ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ആരംഭഘട്ടത്തിൽ ബ്യൂറോക്രസിയിലും ഡിപ്ലോമസിയിലും മലയാളികൾ നിറഞ്ഞുനിന്നിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദേശകാര്യ സെക്രട്ടറി, സർ രാഘവൻ പിള്ളയും ആഭ്യന്തരകാര്യ സെക്രട്ടറി സർദാർ പട്ടേലിന്റെ 
വലംകൈയായിരുന്ന വി.പി. മേനോനുമായിരുന്നു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന എം.ഒ. മത്തായിയും അന്നത്തെ ഒരധികാര കേന്ദ്രമായിരുന്നു. അതുപോലെ പ്രമുഖരായ നയതന്ത്ര പ്ര
തിനിധികളിൽ പലരും മലയാളികൾ തന്നെയായിരുന്നു.  റഷ്യയിൽ െക.പി.എസ്‌. മേനോനും ബ്രിട്ടനിൽ വി.കെ. കൃഷ്ണമേനോനും ചൈനയിൽ ആദ്യം എൻ. രാഘവനും പിന്നീട്‌ സർദാർ കെ.എം. പണിക്കരുമായിരുന്നു സ്ഥാനപ
തിമാർ. 
എന്നാൽ ശ്രദ്ധേയനായ മലയാളി ടെക്‌നോക്രാറ്റ്‌ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ആഗോളശ്രദ്ധ നേടിയ ആദ്യത്തെ മലയാളിയായ ടെക്‌നോക്രാറ്റ്‌ ‘അമൂൽ’ എന്ന സ്ഥാപനം സൃഷ്ടിച്ച്‌, ഇന്ത്യയുടെ ക്ഷീരവ്യവസായത്തെ ലോകത്തിന്റെ മുമ്പിൽ എത്തിച്ച വർഗീസ്‌ കുര്യനാണ്‌. അസാധാരണമായ കർമശക്തികൊണ്ടും നേതൃപാടവംകൊണ്ടും ‘അമൂലി’നെ ലോകം അറിയുന്ന സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ ‘ബ്രാൻഡാ’യി മാറ്റാൻ കുര്യന്‌ സാധിച്ചു. പക്ഷേ, ഞാൻ വർഗീസ്‌ കുര്യനെ ഓർമിക്കുന്നത്‌, അദ്ദേഹത്തിന്റെ നർമബോധം കൊണ്ടാണ്‌. ഒരിക്കൽ പത്രപ്രതിനിധി അദ്ദേഹത്തോട്‌ ചോദിച്ചു. ‘‘എന്തുകൊണ്ടാണ്‌ ഈ മഹത്തായ സ്ഥാപനം ഗുജറാത്തിലല്ലാതെ, നിങ്ങളുടെ സ്വന്തം നാടായ കേരളത്തിൽ സ്ഥാപിക്കാൻ ശ്രമിക്കാതിരുന്നത്‌? അതിന്‌ കുര്യൻ മറുപടി പറഞ്ഞു.
‘‘കേരളത്തിന്റെ പ്രധാനപ്രശ്നം അവിടെ ഒരുപാട്‌ മലയാളികൾ ഉണ്ടന്നതാണ്‌’’.
ഏതാണ്ട്‌ ഈ കാലഘട്ടത്തിൽ തന്നെയാണ്‌ മലയാളിയായ എം.എസ്‌. സ്വാമിനാഥനും ശ്രദ്ധ നേടിയത്‌. ഇന്ത്യ അറുപതുകളിൽ നേരിട്ട രൂക്ഷമായ ഭക്ഷ്യക്ഷാമത്തിൽ നിന്നും ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക്‌ നയിക്കുന്നതിൽ സ്വാമിനാഥന്റെ നേതൃത്വം പ്രകടമായിരുന്നു. അങ്ങിനെ അടിസ്ഥാനപരമായി ഒരു ശാസ്‌ത്രജ്ഞനായിരുന്നുവെങ്കിലും ഇന്ത്യൻ ‘ഹരിത വിപ്ലവ’ത്തിന്റെ നായകനെന്നനിലയിൽ ഒരു ടെക്‌നോക്രാറ്റിന്റെ കർത്തവ്യം കൂടി അദ്ദേഹം വഹിക്കുകയായിരുന്നു.
വർഗീസ്‌ കുര്യനും സ്വാമിനാഥനും ശേഷം വളരെക്കാലത്തേക്ക്‌ ശ്രദ്ധേയനായ ഒരു മലയാളി ടെക്‌നോക്രാറ്റും ഉണ്ടായില്ല എന്നു പറയാം. അതേസമയം എണ്ണമറ്റ മലയാളികൾ ബ്യൂറോക്രസിയിൽ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നു. ആരുംതന്നെ കാര്യമായ സംഭാവനകൾ നൽകി എന്നു പറയാൻ കഴിയില്ല. 
ക്ലബ്ബ്‌ സംസ്കാരവും ഗോൾഫ്‌ കളിയും പാശ്ചാത്യജീവിത ശൈലിയുമായി അവർ സാധാരണ ജനങ്ങളിൽ നിന്നും അകന്നുനിന്നു.  അപ്പോഴാണ്‌, ടി.എൻ. ശേഷൻ വ്യത്യസ്തമായ നേതൃശൈലിയുമായി മുന്നോട്ട്‌വരുന്നത്‌. രാഷ്ട്രീയക്കാരോടും ഐ.എ.എസ്‌. ഉദ്യോഗസ്ഥന്മാരോടും ഇന്ത്യയിലെ ജനങ്ങൾക്കുണ്ടായിരുന്ന പൊതുവികാരം അദ്ദേഹം സൂക്ഷ്മമായി മനസ്സിലാക്കിയിരുന്നു. ഇലക്‌ഷൻ കമ്മീഷണർ എന്ന പദവിക്ക്‌ ഭരണഘടന നൽകിയ അധികാരവും സ്വാതന്ത്ര്യവും ശേഷൻ പൂർണമായി ഉപയോഗിച്ചു. 
അതോടൊപ്പം കറകളഞ്ഞ സത്യസന്ധതയും അസാധാരണമായ നിർഭയത്വവും ചേർന്ന്‌, ശേഷൻ ഇന്ത്യയിലെ മധ്യവർഗ സമൂഹത്തിന്റെ ആരാധനാപാത്രമായി മാറി. ശേഷനെ പലരും ‘അൽശേഷൻ’ എന്നു വിശേഷിപ്പിച്ചു. ആ ശേഷനെ ചങ്ങലയ്ക്കിടാൻ രാഷ്ട്രീയ നേതൃത്വം പലതവണ ശ്രമിച്ചുവെങ്കിലും അതെല്ലാം വിഫലമാവുകയാണുണ്ടായത്‌.
പക്ഷേ, ശേഷന്‌ അടിതെറ്റിയത്‌, ഈ ജനപിന്തുണ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ഒരംഗീകാരമായി അദ്ദേഹം തെറ്റിദ്ധരിച്ചപ്പോഴാണ്‌. 1997-ൽ അദ്ദേഹം കെ.ആർ. നാരായണനെതിരായി രാഷ്ട്രപതിസ്ഥാനത്തേക്ക്‌ മത്സരിച്ചു.