ഇനി ചെന്നൈയിൽ മാർകഴി  മഹോത്സവത്തിന്റെ സംഗീതമഴ പെയ്തുതുടങ്ങും. സംഗീതജ്ഞരുടെ നാദലഹരിയിലും ചിലങ്കയുടെ കിലുക്കത്തിലും ഒരുമാസക്കാലം നഗരത്തിലെ സഭകൾ ഉത്സവലഹരിയിലാകും. മാർകഴി  മഹോത്സവത്തിന്റെ വരവറിയിച്ചു ചില സഭകളിൽ സംഗീതപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതൊരു സാമ്പിൾ വെടിക്കെട്ടു മാത്രമാണ്. വരുംദിനങ്ങളിൽ ആസ്വാദകരെ കാത്തിരിക്കുന്നത് സംഗീത മഹാരഥൻമാരുടെ ആലാപന വിസ്മയവും വാദ്യമേളക്കാരുടെ മാന്ത്രിക വിരൽസ്പർശവുമാണ്. ചിലങ്കയുടെ ശബ്ദവും സഭകളിൽ മുഴങ്ങും. ഊണും ഉറക്കവും മറന്ന് സംഗിതപ്രേമികൾ സഭകളിലേക്കൊഴുകും. വർഷങ്ങളായി ചെന്നൈയുടെ ഡിസംബർ മാസം ഇതാണ്. മഞ്ഞുപോലെ സംഗീതവും മനസ്സിലേക്ക് ഉൻമേഷവും സാന്ത്വനവും കുളിർമയുമായി കടന്നെത്തുന്ന കാലം.  കച്ചേരികൾക്ക് തുടക്കമായെങ്കിലും ഡിസംബർ 15-ഓടെയായിരിക്കും സഭകൾ പൂർണതോതിൽ സജീവമാകുക. ജനുവരി പകുതിവരെ നീണ്ടു നിൽക്കുന്ന സംഗീത-നൃത്ത പരിപാടികളിൽ മലയാളികൾ ഉൾപ്പെടെയുള്ള കലാകാരൻമാർ അണിനിരക്കുന്നുണ്ട്. 
   കലണ്ടർ പ്രകാരം മാർകഴി മാസം എത്താൻ ഇനിയുമുണ്ട് ഏതാനും ദിവസങ്ങൾ. എന്നാണ്ണൽ ഇതിനൊന്നും കാത്തിരിക്കാൻ സഭകൾക്ക് നേരമില്ല. കാരണം സംഗിതവും നൃത്തവും അവതരിപ്പിക്കാൻ പ്രഗല്ഭരുടെ നീണ്ട നിരതന്നെയുണ്ട്. കലാകാരൻമാരുടെ പട്ടിക നാലുമാസം മുമ്പുതന്നെ തയ്യാറാക്കി. നടത്തിപ്പിനുള്ള മറ്റു ഒരുക്കങ്ങളും. കുട്ടികൾ മുതൽ പ്രഗല്ഭർക്കുവരെ അവസരം നൽകേണ്ടതിനാൽ ഇതിനുള്ള സമയം ക്രമീകരിക്കാനായാണ് നേരത്തേതന്നെ പരിപാടികൾ ആരംഭിക്കുന്നത്. കൂടാതെ വയലിനും വീണയും പുല്ലാങ്കുഴലും മൃദംഗവും ഉൾപ്പെടയുള്ള വാദ്യോപകരണങ്ങളിലെ അഗ്രഗണ്യൻമാർക്കും അവതരണത്തിന് ഇടം കൊടുക്കണം. ഒപ്പം കൂടെ ലയിച്ചുപാടാനായി എത്തുന്ന വയോധികരും കുട്ടികളുമുൾപ്പെടെയുള്ള ആസ്വാദകരുടെ ആകാംക്ഷകൂടി കണക്കിലെടുക്കണം. എല്ലാവരെയും തൃപ്തിപ്പെടുത്തി പരിപാടി വിജയപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പലപ്പോഴും പല സഭകളും കലാപരിപാടികൾക്ക് നേരത്തേ തുടക്കമിടുന്നതെന്നാണറിയുന്നത്. 
