ഒരു മുതലയെ കിട്ടിയിരുന്നുവെങ്കിൽ മൽപ്പിടിത്തം നടത്താമായിരുന്നുവെന്ന് വിചാരിക്കുന്നവർക്ക് ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്തേക്ക് വണ്ടികയറാം. ഇവിടെയുള്ള മദ്രാസ് ക്രോക്കഡൈൽ ബാങ്കിൽ ഒന്നല്ല ഒരായിരം മുതലകളുണ്ട്. പല തരത്തിലും വലുപ്പത്തിലുമുള്ള മുതലകളെ ഇവിടെ  കൺനിറയെ കാണാം. ഇവയെ കാണുന്നതോടെ മൽപ്പിടിത്തം എന്ന ആഗ്രഹം ആവിയാകുമെന്നത് പരമാർഥം. മുതലകൾ മാത്രമല്ല പാമ്പുകൾ അടക്കം വിവിധ തരം ഇഴജന്തുകളുമുണ്ട്. പക്ഷി നിരീക്ഷണത്തിനും സൗകര്യമുണ്ട്. 
നാല് പതിറ്റാണ്ടുകൾ മുമ്പ് ആരംഭിച്ച മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ മുതല സംരക്ഷണ കേന്ദ്രമാണ്. മഹാബലിപുരത്തുമെത്തുന്ന വിനോദസഞ്ചാരികളിൽ ഇവിടെ എത്താതെ മടങ്ങുന്നവർ കുറവാണ്. പ്രതിവർഷം അഞ്ച് ലക്ഷത്തോളം പേർ ഇവിടെ സന്ദർശനം നടത്തുന്നു.

സംരക്ഷണ കേന്ദ്രമായി തുടക്കം
തോലിനായി മുതലകളെ വേട്ടയാടുന്നത് അധികരിച്ച കാലത്താണ് മദ്രാസ് ക്രോക്കഡൈൽ ബാങ്കിന്റെ ആരംഭം. വേട്ടയെത്തുടർന്ന് എഴുപതുകളുടെ തുടക്കത്തിൽ രാജ്യത്ത് മുതലകൾ വംശനാശഭീഷണി നേരിടുകയായിരുന്നു. പല ഇന്ത്യൻ ഇനങ്ങളും എണ്ണത്തിൽ ഗണ്യമായി കുറഞ്ഞതോടെ കേന്ദ്രസർക്കാർ ഇവയെ വന്യജീവിസംരക്ഷണ നിയമത്തിന് കീഴിൽ കൊണ്ടുവന്നു. 1973-ലാണ് മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ആരംഭിക്കുന്നതിനുള്ള ആലോചനകൾ നടന്നത്. തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയ യു.എസിൽ നിന്നുള്ള ഹെർപറ്റോളജിസ്റ്റ് റോമലസ് വിറ്റേക്കറുടെ നേതൃത്വത്തിലാണ് ക്രോക്കഡൈൽ ബാങ്ക് ആരംഭിച്ചത്. ഗിണ്ടിയിലുള്ള സ്നേക്ക് പാർക്കിന്റെ സ്ഥാപകനും വിറ്റേക്കറാണ്. 
മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റ് എന്ന പേരിൽ സ്വകാര്യ ട്രസ്റ്റായി രജിസ്റ്റർ ചെയ്തു. 1976 ഓഗസ്റ്റ് 26-ന് പ്രവർത്തനം ആരംഭിച്ചു. ആകെ 30 മുതലകളുമായിട്ടായിരുന്നു തുടക്കം. മുതലകളെ അവയുടെ ആവാസസ്ഥലത്ത് നിന്ന് പിടിച്ചുകൊണ്ട് വന്നു സംരക്ഷിക്കുന്ന പദ്ധതിയ്ക്കും തുടക്കമിട്ടു. തൊണ്ണൂറുകളിൽ 8000-പരം മുതലകളുണ്ടായിരുന്നു. പിന്നീട് ഇവയെ സുരക്ഷിതമായ വനമേഖലകളിൽ തിരികെ വിട്ടു. പല മൃഗശാലകളിലേക്കും ഇവിടെ നിന്ന് മുതലകളെ നൽകിയിട്ടുണ്ട്.

