മുരുകൻ കാട്ടാക്കട എന്ന കവിയുടെ കവിതകളിലൂടെ  കണ്ണോടിക്കുമ്പോൾ  ആദ്യമേ മനസ്സിലെത്തുന്നത് ‘കണ്ണട’  യാണ്. ഈ കവിതയിൽ ‘ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി കണ്ണുകൾ കാണാം.....’ എന്ന വരികൾക്ക്  വർത്തമാനകാലത്തിന്റെ വ്യാകുലതകളിൽ സജീവമായി ചർച്ചചെയ്യുന്ന  വാളയാറിന്റെ പശ്ചാത്തലത്തിൽ  വീണ്ടും പ്രസക്തി കൈവന്നിരിക്കുകയാണല്ലോ? രണ്ടുദശകങ്ങൾക്കുമുമ്പ് എഴുതിയ ഈ കവിതയുടെ രോദനം ഇപ്പോഴും കേരളസമൂഹത്തിൽ  അലയടിച്ചുകൊണ്ടേയിരിക്കുന്നു.

എങ്ങനെയാണ് കവിക്ക് ഈ ദീർഘവീക്ഷണം ലഭിച്ചത് ?
 എല്ലാകാലത്തുമുള്ള മനുഷ്യദുഃഖങ്ങളെയാണല്ലോ കവികൾ അടയാളപ്പെടുത്തുന്നത്. മനുഷ്യന്റെ വേദനകളും ദുഃഖങ്ങളും ദുരിതങ്ങളും മുമ്പത്തേക്കാൾ കൂടുതൽ ഇന്ന് വർധിച്ചിരിക്കുന്നു. ‘കണ്ണട’ എഴുതുന്ന  കാലത്ത് എനിക്കുചുറ്റുമുള്ള സമൂഹത്തിന്റെ  വേദനകളും ദുരവസ്ഥകളുമാണ് പ്രചോദനമായത്. ഒരു കവിയെന്ന നിലയിൽ അതിലുപരി  ഒരു മനുഷ്യനെന്ന നിലയിൽ നമ്മളിങ്ങനെ ആയാൽപോരാ, നാം ഇനിയും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു എന്ന ചിന്തയോടൊപ്പം സമത്വത്തിലധിഷ്ഠിതമായ ഒരു സമൂഹമായിരിക്കണം നമ്മുടേത് എന്ന ആശാവഹമായ ഒരു കാഴ്ചപ്പാടും ആ കവിതയിലൂടെ വിളംബരംചെയ്യപ്പെടുന്നുണ്ട്. ദൗർഭാഗ്യവശാൽ അന്ന് എന്നെ വ്യാകുലപ്പെടുത്തിയിരുന്ന ആസുരഭാവങ്ങൾ പൂർവാധികം ശക്തിയോടെ സമൂഹത്തിനെ ഇന്നും  പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് വാളയാറിലൂടെ മിന്നിമറയുന്നത്.


 ഒരു കവിയുടെ അല്ലെങ്കിൽ എഴുത്തുകാരന്റെ ചിന്തകളും ആശയങ്ങളും  സമൂഹത്തിനെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്?
 എഴുത്തുകാർക്കും കവികൾക്കുമൊക്കെ സമൂഹത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്ക് സമൂഹത്തിന്റെ ജീർണതകളെ  ചൂണ്ടിക്കാട്ടാം, ഉച്ചത്തിൽ വിളിച്ചുപറയാം.... ഇതിനപവാദമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്  ഫ്രഞ്ച് വിപ്ലവത്തിന് നേതൃത്വം കൊടുത്ത റൂസ്സോ, വോൾട്ടയർ, മോണ്ടസ് ക്യൂ എന്നീ എഴുത്തുകാർ,  രക്തരൂഷിതമാകേണ്ട  വിപ്ലവത്തെ രക്തരഹിതമാക്കി മാറ്റിയെടുത്ത സംഭവം മാത്രമാണ്. ഇത്തരം അപൂർവ സംഭവമൊഴിച്ചാൽ  ഒരെഴുത്തുകാരനും ആത്യന്തികമായി ഒരു സമൂഹത്തെയും മാറ്റാൻ കഴിയില്ലെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
 കണ്ണട എന്ന കവിതയാണ് കാട്ടാക്കട മുരുകൻ എന്ന കവിക്ക് കേരളത്തിൽ ഒരു മേൽവിലാസമുണ്ടാക്കിയത്. കണ്ണടയ്ക്കുമുമ്പുള്ള മുരുകനെയുംകണ്ണടയ്ക്കുശേഷമുള്ള മുരുകനെയും താങ്കൾ എങ്ങനെ സ്വയം  വിലയിരുത്തുന്നു?