 സംഗിതത്തോടൊപ്പം നടനകലയ്ക്കുമുണ്ട് മാർകഴി  മഹോത്സവത്തിൽ സ്ഥാനമെങ്കിലും  നൃത്തത്തെക്കാൾ പലപ്പോഴും ആസ്വാദകവൃന്ദം അധികമുണ്ടാകുക കച്ചേരികൾക്കാണ്. കച്ചേരി ആസ്വദിക്കാൻ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുംവരെ ആളുകൾ മാർകഴി  മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. വിദേശത്തു താമസിക്കുന്ന സംഗീതപ്രേമികളായ തമിഴ്‌നാട്ടുകാർക്കും  ഡിസംബർ പൊതുവേ അവധിക്കാലമായതിനാൽ കച്ചേരിക്കെത്താൻ കൂടുതൽ സൗകര്യമാണ്. കേരളത്തിൽ നിന്നുൾപ്പെടെ പലസ്ഥലങ്ങളിൽനിന്നും അവിടത്തെ പരിപാടികൾക്ക് കച്ചേരി അവതരിപ്പിക്കാൻ മികച്ച ഗായകരെ തേടിപ്പിടിക്കാൻ പലരും മാർകഴി ക്കാലത്ത് എത്താറുണ്ട്. മാർകഴി  മഹോത്സവത്തിന് ദൂരദേശങ്ങളിൽനിന്ന്‌ എത്തുന്നവർക്ക് ഹോം സ്റ്റേ സൗകര്യങ്ങൾ സജ്ജമായിക്കഴിഞ്ഞു. സഭകളിൽ പ്രത്യേക കാന്റീനുകളും റെസ്റ്റാറന്റുകളും തുറക്കും. ചെന്നൈയിലെ ചെറുതും വലുതുമായ നൂറോളം സഭകളിൽ രണ്ടായിരത്തിലേറെ കലകാരൻമാരാണ് ഇത്തവണ അവതരണവുമായി രംഗത്തുള്ളത്. ജൂനിയർ, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നിങ്ങനെ കലാകാരൻമാരെ തരം തിരിച്ചാണ് വേദി നൽകുക. 
ഗായകരും സഭകളും തമ്മിലുള്ള പല വിട്ടുവീഴ്ചകളും ഒത്തുകളികളും ഈ മഹത്തരമായ സംഗീതോത്സവത്തിന്റെ വിശ്വാസ്യതയ്ക്ക് അൽപ്പമെങ്കിലും മങ്ങലേൽപ്പിക്കുന്നുണ്ടെന്ന ആരോപണങ്ങൾ കഴിഞ്ഞ കുറച്ചുവർഷമായി ഉയർന്നുകേൾക്കുന്നുണ്ട്. കച്ചേരി അവതരിപ്പിക്കുന്ന ഭൂരിഭാഗം ഗായകർക്കും മാന്യമായ പ്രതിഫലം സഭകൾ നൽകാറുണ്ട്. എന്നാൽ സഭകൾക്ക് പണംകൊടുത്ത് വേദിയിൽ സ്ഥാനംപിടിക്കുന്ന ഗായകരും അടുത്തകാലത്തായി സഭകളിലുണ്ടെന്നാണ് സംഗീതരംഗത്തു പ്രവർത്തിക്കുന്ന ചിലരുടെ അഭിപ്രായം. ഇങ്ങനെ സഭകളെ സ്വാധീനിച്ച് കച്ചേരി നടത്തുകയും ഈ അവസരം ഭാവിയിൽ പ്രയോജനപ്പെടുത്തി തിളങ്ങുന്നവരും ഉണ്ടെന്നാണ് പറയപ്പെടുന്നത്. സംഗീതം എന്ന മഹത്തായ കലയെ കച്ചവടവത്കരിക്കാനുള്ള ശ്രമങ്ങളുമായി എത്തുന്നവരും ധാരാളം.

