സുനീഷ് ജേക്കബ് മാത്യു 
ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് 30 റൺസ് തികച്ചാൽ അർധ സെഞ്ചുറി നേടിയെന്നാണ്‌ പറഞ്ഞിരുന്നത്. കാരണം ബാക്കി 20 റൺസ് ഫീൽഡിയിലൂടെയായിരിക്കും അദ്ദേഹം തന്റെ ടീമിനു സമ്മാനിക്കുക. ഒാരോ കളിയിലും എതിർ ടീമിന്റെ 20 മുതൽ 30 വരെ റൺസെങ്കിലും ഫീൽഡിങ് മികവിലൂടെ തടയാൻ റോഡ്‌സിനു കഴിഞ്ഞിരുന്നു. മദ്രാസ് ക്രിക്കറ്റ് ക്ലബ്ബ് അടക്കം രാജ്യത്തെ പ്രമുഖ ടീമുകളിൽ കണ്ണൂർ സ്വദേശി സി.കെ. പ്രജേഷിനു ലഭിച്ചിരുന്നത് ഇതേ സ്ഥാനമായിരുന്നു. അതിനാൽതന്നെ ജോണ്ടിയെന്ന വിളിപ്പേരും കിട്ടി. പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ സാക്ഷാൽ ജോണ്ടി റോഡ്‌സുമായി നേരിട്ടൊരു കൂടിക്കാഴ്ച സാധ്യമായതിന്റെ ആഹ്ലാദത്തിലാണ് പ്രജേഷിപ്പോൾ.
കളിക്കാരൻ, സംഘാടകൻ, പരിശീലകൻ എന്നീ പല വേഷങ്ങളിൽ ക്രിക്കറ്റിനുവേണ്ടി നിറഞ്ഞുനിൽക്കുന്ന ഈ ചെറുപ്പക്കാരന്റെ ക്രിക്കറ്റ് ജീവിതം മൈതാനത്ത് പന്ത് കൈപ്പിടിയിലാക്കുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല. കണ്ണൂർ ജില്ലയിലെ ചക്കരക്കലിലെ പ്രാരബ്ധം നിറഞ്ഞ കുടുംബത്തിൽ പിറന്ന പ്രജേഷിന് െപ്രാഫഷണൽ ക്രിക്കറ്റ് വെറും സ്വപ്നം മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രതിസന്ധികൾ കരിനിഴൽ വീഴ്ത്തിയ നാളുകളിലും കളി കൈവിടാൻ മനസ്സുവന്നില്ല. ഒടുവിൽ കൈത്താങ്ങായി മുൻ ക്രിക്കറ്റ് താരം ജെ.കെ. മഹീന്ദ്ര എത്തിയതോടെ എല്ലാം കലങ്ങിത്തെളിയുകയായിരുന്നു. 

17 വർഷം മുൻപു ജെ.കെ.യുടെ നേതൃത്വത്തിൽ നടത്തിയ മലബാർ ക്രിക്കറ്റ് അക്കാദമിയിലൂടെ െപ്രാഫഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പ്രജേഷ് ഇപ്പോൾ മുൻ ഓസ്‌ട്രേലിയൻ താരവും ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ ക്രിക്കറ്റ് ടീമുകളുടെ പരിശീലകനുമായിരുന്ന ഡേവ് വാട്ട്‌മോറിനൊപ്പം സഹപരിശീലകനായി ചെന്നൈയിൽ പ്രവർത്തിക്കുകയാണ്. 

മലബാർ ക്രിക്കറ്റ് അക്കാദമിയിലൂടെയുള്ള തുടക്കത്തിനുശേഷം ജെ.കെ.യ്ക്കൊപ്പം ചെന്നൈയിലേക്ക് വരുകയായിരുന്നു. ഇവിടെ നടന്ന ജെ.കെ. ആൻഡ് തേജസ് ക്രിക്കറ്റ് ക്യാമ്പിൽ പങ്കെടുക്കുമ്പോഴാണ് പ്രജേഷിന്റെ കഴിവുകൾ തിരിച്ചറിയുന്നത്.

