കെ.കെ. സുരേഷ് കുമാർ
നീണ്ടുകിടക്കുകയാണ് പാളങ്ങൾ. ഓരോ തീവണ്ടികൾ പാഞ്ഞുപോകുമ്പോഴും അതിൽനിന്ന് പുറംതള്ളുന്ന വിസർജ്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അവ വൃത്തിയാക്കുന്നവരുടെ ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ. ഒരിക്കലെങ്കിലും ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തുമ്പോൾ അവരെ ഒന്ന് നോക്കുക. 
ചുരുങ്ങിയ വേതനത്തിന് കൃത്യമായ ആരോഗ്യ സംരക്ഷണമില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകൾ. ഇവരുടെ വലിയയൊരു വിഭാഗത്തെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിൽ കാണാം. മൂന്ന് ഷിഫ്റ്റുകളിലായി 230-ഓളം കരാർ ജീവനക്കാരാണിവിടെ. നഗരത്തിലെ ചേരികളിൽ കടുത്ത ദാരിദ്ര്യംതന്നെയാണ് ഈ ജോലിയിൽ ഇവരെ എത്തിച്ചത്. 
 പകുതിയോളം തീവണ്ടികളിൽ ജൈവ ശൗചാലയങ്ങളായെങ്കിലും മറ്റ് തീവണ്ടികളിൽനിന്നുള്ള മനുഷ്യവിസർജ്യങ്ങൾ റെയിൽവേ പാളത്തിൽനിന്ന്  നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഇവർക്കറിയില്ല. മനുഷ്യവിസർജ്യത്തിൽ അടങ്ങിയ കോളിഫോം ബാക്റ്റീരിയ നിരന്തരമായി ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തിന്റെ ശക്തിക്ഷയിക്കും. കരുത്ത് കുറയും. എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ബാധിക്കാനുള്ള സാധ്യതയേറെയാണ്. ത്വഗ് രോഗങ്ങളുമുണ്ടാകും.  ദിവസം 350 രൂപയാണിവർക്ക് വേതനം. മൂന്ന് മാസം കൂടുമ്പോൾ പ്രതിരോധ കുത്തിവെപ്പ്‌ നടത്തണം. കൃത്യമായി ഒരിക്കൽപോലും പ്രതിരോധ കുത്തിവെപ്പ്‌ നൽകാറില്ലെന്ന് ജീവനക്കാർ. ആറ്ുവർഷം മുമ്പ് നൽകിയിരുന്ന 300 രൂപ 350 രൂപയായി ഉയർത്തിയെന്നല്ലാതെ ആരോഗ്യ സംരക്ഷണത്താനായി പ്രത്യേക പദ്ധതിയൊന്നുമില്ലെന്ന് ഇവർ പറയുന്നു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിച്ചേർക്കാനായി ഒരിക്കലും കൂട്ടിമുട്ടാത്ത പാളങ്ങൾക്കിടയിൽ ജീവിതം ഒടുക്കുന്നവർ എല്ലാംമറന്ന്  രാവും പകലും ശുചീകരണത്തിൽ മുഴുകുന്നു. ചിലർ ദിവസം 16 മണിക്കൂർവരെ ജോലി ചെയ്യുന്നു. താത്കാലിക ജീവിതാവശ്യങ്ങൾ നിറവേറ്റാനായി ഇവർക്ക് മുന്നിൽ മറ്റ് വഴികളില്ല. ഇവർക്കുണ്ടാവുന്ന രോഗങ്ങൾക്ക് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സ്വകാര്യആസ്പത്രിയുടെ എമർജൻസി കൗണ്ടറിൽ ചികിത്സനൽകും. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ 11 പ്ലാറ്റ്ഫോമുകളും നിശ്ചിതസമയത്തിനുളളിൽ വൃത്തിയാക്കണം. ഒരു തീവണ്ടി പോയിക്കഴിഞ്ഞാൽ മറ്റൊരുതീവണ്ടി വരുന്നതിനിടയിലുള്ള കുറഞ്ഞ സമയത്തിനുള്ളിൽ വൃത്തിയാക്കണം. രാത്രി 12-നും നാലിനുമിടയിൽ തീവണ്ടികളുടെ എണ്ണം കുറവായതിനാൽ ശുചീകരണം വേഗത്തിൽ നടത്തുമെന്ന് ജീവനക്കാരിയായ ഉമ പറഞ്ഞു. അതിവേഗതീവണ്ടികൾ പ്രഖ്യാപിക്കുകയും സ്റ്റേഷനുകൾ വൈഫൈ ലഭ്യമാക്കുമ്പോഴും പാളങ്ങളിലെ മാലിന്യങ്ങൾ വൃത്തിയാക്കൽ ഇനിയും പൂർണ യന്ത്രവത്ക്കരണം നടപ്പാക്കാനായിട്ടില്ല.
