എന്നെപ്പോലെ ഒരു സാധാരണ പെൺകുട്ടിക്ക് സ്വപ്നം കാണാൻ കഴിയുന്നതായിരുന്നില്ല ചെന്നൈ പോലൊരു നഗരത്തിലെ ജീവിതം. ഉപരിപഠനത്തിന്റെ ഭാഗമായാണ് ചെന്നൈയിൽ എത്തിയത്. പരിമിതമായ സാഹചര്യങ്ങളിലും സന്തോഷത്തോടെയും വഴക്കടിച്ചും പരസ്പര സഹോദര്യത്തിലും ബഹുമാനത്തിലും ജീവിക്കുന്ന ജനതയാണ് ഈ നഗരത്തിൽ എന്നെ അദ്ഭുതപ്പെടുത്തിയത്. കേരളത്തിലെ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിലാണ് ആദ്യമൊക്കെ അടുക്കടുക്കായി തങ്ങിനിൽക്കുന്ന കെട്ടിടങ്ങളെ ഞാൻ നോക്കിക്കൊണ്ടിരുന്നത്. എന്നാൽ ശ്വാസംമുട്ടിക്കുന്ന ആ കാഴ്ചകൾ പിന്നീട് പരിചിതമായിത്തീർന്നു. മനുഷ്യർ തമ്മിലുള്ള സ്നേഹത്തിലും ആദരവിലുമാണ് ഇവിടം പടുത്തുയർത്തിയിരിക്കുന്നതെന്ന് തോന്നാറുണ്ട്. 

കേരളത്തിലേതുപോലുള്ള കപട സദാചാരവാദികളും ഇവിടെയില്ല. രാത്രികാലങ്ങളിൽപോലും പുറത്തു പോയിവരാൻ ഒരു പ്രതിബന്ധങ്ങളുമില്ല. ആ സ്വാതന്ത്ര്യമാണ് ധൈര്യം നൽകുന്നത്. കേരളത്തിൽ നിന്നുവരുമ്പോൾ ഇവിടുത്തെ കാലാവസ്ഥയോട് മല്ലിടുക ശ്രമകരമാണ്. ചൂട് പലപ്പോഴും പൊള്ളിക്കും. എന്നാൽ പതിയെ അത് പ്രിയപ്പെട്ടതാകും. 
ബീച്ചുകളും മൃഗശാലയും മഹാബലിപുരവുമെല്ലാമായി ഇവിടുത്തെ ഇഷ്ടസ്ഥലങ്ങൾ ഒരുപാടുണ്ട്. ഭക്ഷണമാണ് ഓർമയിൽ നിറയുന്ന മറ്റൊന്ന്. പ്രധാനമായും സാദങ്ങളാണ്. സാദങ്ങളുടെ രുചി ആദ്യനാളുകളിൽ നാവിന്  ചേർന്നിരുന്നില്ല. 
ഒടുവിൽ അവയില്ലാതെ പറ്റില്ലെന്നായി. ദൈർഘ്യം കുറഞ്ഞ ചെന്നൈ ജീവിതം ഭാവികാലത്തേക്കുള്ള നിക്ഷേപങ്ങളുടെ ഇടംകൂടിയായി മാറിക്കഴിഞ്ഞു. സുന്ദരസ്വപ്നങ്ങൾക്കും മധുരമേറിയ ഓർമകൾക്കും അടിത്തറ പാകിയ ചെന്നൈ വിട്ടുപോവാതെ  എന്നും ഒപ്പം നിലകൊള്ളും.