ഓസ്‌ട്രേലിയൻ പേസ് ബൗളർ 
ഇയാൻ ക്യാലൻ നേതൃത്വം നൽകിയ ക്യാമ്പിൽ 
െവച്ചായിരുന്നു ജോണ്ടി എന്ന വിളിപ്പേര് ലഭിച്ചത്. 

ഓൾ റൗണ്ട് മികവ് പ്രകടിപ്പിച്ച പ്രജേഷ് കൂടുതൽ തിളങ്ങിയതു ഫീൽഡിങ്ങിലായിരുന്നു. ചോരാത്ത കൈകളുമായി പോയിന്റിൽ നിലയുറപ്പിക്കുന്ന പ്രജേഷിനെ മറികടന്നു പന്ത് ബൗണ്ടറിയിലേക്കു പായിക്കാൻ ബാറ്റ്‌സ്‌മാന്മാർക്ക് അത്ര എളുപ്പമായിരുന്നില്ല. 

ഫീൽഡിങ്ങിലെ മികവുകണ്ടു മുൻ ഇന്ത്യൻതാരം 
സയ്യിദ് കിർമാനിയും ജോണ്ടിയെന്നു വിളിച്ചു. 
ഒരേയൊരു ദിവസത്തെ പരിശീലനം കൊണ്ടായിരുന്നു കിർമാനിയുടെ മനം കവർന്നത്.

 ക്ലബ്ബുകൾക്കുവേണ്ടി കളിച്ചുകൊണ്ടു ചെന്നൈയിൽ ചുവടുറപ്പിച്ച പ്രജേഷ് എല്ലാ സംരംഭത്തിലും ജെ.കെ.യ്ക്ക് ഒപ്പമുണ്ടായിരുന്നു. കാലം കടന്നുപോയതോടെ കളിക്കാരൻ എന്ന നിലയിൽനിന്ന്‌ പരിശീലകന്റെ റോളിലേക്കു മാറുകയായിരുന്നു. പല ക്യാമ്പുകളിലും ഫീൽഡിങ് കോച്ചായി പ്രവർത്തിച്ചു. ശ്രീരാമചന്ദ്ര സർവകലാശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച സെന്റർ ഫോർ സ്പോർട്‌സ് സയൻസിൽ (സി.എസ്.എസ്.) ഡേവ് വാട്ട്‌മോറിനൊപ്പം പ്രവർത്തിക്കുകയാണ്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം 
ജോണ്ടി റോഡ്‌സുമായി കൂടിക്കാഴ്ച നടത്താൻ 
സാധിച്ചുവെന്നതു ജീവിതത്തിലെ ഏറ്റവും 
അവിസ്മരണീയമായ നിമിഷമായിരുന്നെന്ന് 
പ്രജേഷ് പറയുന്നു. 