മാർകഴിയിൽ മനംകവർന്ന്

മാർകഴിയിലെ 
സർഗവസന്തം 
നഗരം മാർകഴി ആവേശത്തിലേക്ക് ഉണരുമ്പോൾ കലാഹൃദയമുള്ള മലയാളികൾ വെറുതെയിരിക്കുന്നില്ല. കലാസ്വാദനത്തിന്റെ വേറിട്ട അനുഭവുമായി മലയാളി മാർകഴി മഹോത്സവം ‘സർഗം -2018’ രണ്ടാം പതിപ്പ് വരവായി. ആശാൻ മെമ്മോറിയൽ സ്കൂളിൽ ജനുവരി 12 മുതൽ 14 വരെ മൂന്നുദിവസമാണ് കലാ-സാംസ്കാരിക സംഘടനയായ ആശ്രയയുടെ ആഭിമുഖ്യത്തിൽ ‘സർഗം-18’ സംഘടിപ്പിക്കുന്നത്. ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ സഹകരണത്തോടെയാണ്‌  പരിപാടി.  കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പൈതൃകം തമിഴിലേക്കു കൊണ്ടുവരികയാണ് മലയാളി മാർകഴിയുടെ ലക്ഷ്യമെന്ന്‌ സംഘാടകർ പറയുന്നു.
ആദ്യവർഷം ലഭിച്ച പ്രതികരണമാണ് രണ്ടാം പതിപ്പിനുള്ള പ്രചോദനമെന്ന്‌ സർഗം-18 ജനറൽ കൺവീനർ പി.എ. സുരേഷ് കുമാർ പറയുന്നു. ഒരു സ്പോൺസേർഡ് പരിപാടി എന്നതിനപ്പുറം ജനകീയസംരംഭമായി നടത്തുന്നുവെന്ന പ്രത്യേകതയയും മലയാളി മാർകഴി മഹോത്സവത്തിനുണ്ട്. വലിയ പണച്ചെലവുവരുന്ന പരിപാടിക്കുവേണ്ടി വലിയതുക മുതൽ വളരെ ചെറിയതുക വരെ ആളുകൾ നൽകുന്നു. വാഹനങ്ങൾ വിട്ടുതരിക, ഭക്ഷണം നൽകുക തുടങ്ങിയ സഹായവും വലിയ കൈത്താങ്ങാകുന്നു. അതിനാൽതന്നെ ഇത് മലയാളികൂട്ടായ്മയുടെ വിജയമായി തീർന്നിരിക്കുകയാണ്.
പോസ്റ്റർ ഡിസൈൻ മത്സരം 
പോസ്റ്റർ ഡിസൈൻ മത്സരത്തിലൂടെയാണ് സർഗം-18 പരിപാടികൾക്ക് തുടക്കംകുറിക്കുക. പരിപാടിയുടെ പ്രചാരണാർഥം നടത്തുന്ന മത്സരമാണിത്. പോസ്റ്റർ തയ്യാറാക്കാനുള്ള വിഷയം ഡിസംബർ പകുതിയോടെ നൽകും. വിജയികളാകുന്നവർക്ക് കാഷ് അവാർഡ് അടക്കമുള്ള സമ്മാനങ്ങൾ നൽകും. തിരഞ്ഞെടുക്കുന്ന 25 പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്യും. 

 

