കുറച്ചു ബഹളമുണ്ടാക്കുകയല്ലാതെ ചെറുപ്പക്കാർക്കൊക്കെ എന്ത് ഓണാഘോഷമെന്നു പറയാൻ വരട്ടെ. ഓണത്തെക്കുറിച്ചു ചെന്നൈയിലെ മലയാളി യുവജനങ്ങൾക്ക്‌ ചിലതുപറയാനുണ്ട്. ജോലിക്കും പഠനത്തിനുമൊക്കെയായി നാടുവിട്ടാലും ഞങ്ങളും നല്ല ഒന്നാംതരം മലയാളികളാണെന്നു തെളിയിക്കുന്ന തരത്തിലാണ് ഇവർ ഇവിടെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. 

ചെന്നൈയിലെ ചെറുപ്പക്കാരുടെ ഓണവിശേഷങ്ങളിതാ

ഐ.ടി. ഓണം

കോളജ് കാമ്പസുകളിൽ മാത്രമല്ല ചെന്നൈയിലെ ഐ.ടി. കാമ്പസുകളിലും ഓണം എത്തും. ഇൻഫോസിസ് അടക്കമുള്ള പല കമ്പനികളിലും മലയാളി ഐ.ടി. പ്രൊഫഷണലുകൾ ചേർന്ന് ഓണാഘോഷങ്ങൾ നടത്താറുണ്ട്. എന്നാൽ, ഇതിനു വ്യത്യസ്തമായി എല്ലാ പല ഐ.ടി. കമ്പനികളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിച്ചുകൊണ്ടു നടത്തുന്ന ഓണാഘോഷമാണ് ചെന്നൈ പൂരം. രണ്ടു വർഷമായി വിജയകരമായി ഓണാഘോഷം നടത്താൻ ചെന്നൈ പൂരത്തിന്റെ സംഘാടകർക്കു കഴിഞ്ഞു. കഴിഞ്ഞദിവസം നടന്ന ‘ചെന്നൈ പൂരം-’17’ൽ 500-ൽ അധികം ഐ.ടി.ക്കാർ പങ്കെടുത്തു. ഒരോ വർഷം കഴിയുന്തോറും കൂടുതൽ വിപുലപ്പെടുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ഇവർ പറയുന്നു.
ഒരുദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഓണം ആഘോഷമാക്കാൻ വേണ്ടി നടത്തുന്നത്. ഉദ്ഘാടന മഹാമഹം, പ്രസംഗ കസർത്തുകൾ എന്നിവ പാടേ ഒഴിവാക്കിക്കൊണ്ടുള്ള കൂടിവരവാണ് തങ്ങളുടെ ലക്ഷ്യമെന്നു പൂരത്തിന്റെ സംഘടകരിൽ ഒരാളായ കിരൺ പറയുന്നു. നഗരത്തിലെ മലയാളി സംഘടനകളുടെ ഓണം പരിപാടികളിൽ നിന്നു ഐ.ടി. ഓണാഘോഷം വ്യത്യസ്തമാകുന്നതും ഇതു കൊണ്ടാണ്‌. ഐ.ടി.ക്കാർക്കിടെയിലെ കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തുക എന്ന ഒരു ലക്ഷ്യം കൂടി ഈ ഓണാഘോഷത്തിനുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്,  സംഗീത പരിപാടി എന്നിവയൊക്കെ ഐ.ടി. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്നു.

