സുനീഷ് ജേക്കബ് മാത്യു 

മിടുക്കരല്ലാതെ ആരും ജനിക്കുന്നില്ലെന്ന് ഒരാൾ പറഞ്ഞാൽ ഇതൊക്കെ എത്ര കേട്ടതാണെന്ന് പറയാൻ വരട്ടെ! ചെന്നൈയിൽ സ്ഥിര താമസമാക്കിയ മലയാളി മംഗള ജയചന്ദ്രനാണിത് പറയുന്നതെങ്കിൽ ശ്രദ്ധിക്കണം. കാരണം ഇതൊന്നും വെറുതെയങ്ങ് പറയുന്നതല്ല. പറഞ്ഞത് പ്രാവർത്തികമാക്കിയതിന്റെ ആത്മവിശ്വസം ഈ സ്പെഷ്യൽ എജ്യുക്കേഷൻ വിദഗ്ധയ്ക്കുണ്ട്. പഠന വൈകല്യങ്ങളുടെ പേരിൽ മണ്ടന്മാരെന്ന് മുദ്രകുത്തിയവരെ ഡോക്ടർമാരും എൻജിനീയർമാരുമാക്കാനും കഴിഞ്ഞത് ദൈവനിയോഗമാണെന്ന് നർത്തകി കൂടിയായ മംഗള ജയചന്ദ്രൻ പറയും.
ചെന്നൈ ചെത്‌പെട്ട് ഹാരിങ്ട്ടൺ റോഡിലുള്ള ലേഡി ആണ്ടാൾ സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേഷൻ വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുന്ന മംഗള രണ്ട് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമാണ്. പഠന വൈകല്യം വലിയ കുറവല്ലെന്ന് സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് ദർശനമായി ഏറ്റെടുത്താണ് പ്രവർത്തിക്കുന്നത്. സ്പെഷ്യൽ എജ്യുക്കേഷന് സർക്കാർ തലത്തിൽ പ്രാധാന്യം നേടിക്കൊടുക്കാനും ഇവരുടെ പ്രവർത്തനത്തിലൂടെ സാധിച്ചു. പഠനത്തിൽ പിന്നാക്കം പോകുന്നവർ ജീവിതത്തിലും പിന്നാക്കമാകുന്നത് ഇല്ലാതാക്കുന്നതിന് സ്പെഷ്യൽ എജ്യുക്കേഷന് കഴിയുമെന്ന് തെളിയിക്കാൻ മംഗളയ്ക്ക് കഴിയുന്നു.
തമിഴ്‌നാട്ടിൽ പഠന വൈകല്യമുള്ള കുട്ടികൾക്ക് പരീക്ഷയിൽ ഇളവ് അനുവദിക്കുന്നതിന് അടക്കം ലേഡി ആണ്ടാൾ സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേഷൻ വിഭാഗം വഹിച്ച പങ്ക് ചെറുതല്ല. ഇതിന് നേതൃത്വം നൽകിയത് ഈ മറുനാടൻ മലയാളിയാണെന്നതിൽ ചെന്നൈ മലയാളികൾക്കും അഭിമാനിക്കാം. അക്ഷരത്തെറ്റുകൾ, ഗണിത ശാസ്ത്രത്തിൽ കണക്ക് കൂട്ടലിലെ ക്രമം തുടങ്ങിയ കാര്യങ്ങളിൽ പഠന പ്രശ്നമുള്ള വിദ്യാർഥികൾക്ക് തമിഴ്‌നാട് സർക്കാർ ഇളവ് നൽകാറുണ്ട്. മുൻപ് ഇങ്ങനെയൊരു ചട്ടം നിലവിലുണ്ടായിരുന്നില്ല. ഇളവ് നേടിയെടുക്കാൻ ഏറെ പ്രയത്നിക്കേണ്ടിവന്നു. ഇപ്പോൾ ഓരോ വർഷവും ലക്ഷത്തിലേറെ കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇത് വലിയൊരു നേട്ടമായി മംഗള കരുതുന്നു. 
ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രപ്രതിഭകളിൽ ഒരാളായ ആൽബർട്ട് ഐൻസ്റ്റീൻ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ്, ലോകപ്രശസ്ത ചിത്രകാരൻ പാബ്ലോ പിക്കാസോ, ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ജിം ക്യാരി- കുട്ടികളിലെ പഠന വൈകല്യങ്ങളെ ക്കുറിച്ച് ചോദിക്കുമ്പോൾ മംഗള ജയചന്ദ്രൻ നൽകുന്ന ഈ പേരുകളാണ്. കാരണം ഇവരെല്ലാം പഠന വൈകല്യമുള്ളവരായിരുന്നു എന്നതാണ്. പഠനപ്രശ്നങ്ങൾ ജീവിത വിജയത്തിന് തടസ്സമല്ലെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ഇവരുടെ ജീവിതം. 
‘പഠിക്കാൻ എല്ലാ കുട്ടികൾക്കും സാധിക്കും. എന്നാൽ ഒരോരുത്തർക്കും അവരുടേതായ വഴികളുണ്ടെന്ന് മാത്രം. അത് കണ്ടെത്തിയാൽ ഒരാളും പരാജയപ്പെടില്ല’- മംഗള ജയചന്ദ്രൻ തന്റെ പ്രവർത്തനശൈലിയെക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെയാണ്. പൊതുവേ അംഗീകരിക്കപ്പെടുന്ന പാഠ്യപ്രവർത്തനങ്ങൾ പഠന വൈകല്യമുള്ള കുട്ടികൾക്ക് യോജിക്കണമെന്നില്ല. അവർക്ക് വേണ്ട മാർഗം കണ്ടെത്തിയാൽ മറ്റുള്ള കുട്ടികളെക്കാൾ വലിയ മുന്നേറ്റമാകും കാണാനാകുക. ഇത് പലരിലും കണ്ടിട്ടുള്ളയാളാണ് മംഗള ജയചന്ദ്രൻ.
വർഷങ്ങൾക്ക് മുൻപ് പാലക്കാട്ടുനിന്ന് മുംബൈയിലേക്ക് കുടിയേറിയ കുടുംബത്തിലാണ് മംഗളയുടെ ജനനം. മുത്തച്ഛൻ പാലക്കാട് കുഴൽമന്ദം കിഴക്കേവീട്ടിൽ കരുണാകരപ്പണിക്കർ വലിയ കഥകളി കലാകാരനായിരുന്നു. അച്ഛൻ രാഘവൻനായരും കഥകളി അഭ്യസിച്ചു. മുംബൈയിൽ ജനിച്ച് വളർന്ന മംഗളയും ചെറിയ പ്രായത്തിൽ തന്നെ നൃത്തം പഠിച്ചു. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി എന്നിവയ്ക്കൊപ്പം നാടകത്തിലും വേഷമിട്ടു. കുടുംബത്തിന്റെ നേതൃത്വത്തിൽ മുംബൈയിൽ നൃത്ത ബോധിയെന്ന നൃത്തവിദ്യാലയം നടത്തിയിരുന്നു.
സീരിയൽ സംവിധായകനും ഛായാഗ്രാഹകനുമായ കെ.ആർ. ജയചന്ദ്രനുമായുള്ള വിവാഹത്തിനു ശേഷം മൂന്ന് വർഷത്തോളം ബഹ്‌റൈനിലായിരുന്നു താമസം. 1984-ലാണ് ചെന്നൈയിലെത്തുന്നത്. മുംബൈയിൽ നിന്ന് ബി.കോമും എൽഎൽ.ബി.യും പൂർത്തിയാക്കിയതിന് ശേഷം മദ്രാസ് സർവകലാശാലയിൽ നിന്നാണ് സൈക്കോളജി പഠനം നടത്തിയത്. 1994-ൽ ആൽഫ ടു ഒമേഗ ലേണിങ് സെന്ററിൽ സ്പെഷ്യൽ എജ്യുക്കേഷൻ പരിശീലകയായി പ്രവർത്തനം തുടങ്ങി. 1998-ൽ ലേഡി ആണ്ടാൾ സ്കൂളിൽ സ്പെഷ്യൽ എജ്യുക്കേഷൻ വിഭാഗം ആരംഭിച്ചപ്പോൾ അതിന്റെ ചുമതലയേറ്റെടുത്തു.