ഒന്നാം ദിവസം (ജനുവരി 12)
സമയം വൈകീട്ട് 6.30 മുതൽ
 
മിഴിവേകും പ്രദർശനങ്ങൾ 
തിരഞ്ഞെടുക്കപ്പെട്ട ചെന്നൈയിലെ കലാകാരന്മാർ വരച്ച ചിത്രപ്രദർശനത്തിനൊപ്പം പോസ്റ്റർ മത്സരത്തിൽനിന്നുള്ള സൃഷ്ടികളും പ്രദർശിപ്പിക്കും. കാരിക്കേച്ചർ പ്രദർശനം, വന്യജീവി ഫോട്ടോപ്രദർശനം എന്നിവയും ഒരുക്കും. കാരിക്കേച്ചർ പ്രദർശനത്തിൽ ഇടുക്കി രാജാക്കാട് ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റോസ് മരിയ സെബാസ്റ്റ്യൻ വരച്ച കാരിക്കേച്ചറുകൾ സ്ഥാനംപിടിക്കും. ഇതിൽ കേരളത്തിലെ 140 എം.എൽ.എ.മാരുടെയും കാരിക്കേച്ചറുകളുമുണ്ടാകും. വന്യജീവി ഫോട്ടോഗ്രഫിയിലെ ശ്രദ്ധേയ സ്ത്രീസാന്നിധ്യമായ സീമാ സുരേഷ് ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ഫോട്ടോപ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയിലെ നാടകപ്രവർത്തനങ്ങളുടെ നാൾവഴി വിവരിക്കുന്ന പ്രദർശനവുമുണ്ടാകും. ചെന്നൈയിൽ അവതരിപ്പിച്ച നാടകങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും പത്രവാർത്തകളും പഴയകാല നോട്ടീസുകളും മറ്റുമാണ് പ്രദർശിപ്പിക്കുന്നത്. ഷൊർണൂർ രവിയുടെ ശേഖരങ്ങളാണിവ.
കർണാടക സംഗീതവിരുന്ന് 
സംഗീതപ്രേമികൾക്ക് സന്തോഷംപകരുന്ന കർണാടക സംഗീതവിരുന്ന് സർഗം-18 ആദ്യദിനത്തിന്റെ മറ്റൊരു ആകർഷണമാണ്. സ്വരമാധുരിയിൽ വിസ്മയം തീർക്കുന്ന ഗായകദമ്പതികളായ കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും ചേർന്നൊരുക്കുന്ന കച്ചേരിയോടെ സംഗീതപരിപാടികൾക്ക് തുടക്കമാകും. 
 
പുസ്തകമേള, കോലമെഴുത്ത് മത്സരം 
 
മലയാളം അടക്കമുള്ള പുസ്തകങ്ങളുമായി പുസ്തകമേളയും ആദ്യദിവസം തന്നെ ഒരുക്കും. കേരളത്തിൽനിന്നുള്ള പ്രസാധകരുടെ അടക്കം പുസ്തകങ്ങൾ മേളയിൽ ലഭ്യമായിരിക്കും. ഐശ്വര്യസൂചകമായി കണക്കാക്കുന്ന കോലങ്ങൾ തമിഴ് സംസ്കാരത്തിന്റെ ഭാഗമാണ്. വർഷങ്ങളായി ചെന്നൈയിൽ കഴിയുന്ന മലയാളികൾക്കും കോലങ്ങൾ അപരിചിതമല്ല. കോലമെഴുത്ത് മത്സരവും സർഗം-18 ന്റെ ഭാഗമായി നടക്കും. 
 
രണ്ടാംദിവസം (ജനുവരി 13)
സമയം: വൈകീട്ട് മൂന്നുമുതൽ
 
മാപ്പിളകലകൾ 
മുസ്‌ലിം ഗൃഹസദസ്സുകളിൽ അവതരിപ്പിക്കപ്പെട്ടിരുന്ന മാപ്പിള കലാരൂപങ്ങൾ മലയാളി മാർകഴി മഹോത്സവത്തിന്റെ മാറ്റുകൂട്ടും. ജാതി-മത-സാമുദായിക അതിരുകൾക്കപ്പുറം പ്രചാരം ലഭിച്ച മാപ്പിളകലകൾ അടുത്തറിയുന്നതിനും  ആസ്വദിക്കുന്നതിനും രണ്ടാം ദിവസം സൗകര്യം ഒരുക്കുന്നു. വി.പി. ഷൗക്കത്ത് അലി മാപ്പിളകലകളെ പരിചയപ്പെടുത്തും. മഹാകവി മൊയ്തീൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിലെ കലാകാരന്മാർ കോൽക്കളി, അറബനമുട്ട്, ദഫ്മുട്ട് എന്നിവ അവതരിപ്പിക്കും. ചെന്നൈയിൽനിന്നുതന്നെയുള്ളവരുടെ ഒപ്പന, മാപ്പിളപ്പാട്ട് എന്നിവയും അരങ്ങേറും. 
 