സദ്യയൊരുക്കാൻ
കഴിയാത്ത വിഷമം​


ഓണത്തിനു വീട്ടിലെത്തുമ്പോൾ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പാതിപിന്നിട്ടിട്ടുണ്ടാകും. അതിനാൽ പാചകത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല. അതൊരു വിഷമമാണെന്നു കെ.എസ്. കൃഷ്ണ പറയുന്നു. നാട്ടിൽ തിരുവോണത്തിനുള്ള ഒരു സദ്യ കൊണ്ടുമാത്രം ഓണാഘോഷം തീരുന്നില്ല. ഭക്ഷണം കഴിച്ചുമടുക്കുന്ന ദിവസങ്ങളാകും ഒരോ ഓണക്കാലവും. ഇതൊക്കെ മറുനാട്ടിലാകുമ്പോൾ നഷ്ടമാകുന്നുവെന്നു കൃഷ്ണ പറഞ്ഞു. ചെന്നൈയിൽ മലയാളികളല്ലാത്തവർപോലും ഓണം വരാൻ കാത്തിരിക്കുന്നതു വലിയൊരനുഭവമാണെന്നാണ് ആഷിത പറയുന്നത്. ഇത്തവണ ഓണത്തിനെന്താ സ്പെഷ്യലെന്നു മലയാളി കുടുംബങ്ങളോട് അയൽക്കാർ ചോദിക്കുന്നു കേൾക്കാം. ഇതൊക്കെ നാട്ടിൽ കാണാത്ത കാര്യങ്ങളാണ്. ഓണത്തിന്റെ നന്മകളാണിതെന്നും ആഷിത കൂട്ടിച്ചേർക്കുന്നു. ആഘോഷങ്ങളിലൊന്നും വലിയ താത്പര്യമില്ലെങ്കിലും ഓണം സന്തോഷം നൽകുന്ന അനുഭവമാണെന്നാണ് ആദ്യം അഭിപ്രായം പറയാൻ മടിച്ചുനിന്ന അമിതിന് പറയാനുള്ളത്. അഭിപ്രായങ്ങളും അഭിപ്രായഭിന്നതകളുമായി മുന്നേറിയ ഓണ വെടിവെട്ടം അവസാനിപ്പിച്ചത് ലക്ഷ്മിയുടെ ഓണപ്പാട്ടോടുകൂടിയായിരുന്നു. ‘പൂവിളി പൂവിളി പൊന്നോണമായി...’ എന്നു തുടങ്ങുന്ന പാട്ട് ഒപ്പംപാടി സുഹൃത്തുകൾ രംഗം കൊഴുപ്പിച്ചു. ചർച്ചയുടെ അവസാനം മലയാളവിഭാഗം മേധാവി ഡോ. പി.എം. ഗിരീഷും സഹ അധ്യാപകൻ ഡോ. എം.കെ. സന്തോഷും എത്തിയതോടെ കൂടിച്ചേരലിന്‌ പൂർണതയായി. പിന്നെ അവിടെ സെൽഫികളുടെ പൂരമായിരുന്നു. 

******************************
ലൊയോളയിൽ ഓണാഘോഷത്തിന്റെ 
പത്താംവർഷികം

ലൊയോള കോളേജിൽ മലയാളിവിദ്യാർഥികളുടെ നേതൃത്വത്തിൽ ഓണാഘോഷം ആരംഭിച്ചിട്ടു പത്തുവർഷം പിന്നിട്ടു. ഹാർലി ഡേവിസൻ ബൈക്ക് ഓടിച്ചെത്തുന്ന മാവേലിയുള്ള തനി ന്യൂജൻ ഓണാഘോഷം സംഘടിപ്പിക്കാൻ ഇവർക്കു കഴിയും. മലയാളികുടുംബം എന്നപേരിൽ മലയാളികളായ വിദ്യാർഥികളുടെ കൂട്ടായ്മ രൂപവത്‌കരിച്ചാണ് ഇവിടെ ഓണാഘോഷം നടത്തുന്നത്. ലൊയോളയിൽ പഠിക്കാനെത്തുന്ന എല്ലാ മലയാളിവിദ്യാർഥികളെയും മലയാളി കുടുംബത്തിൽ ചേർക്കുകയാണ് പതിവ്. ചെന്നൈയിലെ ഏറ്റവും ആദ്യത്തെ ഓണാഘോഷവും ലൊയോള മലയാളി കുടുംബത്തിന്റെ വകയായിരിക്കും.
തിരുവോണത്തിന്‌ വിദ്യാർഥികൾ നാട്ടിൽ പോകുന്നതിനാൽ അതിനു മുൻപായിരിക്കും ലൊയോളയിലെ ആഘോഷം. ഓണത്തിനുമുൻപ് എത്തുന്ന പൊതുഅവധിദിവസം എന്ന നിലയിൽ കഴിഞ്ഞ കുറച്ചുവർഷമായി വിനായക ചതുർഥിദിനത്തിലാണ് ഇവിടെ ആഘോഷം നടക്കുക. 
  ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന തയ്യാറെടുപ്പുകൾക്ക് ഒടുവിലാണ് ആഘോഷം. സദ്യയ്ക്ക് അടക്കം ചെലവാകുന്ന പണം വിദ്യാർഥികൾ തന്നെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ചെന്നൈയിലെ അറിയപ്പെടുന്ന മലയാളികളിൽ ഒരാളായിരിക്കും മുഖ്യാതിഥി. 
 നടനും ലൊയോള കുടുംബത്തിലെ മുൻ അംഗവുമായിരുന്ന കാളിദാസനായിരുന്നു ഇത്തവണ അതിഥി. 