വെറും രണ്ട് വിദ്യാർഥികളുമായി ആരംഭിച്ച ലേഡി ആണ്ടാൾ സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേഷൻ വിഭാഗത്തിൽ ഇപ്പോൾ അഞ്ഞൂറിലേറെ വിദ്യാർഥികളുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും കലാകാരന്മാരുമൊക്കെയായി പ്രവർത്തിക്കുന്ന ഒട്ടേറെ പേർ ഇവിടെ വിദ്യാർഥികളായിരുന്നു. കൃത്യമായ ഇടപെടൽകൊണ്ട് ജീവിതത്തിന്റെ ശരിയായ ട്രാക്കിലെത്തിയവരാണിവരെന്ന് മംഗള പറയുന്നു. പഠനത്തിന് പിന്നിലാണെന്ന പേരിൽ ആരെയും എഴുതിത്തള്ളാനാകില്ല. അവർക്കുള്ളിൽ വലിയ സാധ്യതകൾ ഉറങ്ങിക്കിടക്കുന്നു. അതിനെ കണ്ടെത്തി വെളിച്ചത്ത് കൊണ്ടുവരുകയെന്ന കർത്തവ്യം തുടരുമെന്നും ഇതാണ് തന്റെ വനിതാദിന സന്ദേശമെന്നും ഇവർ കൂട്ടിച്ചേർത്തു.

**********************

ലോകം ഒന്നിക്കുന്ന ഓറോവിൽ
പ്രസന്ന ഗ്രസിലോൺ 

പുതുച്ചേരിയിൽനിന്ന്‌ ഏഴു കിലോമീറ്റർ അകലെ ഈസ്റ്റ് കോസ്റ്റ് റോഡിൽ ചിന്നമുതലിയാർ ചാവടി കഴിഞ്ഞാൽ ഒാറോവില്ലിലേക്കുള്ള വഴിതുറക്കുകയായി. ടാറിട്ട ചെറിയ പാതയിൽ മുന്നോട്ട് പോയാൽ ഓറോവിൽ രാജ്യാന്തര ടൗൺഷിപ്പിലെത്തും. 
യുക്കാലിപ്‌റ്റസ്‌ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച വനം, സന്ദർശകർക്ക് താമസിക്കാനുള്ള അതിഥിമന്ദിരങ്ങൾ, വിവിധയിനം കടകൾ, ഗാലറികൾ, ഭക്ഷണശാലകൾ, ഉയർന്ന്് നിൽക്കുന്ന ഗോൾഡൻ ഗ്ലോബ് എന്ന മൈത്രി മന്ദിരം തുടങ്ങി വൈവിധ്യങ്ങളാണ് ഓറോവില്ലിന്റെ പ്രത്യേകത.
അൻപത് വർഷം പിന്നിട്ട ടൗൺഷിപ്പ് ജൂബിലി ആഘോഷത്തിന്റെ തിരക്കിലാണ്. ആത്മീയതയ്ക്ക് പ്രാധാന്യം കൊടുത്തു നിർമിച്ചെടുത്ത സ്വയം പര്യാപ്തമായ രാജ്യാന്തര ടൗൺഷിപ്പാണ് ഓറോവിൽ. 1968-ലാണ് ഓറോവിൽ ഉദ്ഘാടനം ചെയ്തത്. മദർ എന്നറിയപ്പെട്ട മിറ അൽഫാസയാണ് ഓറോവിൽ സ്ഥാപിച്ചത്. 
ലോകത്ത് പലയിടങ്ങിൽ നിന്നുള്ള മനുഷ്യർ ഒന്നിച്ച് താമസിക്കുന്ന ഒരിടം എന്ന നിലയിലാണ് ഈ രാജ്യാന്തര ടൗൺഷിപ്പ് ആരംഭിച്ചത്. 124 രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവജനങ്ങളായിരുന്നു തുടക്കത്തിൽ ഇവിടെയുണ്ടായിരുന്നത്. 
ഇപ്പോൾ 54 രാജ്യങ്ങളിൽ നിന്നുള്ള 2700 പേർ ഇവിടെ താമസിക്കുന്നു. 
ഉത്തർപ്രദേശിലെ  പുർക്കാസീർ ഗ്രാമത്തിൽനിന്ന്‌ 1954-ൽ പുതുച്ചേരിയിെലത്തിയ ഉപേന്ദ്ര റത്ര ആദ്യം മുതൽ ഇവിടെയുള്ളയാളാണ്. ആറ് വയസുള്ളപ്പോൾ ഇവിടെ എത്തിയ ഇയാൾ അരബിന്ദോ ആശ്രമത്തിലെത്തുകയും അവിടെ ചേർന്ന് പഠിക്കുകയും ചെയ്തു. അരബിന്ദോ ഘോഷും മദറുമായുള്ള അടുപ്പമാണ് തന്റെ ജീവിതത്തിന് അടിത്തറ പാകിയതെന്ന് ഇയാൾ പറയുന്നു. അനാഥത്വം നിഴലിച്ച ബാല്യകാലത്തിൽ മദറിന്റെ സാമിപ്യം ഒരു പുനർജന്മം ആയിരുന്നുവെന്നും ഇയാൾ ഓർമിക്കുന്നു. മദറിന്റെ ആഗ്രഹപ്രകാരം ടൗൺഷിപ്പിന് വേണ്ടി 2000 ഹെക്ടർ ഭൂമി   കണ്ടെത്തുകയായിരുന്നു. അങ്ങനെ മതത്തിനും രാജ്യത്തിനും അതീതമായ ഒരു വാസസ്ഥലമുണ്ടായി.
