ചാലക്കുടിയിൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ വായിച്ചുപരിചയമുള്ള, ഞാൻ ആരാധിക്കുന്ന എഴുത്തുകാരനായിരുന്നു എം.ടി. വാസുദേവൻ നായർ. ചെറുപ്പത്തിൽ അദ്ദേഹത്തെ നേരിൽ കാണണമെന്ന ആഗ്രഹം സാധിച്ചത് മദ്രാസിലെത്തിയതിന് ശേഷമാണ്. ടി. നഗറിലെ ചന്ദ്രതാര ഓഫീസിൽ വെച്ചായിരുന്നു ആദ്യ കാഴ്ച. മുറപ്പെണ്ണിന്റെ ചർച്ചകളുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യസിനിമയായിരുന്നു മുറപ്പെണ്ണ് (1965). അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്റെ ഗുരുവായ ശോഭനാ പരമേശ്വരൻ നായരാണ്. വന്ന സമയത്ത്, തിരക്കഥയെഴുതാനറിയില്ല എന്നു പറഞ്ഞ് എം.ടി. ഒഴിഞ്ഞുമാറി. അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നെങ്കിലും സിനിമയെന്ന മാധ്യമത്തിൽ അദ്ദേഹം തുടക്കക്കാരനായിരുന്നു. തോപ്പിൽ ഭാസിയെക്കൊണ്ട് തിരക്കഥ എഴുതിക്കാമെന്ന ആലോചനയുമുണ്ടായി. എന്നാൽ വിൻസെന്റ് മാഷ് എം.ടി.യെ എഴുതാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ തിരക്കഥ എഴുതി പൂർത്തിയാക്കിയ ചിത്രം സൂപ്പർഹിറ്റായി. മുറപ്പെണ്ണ് 75 ദിവസം ഓടുകയും ചെയ്തു. അന്ന് അതൊക്കെ വലിയ കാര്യമാണ്. മുറപ്പെണ്ണാണ് മലയാള സിനിമയിൽ പ്രധാനമായ മാറ്റം കൊണ്ടുവന്നത്. വള്ളുവനാടൻ ഭാഷ സിനിമയിൽക്കയറി. അത് എം.ടിയിലൂടെ ജനപ്രിയമായിത്തീരുകയും ചെയ്തു. അങ്ങനെ സാഹിത്യത്തിൽ വിരാജിച്ചിരുന്ന എഴുത്തുകാരൻ സിനിമയിലും തുടർച്ചയായി ഹിറ്റുകൾ രചിച്ചു. പകൽക്കിനാവ്, അസുരവിത്ത്, നഗരമേ നന്ദി, ഇരുട്ടിന്റെ ആത്മാവ്, നിഴലാട്ടം എന്നിങ്ങനെ ഹിറ്റുകളുണ്ടായി. ടി.നഗറിലെ ലോഡ്ജിലിരുന്നാണ് എം.ടി. മിക്കവാറും എഴുതുന്നത്. അപ്പോഴൊക്കെ ഞങ്ങൾ സ്ഥിരമായി കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂടെ 16 സിനിമകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. നോവലുകളും മറ്റും സിനിമയാക്കിയപ്പോൾ അതിന്റെ കഥക്കൂട്ട് കൊണ്ടുവരാൻ എം.ടിക്ക് സാധിച്ചു. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയും. ഇപ്പോഴും തന്റെ പഴയ ഫോട്ടോഗ്രാഫുകൾ ചോദിക്കുന്നവരോട് മദ്രാസിൽ ഡേവിഡിന്റെ അടുത്തുനിന്ന് ലഭിക്കുമെന്ന് എം.ടി. ആളുകളോട് പറയാറുണ്ട്. കഴിഞ്ഞവർഷം കോഴിക്കോട്ട് ഞാൻ നടത്തിയ ഫോട്ടോ പ്രദർശനം അദ്ദേഹമായിരുന്നു ഉദ്ഘാടനം ചെയ്തത്. ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. സർക്കാരിന്റെ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നത് മാറ്റിവെച്ചാണ് എന്റെ പ്രദർശനത്തിനെത്തിയതെന്ന് പിന്നീടാണറിഞ്ഞത്. അത് സന്തോഷം നൽകുന്ന അനുഭവമായിരുന്നു. കോഴിക്കോട് പോകുമ്പോൾ ഓർമകൾ പുതുക്കാൻ മലയാള സാഹിത്യത്തിന്റെ സ്വന്തം രണ്ടക്ഷരമായ എം.ടിയെത്തേടി പോകാറുണ്ട്.