*******************************
കേട്ടോ.. ഞങ്ങൾക്കുമുണ്ട് ഓണം 
മറീന കടൽക്കരയ്ക്ക്‌ സമാന്തരമായി കാമരാജർശാലയിൽ കൂടി പാഞ്ഞുപോകുന്നതിനിടെ ഒന്നുനിന്നാൽ കേൾക്കാം ചില ഓണവിശേഷങ്ങൾ. വടംവലിയിൽ കരുത്തുകാട്ടിയ മലയാളി മങ്കമാരും അധ്യാപകനെ കണ്ണുകെട്ടിച്ച് ഓടിച്ച പുരുഷകേസരികളുമാണ് മദിരാശിയിലെ ഓണം ഓർമകൾ പങ്കുവെയ്ക്കുന്നത്. ഇതൊക്കെ ഓണത്തിന്റെ ഒരോ തമാശകളല്ലേ, മാഷേ എന്നുപറഞ്ഞ് അവർ കണ്ണിറുക്കുമ്പോൾ, അതേ... അതേ.... എന്നു പറായാനെ ആർക്കും കഴിയൂ. മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിലെ ഒരു കൂട്ടം വിദ്യാർഥികൾ ഓണവിശേഷങ്ങളുമായി കാമ്പസിൽ ഒത്തുകൂടുകയായിരുന്നു. ഏഴുവർഷമായി ചെന്നൈയിലെ ഓണാഘോഷങ്ങൾക്കു സാക്ഷ്യംവഹിക്കുന്നവർ മുതൽ ഇവിടെ ആദ്യമായി ഓണത്തിന്‌ തയ്യാറാകുന്നവർ വരെ ഈ കൂട്ടത്തിലുണ്ട്...

സാറിനെ കണ്ണുകെട്ടിയോടിച്ചേ...
സംഭവം നടന്നത് ഏഴുവർഷം മുൻപാണ്. ഇപ്പോൾ മലയാളവിഭാഗം മേധാവിയായ ഡോ. പി.എം. ഗിരീഷാണ് അന്നുനടന്ന ഓണാഘോഷത്തിൽ കുട്ടികൾക്കൊപ്പം കണ്ണുകെട്ടി ഓടിയത്. പൊതുവേ ഗൗരവക്കാരനായ സാറിന്റെ ഓട്ടം കണ്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ലെന്ന്‌ ഗവേഷണവിദ്യാർഥിയായ സി. ഹുസൈൻ പറയുന്നു. മറ്റൊരു അധ്യാപകനായ ഡോ. ജയപ്രസാദിന് സുന്ദരിയ്ക്ക്‌ പൊട്ടുതൊടീലിൽ ഒന്നാം സ്ഥാനം കിട്ടിയത് വെളിപ്പെടുത്തിയപ്പോഴും കൂട്ടത്തിലാകെ ചിരിപടർന്നു. ഇതാണു മദ്രാസ് സർവകലാശാല മലയാളം വിഭാഗം ഓണാഘോഷത്തിന്റെ പ്രത്യേകതയെന്നു വിദ്യാർഥികൾ പറയുന്നു. അധ്യാപകർപോലും വിദ്യാർഥികൾക്കൊപ്പം കൂടി ഓണാഘോഷം അക്ഷരാർഥത്തിൽ സമത്വത്തിന്റെ ഉത്സവമാക്കി മാറ്റും.

