് അമൃതബിന്ദുക്കളായി. അന്നുതന്നെ അദ്ദേഹത്തിന്റെ കാറിൽ ഹൈവേ വകുപ്പുമന്ത്രി വെള്ളക്കോവിൽ സ്വാമിനാഥൻ സാറിനെ പോയിക്കണ്ടു.

   ആയിടയ്ക്കാണ് ഒരുനിമിത്തംപോലെ തമിഴ് ദിനപ്പത്രം ദിനമലരിന്റെ എം.ഡി. ആദിമൂലം വീടിന് ഗ്രാനൈറ്റ് വാങ്ങാനായി ‘ആർവ’ത്തിന്റെ ഭാരവാഹികളിലൊരാളായ ഗുണശേഖരന്റെ ഷോറൂമിലെത്തുന്നത്. ഗുണശേഖരൻ സംഭവം ആദിമൂലത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി സഹായമഭ്യർഥിച്ചു. 2009 നവംബർ 25-ന് അത്തിപ്പെട്ടിന്റെ ദുരവസ്ഥയെക്കുറിച്ചുള്ള ഫുൾപേജ് വാർത്തയുമായാണ് ദിനമലർ പത്രം ഓരോ വീടുകളിലുമെത്തിയത്. പത്രവാർത്ത സ്ഥിതിഗതികൾ ചൂടുപിടിപ്പിച്ചതോടെ പാലത്തിന് തറക്കല്ലിട്ടു.

  എന്നൂർ പ്രദേശത്തുള്ള മന്ത്രി കെ.പി.പി. സ്വാമിയുടെയും ഗതാഗതമന്ത്രി വെള്ളക്കോയിൽ സ്വാമിനാഥന്റെയും പ്രത്യേക താത്‌പര്യമുള്ള പദ്ധതിയായതിനാൽ നൂലാമാലകളില്ലാതെ പാലംപണി പൂർത്തിയായി. പക്ഷേ, ഇതിനിടയിൽ ഭരണം മാറി എ.ഐ.എ.ഡി.എം.സർക്കാർ അധികാരത്തിൽവന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത പാലം ഉദ്ഘാടനം ചെയ്യുമ്പോൾ വർഷങ്ങളോളം അതിനുവേണ്ടി പ്രവർത്തിച്ച എന്നെപ്പോലെയുള്ള പലരുടെയും പരിശ്രമങ്ങൾ തമസ്കരിച്ചത് മനസ്സിൽ വല്ലാത്ത വേദനയുണ്ടാക്കി.

   ഭാര്യയുമായി ഈ ദുഃഖം പങ്കുവെച്ചപ്പോൾ അവൾ ചെറുചിരിയോടെ എന്നെ സമാശ്വസിപ്പിച്ചതിങ്ങനെയാണ്: ‘‘ചേട്ടാ പണ്ട് രാമായണത്തിലെ സേതുമാധവൻ ലങ്കയിലേക്ക് പാലംകെട്ടാൻ കാരണമായി എന്നാണല്ലോ പറയപ്പെടുന്നത്. ഇന്ന് അതേ പേരിലുള്ള ചേട്ടൻ ഈ പാലത്തിന് നിമിത്തമായത് അച്ഛനമ്മമാരിട്ട ‘സേതു’വിന്റെ സാന്നിധ്യം കൊണ്ടായിരിക്കുമെന്ന് കരുതിക്കൊള്ളൂ. അവരെ ഓർക്കുക. അവരുണ്ടാകും കൂടെ’’. ചെന്നൈയിൽ വർഷങ്ങളായി താമസിക്കുന്ന എന്നെ പല അനുഭവങ്ങളും തൊട്ടുതലോടിപ്പോയിട്ടുണ്ട്. പക്ഷേ, ഇത് ഒരിക്കലും മനസ്സിൽ നിന്ന് മായുന്നില്ല.