ഐ.പി.എൽ. മത്സരത്തിനിടെ തമ്മിൽ കണ്ടിട്ടുണ്ടെങ്കിലും ഒരുമിച്ചിരുന്ന്‌ സംസാരിക്കാനും തന്റെ വിളിപ്പേരും മറ്റു കഥകളും പങ്കുവയ്ക്കാനും സാധിച്ചത് ഇപ്പോഴാണ്. കഥ കേട്ട് പ്രജേഷിനെ കെട്ടിപ്പിടിച്ച റോഡ്‌സ് പരിശീലകനെന്ന നിലയിലുള്ള ഇപ്പോഴത്തെ പ്രവർത്തനത്തെ കുറിച്ചും ചോദിച്ചു. 
റോഡ്‌സുമായി നടത്തിയ കൂടിക്കാഴ്ച പോലെതന്നെ ജീവിതത്തിൽ ഏറ്റവും അധികം സന്തോഷം നൽകുന്ന കാര്യമാണു അടുത്ത സുഹൃത്തുകൂടിയായ ശ്രീശാന്തിന്റെ വിലക്ക് നീക്കിയ കോടതി വിധിയെന്നും പ്രജേഷ് പറഞ്ഞു. ദേശീയ താരമായില്ലെങ്കിൽ തന്നെ ക്രിക്കറ്റിന്റെ ഭാഗമായി നിൽക്കാൻ കഴിയുന്നതു വലിയ കാര്യമാണ്. പല പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും തനിക്ക് അതിനു സാധിച്ചുവെന്നു പ്രജേഷ് സാക്ഷ്യപ്പെടുത്തുന്നു. ഒരു പരിശീലകനായി മുന്നോട്ടു പോകുകയാണു തന്റെ ലക്ഷ്യം. അതിനായുള്ള പ്രയത്നം തുടരുമെന്നും പ്രജേഷ് കൂട്ടിച്ചേർത്തു. 
പരേതനായ വി. കുഞ്ഞിരാമനാണു പ്രജീഷിന്റെ അച്ഛൻ. അമ്മ: ശാന്ത.

*******************************
കൊസപ്പേട്ടിലെ 
കണ്ണൻമാർ

 

കെ.കെ.സുരേഷ് കുമാർ

ഭക്തരുടെ മനസുകളിൽ ആഘോഷത്തിന്റെ അലയടിയാണ് ശ്രീകൃഷ്ണ ജയന്തി. ക്ഷേത്രങ്ങളും ബാലഗോകുലങ്ങളും ഈ ആഘോഷത്തിനായി തയ്യാറെടുപ്പുകൾ തുടങ്ങുന്നതിനും മുമ്പ്  കൊസപ്പേട്ടയിലെ തെരുവുകൾ ഉണരും. ശ്രീകൃഷ്ണ ജയന്തിയ്ക്ക് ഒരു മാസം മുമ്പ്്് ഉണ്ണിക്കണ്ണന്റെ രൂപങ്ങൾ നിർമിക്കാൻ തുടങ്ങുകയാണു പതിവ്. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. അതിനാൽ കൊസപ്പേട്ട തെരുവ് ഉണ്ണിക്കണ്ണന്മാരെ കൊണ്ടു നിറഞ്ഞു കഴിഞ്ഞു.

കളിമണ്ണിലും പേപ്പറുകൾ അരച്ചുണ്ടാകുന്ന 
മിശ്രിതം കൊണ്ടുമാണു 
കൊസപ്പേട്ട് ശ്രീകൃഷ്ണ രൂപങ്ങൾ 
നിർമിക്കുന്നത്.  

ചെറു പ്രതിമകൾ മുതൽ 12 അടി ഉയരത്തിലുളള ശ്രീകൃഷ്ണ പ്രതിമകൾ വരെ നിർമിക്കും. നഗരത്തിൽ ശ്രീകൃഷ്ണ ജയന്തി നാളികൾ ഘോഷയാത്രകളിലും വീടുകളിലെ ആഘോഷങ്ങളിലുമെല്ലാം ഈ പ്രതിമകളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി ശ്രീകൃഷ്ണ ‘വിഗ്രഹങ്ങൾ’വാങ്ങാൻ എത്തുന്നവരുടെ എണ്ണം വർധി്ച്ചിട്ടുണ്ടെന്ന് പ്രതിമകൾ തയ്യാറാക്കുന്നവർ പറയുന്നു.
ശ്രീകൃഷ്ണ ജയന്തി മാത്രമല്ല ഗണേശോത്സവം, നവരാത്രി തുടങ്ങിയ ആഘോഷ വേളകളിലും കൊസപ്പേട്ട് നിർമിച്ച പ്രതിമകളും വിഗ്രഹങ്ങളും നഗരമെങ്ങും വിറ്റു പോകും. 