 കണ്ണട ഒരുനിമിത്തംപോലെ എഴുതപ്പെട്ട കവിതയാണ്. നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള ദുഃഖങ്ങളെ ഒാരോ കാലത്തും അടയാളപ്പെടുത്തുക എന്നുള്ളത് ചരിത്രത്തിന്റെ ഒരു അനിവാര്യതയാണ്. അത് നിങ്ങളുടെ മനസ്സിനെ സ്പർശിക്കുന്ന വിധത്തിൽ  ആവിഷ്കരിക്കാൻ കഴിഞ്ഞു  എന്നുള്ളത് ഭാഗ്യമായി കരുതുന്നു. ഈ കവിതയിലൂടെയാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിലും മലയാളകാവ്യലോകത്തും എനിക്ക് ഒരു ഇരിപ്പിടം ലഭിക്കുന്നത്. കണ്ണടയ്ക്കുമുൻപ് കവിതകൾ എഴുതാറുണ്ടായിരുന്നുവെങ്കിലും ചൊല്ലലിന് ഞാൻ അധികം പ്രാധാന്യം കെടുത്തിരുന്നില്ല. കണ്ണടയ്ക്ക് കിട്ടിയ സ്വീകാര്യതയിലൂടെയാണ് കവിത  എഴുതിയാൽമാത്രം പോരാ ചൊല്ലുകകൂടി വേണമെന്ന തിരിച്ചറിവിലേക്ക് ഞാൻ എത്തുന്നതും ഇത് ഒരു നിയോഗമായി തുടരുന്നതും ....


 ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന വല്ലാത്തൊരു അരക്ഷിതബോധം ഇന്ന് ഇന്ത്യയിലെ എല്ലാ എഴുത്തുകാരും നേരിട്ടുകൊണ്ടിരിക്കുന്നു. ഗൗരി ലങ്കേഷ്, കലബുർഗി, ഗോവിന്ദ് പാൻസരെ തുടങ്ങി എത്രയോ എഴുത്തുകാർക്ക്  സ്വന്തം ജീവിതം ബലിയർപ്പിക്കേണ്ടി വന്നപ്പോൾ പെരുമാൾ മുരുകന് എഴുത്ത് നിർത്തുകയാണെന്നുവരെ പ്രഖ്യാപിക്കേണ്ടി വന്നു. പവിത്രൻ തീക്കുനിക്ക് എഴുതിയ കവിത പിൻവലിക്കേണ്ട ഒരു സാഹചര്യംതന്നെ  സംജാതമാകുന്നു. എഴുത്തുകാരന് നേരെയുള്ള ഈ ഭീഷണികളെ എങ്ങനെ വിലയിരുത്തുന്നു.


 എഴുത്തുകാരൻ നേരിടുന്ന വർത്തമാനകാല ദുരവസ്ഥയുടെ നേർക്കാഴ്ചയാണീചോദ്യം. ‘അമ്പ്  ഏതുനിമിഷവും മുതുകിൽ തറയ്ക്കാം...’ എന്ന അയ്യപ്പന്റെ കവിതപോലെ വല്ലാത്ത ഒരവസ്ഥയിലാണ് ഇന്ന് എഴുത്തുകാരന്റെ ജീവിതം. ഭരണവർഗത്തിന് എവിടെയും സ്തുതിപാഠകരെമാത്രമേ ആവശ്യമുള്ളൂ! ആരോഗ്യകരമായ വിമർശനത്തെപ്പോലും അവർക്ക് ഉൾക്കൊള്ളാൻ കഴിയാതെപോകുന്നു. അത് കവിതയായാലും കഥയായാലും നോവലായാലും സിനിമയായാലും വലിയ വ്യത്യാസമൊന്നുമുണ്ടാകില്ല. അടുത്തിടെ നമ്മുടെയെല്ലാം ആരാധ്യനായ അടൂർ ഗോപാലകൃഷ്ണനോട് ഒരാൾ പറഞ്ഞത് കേട്ടില്ലേ.... നിങ്ങൾക്കിവിടെ ജീവിക്കാൻ കഴിയില്ലെങ്കിൽ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് പോകാനാണ് ആഹ്വാനം.