പഴമക്കാർക്ക് പറയാനുള്ളത് 
ഗവേഷണവിദ്യാർഥികളായ പി. ഷിനു, സി. ഹുസൈൻ, കെ.പി. ജുബിഷ എന്നിവർ ചെന്നൈയിൽ ഓണമുണ്ണാൻ തുടങ്ങിയിട്ടു കുറച്ചുകാലമായി. അഞ്ചുവർഷത്തിലേറെയായി സർവകലാശാലയിലെ ഓണാഘോഷത്തിന്റെ ഭാഗമാണ് ഇവർ. ഇവിടെ തന്റെ ഏഴാമത്തെ ഓണാഘോഷമാണാണെന്ന്‌ ഹുസൈൻ പറയുന്നു. ഉറങ്ങിക്കിടന്ന ഓപ്പൺ വിൻഡോ എന്ന വിദ്യാർഥിക്കൂട്ടായ്മയെ സജീവമാക്കിയത് 2010-ൽ നടത്തിയ ആഘോഷമാണെന്നും ഹുസൈൻ ഓർമിക്കുന്നു. നാട്ടിലെപ്പോലെ ആഘോഷമായി തന്നെ ഇവിടെയും ഓണത്തെ വരവേൽക്കുന്ന ശീലം കഴിഞ്ഞ അഞ്ചുവർഷമായി കൈവിട്ടിട്ടില്ലെന്നു ജുബിഷ പറയുന്നു. നാട്ടിലെ ഒരു കാമ്പസിൽ കാണുന്നതിനെക്കാൾ ആവേശം ഇവിടെയുണ്ടെന്നും ജുബിഷ കൂട്ടിച്ചേർത്തു. ഓണാഘോഷം ഇത്രയും നീളുന്നതു വലിയൊരനുഭവമാണെന്നാണ്‌ ഷിനുവിനു പറയാനുള്ളത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ ഡിസംബർ വരെ തുടരുകയാണിവിടെ. തിരുവോണത്തിനു മാസങ്ങൾ കഴിഞ്ഞും ആവേശം നശിക്കാതെ ഓണം ആഘോഷിക്കുന്ന പ്രവാസികളെ കാണുന്നതു വലിയ സന്തോഷമാണെന്ന് ഷിനു പറയുന്നു. 

ഒരുങ്ങുന്ന നവാഗതർ
ചെന്നൈയിലെ ഓണാഘോഷത്തിൽ ആദ്യമായി പങ്കെടുക്കുന്നവരാണ് സി. അർച്ചന, അശ്വിത കൃഷ്ണ, കെ.ആർ. നിഷ, അരുൺ സാബു, ലക്ഷ്മി ശ്രീകുമാർ എന്നിവർ. നാടിനുപുറത്തെ ഓണാഘോഷം എങ്ങനെയായിരിക്കുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണിവർ. അത്തം നാളിൽ പൂക്കളമിട്ടുകൊണ്ടാണ്‌ നാട്ടിൽ ആഘോഷിക്കുന്നത്. ഇവിടെ ഇത്തരം ഒരു ആഘോഷം കാണാൻ സാധിക്കാത്തതിലുള്ള പരിഭവമാണ് അർച്ചനയ്ക്ക്‌ പുയാനുള്ളത്. നാടുമായി താരതമ്യം ചെയ്യുമ്പോൾ ആഘോഷങ്ങൾ കുറവല്ലേയെന്നാണ് അശ്വിതയുടെ ചോദ്യം. ഓണത്തിനു നാട്ടിൽപോകാതെ ചെന്നൈയിലെ ഓണം ഒന്നു കണ്ടുകളയാമെന്നു തീരുമാനിച്ചിരിക്കുകയാണു താനെന്നു അരുൺ പറയുന്നു. കേരളത്തിൽ ഓണം വലിയ കൗതുകമൊന്നുമുണർത്തുന്നില്ലെങ്കിലും ചെന്നൈയിൽ അങ്ങനെയല്ലെന്നാണു ലക്ഷ്മിയുടെ നിരീക്ഷണം. സൈറ്റ് സാരി ധരിച്ചെത്തുമ്പോൾ വിശേഷങ്ങൾ ചോദിച്ചെത്തുന്ന മറ്റു ഭാഷക്കാരായവരുടെ മുഖത്ത്‌ തെളിയുന്ന ആകാംക്ഷയും കൗതുകവും കാണേണ്ടതാണെന്നു ലക്ഷ്മി പറയുന്നു. 