ഒരു നുറ്റാണ്ടുകാലമായി വ്യത്യസ്ത  
ആഘോഷങ്ങൾക്കു വേണ്ടി പ്രതിമകളും  
വിഗ്രങ്ങളും നിർമിക്കുന്ന 
ഒരു വലിയ സമൂഹം കൊസപ്പേട്ടുണ്ട്. 

തലമുറകൾ കൈമാറി വന്ന കരവിരുതാണ് ഇവർക്ക് ഈ കളിമൺ വിഗ്രഹ നിർമാണം. മുൻപുണ്ടായിരുന്നതു പോലെ പുതിയ തലമുറ ഇതിലേക്കു കടന്നു വരുന്നതു കുറഞ്ഞുവെങ്കിലും ഇവിടെുളള കുശവ കുടുംബത്തിലെ ഒരാളെങ്കിലും കുലത്തൊഴിലിൽ മുന്നോട്ടു കൊണ്ടു പോകുന്നവരാണ്. 

വിഗ്രഹങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്നതിന് അനുസരിച്ചു ആന്ധ്രാപ്രദേശിൽ നിന്ന് 
തൊഴിലാളികളെ കൊണ്ടു വന്നും 
ഇവിടെ നിർമാണം നടക്കുന്നുണ്ട്. 
ഭക്ഷണവും താമസവും ദിവസകൂലിയും 
നൽകിയാണ് ഇവരെ ഇവിടെ
പണിയെടുപ്പിക്കുന്നത്.

 അതിനാൽ ചെലവും കൂടുതലാണ്. അതിന്റെ ഭാഗമായി  പ്രതിമകളുടെ വിലയും കൂടുന്നു. ഭക്തർ മുൻ കാലങ്ങളിൽ നിന്ന് വിപുലമായി ആഘോഷിക്കുന്നതിനാൽ വിഗ്രഹങ്ങളുടെ ആവശ്യക്കാർ കൂടുതലാണ്. അതുകൊണ്ടു തന്നെ എറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന കാലം  കൂടിയാണിത്.
പരിസ്ഥിതി നിയമങ്ങൾ പാലിച്ചുകൊണ്ടാകണം നിർമാണം. വിഗ്രഹങ്ങൾ നിർമിക്കാനുളള ചെങ്കൽചൂളകൾ പരിസ്ഥിതി നിയമ പ്രകാരം ആഴ്ചയിൽ രണ്ടു ദിവസം മുമ്പ് മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയു. മാത്രമല്ല കളിമൺ പ്രതിമയെക്കാൾ ഭക്തർക്ക് ഇപ്പോൾ ാത്പര്യം ഭാരം കുറഞ്ഞ പേപ്പർ അരച്ചുണ്ടാക്കിയ പ്രതിമകളാണെന്നും പ്രതിമ നിർമാതാക്കൾ പറയുന്നു. ആഘാഷത്തിന്റെ നിറവിൽ തങ്ങളുടെ അധ്വാനം പലപ്പോഴും ആരും അറിയാറില്ലെന്ന് കഴിഞ്ഞ പത്ത് വർഷമായി പ്രതിമകൾ നിർമിക്കുന്ന ജയരാമൻ പറയുന്നു.
     മുൻ കാലങ്ങളിൽ ചെറിയ പ്രതിമകൾക്കായിരുന്നു പ്രിയം. 25 വർഷം മുമ്പ് രണ്ട് രൂപയ്ക്കായിരുന്നു കളിമൺ പ്രതിമ വില്പന നടത്തിയിരുന്നത്. ഇപ്പോൾ 50 രൂപയായി. വലിയ പ്രതിമകൾക്ക് 200 രൂപയും വിലയായി. പ്രതിമകളുടെ നിർമാണം ലാഭകരമാണെങ്കിലും അല്ലെങ്കിലും ഈ ജോലി പുണ്യമായി കരുതുന്നവരാണ് ഇവിടെയുളളവരിൽ മിക്കവരും,. ഈ തൊഴിലില്ലെങ്കിൽ മറ്റൊരു ജോലി ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നു കൊസപ്പേട്ടയിൽ 25 വർഷമായി ശ്രീകൃഷ്ണ പ്രതിമ നിർമിക്കുന്ന ശകുന്തള പറഞ്ഞു. ഇതൊരു പുണ്യ കർമമാണെന്നും മുടക്കരുതെന്നുമാണു പൂർവികർ പറഞ്ഞു നൽകിയിരിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. ഒരിക്കലെങ്കിലും  കൊസപ്പേട്ട് സന്ദർശിച്ചവർക്ക് ഇതൊരു അതിശോക്തിയായി തോന്നില്ല. കാരണം അത്ര സൂക്ഷമതയോടും ഭക്തിയോടും കൂടിയാണ് ഇവിടെ ഇവർ പ്രതിമ നിർമാണ നടത്തുന്നത്.