അനുഷ്ഠാനകലകൾ
ഗദ്ദിക, തെയ്യം എന്നീ അനുഷ്ഠാനകലകൾ ചെന്നൈയിലെ കലാസ്വാദകർക്ക് ഉണർവുപകരും. വയനാട് ജില്ലയിലെ ഗോത്രവിഭാഗത്തിന്റെ അനുഷ്ഠാനകലയാണ് ഗദ്ദിക. 
 ചെന്നൈ മലയാളികൾക്ക് തികച്ചും അപരിചിതമായിരിക്കുന്ന ഈ കലാരൂപം ആസ്വാദകർക്ക് പരിചയപ്പെടുത്തുന്നു. വയനാട് പി.കെ. കാളൻ സ്മാരക ഗോത്രകലാ അക്കാദമിയിൽനിന്നുള്ള പി.കെ. കരിയനും സംഘവുമാണ് ഗദ്ദിക അവതരിപ്പിക്കുന്നത്. 
 വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള തെയ്യവും മാർകഴി നാളുകളിൽ ചെന്നൈയിലെത്തും. കൊയിലാണ്ടി നാണു ആശാനും സംഘവുമാണ് തെയ്യക്കോലം കെട്ടിയാടുന്നത്.
 
മൂന്നാം ദിവസം (ജനവരി 14)
സമയം: രാവിലെ 10 മുതൽ
 
സംഗീത, നൃത്തപരിപാടികൾ
സംഗീതത്തെക്കുറിച്ചുള്ള ടോക് ഷോ അവസാനദിവസം നടക്കും. മലയാളിമനസ്സുകൾ കവർന്ന പിന്നണിഗായിക വൈക്കം വിജയലക്ഷ്മി, നാടൻപാട്ട് കലാകാരൻ സി.ജെ. കുട്ടപ്പൻ, കർണാടക സംഗീതജ്ഞൻ അജയ് നമ്പൂതിരി എന്നിവർ പരിപാടിയിൽ പങ്കെടുക്കും. സംവാദത്തിനൊപ്പം  വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ കച്ചേരിയുമുണ്ടായിരിക്കും.
 പതിനെട്ട് വാദ്യോപകരണങ്ങളിൽ വൈദഗ്ധ്യം തെളിയിച്ച പത്താംക്ലാസ് വിദ്യാർഥി മൈക്കിൾ ജോ ഫാൻസിസ് അവതരിപ്പിക്കുന്ന ഫ്യൂഷൻ ബാൻഡ് പരിപാടി സദസ്സിനെ പിടിച്ചിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
  ഡ്രം, ഇടയ്ക്ക, ചെണ്ട, പിയാനോ, റിഥംപാഡ്, ഗിറ്റാർ, വയലിൻ തുടങ്ങിയ ഉപകരണങ്ങൾ വായിക്കും. പ്രമുഖ നർത്തകി നീന പ്രസാദ് നൃത്തവിദ്യാർഥികളുമായും അനുഭവം പങ്കുവയ്ക്കും. ഇവരുടെ നേതൃത്വത്തിൽ പ്രത്യേക നൃത്തപരിപാടിയും നടത്തും. 

മാർകഴിയിൽ മനസ്സാസ്മരാമി 

കേരളത്തിനും മലയാളഭാഷയ്ക്കും വലിയ സംഭാവനകൾ നൽകിയ നവോത്ഥാന നായകരെക്കുറിച്ചുള്ള പ്രത്യേകപരിപാടിയാണ് മാർകഴിയിൽ മനസ്സാസ്മരാശി. ശ്രീനാരായണ ഗുരു, അയ്യങ്കാളി, കുമാരനാശാൻ, കുഞ്ഞാലി മരയ്ക്കാർ, പഴശ്ശിരാജ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയവരുടെ ജീവിതമാണ് നാടകരൂപത്തിൽ പ്രത്യേക ദൃശ്യാവിഷ്കാരത്തോടെ  അവതരിപ്പിക്കുന്നത്. ചെന്നൈയിലെ നാടക കലാകാരന്മാർ പരിപാടിക്ക്‌  നേതൃത്വം നൽകും. 

