തെലുഗു ചലച്ചിത്ര വേദിയിൽ 'ഏജന്റ്‌ സായ് ശ്രീനിവാസാ ആത്രേയാ' എന്ന ചിത്രം ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ  ഒന്നായിരുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ  വൻ പ്രദർശന വിജയം നേടിയ  ആർ.എസ്.ജെ. സ്വരൂപ് എന്ന സംവിധായകന്റെ ഈ ആദ്യ ചിത്രത്തിലെ നായകനും രണ്ടുനായികമാരും പുതുമുഖങ്ങൾ. സാധാരണ തെലുഗു ചിത്രത്തിന്റെ മസാലകളൊന്നുമില്ലാതെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ തിയേറ്ററുകളിലെത്തിയ ഈ ലോ ബഡ്ജറ്റ് ചിത്രത്തിലെ രണ്ടു നായികമാരിൽ ഒരാൾ മലയാളിയായ ശ്രദ്ധാരാജഗോപാലാണ്.
പ്രവാസലോകത്ത് നിന്ന്  അപ്രതീക്ഷിതമായിട്ടായിരുന്നു ടോളിവുഡിന്റെ വെള്ളിത്തിരയിലേക്ക് ശ്രദ്ധ എത്തുന്നത്. പാലക്കാട് ജില്ലയിലെ കോങ്ങാട് പുത്തൻവീട്ടിൽ രാജഗോപാലന്റെയും  ശ്രീദേവിയുടെയും മകളായ ശ്രദ്ധ 15 വർഷമായി കുടുംബസമേതം ലണ്ടനിലാണ് താമസം. ലണ്ടനിലെ പ്രസിദ്ധമായ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് വെയിൽസിൽ ഫിലിം മേക്കിങ്ങ് പെർഫോമൻസ് ആൻഡ് മീഡിയ കോഴ്‌സിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ് ഇവർ. സ്റ്റാർട്ട് ഫോർഡിലെ വിശ്വപ്രസിദ്ധമായ റോയൽ ഷേക്‌സ്പിയർ തിയേറ്ററിൽ മർച്ചെൻറ് ഓഫ് വെനീസ് എന്ന നാടകത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റിയിലേയും ലണ്ടനിലെ മലയാളി സമൂഹത്തിന്റേയും മുക്തകണ്ഠമായ പ്രശംസ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.
 മലയാള സിനിമയിലൂടെ കഴിവ് തെളിയിക്കണമെന്നായിരുന്നു താത്‌പര്യം. യാദൃച്ഛികമായി ഹൈദരാബാദിൽനിന്ന് വന്ന ഒരു ഓൺലൈൻ കാസ്റ്റിങ്ങ് കോളിലൂടെ തെലുഗു സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതും  ചിത്രം സൂപ്പർ ഹിറ്റായി ഓടിയതുമെല്ലാം ദൈവാനുഗ്രമായി ഈ കുടുംബം കരുതുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി സംവിധായകന്റെ അന്വേഷണത്തിലൂടെ എത്തിച്ചേർന്ന ആയിരത്തി അറുന്നൂറിലധികം അപേക്ഷകരിൽനിന്നാണ് ശ്രദ്ധ തെഞ്ഞെടുക്കപ്പെട്ടത്. അഭിനയസാധ്യതകൾ ഏറെയുള്ള  മലയാളത്തിലൂടെ കഴിവുകൾ പ്രകടിപ്പിക്കാൻ കാത്തിരിക്കുകയാണ് ഈ കലാകാരി.