ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കാനാണ്‌ തിരുവനന്തപുരത്തെത്തിയത്‌. വേലുത്തമ്പിയുടെ ആത്മാഹുതികൊണ്ട്‌ പ്രശസ്തമായ മണ്ണടി എന്ന ഗ്രാമത്തിൽ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കാവ്യരചന നടത്തിയിരുന്ന ഗോപാലകൃഷ്ണവാര്യർ എന്ന കവിയുടെ കൃതികളായിരുന്നു പ്രകാശനം ചെയ്തത്‌. വേദിയിൽ പ്രൊഫ.
 ഓണക്കൂറും മറ്റുചില സാഹിത്യകാരന്മാരും ഉണ്ടായിരുന്നു.
മലയാളകവിത ജനകീയവത്‌കരിക്കപ്പെട്ട ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു ഗോപാലകൃഷ്ണ വാരിയർ എന്ന്‌ ഓണക്കൂർ പറഞ്ഞു. ലാളിത്യമായിരുന്നു അന്നത്തെ കവിതയുടെ മുഖമുദ്ര. ആ ലാളിത്യം കൊണ്ടുതന്നെയാണ്‌ അന്ന്‌ മലയാളകവിത ജനമധ്യത്തിലേക്കിറങ്ങിച്ചെന്നത്‌.
‘കപടലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം’
എന്ന ചങ്ങമ്പുഴയുടെ വരികൾ അറിയാത്ത ഒരു മലയാളിയും അന്നുണ്ടായിരുന്നില്ല എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമായിത്തോന്നി.
എനിക്ക്‌ പറയാനുണ്ടായിരുന്നത്‌ തിരുവനന്തപുരത്തിനുവന്ന മൗലികമായ മാറ്റങ്ങളെപറ്റിയായിരുന്നു. തിരുവനന്തപുരം എന്റെ പ്രിയപ്പെട്ടനഗരമാണ്‌. ഞാൻ ഇവിടെയാണ്‌ ജനിച്ചത്‌. എന്റെ ജീവിതത്തിലെ ആദ്യത്തെ 25 വർഷങ്ങൾ ഞാൻ തിരുവനന്തപുരത്താണ്‌ കഴിഞ്ഞത്‌. അങ്ങിനെ ഈ നഗരം എന്റെ ജീവിതത്തിലെ വലിയൊരു സ്വാധീനമാണ്‌. ഒരു സാംസ്കാരികനഗരമായിട്ടാണ്‌ കഴിഞ്ഞനൂറ്റാണ്ടിൽ തിരുവനന്തപുരം വളർന്നുവന്നത്‌. അതിന്റെ ഇന്നത്തെ രാഷ്ട്രീയപ്രതിഛായ ഈ നഗരത്തിന്റെ ആത്മാവുമായി സമരസപ്പെട്ടുപോകുന്നു എന്നെനിക്ക്‌ തോന്നിയിട്ടില്ല. എത്രയെത്ര മുഖ്യമന്ത്രിമാർ ഇവിടെ വന്നുപോയിരിക്കുന്നു. അവരിൽ എത്രപേർ ഓർമിക്കപ്പെടുന്നു?
അതാണൊ ഈ നഗരം സൃഷ്ടിച്ച സാംസ്കാരിക നായകന്മാരുടെ കാര്യം? കുമാരനാശാനും, എ.ആർ. രാജരാജവർമയും, ഉള്ളൂരും, സി.വി. രാമൻപിള്ളയും, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കാലത്തെ അതിജീവിച്ചുനിൽക്കുന്നില്ലേ? 
എന്റെ വിദ്യാർഥിജീവിതകാലത്ത് ഒട്ടേറെ പാശ്ചാത്യ സാഹിത്യകാരന്മാർ തിരുവനന്തപുരം പതിവായി സന്ദർശിച്ചിരുന്നു. സോമർസെറ്റ് മോമിനെ ഞാൻ ആദ്യമായി കാണുന്നത് ലണ്ടനിൽവെച്ചല്ല, തിരുവനന്തപുരത്തുവെച്ച് തന്നെയാണ്. മോമിന്റെ പ്രശസ്തനോവലായ റേസേർസ്‌ എഡ്ജിലെ കേന്ദ്ര കഥാപാത്രമായ ലാറി ഡാറൽ (Larry Darrel) ആത്മജ്ഞാനം തേടി എത്തുന്നത് തിരുവനന്തപുരത്തെ ഒരു ആത്മീയഗുരുവിന്റെ സന്നിധിയിലാണ്. 