 

------------------------------------------------------------------

മാറ്റത്തിന് സാക്ഷിയായി

വി. ഹരിലാൽ 
അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ദക്ഷിൺ റെയിൽവേ എംപ്ലോയീസ് യൂണിയൻ

നഗരത്തിന്റെ വികസനംമൂലം തുറസ്സായ സ്ഥലങ്ങളും അവശേഷിച്ചിരുന്ന പച്ചപ്പും ബഹുനിലമന്ദിരങ്ങൾക്ക് വഴിമാറിക്കൊടുത്തു. സിനിമാതിയേറ്ററുകൾ പലതും വാണിജ്യ സമുച്ചയങ്ങളുമായി മാറി. സ്വകാര്യ ആസ്പത്രികൾ പെട്ടിക്കടകൾപോലെ  മുളച്ചുപൊങ്ങി. നിരത്തിൽ അങ്ങോളമിങ്ങോളം ചീറിപ്പാഞ്ഞിരുന്ന മഞ്ഞയും കറുപ്പും വർണങ്ങൾ കലർന്ന ടാക്സികൾക്കുപകരം കാൾടാക്സികൾ നിലയുറപ്പിച്ചു. മനുഷ്യനെ മനുഷ്യൻ വലിച്ചുകൊണ്ടുപോയിരുന്ന കൈറിക്ഷയിൽനിന്ന് ഇന്ന് വികസനം മെട്രോ തീവണ്ടിയിലെത്തി നിൽക്കുന്നു. 
1990-ൽ ആരംഭിച്ച ഉദാരീകരണനയങ്ങളുടെ ഭാഗമായി ചെറുകിടസ്ഥാപനങ്ങൾ പലതും ചെന്നൈയിൽ പൂട്ടപ്പെട്ടതും കാളിമാർക്ക് എന്ന ശീതളപാനീയകമ്പനിയെ കൊക്കകോള വിഴുങ്ങുന്നതും കാണാൻ കഴിഞ്ഞു. 
ഒന്നോ, രണ്ടോ വൈകാരിക സന്ദർഭങ്ങളൊഴികെ മലയാളികൾക്ക് പൊതുവേ ചെന്നൈ നഗരം ഒരു സുരക്ഷിതതാവളമായിരുന്നു. ഊഷ്മളമായ സുഹൃദ്‌ ബന്ധവും സൗഹൃദാന്തരീക്ഷവും നിലനിർത്തുന്നതിൽ തമിഴ് ജനത അതിതത്പരരായിരുന്നു. മറ്റുസംസ്ഥാനങ്ങളിൽ തങ്ങളും ഭാഷാന്യൂനപക്ഷമാണെന്ന തിരിച്ചറിവ് സൗഹൃദത്തിലേക്ക് നയിച്ചുകാണും. 2015-ലെ പ്രളയക്കെടുതിയിൽ മലയാളിസമൂഹം ഒന്നടങ്കം നൽകിയ അകമഴിഞ്ഞ സഹായവും ദുരിതാശ്വാസപ്രവർത്തനവും ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‌ കാരണമായി.
ഇന്ന് ചെന്നൈയിലേക്കുള്ള മലയാളികളുടെ ഒഴുക്ക് പലകാരണങ്ങളാലും കുറഞ്ഞു. ഉന്നതവിദ്യാഭ്യാസം, ഐ.ടി.മേഖല, ചികിത്സ എന്നീ തുറകളിലായി ചുരുങ്ങി.  ഒരു കാലഘട്ടത്തിൽ ചെന്നൈ നഗരത്തിൽ നിറസാന്നിധ്യമായിരുന്ന ആംഗ്ലോ ഇന്ത്യൻസമൂഹം ഏതാണ്ട് അപ്രത്യക്ഷമായികൊണ്ടിരിക്കയാണ്. ആ സ്ഥാനത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റം ഗണ്യമായി വർധിച്ചു.
പലതും മാറിയെങ്കിലും മാറാത്തതായി പലതും നിലനിൽക്കുന്നു. കുടിവെള്ളക്ഷാമം പണ്ടെന്നപോലെ ഇന്നും തുടരുന്നു. ചെറിയ മഴയ്ക്കുപോലും വെള്ളക്കെട്ടുണ്ടാക്കുന്ന ദുരിതം ചെറുതല്ല. മാലിന്യനിർമാജനത്തിലെ അശാസ്ത്രീയത ഒരു തീരാപ്രശ്നമായി അഭംഗുരം തുടരുന്നു. 
സാംസ്കാരികമായ പലചടങ്ങുകൾക്കും ഇന്നും മാറ്റമില്ല. കാതുകുത്തും ഋതുമതിയാകുന്ന അവസരവും ഇവിടെ വൻ ആഘോഷങ്ങളാണ്. മരണപ്പെട്ട വ്യക്തിക്ക് ആത്മശാന്തി നൽകാൻ എന്നപേരിൽ വിലാപയാത്രയ്ക്കുമുന്നിലെ നൃത്തം അന്നത്തെപോലെ ഇന്നും തുടരുന്നു. അങ്ങനെ ഒരേസമയത്ത് ആകർഷണീയവും അനാകർഷണീയവുമായ നഗരമാണ് ഞാനറിഞ്ഞ ചെന്നൈ. 