ഇതൊക്കെയെന്ത് 
പറഞ്ഞുപറഞ്ഞ് ചെന്നൈയിലെ ഓണാഘോഷം കേരളത്തെ മറികടക്കുന്നുവെന്നു കണ്ടപ്പോൾ ‘ക്ഷുഭിതയൗവനമായ’ ശരത് ചന്ദ്രൻ ഉയർത്തെഴുന്നേറ്റു. പന്തുകളിയും വള്ളംകളിയുമൊക്കെ ടി.വി.യിൽ കാണുന്നതും നേരിട്ടുകാണുന്നതും പോലുള്ള വ്യത്യാസമുണ്ട് കേരളത്തിലെയും മറുനാടുകളിലെയും ഓണാഘോഷമെന്നാണു ശരത് ചന്ദ്രന്റെ അഭിപ്രായം. ‘കേരളത്തിൽ എല്ലാവരും സ്വാഭാവികമായി ഓണാഘോഷത്തിലൂടെ കടന്നുപോകുകയാണ്. ചെന്നൈയിൽ അടക്കം മറ്റിടങ്ങളിൽ സമയത്തിനും സൗകര്യത്തിനും അനുസരിച്ചു ഓണത്തെ സൃഷ്ടിക്കുകയാണു ചെയ്യുന്നത്’- ശരത് വാദിക്കുന്നു. ‘അതൊക്കെ ശരിതന്നെ’. എന്നാലും ആ ടി.വി. പരാമർശം കുറച്ചു കടുത്തുപോയില്ലേയെന്നു ഹുസൈൻ സംശയിച്ചു. എന്നാൽ കേരളത്തിലെ ആഘോഷവുമായി താരതമ്യവുമായി ‘ഇതൊക്കെയെന്ത്’ എന്നനിലപാടിൽ ശരത് ഉറച്ചുനിന്നു.

കട്ടുതിന്നാൻ പറ്റാത്ത ഓണം
ഓണമായിട്ടു കുറച്ച് ഉപ്പേരിയും ശർക്കരവരട്ടിയുമൊക്കെ കട്ടുതിന്നാൻ പറ്റുന്നില്ലല്ലോയെന്നതാണ് രഞ്ജന ജൂലിയസ് നേരിടുന്ന പ്രതിസന്ധി. തിരുവോണദിനത്തിലേക്കു അമ്മയുണ്ടാക്കിയവെയ്ക്കുന്ന ഉപ്പേരി കട്ടുതിന്നുന്ന സന്തോഷം നേരിട്ടുവാങ്ങിക്കഴിച്ചാൽ കിട്ടത്തില്ലെന്ന് ഇപ്പോഴാണു മനസ്സിലാകുന്നതെന്നും രഞ്ജന പറയുന്നു. പണം നൽകി എത്ര പൂക്കൾ വാങ്ങിയാലും തൊടിയിലെ പൂവുകൾ കൂടിയില്ലാതെ പൂക്കളമൊരുക്കാൻ തനിക്കു കഴിയില്ല. ഇതൊക്കെ പ്രവാസി ആഘോഷത്തിൽ നഷ്ടമാകുകയാണ്. ഇതേസമയം തന്റെ ജീവിത്തിലെ ഏറ്റവും നല്ല ഓണാഘോഷം കഴിഞ്ഞവർഷം ചെന്നൈയിൽ വന്നതിനുശേഷമുള്ള ഓണമായിരുന്നുവെന്ന് ബിനീറ്റ ചാൾസ് പറയുന്നു. പാട്ടും കലാപരിപാടികളുമൊക്കെയായി വിപുലമായി തന്നെ ഓണം ആഘോഷിക്കാൻ സാധിച്ചു. ഇത്തവണയും ഇങ്ങനെയൊരു ഓണത്തിനാണ് ഒരുങ്ങുന്നത്.

വടംവലിയിൽ 
കരുത്തുകാട്ടാനുറച്ച്

വനിതാ വടംവലിയിൽ മദ്രാസ് സർവകലാശാലയിലെ നിലവിലെ ചാംപ്യന്മാരാണ് തങ്ങളെന്ന്‌ ട്രീസാ തോമസ് പറഞ്ഞു. കഴിഞ്ഞതവണ ഓണാഘോഷത്തിൽ സാമ്പത്തികശാസ്ത്ര വിഭാഗത്തിലെ ടീമിനെ വീഴ്ത്തി ജേതാക്കളായ തങ്ങൾ ഇത്തവണയും കരുത്തുകാട്ടുമെന്നാണു ട്രീസയുടെ പ്രഖ്യാപനം. മുൻപു മലയാളവിഭാഗം മാത്രമായിട്ടായിരുന്നു ഓണാഘോഷം നടത്തിയിരുന്നതെങ്കിൽ കഴിഞ്ഞവർഷം സർവകലാശാല മൊത്തമായി ഓണാഘോഷം സംഘടിപ്പിക്കുകയായിരുന്നു. ഇത്തവണയും ഇതേവിധത്തിൽ ആഘോഷമുണ്ടാകും. ഇതുകൂടാതെ മലയാളവിഭാഗത്തിന്റെ മാത്രമായ ആഘോഷവുമുണ്ട്. അതിനാൽ രണ്ട് ഓണാഘോഷത്തിന് ഒരുങ്ങുകയാണെന്നാണ് ഇവർ പറയുന്നത്.