‘വായിച്ചുവളരുക’ എന്ന മധുരമായ പ്രയോഗത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇരുപതാംനൂറ്റാണ്ടിലെ തിരുവനന്തപുരം. അറിവിനും വിദ്യാഭ്യാസത്തിനും വലിയ മൂല്യം കല്പിച്ചിരുന്ന നഗരം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ ഇന്നത്തെസ്ഥിതി ദയനീയമാണ്. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ എത്രയെത്ര പ്രതിഭകളെയാണ് ഈ കോളേജ് വാർത്തെടുത്തിരിക്കുന്നത്.! മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ ഔദ്യോഗികജീവിതം ആരംഭിച്ചത് യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനായിട്ടാണ്. 50 കളിൽ ഐ.എ.എസ്. പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാം റാങ്ക് നേടി റിസർവ് ബാങ്കിന്റെ ഗവർണർസ്ഥാനം വരെയെത്തിയ വെങ്കിട്ടരമണനും ഇന്ത്യൻ അറ്റോമിക് എനർജി സ്ഥാപനത്തിന്റെ ചെയർമാനായിരുന്ന പി.കെ. അയ്യങ്കാറും ഈ വിദ്യാലയത്തിന്റെ ഉത്പന്നങ്ങളാണ്. 
ചങ്ങമ്പുഴയും തകഴിയും യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥികളായിരുന്നു. ഒ.എൻ.വി. കുറുപ്പ് ആദ്യം വിദ്യാർഥിയായും പിന്നീട് അധ്യാപകനായും യൂണിവേഴ്സിറ്റി കോളേജിന്റെ പുത്രനാണെന്ന് പറയാം. 
തിരുവനന്തപുരത്തെ ഓർമിക്കുമ്പോൾ രണ്ട് പ്രത്യേക മുഹൂർത്തങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. 1956-ൽ തകഴിയുടെ ‘ചെമ്മീൻ’ പുറത്തിറങ്ങിയപ്പോൾ തിരുവനന്തപുരത്തെ നാഷണൽ ബുക്സ്റ്റാളിന്റെ മുന്നിൽ ഒരുനീണ്ട ക്യൂ ഉണ്ടായിരുന്നു. ആ ക്യൂ സെക്രട്ടേറിയറ്റിന്റെ മുമ്പുള്ള പ്രധാന വീഥി മുറിച്ചു കടന്ന് അന്നത്തെ പുത്തൻ കച്ചേരിമൈതാനംവരെ നീണ്ടുപോയിരുന്നു. ആ ക്യൂവിൽ താനുമുണ്ടായിരുന്നു എന്ന് കഥാകൃത്ത് സക്കറിയ ഈയിടെ സംഭാഷണത്തിൽ പറയുകയുണ്ടായി. ഒരു പുസ്തകം വാങ്ങാൻ മലയാളി ഇനി എന്നെങ്കിലും ക്യൂ നിൽക്കേണ്ടിവരുമോ എന്ന കാര്യം സംശയ
മാണ്. 
രണ്ടാമത്തെ ഓർമ 1954-ൽ നടന്ന സാഹിത്യപരിഷത്ത് സമ്മേളനമാണ്. ഉത്സവഛായയിലാണ് ആ സമ്മേളനം നടന്നത്. അന്നത്തെ സഹൃദയലോകത്തിന് നമ്മുടെ സാഹിത്യകാരന്മാരെ നേരിട്ട് കാണാൻ വലിയ കൗതുകമായിരുന്നു. ജി. ശങ്കരക്കുറുപ്പും തകഴിയുമായിരുന്നു അന്നത്തെ ‘പ്രശസ്ത താരങ്ങൾ’. ഒ.എൻ.വി. കുറുപ്പിന്റെ രംഗപ്രവേശം തിരുവനന്തപുരം സാഹിത്യപരിഷത്തിലാണുണ്ടായത്.
 അവിടന്നുതുടങ്ങിയ ആ യാത്ര ജ്ഞാനപീഠംവരെ എത്തുമെന്ന് അന്ന് ആരും കരുതിയിട്ടുണ്ടാവില്ല. പരിഷത്ത് സമ്മേളനങ്ങൾ നിന്നുപോയത് മലയാളസഹൃദയർക്കുവന്ന ഒരു വലിയ നഷ്ടമാണ്. കേരളസാഹിത്യ അക്കാദമിക്ക് ഈ സമ്മേളനങ്ങൾ ഏറ്റെടുത്ത് നടത്താൻ കഴിഞ്ഞാൽ മലയാളസാഹിത്യത്തിൽ ഒരു നവോഥാനം സൃഷ്ടിക്കാൻ ആ സംരംഭത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നു.