 

--------------------------------------------------------------

ലോക്കല്‍ റൗഡിയായി നിവിന്‍

നവാഗതനായ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ പ്രദർശനത്തിനൊരുങ്ങി. റൊമാന്റിക് ഹീറോയിൽനിന്ന് മാറി നെഗറ്റീവ് ഷേഡോഡുകൂടിയ ലോക്കൽ റൗഡിയായിട്ടാണ് നിവിൻ ചിത്രത്തിലെത്തുന്നത്.  2014-ൽ പുറത്തിറങ്ങിയ രക്ഷിത് ഷെട്ടി നായകനായ ‘ഉളിദവരു കണ്ടംതേ’ എന്ന കന്നഡ സിനിമയുടെ റീമേക്കാണ് റിച്ചി.
നിവിൻ പോളി നായകനായ നേരത്തിന്റെ തമിഴ്പതിപ്പിനും മലയാളചിത്രം പ്രേമത്തിനും തമിഴകത്തുകിട്ടിയ സ്വീകാര്യത റിച്ചിക്ക് ഗുണമാകുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവർത്തകർ.മുറുക്കിച്ചുവപ്പിച്ച്, മീശപിരിച്ച് നിവിന്റെ കലിപ്പ് ലുക്ക് ഇതിനോടകംതന്നെ കോളിവുഡിൽ ചർച്ചയായി കഴിഞ്ഞു. ടൈറ്റിൽ കഥാപാത്രത്തിന്റെ പുത്തൻരൂപവും സീനുകളിൽ നിറഞ്ഞുനിൽക്കുന്ന മാസ് ഡയലോഗുകളും തിയേറ്ററിൽ കൈയടി നിറയ്ക്കുമെന്ന വിശ്വാസത്തിലാണ് സംവിധായകൻ ഗൗതം രാമചന്ദ്രൻ. തന്റെ ആദ്യ ചിത്രത്തിന് ഒരു ക്രൈം ഡ്രാമയെന്ന ടാഗ് ലൈൻ നൽകാമെന്ന് ഗൗതം പറയുന്നു.
നിവിൻ പോളിയെ നെഗറ്റീവ് ഷേഡുള്ള നായകനാക്കുന്നതിനുപിന്നിൽ വലിയൊരു വെല്ലുവിളിയില്ലേ?
ഓരോ ചിത്രത്തിനും അതിന്റെതായ വെല്ലുവിളികൾ ഉണ്ട്. പ്രേക്ഷകർ സ്ഥിരം കണ്ടതും പ്രതീക്ഷിക്കുന്നതുമായ ഒരു നിവിനെയല്ല ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നോട്ടുപോകുകയെന്നത്  ഒരു നടനെ സംബന്ധിച്ചെടുത്തോളം ഗുണംചെയ്യുന്ന കാര്യമാണ്. നിവിൻ അത്തരത്തിലുള്ള കഥാപാത്രങ്ങളുമായി സഹകരിക്കാൻ തയ്യാറുള്ള വ്യക്തിയാണ്. വേറിട്ട മുഖം പ്രേക്ഷകർ സ്വീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.
കന്നഡയിൽ പ്രദർശനവിജയം നേടിയിട്ടില്ലാത്ത സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാൻ കാരണം?
