ദസറയുടെ പ്രധാന കാഴ്ചകളിലേക്ക്
ഒക്ടോബർ 19-ന് വിജയദശമി ദിവസം ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഘോഷയാത്രയും ജംബോ സവാരിയുമാണ് ദസറയുടെ മുഖ്യ കാഴ്ചകൾ. മൈസൂരു കൊട്ടാരത്തിൽ നിന്നാരംഭിക്കുന്ന ഗജസവാരി ബന്നി മണ്ഡപിൽ സമാപിക്കും. അവിടെ മൈതാനത്ത് സന്ധ്യയോടെ പന്തങ്ങളേന്തിയുള്ള പരേഡ് നടക്കും.

  മറ്റ് കാഴ്ചകൾ
കൊട്ടാരമുറ്റത്ത് സാംസ്കാരിക സായാഹ്നം-17 വരെ വൈകീട്ട് കൊട്ടാരമുറ്റത്തെ വേദിയിൽ സംഗീത, നൃത്തപരിപാടികൾ നടക്കും. 13- ന് 7.15-ന് ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജിന്റെ സംഗീതസദസ്സ്, 8.30- ന് ലാൽഗുഡി കൃഷ്ണൻ, ലാൽഗുഡി വിജയലക്ഷ്മി എന്നിവരുടെ വയലിൽ കച്ചേരി, 14- ന് ആറിന് പോലീസ് ബാൻഡ്,എട്ടിന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംഗീതനിശ, 15 ന് 7.30- ന് കർണാടക ദർശനയുടെ നൃത്തനാടകം, 8.30 ന് വിദ്യാഭൂഷണയുടെ കച്ചേരി, 16- ന് 7.30-ന് കദ്രി ഗോപിനാഥ്, പണ്ഡിറ്റ് റോനു മജൂംദാർ എന്നിവരുടെ സാക്സഫോൺ പുല്ലാങ്കുഴൽ ഫ്യൂഷൻ, 8.30- ന് അനുരാധ പൗദുവാളിന്റെ ഭജൻ, 17- ന് 6.30- ന് മുക്ത്യാർ അലി ഖാന്റെ സൂഫി സംഗീതം,7.30- ന് നിരുപമ രാജേന്ദ്രന്റെ നൃത്തം.

  ദസറ പ്രദർശനമേള
ദസറ എക്സിബിഷൻ ഗ്രൗണ്ടിൽ 20 വരെ പ്രദർശനമേള നടക്കും. വിവിധ സർക്കാർ വകുപ്പുകളുടേയും സർവകലാശാലകളുടേയും പവിലിയനുകൾ ഇത്തവണയുണ്ട്. ഭക്ഷ്യമേള, അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങിയവയുമുണ്ട്. ദസറ ഗുസ്തി മത്സരങ്ങളും ഇവിടെയാണ് നടക്കുന്നത്.

  പുഷ്പമേള
മൈസൂരു കൊട്ടാരത്തിന് സമീപം ജയചാമരാജേന്ദ്ര സർക്കിളിനടുത്തുള്ള കുപ്പണ്ണ പാർക്കാണ് പുഷ്പമേളയുടെ വേദി. 21 വരെയാണ് പുഷ്പമേള. രാവിലെ ഒമ്പത് മുതൽ രാത്രി 9.30 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനനിരക്ക്. പാർക്കിൽ പുതുതായി പണിതീർത്ത ഗ്ലാസ് ഹൗസാണ് മുഖ്യ ആകർഷണം. ചില്ലുകൂടാരത്തിനുള്ളിൽ നടുവിലായി ഡൽഹിയിലെ ലോട്ടസ് ടെമ്പിളിന്റെ മാതൃക പൂക്കൾകൊണ്ട് നിർമിച്ചിരിക്കുന്നു. കൂടാതെ കൊട്ടാരത്തിന്റെ കവാടം, അമർ ജവാൻ, അശോകസ്തംഭം, പെൻഗ്വിനുകൾ, പീരങ്കികൾ, ഡോൾഫിൻ, നൃത്തം ചെയ്യുന്ന പാവകൾ തുടങ്ങിയവയുടെ രൂപങ്ങളും പൂക്കളിൽ തീർത്തിട്ടുണ്ട്. മത്സരങ്ങൾ, ഭക്ഷ്യമേള തുടങ്ങിയവയും ഇവിടെ നടക്കും.

  തെരുവുവാണിഭമേള 
13-ന്-കൃഷ്ണരാജ റോഡിൽ (ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനും ലാ കോർട്ട് കോംപ്ലക്സിനുമിടയിൽ) ശനിയാഴ്ച തെരുവുവാണിഭമേള നടക്കും. ഭക്ഷ്യമേള, നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ പങ്കാളിത്തം.
  അലങ്കാരമത്സ്യപ്രദർശനംജെ.കെ.ഗ്രൗണ്ടിൽ 14 വരെ.

