50 വർഷം പിന്നിലേക്കു നോക്കുമ്പോൾ അമ്പിളിക്ക് സങ്കടമില്ല. ഇനി മുന്നിലേക്കു നോക്കുമ്പോൾ അമിത പ്രതീക്ഷയുമില്ല. അത്യാഗ്രഹങ്ങൾ ഇല്ലാതിരുന്നതിനാൽ നിരാശ അലട്ടിയിട്ടില്ല. അമ്പിളിയുടെ സ്വരമാധുര്യം മലയാളികൾ കേൾക്കാൻ തുടങ്ങി 50 വർഷമായി. 1970 മുതൽ തുടങ്ങിയ സംഗീത യാത്ര. അന്ന് കൂടുതലും കുട്ടികളുടെ ശബ്ദത്തിലായിരുന്നു പാടിയിരുന്നത്.
 'എന്റ ശബ്ദത്തിന് കുട്ടികളുടെ ശബ്ദ സാമ്യമുള്ളതു കൊണ്ടായിരിക്കാം അത്. ബേബി സുമതിക്കും ശ്രീദേവിക്കും ശോഭയ്ക്കുമൊക്കെ വേണ്ടിയായിരുന്നു കൂടുതൽ പാടിയത്. 1975 വരെ 'കുട്ടിപ്പാട്ടുകാരി'യായിത്തന്നെ അറിയപ്പെട്ടു. പിന്നീട് പി.ജി. വിശ്വംഭരന്റെ 'ഒഴുക്കിനെതിരെ' എന്ന ചിത്രത്തിൽ ജയഭാരതിയുടെ കഥാപാത്രത്തിന് ആദ്യമായി നായികയ്ക്കു വേണ്ടി പാടി. 'ഗുരുവായൂരപ്പാ അഭയം നീയേ..' എന്ന ഗാനം. പിന്നീടങ്ങോട്ട് അമ്പിളി കത്തി നിന്നു. എണ്ണൂറോളം സിനിമകളിലൂടെ അവരുടെ സ്വരമാധുരിയൊഴുകി. കാസെറ്റുകൾക്കും ആൽബങ്ങൾക്കും വേണ്ടി ഇതുവരെ പാടിയത് മൂവായിരത്തിലധികം ഗാനങ്ങൾ. 1980 വരെ അവരുടെ സുവർണകാലമായിരുന്നു.

ഗുരുവായി ദക്ഷിണാമൂർത്തി
കുട്ടിക്കാലത്ത് തിരുവനന്തപുരത്ത് സംഗീതം പഠിച്ച അമ്പിളി ചെന്നൈയിലെത്തിയപ്പോൾ പ്രമുഖ സംഗീതജ്ഞൻ ദക്ഷിണാമൂർത്തി സ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചു. സിനിമയിൽ പാടാൻ അവസരമൊരുക്കിയതും അദ്ദേഹമായിരുന്നു. ആ മഹാപ്രതിഭയുടെ ചുവടു പിടിച്ചു വന്നതിനാൽ ആർക്കും മുന്നിൽ അവസരത്തിനായി കേഴേണ്ടി വന്നില്ല. സംഗീത സംവിധായകർ നേരിട്ടു വിളിച്ചാണ് പാട്ടു നൽകിയത്. ദക്ഷിണാമൂർത്തിയെക്കൂടാതെ ദേവരാജൻ, ബാബുരാജ്, സലിൽ ചൗധരി, ഇളയരാജ, എ.ടി. ഉമ്മർ, എം.കെ.അർജുനനൻ, കെ.ജെ. ജോയ്, കെ.രാഘവൻ, ശ്യാം, രവീന്ദ്രൻ, എം.ജി.രാധാകൃഷ്ണൻ തുടങ്ങി പ്രഗല്‌ഭരായ ഒട്ടേറെ സംവിധായകരുടെ കീഴിൽ അമ്പിളി പാടി.
 1976- ൽ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിൽ അമ്പിളി പാടിയ 'തേടി വരും കണ്ണുകളിൽ.. എന്ന ഗാനം പിറന്നത് വയലാർ-ദേവരാജൻ ടീമിന്റെ കൂട്ടുകെട്ടിലായിരുന്നു. ഇന്നും മലയാളികൾ ഇത് ഓർത്തുപാടുന്നു. വീണ്ടുംപ്രഭാതത്തിലെ 'ഊഞ്ഞാല ഊഞ്ഞാലാ..', ബാലു മഹേന്ദ്രയുടെ 'യാത്ര'യിലെ 'തന്നന്നം താനന്നം..', അപരാധിയിലെ തുമ്പീ തുമ്പീ തുള്ളാൻ വായോ.., പുതിയ ജാലകത്തിലെ ആരാരോ സ്വപ്നജാലകം.. തുടങ്ങി അമ്പിളിയുടെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ ഒട്ടേറെ. ചുരുങ്ങിയ ഗാനങ്ങൾകൊണ്ട് ദീർഘകാലം ജനമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ കഴിയുന്നത് അപൂർവ ഭാഗ്യമാണെന്ന് അമ്പിളി പറയുന്നു.