കുടിലുകളിൽ കഴിയുന്ന സ്ത്രീകൾ ഉപജീവിതത്തിനായി ചെറുജോലികൾ എടുത്താണ് ജീവിക്കുക. ആരോഗ്യ സംരക്ഷണമില്ലെങ്കിലും മാസം സ്ഥിരം വരുമാനം ലഭിക്കുമെന്നതാണ് സ്ത്രീകളെ ഈ രംഗത്ത് തുടരാൻ പ്രേരിപ്പിക്കുന്നത്. തീവണ്ടികൾ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിച്ച് കഴിഞ്ഞാൽ തീവണ്ടിയിലെ പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നവർക്കും ലഭിക്കുന്നത് 300 രൂപ മാത്രാണ്. 
തീവണ്ടികളിലെയും പാളങ്ങളിലെയും ശുചീകരണം കരാർ വ്യവസ്ഥയിലേക്ക് മാറ്റുന്നതിനുമുമ്പ് റെയിൽവേ ജീവനക്കാർക്ക് അലവൻസുകൾടക്കം ലഭിച്ചത് 19,000-ത്തോളം രൂപയായിരുന്നു. ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക മെഡിക്കൽ അലവൻസുകളുമുണ്ടായിരുന്നു. ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുകയാണ്. പാവപ്പെട്ട സ്ത്രീകളെ നിയോഗിച്ച് കരാറുകാർ ചൂഷണത്തിന് വിധേയമാക്കുമ്പോൾ അവർക്ക് തിരിച്ച് ലഭിക്കുന്ന മാറാരോഗങ്ങളും അവശതയും മാത്രമാണ്. 

**********************

 
സംഗീതപ്പെട്ടി
പഴയകാലത്തെ ഹിറ്റുഗാനങ്ങൾ വീണ്ടും  കേൾക്കാൻ ആഗ്രഹമുണ്ടാകാത്തവർ കുറവായിരിക്കും. ഒപ്പം കർണാടക-ഹിന്ദുസ്ഥാനി സംഗീതം, ഗസൽ, സൂഫി സംഗീതം, ആത്മീയഗാനങ്ങൾ, സിനിമാഗാനങ്ങൾ, പഴയ ഹിന്ദിഗാനങ്ങൾ തുടങ്ങിയവയും. ഇവയൊക്കെ ഒരു കുടക്കീഴിൽ ഒരുക്കി രംഗത്തെത്തിയിരിക്കുകയാണ് സരിഗമ മ്യൂസിക്. സരിഗമയുടെ റേഡിയോ മാതൃകയിലുള്ള കാർവാൻ വിപണിയിലെത്തി. സംഗീതം ഇഷ്ടപ്പെടുന്നവർക്കുള്ള പെട്ടിയായാണ്  ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. പഴയകാലത്തെ ട്രാൻസിസ്റ്റർ റേഡിയോയെ അനുസ്മരിപ്പിക്കുന്ന മ്യൂസിക് ബോക്സ് പുത്തൻ സാങ്കേതികതയോടെയാണ് വീണ്ടുമെത്തുന്നത്.  യു.എസ്.ബി, ബ്ലൂടൂത്ത് എന്നിവ ബന്ധിപ്പിക്കാനാവും. ഇതിൽ റെക്കോഡ്‌ ചെയ്യപ്പെട്ട ഗാനങ്ങൾക്കുപുറമേ മറ്റ്‌ ഇഷ്ടഗാനങ്ങൾ ഡൗൺലോഡുചെയ്ത് യു.എസ്.