രണ്ടായിരത്തോളം ഇഴജന്തുക്കൾ
മഹാബലിപുരത്ത് എട്ടര ഏക്കർ സ്ഥലത്താണ് മദ്രാസ് ക്രോക്കഡൈൽ ബാങ്ക് പ്രവർത്തിക്കുന്നത്. മരങ്ങൾ നിറഞ്ഞ് ഹരിതാഭമാണ് പരിസരം. നിലവിൽ മുതലകൾ, പാമ്പുകൾ  അടക്കം 2000- ഓളം ഇഴജന്തുകളിവിടെയുണ്ട്. മുതലകളുടെ എണ്ണം 1500-ഓളമാണ്. 42 ജീവനക്കാർ ഇവിടെ പ്രവർത്തിക്കുന്നു. ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും കാമ്പസിനുള്ളിൽ തന്നെയാണ്. പല വിഭാഗങ്ങളിൽപ്പെടുന്ന മുതലകളെ പലയിടങ്ങളിലായിട്ടാണ് പാർപ്പിച്ചിരിക്കുന്നത്. ചെറുതും വലുതുമായ മുതലകളെ ഒന്നിച്ചും പ്രത്യേകമായുമാണ് പാർപ്പിച്ചിരിക്കുന്നത്. ഒരോയിടങ്ങളിലും ഒരോ തരത്തിലുള്ള മുതലകൾക്ക് ആവശ്യമുള്ള ആവാസസ്ഥലം തന്നെ ക്രമീകരിച്ചിരിക്കുന്നു.

രാത്രി സഫാരി
തിങ്കളാഴ്ച അവധിയാണ്. മറ്റ് ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെയാണ് സന്ദർശന സമയം. 10 വയസ്സിൽ താഴെയുള്ളവർക്ക് 30 രൂപയും മറ്റുള്ളവർക്ക് 60 രൂപയുമാണ് പ്രവേശന ഫീസ്. തിങ്കളാഴ്ച ഒഴികെ രാത്രി സഫാരിയുമുണ്ട്. പരിശീലനം നേടിയ ഗൈഡുകൾക്കൊപ്പമായിരിക്കും യാത്ര.  സന്ദർകർക്ക് ടോർച്ചും നൽകും. സുരക്ഷിതമായ സ്ഥലങ്ങളിലൂടെ മുതലമടകൾ കാണാൻ ഗൈഡുകൾ സഹായിക്കും. ഒരാൾക്ക് 200 രൂപയാണ് രാത്രി യാത്രയുടെ നിരക്ക്.

ഗവേഷണവും ബോധവത്കരണവും
ഗവേഷണ രംഗത്തും മദ്രാസ് മദ്രാസ് ക്രോക്കഡൈൽ ബാങ്കിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഇഴജന്തുക്കൾ, പ്രകൃതി, വന്യജീവി തുടങ്ങിയവയുമായി ബന്ധപ്പെട്ട നാല് ഗവേഷണ സ്ഥാപനങ്ങൾ ബാങ്കിന് കീഴിൽ ആരംഭിച്ചിട്ടുണ്ട്. യു.എന്നിന്റെ അടക്കം പദ്ധതികളും നടത്തുന്നു. ഇഴജന്തുകളുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളും. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക ക്യാമ്പുകളും നടത്താറുണ്ട്.

മുഖ്യാകർഷണം ജ്വോസ് മുതല
ഉപ്പുവെള്ളത്തിൽ കാണപ്പെടുന്ന മുതലകളുടെ വിഭാഗത്തിൽപ്പെട്ട ജ്വോസ് എന്ന പേരിട്ടിരിക്കുന്ന മുതലയാണ് ഏറ്റവും വലുത്. ഇവിടെയുള്ള ഏറ്റവും പ്രായമുള്ള മുതലയും ഇതുതന്നെയാണ്. സിങ്കപ്പൂരിൽനിന്ന് എത്തിച്ച മുതലയാണിത്. ബാങ്ക് തുടങ്ങിയപ്പോൾ മുതൽ ഇതിവിടെയുണ്ട്. 
ചെറിയതായിരുന്നപ്പോൾ കൈയിൽ എടുത്ത് കൊണ്ട് നടന്നിരുന്ന മുതലയാണിതെന്ന് സ്ഥാപകൻ റോമിലസ് വിറ്റേക്കർ പറയുന്നു. ഇപ്പോൾ 17 അടി നീളവും 500 കിലോയിൽ അധികം ഭാരവുമുണ്ട്. അപകടകാരിയായതിനാൽ തനിച്ച് ഒരു കുളത്തിലാണ് ഇതിനെയിട്ടിരിക്കുന്നത്. കേന്ദ്രത്തിലെ പ്രധാന ആകർഷണവും 49 വയസ്സുള്ള ജ്വോസാണ്. ഞായറാഴ്ചകളിൽ വൈകീട്ട് 4.30-ന് ഇതിന് തീറ്റ കൊടുക്കുന്നത് കാണാൻ ഒട്ടേറെ പേരെത്താറുണ്ട്.