സംഗീതം തന്നെ ജിവിതം
സ്വന്തം കഴിവുകൾ വാഴ്ത്തി ആരെയും സമീപിക്കാൻ അറിയാത്ത സ്വഭാവം പാടാനുള്ള അവസരങ്ങൾ കുറച്ചുവെന്ന് അമ്പിളി പറയുന്നത് വേദനയോടെയല്ല. 'സിനിമ അങ്ങനെയാണ്. പെട്ടെന്നു തിളങ്ങുകയും അണയുകയും ചെയ്യും. സിനിമയിൽ പാടാൻ അവസരം കുറഞ്ഞെങ്കിലും ഇന്നും ഞാൻ അണഞ്ഞിട്ടില്ല. സംഗീതം തന്നെയാണ് ഇപ്പോഴും ജീവിതം. മരണം വരെ ഇതു തുടരും'. 1980-ൽ സംവിധായകൻ കെ.ജി.രാജശേഖരനുമായുള്ള വിവാഹ ശേഷം അമ്പിളിക്ക് സിനിമയിൽ നിന്ന് ഇടവേളയെടുക്കേണ്ടി വന്നു. കുടുംബത്തിനുവേണ്ടിയായിരുന്നു. മക്കൾ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയതോടെ വീണ്ടും രംഗത്തെത്തി. 2000- ത്തിൽ തിരിച്ചു വന്നപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായ 'നക്ഷത്രത്താരാട്ടി' ൽ ആദ്യമായി പാടി. അപ്പോഴേക്കും സിനിമ സംഗീതരംഗവും മാറിയിരുന്നു. പുതിയ പാട്ടുകാർ പലരുമെത്തി. പഴയവർക്ക് ബഹുമാനം കുറയാൻ തുടങ്ങി. എങ്കിലും ചില മലയാള ചിത്രങ്ങളിലും നാല് തമിഴ് സിനിമകളിലും പാടി. ' അവസരം തേടി നടന്നിരുന്നെങ്കിൽ ഇതായിരിക്കില്ല എന്റെ അവസ്ഥ. സിനിമയിൽ കൂടുതൽ പാടാൻ സാധിക്കാത്തതിൽ  നഷ്ടബോധമുണ്ട്. പക്ഷേ അവസരത്തിനായി ആരുടെ മുന്നിലും കെഞ്ചി നിൽക്കേണ്ടി വന്നില്ലല്ലോ എന്നോർക്കുമ്പോൾ അഭിമാനവും തോന്നും' - അമ്പിളി പറയുന്നു.

ഉണർവായി ഗാനമേളകൾ
ഒരേ സമയം പുരുഷ ശബ്ദത്തിലും സ്ത്രീ ശബ്ദത്തിലും പാടാനുള്ള പ്രത്യേക കഴിവുണ്ട് അമ്പിളിക്ക്. അതുകൊണ്ടു തന്നെ അന്നും ഇന്നും ഗാനമേളകളിൽ അവർക്ക് തിളക്കമുണ്ട്. മായമ്പ് ഗോൾഡൻ മെലഡീസ് എന്ന ഗാനമേള ട്രൂപ്പുണ്ട്. സംഗീത സ്നേഹിയായ സുഹൃത്ത് മായയുമായി ചേർന്നുള്ള സംരംഭമാണിത്. 2009-ൽ തുടങ്ങിയ ഗ്രൂപ്പിലൂടെ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും അറുന്നൂറോളം ഗാനമേളകൾ നടത്തി. ചെന്നൈയിൽ ഇത്തവണത്തെ സി.ടി.എം.എ. ആവണിപ്പൂവരങ്ങിൽ ഗാനമേള ഒരുക്കിയത് മായമ്പ് ട്രൂപ്പായിരുന്നു. ബിജു നാരായണൻ, രഞ്ജിനി ജോസ് തുടങ്ങി പ്രമുഖ ഗായകർ ഇവരുമായി സഹകരിക്കുന്നുണ്ട്. പഴയ പാട്ടുകാരെ പലരും അവഗണിക്കുന്നുവെന്നുള്ള വിഷമം അമ്പിളിക്കുണ്ട്. 'തമിഴിൽ പഴമക്കാരെ അവർ എന്നും ബഹുമാനിക്കും. നമ്മളും ഇത്തരത്തിലേക്കു വരണം.'- അവർ പറയുന്നു. ഗന്ധർവ സംഗീതം, പട്ടുറുമാൽ തുടങ്ങി ഏതാനും റിയാലിറ്റി ഷോകളിൽ വിധികർത്താവായിട്ടുണ്ട്. ഭർത്താവ് രാജശേഖരൻ ഈ വർഷം മാർച്ചിലാണ് അന്തരിച്ചത്. രാഘവേന്ദ്രൻ, രഞ്ജിനി എന്നിവരാണ് മക്കൾ. ഇനിയും മലയാളത്തിൽ പാടണമെന്നാണ് അമ്പിളിയുടെ ആഗ്രഹം.സംഗീത സംവിധായകർ അതിനുള്ള അവസരം നൽകുമെന്ന പ്രതീക്ഷയോടെ അവർ ചെന്നൈയിലുണ്ട്.