ബി. ഉപയോഗപ്പെടുത്തി ശ്രവിക്കാൻ സാധിക്കും. ബാസ് ഉൾപ്പെടെ മികച്ച ശബ്ദസംവിധാനമാണ് മറ്റൊരു പ്രത്യേകത. ഗാനരചയിതാക്കൾ, സംഗീതസംവിധായകർ, ഗായകർ എന്നിങ്ങനെ വേർതിരിച്ചെടുത്ത് ഇഷ്ടമുള്ളവരുടെ പാട്ടുകൾ കേൾക്കാൻ സൗകര്യമുണ്ട്. ആനന്ദ് ബക്ഷി, ജാവേദ് അക്തർ, ലതാ മങ്കേഷ്‌കർ, കിഷോർകുമാർ, ആശാ ഭോസ്‌ലെ, ഹേമന്ദകുമാർ, ഗീത ദത്ത്, തലത്   മഹമൂദ്, ആർ.ഡി. ബർമൻ, ലക്ഷ്മീകാന്ത് പ്യരേലാൽ എന്നിവരുടെ ഗാനങ്ങൾ റെക്കോഡ്‌ ചെയ്ത്‌ വെച്ചിട്ടുണ്ട്. ഗുൽസാറിന്റെ കവിതകൾക്ക് പ്രത്യേക വിഭാഗമുണ്ട്. പഴയതലമുറയിൽപ്പെട്ടവർക്ക് സമ്മാനമായിനൽകാൻ പറ്റുന്നതാണ് ഈ സംഗീതപ്പെട്ടിയെന്ന് നിർമാതാക്കൾ പറയുന്നു. റിമോട്ട് ഉൾപ്പെടെ ഇതിന്റെ വില 6999 രൂപയാണ്.

***********************
സീതായനം
 
 
മീരാകൃഷ്ണൻകുട്ടി
അരങ്ങിൽ സീത അടിമുടി തിളങ്ങുന്നു. രംഗവേദിയായത്‌ ചെന്നൈയിലെ പ്രശസ്തമായ മ്യൂസിക്‌ അക്കാദമി ഹാളായിരുന്നു. മാർഗഴി മഹോത്സവങ്ങളുടെ ഭാഗമായി  വേദിയിൽവിടർന്ന ‘സീതായന’ത്തിലെ സീതയ്ക്ക്‌  നിറസദസ്സുമായി പങ്കുവയ്ക്കാൻ സ്മൃതികൾ  ഏറെയായിരുന്നു; ഒപ്പം സംശയങ്ങളും.  ഭൂമിപുത്രിയുടെ  തികച്ചും മാനുഷികമായ, സ്ത്രീസഹജമായ എല്ലാ മാനസിക വ്യാപാരങ്ങളും ദുഃഖവും പ്രതിഭക്തിയും പരിഭവവും ഒപ്പം പ്രകൃതിയോടുള്ള തന്മയീഭാവവും സ്വതസിദ്ധമായ മനഃശക്തിയും എല്ലാമെല്ലാം അപ്പാടെ ആവാഹിക്കുകയായിരുന്നു കണ്ടുംകേട്ടുമിരുന്ന മഹാസദസ്സ്‌. മനോഹരമായ ചുവടുകളോടെ സീതയെന്ന സ്ത്രീയെ അരങ്ങത്തവതരിപ്പിച്ച നർത്തകിക്ക്‌ നിലയ്ക്കാത്ത അഭിനന്ദന കരഘോഷം സമർപ്പിച്ചുകൊണ്ടായിരുന്നു സദസ്യരുടെ സ്നേഹപ്രകടനം.
അനാരോഗ്യം വകവയ്ക്കാതെ മകളുടെ നൃത്തത്തിനായി കാത്തുകൊണ്ട്‌ സദസ്സിൽ ഇരുന്നിരുന്ന അച്ഛന്റെ പാദം തൊട്ടുവന്ദിച്ച്‌, അരങ്ങത്ത്‌ പൂർണമായും സീതയായി വേഷംപകർന്ന്‌ ആസ്വാദക മനം ഒന്നടങ്കംകവർന്ന പ്രശസ്ത ഭരതനാട്യ കലാകാരിയായ മീനാക്ഷി ശ്രീനിവാസനാകട്ടെ അത്‌ കൃതാർഥതയുടെ മറ്റൊരു സുവർണ മുഹൂർത്തവുമായിരുന്നു.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകളിലായി മാർഗഴി  ഉത്സവങ്ങളിലെ അനിഷേധ്യ സാന്നിധ്യമായ, കലാസപര്യ തുടർന്നുവരുന്ന നർത്തകിയാണ്‌  മീനാക്ഷി.
