സ്വന്തമായി തമിഴ് പഠിച്ചെടുക്കുക. പതിയെ തമിഴ് പുസ്തകങ്ങൾ വായിച്ചുതുടങ്ങുക. ആ ധൈര്യത്തിൽ പ്രാചീന സംഘകാല കൃതികളെ മാതൃഭാഷയായ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുക. ഗുരുവായൂർ പെരിങ്ങോട് സ്വദേശി ഡോ.അയ്യപ്പൻ കാര്യാട്ട് അസാധ്യമെന്ന് തോന്നിക്കുന്ന കാര്യങ്ങൾ ചെയ്തുകാട്ടി പ്രവാസി മലയാളികൾക്കും അഭിമാനമായിരിക്കുകയാണ്. തിരുവാണ്മിയൂരിൽ ആയുർവേദ ഡോക്ടറായി ജോലി ചെയ്യുന്ന അയ്യപ്പന് ഏതെങ്കിലുമൊരു മേഖലയിൽ മാത്രം തിളങ്ങാനല്ല, എല്ലായിടത്തും സാന്നിധ്യമെത്തിക്കാനാണ് താത്‌പര്യം. എഴുത്തുകാരൻ കൂടിയായ അച്ഛൻ കാര്യാട്ട് ശങ്കുണ്ണിനായരുടെ പാരമ്പര്യവഴിയിലാണ്  സാഹിത്യത്തിലെത്തിയതെന്ന് അയ്യപ്പൻ പറയുന്നു. ചെറുപ്പം മുതൽ കവിതകളെഴുതിയിരുന്നു. 
പതിനേഴാം വയസ്സിൽ ആയുർവേദം പഠിക്കാൻ മദ്രാസിന് വണ്ടികയറി. മദ്രാസ് സർവകലാശാലയുടെ കീഴിലെ കോളേജിലായിരുന്നു പഠനം. കോഴ്സിന്റെ ഭാഗമായി സംസ്കൃതവും പഠിച്ചു. അത് പിന്നീട് എഴുത്തുകളിലും വിവർത്തനങ്ങൾക്കും ഗുണം ചെയ്തു. പഠനം കഴിഞ്ഞ് ചെന്നൈയിൽത്തന്നെ കൂടി. അങ്ങനെ ഇപ്പോൾ വർഷം 45 പിന്നിട്ടെന്ന് അയ്യപ്പൻ പറയുന്നു. വന്നകാലം മുതൽ തമിഴ് ഭാഷയോട് താത്‌പര്യമുണ്ടായിരുന്നു. എന്നാൽ പറയാനല്ലാതെ എഴുതാനും വായിക്കാനുമൊന്നും അറിയില്ലായിരുന്നു. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്തോടെ തമിഴ് പഠിക്കാൻ ശ്രമം നടത്തി. വായിക്കാൻ പഠിക്കുന്നതിൽ ഏതാണ്ട് വിജയിക്കുകയും ചെയ്തു. തമിഴിലെ പ്രധാനപ്പെട്ട ക്ലാസിക് കൃതികളൊക്കെ തിരഞ്ഞുപിടിച്ച് വായിച്ചു. അതിന്റെ മാഹാത്മ്യം മനസ്സിലാക്കിയപ്പോൾ അത് എന്തുകൊണ്ട് മലയാളത്തിലേക്ക് എത്തിച്ചുകൂടാ എന്നാലോചിച്ചു. അങ്ങനെ വിവർത്തന രംഗത്ത് ശ്രദ്ധിക്കാൻ തുടങ്ങി. സംസ്കൃതത്തിൽനിന്നും തമിഴിൽ നിന്നും രചനകൾ നിർവഹിച്ചു. ആദ്യം വിവർത്തനം ചെയ്തത് തിരുക്കുറൽ ആണ്. രണ്ടുവർഷമെടുത്താണ് പൂർത്തിയാക്കിയത്. പിന്നാലെ സംഘകാല നീതിഗീതങ്ങൾ എന്ന പുസ്തകമെഴുതി. അവ്വയാർ തുടങ്ങിയ ഒമ്പത് തമിഴ് സംഘകാല കവികളുടെ കൃതികളും വിവർത്തനവും വിവരണവുമാണ് അതിലുള്ളത്. വിവർത്തനത്തിന് മദ്രാസ് സർവകലാശാലയിലെ തമിഴ് പ്രൊഫസർമാരുടെ സഹായവുമുണ്ടായി.
 തമിഴ് മാത്രമല്ല, സംസ്‌കൃതത്തിൽ നിന്നും അയ്യപ്പൻ വിവർത്തനങ്ങൾ നടത്തുന്നു. ഭഗവദ്ഗീതാഗാഥ എന്ന പേരിൽ ഭഗവദ്ഗീത വിവർത്തനവും സുന്ദരഗാഥ എന്ന പേരിൽ വാല്മീകി രാമായണത്തിലെ സുന്ദരകാണ്ഡവും വിവർത്തനം ചെയ്തു. പൂർണമായും മലയാള വൃത്തത്തിലാണ് ഈ രചനകൾ നിർവഹിച്ചിരിക്കുന്നത്. നാരായണീയ സഹസ്രനാമവും, ഭാഗവത സ്തുതികളും രചിച്ചിട്ടുണ്ട്. 
ഈ കൃതികൾ പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. വിവർത്തനത്തിരക്കിൽ സ്വകാര്യമായുള്ള എഴുത്തുപോലും അയ്യപ്പൻ കുറച്ചിരുന്നു. ചെന്നൈയിലെ മലയാള സാഹിത്യ കൂട്ടായ്മകളിലും അക്ഷരശ്ലോക വേദികളിലും സ്ഥിരം സാന്നിധ്യമാണ് അയ്യപ്പൻ. ചെന്നൈ കവിസംഗമത്തിന്റെ സജീവ പ്രവർത്തകനാണ്. പാലവാക്കത്ത് താമസിക്കുന്ന അയ്യപ്പന് പൂർണപിന്തുണയുമായി ഭാര്യ സുഭദ്രയും മക്കളായ സുധീർ, ഇന്ദു, ജ്യോതി എന്നിവരും ഒപ്പമുണ്ട്.