വിദ്യാരംഭദിവസം മഹാലിംഗപുരം അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ വാദ്യവിദ്യാലയം കുറിച്ചത് ഗിന്നസ് റെക്കോഡായിരുന്നു. ഒരേസമയം ഏറ്റവുംകൂടുതൽ പങ്കെടുത്ത പാഞ്ചാരിമേളം എന്ന റെക്കോഡ്. സ്കൂൾ വിദ്യാർഥികൾമുതൽ മുതിർന്ന പൗരന്മാർവരെയാണ് മേളത്തിൽ അണിനിരന്നത്. 315 പേർ ചേർന്ന് മൂക്കാൽ മണിക്കൂറോളം പഞ്ചാരിമേളം അവതരിപ്പിച്ചു. ഒന്നരവർഷത്തോളംനീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഗിന്നസ് റെക്കോഡ് എന്ന സ്വപ്നനേട്ടം കൈവരിക്കാൻ ഗോപി പള്ളിപ്പുറത്തിനും ശിഷ്യർക്കും സാധിച്ചത്.
മഹാലിംഗപുരം വാദ്യവിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റെക്കോഡ് മേളത്തിൽ ഗോപി പള്ളിപ്പുറത്തിന് കീഴിൽ മേളം അഭ്യസിച്ച മറ്റിടങ്ങളിലെ വിദ്യാർഥികളും അണിനിരന്നിരുന്നു. ഇതിൽ തമിഴ്‌നാട്ടുകാർ അടക്കമുള്ളവരുമുണ്ടായിരുന്നു. ഒന്നരവർഷംമുമ്പ് തോന്നിയ ആശയം യാഥാർഥ്യമാക്കാൻ ഏറെ പരിശ്രമം വേണ്ടിവന്നു. റെക്കോഡ്‌ കൈവരിച്ച പഞ്ചാരിമേളത്തിൽ പങ്കെടുത്ത 315 പേരിൽ ഇരുന്നൂറിലധികം പേരുടെ അരങ്ങേറ്റവും ഇതേ ദിവസമായിരുന്നു. ഇവരുടെ അരങ്ങേറ്റചടങ്ങുകൾ കഴിഞ്ഞതിന് ശേഷമായിരുന്നു റെക്കോഡിനായി അണിനിരന്നത്.
മേളത്തിന്റെ ആദ്യാക്ഷരംമുതൽ പഠിപ്പിച്ച് മേളത്തിൽ പങ്കെടുക്കാൻ സാധിക്കുന്ന നിലയിലേക്ക് എത്തിക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് ഗോപി പള്ളിപ്പുറം പറയുന്നു. പലയിടങ്ങളിൽ മേളം പഠിക്കുന്നവരാണ് ഗിന്നസ് റെക്കോഡ്‌ ശ്രമത്തിൽ പങ്കെടുത്തത്. അവവരുടെ ക്ലാസുകളിൽ പ്രത്യേകം നടത്തിയ പരിശീലനംകൂടാതെ എല്ലാവരെയും ഒന്നിച്ച് വരുത്തിയും പരിശീലനം നടത്തി. പിന്നീട് ക്ഷേത്രത്തിന് സമീപമായിരുന്നു ഗിന്നസ് റെക്കോഡിട്ട പ്രകടനം നടത്തിയത്. കഴിഞ്ഞദിവസം ഓൺലൈൻവഴി ഗിന്നസ് റെക്കോഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചു.
ചെന്നൈ നഗരത്തിൽ ചെണ്ടമേളം പുതിയ കാര്യമല്ല. പ്രധാന ആഘോഷങ്ങളിലെല്ലാം മേളമുണ്ടാകും. ഇതിനായി സാധാരണ കേരളത്തിൽനിന്നാണ് കലാകാരന്മാർ എത്തിയിരുന്നത്. എന്നാൽ മേളം പഠിക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേർ ചെന്നൈയിലുണ്ടെന്ന് തിരിച്ചറിഞ്ഞാണ് നാല് വർഷംമുമ്പ് മഹാലിംഗപുരം ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വാദ്യവിദ്യാലയം ആരംഭിച്ചത്. മികച്ച പങ്കാളിത്ത്വമുണ്ടായതോടെ വിദ്യാലയം ഒരു വലിയ വിജയമായി. 200-ൽ അധികം പേരാണ് ഇവിടെനിന്ന് പഠിച്ചിറങ്ങിയത്.
പഞ്ചവാദ്യവും പഞ്ചാരിമേളവുമെല്ലാം ഇവിടെ പഠിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ഗോപി പള്ളിപ്പുറത്തിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടക്കുന്നു.
ക്ഷേത്രത്തോട് ചേർന്ന ഓഡിറ്റോറിയത്തിലാണ് ക്ലാസ് നടക്കുന്നത്. ഏഴ് വയസ്സുകാർ മുതൽ അറുപത് കഴിഞ്ഞവർവരെ ഇവിടെ പഠിക്കുന്നുണ്ട്. മലയാളി കുട്ടിയായ ആര്യ, തമിഴ്‌നാട് സ്വദേശിയായ കവിൻദാസ് എന്നിവരാണ് ഏഴ് വയസ്സുകാരായ മേളവിദ്യാർഥികൾ. മേളം പഠിക്കുന്നതിന് തുടക്കമിടാൻ ഏറ്റവുംയോജിച്ചത് ഏഴ് വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള പ്രായമാണ്. എന്നാൽ ഈ പ്രായം കഴിഞ്ഞവരും താത്‌പര്യത്തോടെ എത്തുമ്പോൾ പ്രോത്സാഹിപ്പിക്കും. ചെറിയ കുട്ടികൾ പഠിക്കുന്നത്രവേഗത്തിൽ പഠിക്കാൻ പ്രായമുള്ളവർക്ക് കഴിഞ്ഞുവെന്ന് വരില്ലെങ്കിലും നന്നായിത്തന്നെ കൊട്ടുന്നവരുണ്ടെന്ന് ഗോപി പള്ളിപ്പുറം സാക്ഷ്യപ്പെടു
ത്തുന്നു.