മീനാക്ഷിയുടെ വിജയകിരീടത്തിലെ  പൊൻതൂവലാകുന്നത്‌ മ്യൂസിക്‌ അക്കാദമിയുടെ  12-ാം നൃത്തോത്സവത്തിൽ പങ്കെടുത്തുകൊണ്ട്‌ ഈ വർഷം നേടിയെടുത്ത നൃത്തമികവിനുള്ള അക്കാദമിയുടെ എൻഡോവ്‌മെന്റ്‌ അവാർഡാണ്‌. സീതാ വെങ്കടേശ്വരൻ, ജി വി അയ്യരുടെയും സരസ്വതിയുടെയും പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രശസ്തമായ ഒരു അംഗീകാരമാണിത്‌.
ഭരതനാട്യ പ്രാവീണ്യത്തിന്‌ 2011-ലെ കേന്ദ്ര നാടക അക്കാദമിയുടെ ഉസ്താദ്‌ ബിസ്‌മില്ലാഖാൻ  യുവപുരസ്കാരജേതാവ്‌ കൂടിയാണ്‌ മീനാക്ഷി. നന്നേ ചെറുപ്പത്തിൽ ചിലങ്ക കെട്ടിത്തുടങ്ങിയ മീനാക്ഷിയുടെ നൃത്തയാത്രയിലെ ആദ്യത്തെ നാഴികക്കല്ലിന്‌ മുഹൂർത്തം കുറിച്ചത്‌ 1991-ലെ അരങ്ങേറ്റത്തോടെയായിരുന്നു. മീനാക്ഷിക്ക്‌  കടലുകൾക്കപ്പുറത്തേക്കും പടർന്നുകിടക്കുന്ന ആരാധകവൃന്ദങ്ങളാണുള്ളത്‌.
തെന്നിന്ത്യയിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റിടങ്ങളിലും യൂറോപ്പിലും സിങ്കപ്പൂരിലും മലേഷ്യയിലും അമേരിക്കയിലുമെല്ലാം ഭരതനാട്യത്തിന്റെ  ഭംഗിയെത്തിക്കാൻ ഈ അനുഗൃഹീത കലാകാരിക്ക്‌  അവസരങ്ങളുണ്ടായിട്ടുണ്ട്‌.
‘ഭാഷയോ സംസ്കാരമോ ഭൂമിശാസ്ത്രപരമായ അതിരുകളോ മറ്റുവ്യത്യാസങ്ങളോ ഒന്നുംതന്നെ നൃത്താസ്വാദനത്തിന്‌ തടസ്സമാകുന്നില്ലെന്നാണ്‌ എന്റെ അനുഭവം. ദേഹം തണുത്ത്‌ കോച്ചി മരവിച്ചിരിക്കുമ്പോഴും വീണ്ടും വീണ്ടും നൃത്തം തുടരാൻ ആവശ്യപ്പെട്ടിരുന്ന പാരീസിലെ പ്രക്ഷോഭക്കാരെ ഞാനോർക്കുന്നു!. ഭരതനാട്യത്തിനോടവർക്കുണ്ടായിരുന്ന ഭ്രമം അത്രവലുതായിരുന്നു’ -മീനാക്ഷി പറഞ്ഞു.
പ്രസിദ്ധ ഭരതനാട്യ വിദഗ്‌ധയായ അലമേർവല്ലിയുടെ കീഴിലായിരുന്നു മീനാക്ഷിയുടെ നൃത്തശിക്ഷണം. പാശ്ചാത്യനൃത്തം അഭ്യസിച്ചിട്ടുള്ള മീനാക്ഷിയുടെ ഗുരു ജാൻ  ഫ്രീമാനായിരുന്നു.
നൃത്തം മാത്രമല്ല ആർക്കിടെക്‌ചറും മീനാക്ഷിയുടെ ഇഷ്ടവിഷയമാണ്‌. ഭർത്താവ്‌ ഹർഷനോടൊരുമിച്ച്‌ ‘കാം സ്റ്റുഡി’യോ എന്ന ഒരു ആർക്കിടെക്ട്‌ സ്ഥാനവും നടത്തുന്നുണ്ട്‌. 2017-ലെ മികച്ച ഡിസൈനിനുള്ള എൻ.ഡി.ടി.വി.യുടെ പുരസ്കാരവും ലഭിച്ചു.