********************************
രോഗങ്ങൾ പിന്തുടർന്ന ചെന്നൈ ജീവിതം

സുപ്രഭാ ചന്ദ്രൻ 
വെസ്റ്റ് സെയ്ദാപ്പേട്ട്

മൂന്നുപതിറ്റാണ്ടുമുൻപ്‌ കൊല്ലത്തുള്ള ജോലി ഉപേക്ഷിച്ചാണ് ചെന്നൈയിലെത്തുന്നത്. മഹാബലി പുരത്തുള്ള റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചുകൊണ്ട്‌  ചെന്നൈ ജീവിതം ആരംഭിച്ചു. തികച്ചും ഗ്രാമീണമായ അന്തരീക്ഷമായിരുന്നു മഹാബലിപുരത്ത് അന്നുണ്ടായിരുന്നത്. പല്ലവന്മാരുടെ കാലത്തുനിർമിച്ച തുറമുഖപട്ടണമായ മഹാബലിപുരത്തിന്‌  കാലപ്പഴക്കത്തിലും മാറ്റുകുറയാത്തത് അദ്‌ഭുതപ്പെടുത്തി. ചെന്നൈ ജീവിതത്തെക്കുറിച്ചുള്ള ഓർമകളിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് രോഗങ്ങളാണെന്നതാണ്‌ വാസ്തവം.
പാരമ്പര്യമായി ലഭിച്ച ആസ്ത്‌മരോഗമായിരുന്നു ആദ്യ തലപൊക്കിയത്. മഹാബലിപുരത്ത് അന്ന് കാര്യമായ ചികിത്സാസൗകര്യങ്ങളൊന്നുമില്ല. അതിനാൽ പൂനമല്ലി ഹൈറോഡിലുള്ള ഒരു സ്ഥാപനത്തിലേക്ക് ജോലിമാറി. തുശ്ചമായ വേതനമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ,  ദിവസം 12 മുതൽ 16 വരെ മണിക്കൂറുകൾവരെ ജോലി ചെയ്യേണ്ടിവന്നു. ഇതെല്ലാം സഹിച്ച്‌ മുന്നോട്ടുപോകുമ്പോൾ ഹൃദ്രോഗം പിടികൂടി. ഉടൻ ബൈപ്പാസ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ വിധിയെഴുതി. രണ്ടുലക്ഷം രൂപയായിരുന്നു ഇതിനുവേണ്ടിയിരുന്നത്. അന്നത്തെ കാലത്ത് അത്‌ വലിയ തുകയായിരുന്നു. 
പിന്നീട് കുടലിറക്കം, രക്തസമ്മർദം, പ്രമേഹം തുടങ്ങി ഒട്ടേറെ രോഗങ്ങൾ പിടിമുറുക്കി. ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽനിന്നുലഭിക്കുന്ന സൗജന്യ വൈദ്യസഹായം കൊണ്ടാണ്‌ കഴിഞ്ഞുകൂടിയത്.  ഇതിനിടെ സംസാരശേഷി നശിച്ചു. തലയ്ക്കുള്ളിലെ ഞരമ്പുപൊട്ടിയതിനെത്തുടർന്നായിരുന്നു ശബ്ദം നഷ്ടമായത്. ചികിത്സയെത്തുടർന്ന്‌ ശബ്ദം തിരിച്ചുകിട്ടി. കഴിഞ്ഞ രണ്ടുവർഷങ്ങളിലായുണ്ടായ പ്രളയവും വർധ ചുഴലിക്കാറ്റിനെയും കുറിച്ചുള്ള ഓർമകളും ചെന്നൈസ്മരണകളിൽ നിറഞ്ഞുനിൽക്കുകയാണ്. 
 