 കേരളത്തിലെ സാംസ്കാരികനായകന്മാർ  ഉത്തരേന്ത്യയിലെ സാമൂഹികപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും കേരളത്തിലെ സംഭവവികാസങ്ങളിൽ അർഥഗർഭമായ മൗനംപാലിക്കുന്നവരാണെന്നൊരു ആക്ഷേപം നിലനിൽക്കുന്നുണ്ടല്ലോ ?
 കലാകാരൻ എല്ലാ വിഷയങ്ങളിലും ചാടിക്കയറി അഭിപ്രായംപറയണമെന്ന് സമൂഹം വാശിപിടിക്കാൻ പാടില്ല. സാമൂഹികപ്രശ്നങ്ങളിൽ ഒാരോരുത്തർക്കും വ്യത്യസ്തകാഴ്ചപ്പാടുകളാണുള്ളത്. ഒരു പ്രശ്നം എന്നെ സ്വാധീനിക്കുന്നപോലെ നിങ്ങളെ സ്വാധീനിച്ചെന്നുവരില്ല. എന്റെ ‘ബാഗ്ദാദ്’ എന്നൊരു കവിതയുണ്ട്. ബാഗ്ദാദിലെ മണ്ണിൽ പുകഞ്ഞ തീയിൽനിന്നാണ് എനിക്ക് ആ കവിതയുടെ ആശയം കിട്ടിയത്. എനിക്ക് ആ വിഷയം പ്രചോദനമായി. ഞാൻ എഴുതി. നിങ്ങളതുസ്വീകരിച്ചു... ഞാൻ എഴുതിയപോലെ എല്ലാ കവികളും ബാഗ്ദാദിനെക്കുറിച്ച് കവിതയെഴുതണമെന്ന് ആർക്കെങ്കിലും വാശിപിടിക്കാൻ പറ്റുമോ. ഇല്ല. അതുപോലെത്തന്നെയാണ് സാംസ്കാരികനായകരുടെ പ്രതികരണവും.


 എം.ടി.ക്ക് കൂടല്ലൂർപോലെയോ മുകുന്ദന് മയ്യഴി പോലെയോ അറിഞ്ഞോ അറിയാതെയോ മുരുകൻ കാട്ടാക്കടയുടെ കവിതകളിൽ നെയ്യാറിന്റെ ഒരു സജീവസാന്നിധ്യം അനുഭവപ്പെടുന്നുണ്ടല്ലോ ?
 വളരെ ശരിയാണ്. എനിക്ക് രണ്ട് അമ്മമാരാണുള്ളത്. ഒന്ന് എന്റെ പെറ്റമ്മ, മറ്റൊന്ന് എന്റെ പോറ്റമ്മയായ നെയ്യാർ. വളരെ ദരിദ്രമായ ജീവിത സാഹചര്യങ്ങളിലൂടെയാണ്  ബാല്യകാലജീവിതം ആരംഭിക്കുന്നത്. സ്കൂൾ പഠനകാലത്ത് ഉച്ചഭക്ഷണത്തിനായി മണിയടിക്കുമ്പോൾ എല്ലാ കുട്ടികളും ഭക്ഷണം കഴിക്കാൻ പോകും. പട്ടിണിക്കാരനായ എന്റെ അവസ്ഥ മറ്റുകുട്ടികളെ അറിയിക്കാതിരിക്കാനായി ഞാൻ നേരെ അടുത്തുള്ള നെയ്യാറിലേക്ക് പോകും. കുറെനേരം ആ പുഴയിൽക്കിടന്ന് നീന്തിത്തുടിച്ച് എന്റെ വേദനയും വിശപ്പും  നെയ്യാറുമായി പങ്കുവെച്ചാണ് തിരികെയെത്താറുള്ളത്. അങ്ങനെ വല്ലാത്ത ഒരാത്മബന്ധമുള്ളതിനാലാണ് അറിഞ്ഞോ അറിയാതെയോ നെയ്യാർ എന്റെ കവിതകളിൽ കടന്നു വരുന്നത്.


