ചെന്നൈ: പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐ.സി.എഫ്.) നിര്‍മിക്കുന്ന തീവണ്ടിക്കോച്ചുകളില്‍ പലതിനും ഗുണനിലവാരമില്ലെന്ന് റെയില്‍വേ ബോര്‍ഡ്.

കഴിഞ്ഞവര്‍ഷം ഐ.സി.എഫ്. സ്വന്തം സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലും ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചും നിര്‍മിച്ച 1507 കോച്ചുകളില്‍ 225 എണ്ണം ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മടക്കിയയച്ചു. റെയില്‍വേ ബോര്‍ഡ് അംഗം രവീന്ദ്രഗുപ്ത ഡിസംബര്‍ അവസാനമാണ് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ എസ്. മണിക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്.
 
ഐ.സി.എഫിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച് ഇന്ത്യന്‍ റെയില്‍വേക്ക് കൈമാറിയ 815 കോച്ചുകളില്‍ 147 കോച്ചുകള്‍ പലതരത്തിലുള്ള പോരായ്മകളുള്ളതാണെന്നും അപകട സാധ്യതയുള്ളതാണെന്നും കത്തില്‍ പറയുന്നു. റെയില്‍വേയ്ക്ക് കൈമാറിയ 815 കോച്ചുകളില്‍ 147 എണ്ണം വിവിധതരത്തിലുള്ള തകരാറുകള്‍മൂലം സര്‍വീസിന് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് റെയില്‍വേ സോണുകളില്‍നിന്ന് അറിയിച്ചതായും പറയുന്നുണ്ട്. തീവണ്ടി ഓടിക്കൊണ്ടിയിരിക്കേ അസാധാരണമായ തരത്തില്‍ വലിയ ശബ്ദവും കുലുക്കവും ഉണ്ടാവുന്നത് പ്രധാന പിഴവാണ്. തീവണ്ടി പാളംതെറ്റാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2017-ല്‍ ഐ.സി.എഫില്‍ ജര്‍മന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മിച്ച 692 എല്‍.എച്ച്.ബി. കോച്ചുകളില്‍ 78 എണ്ണം ഉപയോഗിക്കാന്‍ പറ്റാത്തതാണ്. കോച്ചുകള്‍ നിര്‍മിക്കുമ്പോള്‍ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു.

ആറുപേജുള്ള കത്തില്‍ കോച്ചുകള്‍ വിലയിരുത്തിക്കൊണ്ട് വലിയൊരു കുറ്റപത്രംതന്നെ മുന്നോട്ടുവെക്കുന്നുണ്ട്. യഥാസമയം അറ്റകുറ്റപ്പണി നടത്തിയ പാളങ്ങളിലൂടെയാണ് തീവണ്ടി സഞ്ചരിക്കുന്നതെങ്കിലും നിലവാരമില്ലാത്ത ചക്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ പാളംതെറ്റാനുള്ള സാധ്യത കൂടുതലാണ്. മേല്‍ക്കൂരയിലെ ചോര്‍ച്ച, വാട്ടര്‍ ടാങ്കിലെ ചോര്‍ച്ച, വൈദ്യുതീകരണത്തിലെ അപാകം, പൈപ്പ് ലൈനുകളിലെ ചോര്‍ച്ച എന്നിവ നിര്‍മാണഘട്ടത്തില്‍ ഗുണമേന്മ ഉറപ്പുവരുത്താത്തതുമൂലമാണെന്നും പറയുന്നു.
 
ചോരുന്നത് കോടികള്‍

ഐ.സി.എഫിന്റെ ഓരോ കോച്ചും ഉപയോഗശൂന്യമാവുമ്പോള്‍ നഷ്ടമാകുന്നത് കോടികളാണ്. ഒരു എ.സി.കോച്ച് നിര്‍മിക്കാന്‍ രണ്ടരക്കോടി രൂപ ചെലവുവരും. സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, ജനറല്‍ കോച്ചുകള്‍ എന്നിവ നിര്‍മിക്കാന്‍ ഒന്നരക്കോടി രൂപവരെയാണ് ചെലവ്. എല്‍.എച്ച്.ബി. കോച്ചിന് ഒന്നരക്കോടിരൂപമുതല്‍ രണ്ടുകോടിരൂപവരെയാകും. കോടികള്‍ നഷ്ടമാകുമ്പോഴും ഗുണമേന്മയില്ലാത്ത യന്ത്രസാമഗ്രികള്‍ പുറത്തുനിന്ന് വാങ്ങി കോച്ച് സംയോജിപ്പിക്കുന്നത് തുടരുകയാണ്.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


ഐ.സി.എഫില്‍ നിര്‍മിക്കുന്ന കോച്ചുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലഹാനി കഴിഞ്ഞയാഴ്ച എത്തിയിരുന്നു. കോച്ചുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അദ്ദേഹത്തിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട് -ഐ.സി.എഫ്. അധികൃതര്‍