ക്ലാസ് ആരംഭിച്ചപ്പോൾ കൗതുകത്തിന്റെ പേരിൽ എത്തിയവരുണ്ടായിരുന്നു. പഠിച്ച് തുടങ്ങിയതോടെ കളികാര്യമായെന്ന് മനസിലായവർ സ്ഥലംവിട്ടു. ചെറിയ കുട്ടികൾ അടക്കം വളരെ താത്പര്യത്തോടെ പരിശീലനം തുടർന്നവർ തന്മയത്ത്വത്തോടെ മേളത്തിൽ പങ്കെടുക്കാൻ സാധിക്കുന്ന നിലയിലെത്തി. ചെറിയ കുട്ടികൾ അതിവേഗം പഠിച്ചുവെന്ന് ഗുരു പറയുന്നു. രാവിലെ 4.30-ന് ആരംഭിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ അത്ര താത്പര്യമുള്ളവർ മാത്രമാണ് വരുന്നത്. അതിനാൽ പഠിപ്പിക്കാനും എളുപ്പമാണ്. രാവിലെ തന്നെ ഇതിനായി എഴുന്നേറ്റ് വരുന്നവർ പഠനത്തിലും ഈ സമർപ്പണം കാണിക്കുമ്പോൾ പാഠങ്ങൾ വേഗംതീരും.
ഫീസ് ഈടാക്കാതെയാണ് ക്ലാസുകളിൽ പ്രവേശനം. പഠനത്തെ ഗൗരവത്തോടെ കാണണമെന്നും മുടങ്ങാതെ ക്ലാസുകളിൽ പങ്കെടുക്കണമെന്നുമുള്ള നിബന്ധന മാത്രമേയുള്ളു. ജാതി, മത, ഭാഷ ഭേദമില്ലാതെ ഇവിടെ എല്ലാവർക്കും പ്രവേശനമുണ്ട്. മലയാളികൾക്ക് ഒപ്പം തമിഴരും ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മറ്റ് സംസ്ഥാനക്കാരും മഹാലിംഗപുരം വാദ്യവിദ്യാലയത്തിൽ മേളത്തിൽ ഹരിശ്രീ കുറിച്ചിട്ടുണ്ട്. പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവകൂടാതെ ഡ്രംസ്, കീ ബോർഡ് തുടങ്ങിയവയും പഠിപ്പിക്കുന്നുണ്ട്.

നേട്ടങ്ങളിൽ താളംപിടിച്ച്  വാദ്യഗുരു
: പാലക്കാട് ജില്ലയിലെ പട്ടാമ്പി പള്ളിപ്പുറം സ്വദേശിയായ കെ.ജി. ഗോവിന്ദരാജ് എന്ന വാദ്യഗുരു അറിയപ്പെടുന്നത് ഗോപി പള്ളിപ്പുറമെന്നാണ്. മഹാലിംഗപുരം വാദ്യവിദ്യാലയത്തിന്റെ നട്ടെല്ല് ഇദ്ദേഹമാണ്. 18 വർഷമായി വാദ്യകലയിൽ സജീവമായ ഗോപി ചെന്നൈയിൽ എത്തിയത് ആറുവർഷം മുമ്പാണ്. മഹാലിംഗപുരം ക്ഷേത്രത്തിലെ വാദ്യക്കാരനായി എത്തിയ അദ്ദേഹം അധികം വൈകാതെ ചെന്നൈയിലെ തന്നെ വാദ്യഗുരുവായി. പട്ടാമ്പിയിൽ 200- ലധികം ശിഷ്യരുള്ള ഗോപിക്ക്‌ ചെന്നൈയിൽ അതിലേറെയായി.
 മഹാലിംഗപുരത്തെ ക്ലാസുകൾ കൂടാതെ കെ.കെ. നഗർ, കുണ്ട്രത്തൂർ എന്നിവിടങ്ങളിലെ സ്കൂളുകളിലും വാദ്യക്ലാസുകൾ എടുക്കുന്നുണ്ട്. ഈ രണ്ട് പഠനകേന്ദ്രങ്ങളിലും തമിഴ്‌നാട് സ്വദേശികളാണ് പഠിക്കുന്നത്. കേരളത്തിന്റെ സ്വന്തം കലാരൂപം മറ്റുള്ളവരിലും എത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗോപി പറയുന്നു.
 ഡ്രംസ്, തബല എന്നിങ്ങനെ മറ്റു വാദ്യങ്ങളും ഗോപിക്ക്‌ വഴങ്ങും. ഏഴാംക്ലാസിലാണ് വാദ്യപഠനം ആരംഭിച്ചത്. പത്താം ക്ലാസിലെത്തിയപ്പോഴേക്കും പഞ്ചവാദ്യവും പഞ്ചാരി മേളവുമൊക്കെ പഠിച്ചു. വിദ്യാഭ്യാസകാലത്ത് മത്സരങ്ങളിൽ സമ്മാനവും നേടിയിരുന്നു. കേരളസർക്കാർ നടത്തുന്ന ‘കേരളോത്സവം’ ചെണ്ടമേളത്തിൽ സംസ്ഥാന വിജയിയായിട്ടുണ്ട്.