  ‘രേണുക’ -കണ്ണട കഴിഞ്ഞാൽ താങ്കളുടെ ഏറ്റവും ശ്രദ്ധേയമായ കവിത. ഈ കവിതയിലാണ്, ‘ഭ്രമമാണ് പ്രണയം വെറും ഭ്രമം, വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടികസൗധം’ എന്ന് ഓർമപ്പെടുത്തുന്നത്. ഇതെത്രമാത്രം ശരിയാണ്? പ്രണയം ഈ ഭൂമിയിലെ ഏറ്റവും മധുരമുള്ള അനുഭൂതിയായി കരുതുന്ന ആയിരക്കണക്കിനു പ്രണയിതാക്കൾക്ക് ഇതംഗീകരിക്കാൻ കഴിയുമോ? 
 പ്രണയം ഏറ്റവും മനോഹരമാകുന്നത് പ്രണയം നഷ്ടപ്പെടുമ്പോഴാണ്. ഒരു കവിക്കാണ് പ്രണയം നഷ്ടപ്പെടുന്നതെങ്കിൽ മനോഹരമായ കവിതയുണ്ടാകും. ഒരു ചിത്രകാരന് പ്രണയം നഷ്ടപ്പെടുമ്പോൾ അതിമനോഹരമായ ഒരു ചിത്രമുണ്ടാകുന്നു. ഒരു സംഗീതജ്ഞന് തന്റെ പ്രണയം നഷ്ടപ്പെട്ടാൽ അയാളുടെ ആലാപനം അതിമധുരമായിരിക്കും. അത് യഥാർഥപ്ര
ണയത്തിന്റെ ശക്തിയാണ്  അഭിനിവേശമാണ് മനോഹാരിതയാണ്. ആന്തരികമായ ആ ചൈതന്യം മനസ്സിലില്ലാത്ത കപടപ്രണയക്കാരനാണ് അടുത്തുനിൽക്കുന്ന കാമുകിയെ പെട്രോളൊഴിച്ച് കത്തിക്കുന്നതും അവളുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുന്നതുമൊക്കെ. ഇത് എന്റെ ഒരു 
കാഴ്ചപ്പാട് മാത്രമാണ്. നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.