  അരുമ പക്ഷി-മൃഗ പ്രദർശനം
14-ന് മൈസൂർ യൂണിവേഴ്‌സിറ്റി ഹോക്കി ഗ്രൗണ്ടിൽ.
ഇതുകൂടാതെ ജഗൻമോഹൻ പാലസിൽ ബൊമ്മ പ്രദർശനം, കവിസമ്മേളനം, മഹിള ദസറ, ചിന്നാര ദസറ തുടങ്ങിയവയും നടക്കും. നഗരത്തിലെ കാഴ്ചകൾ ഉൾപ്പെടുത്തി കർണാടക വിനോദസഞ്ചാര വികസന കോർപ്പറേഷൻ ഓപ്പൺ ടോപ്പ് ബസ് സർവീസ് നടത്തുന്നുണ്ട്. 150 രൂപയാണ് ടിക്കറ്റ് നിരക്ക്.

മടിക്കേരി ദസറയ്ക്കുമുണ്ട് വിശേഷങ്ങളേറെ
മൈസൂരുവിലെന്നപോലെ കുടക് നാടിന്റെ പവിത്രപാരമ്പര്യമേന്തുന്ന മടിക്കേരിയിലെ ദസറയ്ക്കും തനതായ സവിശേഷതകളുണ്ട്. ഇരുനൂറ് വർഷമായി മടിക്കേരി ദസറ കുടകുകാർ കൊണ്ടാടുന്നു. പത്ത് ക്ഷേത്രങ്ങളിലെ ആരാധനാമൂർത്തികളെ മുൻനിർത്തിയാണ് മടിക്കേരിക്കാരുടെ ദസറ ആഘോഷം.
ചൗട്ടി മാരിയമ്മ, ചൗഡേശ്വരി, രാമമന്ദിർ, ദണ്ഡിൻ മാരിയമ്മ, കോട്ടെ മാരിയമ്മ, കോദണ്ഡരാമ, ദേച്ചൂർ രാമമന്ദിര, കോട്ടെ മഹാഗണപതി, കാഞ്ചികാമാക്ഷിയമ്മ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരുടെ അനുഗ്രഹം ഒരുപോലെ തങ്ങളുടെ മേൽ ദസറക്കാലത്ത് വർഷിക്കുന്നതായി കുടകുകാർ വിശ്വസിക്കുന്നു. 
മടിക്കേരിയിലും വിജയദശമി ദിവസമാണ് പ്രധാന ആഘോഷം. പുലരുവോളം തുടരുന്ന ഉത്സവമേളമാണന്ന്. ഘോഷയാത്രയും പരമ്പരാഗത കലാപ്രകടനങ്ങളും കൊണ്ട് രാത്രി നിറയ്ക്കുന്ന ദേശത്തിന്റെ മഹത്തായ ആഘോഷം. ദേവീദേവന്മാരുടെ രൂപം വഹിച്ച ഫ്ളോട്ടുകളാണ് ഘോഷയാത്രയിലെ പ്രധാന കാഴ്ച. മടിക്കേരി കൂടാതെ വിരാജ്‌പെട്ട്, സോമവാർപെട്ട് താലൂക്കുകളിൽ നിന്നുള്ള അനേകായിരം പേരും ദസറ ആഘോഷനാളുകളിലെത്തും.
കുട്ടിക്കാലം മുതലുള്ള മടിക്കേരി ദസറ ആഘോഷങ്ങൾ മനസ്സിൽ മഴവില്ലുപോലെ നിറഞ്ഞു നില്ക്കുകയാണെന്ന് മടിക്കേരിയിലെ പ്രമുഖ ഹോട്ടൽ വ്യവസായിയായ ഗണേഷ് ഷേണായി പറഞ്ഞു. ഗണേഷ് ഷേണായിയുടെ അച്ഛൻ 65 വർഷം മുമ്പേ മടിക്കേരിയിൽ ഹോട്ടൽ നടത്തിയിരുന്നു. സ്വാദിഷ്ടമായ ഇഡ്ഡലിയും സാമ്പാറും വടയും കഴിക്കാൻ അദ്ദേഹത്തിന്റെ ഹോട്ടൽ ചിത്രയിൽ ദൂരദേശത്തുനിന്നുപോലും ആളുകളെത്തുമായിരുന്നു. സൗത്ത് കാനറയിലെ ബണ്ട്വാളയിലെ കുടുംബയിൽ തറവാട്ടുകാർ മടിക്കേരിക്കാരായ കഥയ്ക്കുപിന്നിൽ ആ രുചിയാണെന്ന് ഗണേഷ് വിശദീകരിച്ചു. മടിക്കേരിയുടെ കേന്ദ്രസ്ഥാനത്ത് പിൽക്കാലത്ത് തലയുയർത്തിയ ഹോട്ടൽ ചിത്ര ഗണേഷ് ഷേണായിയുടെ ഭാവനകൾകൂടി ഉൾക്കൊണ്ടതാണ്. വിനോദസഞ്ചാരികൾക്ക് സുഖകരമായ താമസമൊരുക്കുന്നതിൽ ഹോട്ടൽ ചിത്ര എന്നും മുന്നിലാണ്.
 കുടകിൽ ഈ വർഷമുണ്ടായ പ്രകൃതിക്ഷോഭ ദുരന്തം മടിക്കേരി ദസറ ആഘോഷത്തെ അല്പം പിന്നോട്ട് വലിച്ചിട്ടുണ്ടെന്ന് ഗണേഷ് ഷേണായി പറഞ്ഞു. അല്പം കുറവുവന്നാലും ദസറ ആഘോഷമാക്കി മാറ്റാൻ തന്നെയാണ് ജനങ്ങളുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.