*******************
സ്നേഹത്തിന്റെയും 
സഹകരണത്തിന്റെയും മറുവാക്ക് 
ജി. രവീന്ദ്രൻ , അമിഞ്ചിക്കര
 
ജീവിതത്തിൽ വ്യത്യസ്ത അനുഭവങ്ങൾ  സമ്മാനിച്ച ചെന്നൈ നഗരത്തിലേക്ക് കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഞാൻ എത്തുന്നത്   1977-ലാണ്. 1974-ൽ കൊൽക്കത്തയിൽ ഒരു കമ്പനിയിൽ ടൈപ്പിസ്റ്റായി ജോലിചെയ്തിരുന്ന കാലം. പട്ടാളക്കാരനായ എന്റെ അമ്മാവൻ ഗോപാലകൃഷ്ണപിള്ള   കൊൽക്കത്തയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു സീനിയർ ഓഫീസർ ചെന്നൈയിൽ  സർവീസിലുണ്ടായിരുന്നു. അദേഹത്തിന്റെ സഹായത്തിലാണ് ചെന്നൈയിലെത്തിയതും പ്രതിരോധവകുപ്പിന്റെ കീഴിലുള്ള കാന്റീനിൽ ജോലികിട്ടിയതും. ആദ്യത്തെ അഞ്ചുവർഷം  സെക്രട്ടേറിയറ്റ്  സ്ഥിതിചെയ്യുന്ന സെയ്‌ന്റ് ജോർജ് ഫോർട്ടിന് സമീപത്ത് തന്നെയായിരുന്നു താമസം. പിന്നീട് സൈദാപ്പേട്ടയിലേക്ക് മാറി. 
ജനുവരി 30-ന് മഹാത്മാഗാന്ധിയുടെ ജന്മദിനസ്മരണ  നടത്തുന്നത് കാന്റീന് സമീപത്തുള്ള പ്രതിരോധവകുപ്പിന്റെ ഗ്രൗണ്ടിൽവെച്ചുതന്നെയായിരുന്നു. മുഖ്യമന്ത്രിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തിരുന്നത്.  മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രൻ, എം. കരുണാനിധി, ജയലളിത എന്നിവരുടെ വ്യക്തിത്വമികവും സംഘാടനമികവും വളരെ അടുത്തുനിന്ന്  വീക്ഷിക്കാനായെന്നുള്ളത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. ഇക്കാലത്ത് സമയംകിട്ടുമ്പോഴെല്ലാം പോകുന്ന സ്ഥലമായിരുന്നു മറീന ബീച്ച്. 
സെന്റർ റെയിൽവേ സ്റ്റേഷന്റെ സമീപത്തുണ്ടായിരുന്ന മൂർ മാർക്കറ്റിൽ പോകുന്നതും പതിവായിരുന്നു. കബളിപ്പിച്ച് പണമുണ്ടാക്കലിൽ എല്ലാ കച്ചവടക്കാരും ഒട്ടും പിന്നിലായിരുന്നില്ല. മൗണ്ട് റോഡിൽ ഫിസ്റ്റൻ എന്ന ഒരു സിനിമാശാലയുണ്ടായിരുന്നു. അവിടെ സ്ഥിരമായി മലയാളം സിനിമ പ്രദർശിപ്പിക്കുമായിരുന്നു. ആ സിനിമാശാല ഇപ്പോൾ ഷോപ്പിങ് സെന്ററാണ്. 