 മുരുകൻ കാട്ടാക്കട എന്ന കവി ചലച്ചിത്രഗാനരചയിതാവായപ്പോൾ....?
 ചലച്ചിത്രഗാനരചയിതാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഇതിനവസരമൊരുക്കിത്തന്നത് നമ്മുടെ മണിയൻ പിള്ള രാജുവേട്ടനാണ്. ജയ് ഹിന്ദ് ചാനലിലാണെന്നുതോന്നുന്നു  ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന ഒരു പരിപാടിയിൽ ഞാനും മണിയൻ പിള്ള ചേട്ടനുമായിരുന്നു അതിഥികളായെത്തിയത്. അവിടെവെച്ചാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നതും.  അന്നവിടെ  എന്റെ ‘ഒരു കർഷകന്റെ ആത്മഹത്യാക്കുറിപ്പ്’ എന്ന  കവിതകേട്ട രാജുവേട്ടൻ പറഞ്ഞു. എന്റെ അടുത്ത പടത്തിൽ മുരുകൻജീ ആയിരിക്കും പാട്ടുകളെഴുതുക. ‘അദ്ദേഹം അങ്ങനെ ഒരു ഓഫർ തന്നെങ്കിലും ഞാനത് സീരിയസായി എടുത്തില്ല. എന്നാൽ  കുറെ നാളുകൾക്കുശേഷം  പെട്ടെന്നൊരു ദിവസം രാജവേട്ടന്റെ  ഫോൺ. ‘ഒരുനാൾ വരും’ എന്ന  പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും ചിത്രത്തിലെ അഞ്ചുപാട്ടും ഞാൻതന്നെ എഴുതണമെന്നുമായിരുന്നു ആ ഫോൺ സന്ദേശം. അങ്ങനെയാണ് ചലച്ചിത്ര ഗാനരചയിതാവായുള്ള രംഗപ്രവേശനം. ഈ ചെറിയ കാലഘട്ടത്തിനിടയിൽ വളരെക്കുറച്ചു ചിത്രങ്ങൾക്കേ പാട്ടെഴുതിയി
ട്ടുള്ളൂ. പക്ഷേ, പാട്ടെഴുതിയ ചിത്രങ്ങൾക്കെല്ലാം എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് എം.ജി.ശ്രീകുമാർ എന്ന ഗായകൻ ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത് ഞാൻ ആദ്യമായി പാട്ടെഴുതിയ ‘ഒരു നാൾ വരും’ എന്ന ചിത്രത്തിലൂടെയാണ്. അതുപോലെത്തന്നെ ഞാനെഴുതിയ രതിനിർവേദത്തിലെ ‘ചെമ്പക പൂം കാട്ടിലെ’ എന്ന ഗാനത്തിലൂടെയാണ് സുദീപ് കുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡും ആ ചിത്രത്തിൽലെതന്നെ ‘കണ്ണോരം... ചിങ്കാരം’ എന്ന ഗാനം പാടിയതിന് ശ്രേയാ ഘോഷലിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാനപുരസ്കാരവും ലഭിക്കുന്നത്. മല്ലൂസിങ് എന്ന ചിത്രത്തിലെ ‘ചംച്ചം ചംച്ചം’ എന്ന പാട്ട് പാടിക്കൊണ്ടാണ്  ഗാനഗന്ധർവൻ യേശുദാസ് ചലച്ചിത്ര 
ഗാനാലാപനത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്നത്. പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ...’ എന്ന ഗാനം മലയാളഗാന
രംഗത്തുനിന്ന്‌ ഓസ്കാർ നോമിനേഷന് പോകുന്ന ആദ്യ ഗാനമായി
മാറിയെന്നുമാത്രമല്ല ആദ്യമായി നൂറ്റമ്പത് കോടി കളക്‌ഷനിലെത്തുന്ന 
ആദ്യമലയാളചിത്രമായി പുലിമുരുകൻ അംഗീകരിക്കപ്പെടുകയും 
ചെയ്തു.


 കവി, ചലച്ചിത്രഗാന രചയിതാവ്, അധ്യാപകൻ ഇതിൽ ഏറ്റവും 
സംതൃപ്തി നൽകിയ മേഖല?
 കവി എന്ന നിലയിലാണ് എനിക്ക് പ്രശസ്തിയും അംഗീകാരവുമൊക്കെ ലഭിക്കുന്നത്. ചങ്ങമ്പുഴയുടെയും വയലാറിന്റെയുമെല്ലാം കുലത്തിൽ ജനിക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യംതന്നെയാണല്ലോ?  പക്ഷേ, അധ്യാപകൻ എന്ന ജോലിയാണ് ആസ്വദിച്ച് ചെയ്യുന്നത്. നിഷ്കളങ്കരായ കുഞ്ഞുങ്ങളുമായി സംവദിക്കാൻ കഴിയുക. അവരുടെ പുഞ്ചിരിക്കുന്ന മുഖത്തുനോക്കി അറിവ് പകർന്നുനൽകുക. അതിൽനിന്നെല്ലാം ലഭിക്കുന്ന ആനന്ദം. 
അതെല്ലാം അനുഭവിക്കുകയല്ലാതെ പറഞ്ഞറിയിക്കാൻ വാക്കു
കളില്ല. 
തലമുറകളിൽനിന്ന് തലമുറകളിലേക്ക് അറിവിന്റെ മഹായാനത്തിലൂടെ യാത്രചെയ്യാൻ പറ്റുന്ന ലോകത്തെ ഏറ്റവും മഹത്ത്വമേറിയ തൊഴിൽ അധ്യാപനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.