ഒരുപാടുപേർ എന്നോട് ചോദിച്ച ചോദ്യമാണിത്. കന്നഡയിൽ ചിത്രം വേണ്ടരീതിയിൽ സ്വീകരിക്കാതെ പോയത് എന്തുകൊണ്ടാണെന്നറിയില്ല. സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ലെങ്കിലും സിനിമയുടെ പ്രമേയം കാഴ്ചക്കാർക്കിടയിൽ അന്ന്  ചർച്ചയായിരുന്നു. ചിത്രത്തിൽ പ്രേക്ഷകസ്വീകാര്യത ലഭിക്കുന്ന ഒരുപാട് കാര്യങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട്. കഥയിലും അവതരണത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തി മാസും-ക്ലാസും ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ മുന്നിൽകണ്ടാണ് ചിത്രം പുനരവതരിപ്പിച്ചിരിക്കുന്നത്.
തമിഴ്സിനിമയിൽ നായകനായൊരു മലയാളിതാരം. എന്താണ് അങ്ങനെയൊരു തീരുമാനം?
എന്റെ ആദ്യ സിനിമ തമിഴിൽ തന്നെയാകണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു, നിവിൻ പോളിയുമായി നാലുവർഷത്തെ പരിചയമുണ്ട്. ആദ്യംമുതൽ ഞങ്ങൾ ചർച്ചചെയ്തതും തമിഴ് സിനിമയ്ക്കുവേണ്ടിയുള്ള കഥയായിരുന്നു. അതിനിടയിലാണ് ‘ഉളിദവരു കണ്ടംതേ’ എന്ന കന്നഡസിനിമ ഞാൻ കാണുന്നത്. അതിലെ കഥാപാത്രത്തെക്കുറിച്ച് നിവിനോട് സംസാരിച്ചു. പടം കണ്ടപ്പോൾ നിവിനും ഇഷ്ടമായി. കഥാപാത്രത്തന് നെഗറ്റീവ് ഷേഡ് ഉണ്ടെങ്കിലും സിനിമചെയ്യാമെന്ന് സമ്മതിച്ചു. പിന്നീട് ഒരു വർഷത്തോളമെടുത്താണ് തിരക്കഥ പൂർത്തിയാക്കുന്നത്. മലയാളിയാണെങ്കിലും തമിഴകത്തും നിവിൻ പോളിക്ക് ഒരുപാട് ആരാധകരുണ്ട്.
റിച്ചിയുടെ അണിയറവിശേഷങ്ങൾ?
തൂത്തുക്കുടി, കുറ്റാലം, മണ്ണപ്പാട്ടി, കൊൽക്കത്ത എന്നിവിടങ്ങളിലെല്ലാംവെച്ചാണ് ചിത്രം പൂർത്തിയാക്കിയത്. ഇരുപതുദിവസംകൊണ്ട് ചിത്രീകരിച്ച സിനിമയുടെ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കുന്നത് രണ്ടുമാസമെടുത്താണ്. നിവിൻതന്നെയാണ് കേന്ദ്രകഥാപാത്രത്തന് ശബ്ദം നൽകിയത്. തിരക്കഥയുടെ ഓരോ ചർച്ചകളിലും ആദ്യാവസാനം നിവിൻ പങ്കാളിയായിരുന്നു. മാസ് ചിത്രമെന്നു പറയുമ്പോഴും ആക്ഷന് ചിത്രത്തിൽ അമിതപ്രാധാന്യമില്ല. പ്രകാശ് രാജ്, നടരാജൻ, സുബ്രഹ്മണ്യൻ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. ശ്രദ്ധ ശ്രീനിവാസാണ് നായിക