‘ഭരതനാട്യം അതിരുകളില്ലാത്ത അറിവിന്റെ ഒരു നൃത്തശാഖയാണ്‌. ഒരു ജീവിതകാലം മുഴുവനും പോരാ അതുമനസ്സിലാക്കാൻ. വേണ്ടത്‌ വേണ്ടവർക്ക്‌ എടുക്കാം. അവരവർക്ക്‌ സംവേദനത്തിനുതകുന്നത്‌ അതിൽനിന്ന്‌ വാരിയെടുക്കാം. അതിനെ പരീക്ഷണമെന്നോ പുതിയ രീതിയെന്നോ പറയാനാവില്ല’.
പുതുമ, വ്യത്യസ്തത എന്നൊക്കെയുള്ള   വാക്കുകളെക്കാൾ ചേരുക സദസ്സുമായി സംവദിക്കാൻ സാധ്യമാകുന്ന തരത്തിലുള്ള വികാരവിചാരപ്രകടനം എന്നുള്ളതാകും. എന്നെ സംബന്ധിച്ചിടത്തോളം  കഥാപാത്രങ്ങളുടെ മനസ്സിലൂടെയുള്ള ഒരന്വേഷണയാത്ര, അതാണ്‌ പ്രധാനം. 
ആർക്കിടെക്‌ചറിനോടൊപ്പം ഫോട്ടോഗ്രാഫിയും ജീവിതാവേശമായി കൊണ്ടുനടക്കുന്ന ഭർത്താവ്‌ ഹർഷൻ, എന്റെ വലിയൊരു താങ്ങാണ്‌. അച്ഛനും സഹോദരിയും സഹോദരനും എല്ലാവരും മികച്ച സപ്പോർട്ടുതന്നെയാണ്‌. അമ്മയാണ്‌ ഏറ്റവുംവലിയ പ്രചോദനം. 
കോഴിക്കോട്ട്‌ ചെങ്കളത്തു കുടുംബത്തിലെ  അംഗമായ മീനാക്ഷിയുടെ അമ്മ നിർമല ശ്രീനിവാസൻ നല്ലൊരു അഭിനേത്രികൂടിയാണ്‌. ‘ഒരു ചെറുപുഞ്ചിരി’യിലൂടെ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ സ്നേഹത്തിന്റെ വാടാത്ത പുഞ്ചിരിയായി തുടരുന്ന കലാകാരിയാണവർ. കേന്ദ്രഗവൺമെന്റിന്റെ വിദ്യാഭ്യാസവകുപ്പിൽ ജോയന്റ്‌ സെക്രട്ടറിയായിരുന്ന ശ്രീനിവാസനാണ്‌ മീനാക്ഷിയുടെ അച്ഛൻ.

 

************************
 

സിയോക്സ് ആസ്ട്രാ സ്റ്റാർ
ഈ മാസം വിപണിയിലെത്തിയ ബജറ്റ് ഫോണുകളിലൊന്നാണ് സിയോക്സ് ആസ്ട്രാ സ്റ്റാർ.  അഞ്ചിഞ്ച് ഡിസ്‌പ്ലെയുള്ള ഫോണിൽ 1.3 ജിഗാ ഹെർട്‌സ് ക്വാഡ്കോർ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ജി.ബി.യാണ് റാം. 16 ജി.ബി. ഇന്റേണൽ മെമ്മറിയുണ്ട്. 32 ജി.ബി. വരെയുള്ള എസ്.ഡി കാർഡ് പിന്തുണയ്ക്കും. ആൻഡ്രോയ്‌ഡ് 7.0 ആണ് ഓപ്പറേറ്റിങ്‌ സിസ്റ്റം. 2350 എം.എ.എച്ച്. ബാറ്ററിയുണ്ട്. രണ്ട് സിംകാർഡുകൾ പിന്തുണയ്ക്കുന്നതാണ് സിയോക്സ് ആസ്ട്രാ സ്റ്റാർ. 4 ജി ഫോണാണിത്.