ചെറുപ്പത്തിൽ ധാരാളം കേട്ടിരുന്ന നഗരമാണ് ചെന്നൈ എന്ന മദിരാശിപ്പട്ടണം. വളർന്നപ്പോൾ ഉപരിപഠനത്തിനായി സംശയമെന്യേ തിരഞ്ഞെടുത്തതും മദ്രാസിലെ കോളേജ് തന്നെ. കാലാവസ്ഥകൊണ്ടല്ലെങ്കിലും ഭൂപ്രകൃതികൊണ്ട് കലാലയപരിസരം ഏകദേശം നാടിനു സമാനമാണ്. കോളേജിലെ വിദ്യാർഥികളുടെ സങ്കരംപോലെയാണ് നഗരവും. ഒരിക്കലും ചെന്നൈ ഏകപക്ഷീയമായിരുന്നില്ല. കലയും രാഷ്ട്രീയവും നെഞ്ചിലേറ്റിയിരിക്കുന്ന തമിഴ് ജനതയ്ക്ക് ഭാഷയോടും നാടിനോടും പലപ്പോഴും അമിത വികാരവായ്പുള്ളതായി തോന്നിയിട്ടുണ്ട്. എന്നാൽ പുതുതലമുറ അന്ധതകൾക്കപ്പുറം ഉന്നമനത്തിന്റെ പുതിയ പാതകൾ വെട്ടുകയാണ്. തള്ളേണ്ടതിനെ തള്ളിയും  കൊള്ളേണ്ടതിനെ കൊണ്ടുമാണ് ഇവിടത്തെ യുവത്വം മുന്നേറുന്നതെന്നാണ് മനസ്സിലാക്കുന്നത്.
 ചെന്നൈയുടെ മുകൾത്തട്ട് സുഖസൗകര്യങ്ങളുടേതാണെങ്കിലും അതിന്റെ അടിത്തട്ട് പരിമിതിയിൽനിന്ന് മനക്കരുത്തുകൊണ്ട് പടുത്തുയർത്തിയ വലിയ ജനതയിലാണ് നിലകൊള്ളുന്നത്. പദവി സമ്പാദിക്കാനുള്ള ഉപാധിയായി തൊഴിലിനെ കാണുന്ന മലയാളികൾ ഏതുതൊഴിലും ചെയ്യുക എന്ന തമിഴരുടെ മനോഭാവം മാതൃകയാക്കണം. പ്രായം, ലിംഗം എന്നീ ഭേദങ്ങളില്ലാതെ തൊഴിലിൽ വ്യവഹരിക്കുന്നവർ തൊഴിലിനോട് പുലർത്തുന്ന സമീപനവും പ്രശംസനീയമാണ്.
 സൗകര്യങ്ങളിലെ ധാരാളിത്തമല്ല മറിച്ച് പരിമിതികളിലെ സ്വാതന്ത്ര്യത്തെ ആസ്വദിക്കാനുള്ള ആർജവമാണ് ഈ നഗരം എനിക്ക് സമ്മാനിച്ചത്. ഭക്ഷണവും വെള്ളവും എങ്ങനെ സൂക്ഷിച്ചുപയോഗിക്കണം എന്ന ബോധവും അതിന്റെ ആവശ്യകതയും പ്രകൃതി സ്രോതസ്സുകളെ ദുരുപയോഗിക്കരുതെന്ന പാഠവും ചെന്നൈ പഠിപ്പിച്ചു.