ആത്മീയമൂല്യങ്ങൾക്ക് അധിഷ്ഠിതമായ ഒരു സ്വയംപര്യാപ്ത ടൗൺഷിപ്പാണ് ഓറോവിൽ. 
ഇതാരുടെയും സ്വന്തമല്ല; പകരം എല്ലാവരുടെയുമാണ്. ദി സിറ്റി ഫോർ ടുമോറോ, ദി ഗ്രീൻ സിറ്റി,  ഉട്ടോപ്യൻ സിറ്റി എന്നൊക്കെ പേരിട്ടു വിളിക്കുന്ന ഓറോവിൽ രൂപവത്കരിക്കുന്നതിന് ഒട്ടേറെ പേരുടെ അധ്വാനമുണ്ട്. 1991 ഓറോവിൽ ഫൗണ്ടേഷൻ ആക്ട് നിലവിൽ വന്നു. 1992-ൽ യുനസ്കോയുടെ അംഗീകാരം ലഭിച്ചു.
വെറും തരിശായി കിടന്ന ഭൂമിയിൽനിന്നും ഇന്നത്തെ ഹരിത ടൗണിലേക്കുള്ള മാറ്റം അത്ഭുതാവഹമാണ്. തലപൊക്കി നിൽക്കുന്ന തണൽമരങ്ങൾ, 200-ൽ അധികം വൈവിധ്യമുള്ള ചെടികൾ എന്നിവയൊക്കെ ഓറോവില്ലിന്റെ പ്രത്യേകതയാണ്. 
ജൈവ കൃഷിരീതിയും ജൈവ ഭക്ഷണരീതിയും പിന്തുടരുന്ന ഇവിടെ ഇന്റർനാഷണൽ സ്കൂൾ, ആസ്പത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നും സഞ്ചാരികൾ  ഇവിടെ എത്തുന്നുണ്ട്. വിനോദ സഞ്ചാരം പ്രധാന വരുമാനമാർഗമാണ്. 

*********************
എന്റെ ചെന്നൈ
കാലത്തെഴുന്നേറ്റ് നോക്കുമ്പോളെങ്ങുമേ 
ചെന്നൈയിൽ നഗരത്തിൻ ഭംഗി താൻ
ചുറ്റിലും നിരക്കുമാ കോലങ്ങൾ കൺക്കവേ
നിറങ്ങളും ഭംഗിയുമൊത്തുചേരുന്നൊരാ 
പുതിയ ദിനത്തിൽ അഴുക് താൻ
പിച്ചിയും മുല്ലയും ജാതിയുമൊക്കെയായ്
ചൊവ്വയും വെള്ളിയും എന്നുവേണ്ടില്ലാ
നാൾക്കുനാൾ പൂക്കളും വിഭൂതിയും കുമിഞ്ഞുകൂടവേ
കായ്ക്കറിക്കാരനോ ഉച്ചത്തിൽ കൂവിയിട്ടാ
വ്യത്യസ്തമാം നിറങ്ങൾ തൻ ഭംഗി വിതറവേ
വിദ്യാലയങ്ങളിൽ വിദ്യയ്ക്കുമീതെ
തമിഴ് മക്കൾ തൻ സംസ്‌കാരമുണർന്നീടുന്ന
തമിഴ്താഴ് വാഴ്‌ത്തോടെയാരംഭിക്കുന്നൊരാ
ദിനത്തിൽ തമിഴ് മാധ്യര്യമേറിടുന്നു
തിരുക്കുറൽ മനഃപാഠമാക്കുന്ന പിഞ്ചു കണ്ഠങ്ങൾ
തൻ ശ്രുതിയിൽ ലയിക്കുമാന്തരീക്ഷം

സുലേഖ പ്രഭാകരൻ
തിരുവേർക്കാട്