ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ ജനഹിതം വ്യക്തമാക്കുന്നില്ലെന്നും സംഘടിപ്പിക്കുന്നവരുടെ നിലപാടാണ് സര്‍വേ ഫലത്തില്‍ തെളിയുന്നതെന്നും ഡി.എം.ഡി.കെ. നേതാവ് വിജയകാന്ത് പറഞ്ഞു. 'സംഘടിപ്പിക്കുന്നവര്‍ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സര്‍വേ ഫലങ്ങള്‍ വളച്ചൊടിക്കുന്നു. ഈ സര്‍വേകള്‍ അംഗീകരിക്കാനാവില്ല'.

1967-ല്‍ അണ്ണാദുരൈ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചതുപോലെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി ഇരു ദ്രവീഡിയന്‍ പാര്‍ട്ടികളുടെ ഭരണത്തിനും അന്ത്യം കുറിക്കുമെന്ന് വിജയകാന്ത് പറഞ്ഞു. 'തമിഴ്‌നാട്ടില്‍ ഇനി കൂട്ടുകക്ഷി ഭരണമാണ് വരാന്‍പോവുന്നത്. ഏകപാര്‍ട്ടി ഭരണത്തിന് ഇതോടെ അന്ത്യമാവും'.

അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ അഴിമതിക്കെതിരെ പറയുന്നത് കേള്‍ക്കാന്‍ രസമുണ്ടെന്ന് വിജയകാന്ത് പറഞ്ഞു. കോണ്‍ഗ്രസ്-ഡി.എം.കെ. മുന്നണിയുടെ അടിത്തറ അഴിമതിയാണെന്ന് വിജയകാന്ത് ആരോപിച്ചു.