അക്കാലത്ത് വളരെ വിരളമായ സ്ഥലങ്ങളിൽമാത്രമാണ് ടെലിവിഷനുണ്ടായിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ  ഒളിയും ഒലിയും, സിനിമ, മഹാഭാരതം സീരിയൽ എന്നിവ കാണാൻ വീടുകളിൽനിന്ന് 25 പൈസ ഈടാക്കിയിരുന്നു. അക്കാലത്തും ചെന്നൈയിൽ കുടിവെള്ളക്ഷാമം  രൂക്ഷമായിരുന്നു. ഒരു കുടം വെള്ളത്തിന് 10 പൈസയ്ക്കാണ് കുടിവെള്ളത്തിന്റെ ഹാൻഡ് പമ്പിൽനിന്ന്‌ അടിച്ചിരുന്നത്. നീണ്ടനേരം ക്യൂവിൽ നിൽക്കുകയുംവേണം. രണ്ടുകുടങ്ങൾ  തമ്മിൽ കയറുകൊണ്ടുകെട്ടി സൈക്കിളിൽ കഷ്ടപ്പെട്ട് കൊണ്ടുവന്നകാലം ഇപ്പോഴും ഓർക്കുന്നു.
 സൈദാപ്പേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന്‌ മീറ്റർ ഗേജ് സബർബൻ തീവണ്ടിയിൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയും മനസ്സിൽ മായാതെനിൽക്കുന്നു. സെന്റർ റെയിൽവേ സ്റ്റേഷന് പിറകുവശത്തുണ്ടായ കൂവം നദി ഓർമയായി. അന്ന് സെന്റർ റെയിൽവേ സ്റ്റേഷന് അഞ്ച് പ്ലാറ്റ്‌ഫോമുകൾ മാത്രമാണുണ്ടായിരുന്നത്. സെന്റർ റെയിൽവേ സമീപത്തുണ്ടായിരുന്ന മൂർ മാർക്കറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഇപ്പോൾ റെയിൽവേയുടെ തന്നെ  കുറ്റൻകെട്ടിടമായി. ആർക്കോണം, ഗുമുഡിപൂണ്ടി എന്നിവിടങ്ങളിലേക്കുള്ള സബർബൻ തീവണ്ടികൾ പുറപ്പെടുന്നത് ഇവിടെനിന്നാണ്.  
മെട്രോ റെയിൽപ്പാതയുടെ നിർമാണവും പുരോഗമിക്കുകയാണ്. ഗതാഗതക്കുരുക്കില്ലാതെ  വിമാനത്താവളം, ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ, കോയമ്പേട് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പോകാൻ മെട്രോ റെയിൽവേ പാതയിലൂടെ കഴിയും. നെഹ്രുപാർക്കിൽ നിന്നും കോയമ്പേട് ബസ്‌സ്റ്റാൻഡ് വഴി വിമാനത്താവളത്തിലേക്കുള്ള പണിപൂർത്തിയായി. 
 തമിഴ്‌നാട്ടിലെ എല്ലാവരും വളരെ പെട്ടെന്ന് മറ്റുള്ളവരുമായി സൗഹൃദം പുലർത്തുന്നവരും സ്നേഹിക്കുന്നവരുമാണ്. ജന്മനാടിനെ സ്നേഹിക്കുന്നതുപോലെ തന്നെ തമിഴ്‌നാടിനെയും തമിഴ് ജനതയെയും ഞാൻ  സ്നേഹിക്കുന്നു.