ചെന്നൈ: രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കെ എം.ഡി.എം.കെ. നേതാവ് വൈകോ ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി. 2006-ല്‍ ഡി.എം.കെ.യുമായുള്ള സഖ്യം അവസാനിപ്പിച്ചതിനുശേഷം ആദ്യമായിട്ടാണ് വൈകോ ഇവിടെയെത്തുന്നത്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വൈകോയെ സ്റ്റാലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഒരുവര്‍ഷം മുന്‍പ് വരെ കരുണാനിധിയെയും സ്റ്റാലിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന വൈകോ ഇപ്പോള്‍ ഇരുവരെയും പുകഴ്ത്തുന്നത് പതിവാക്കിയിരിക്കുകയാണ്. ഇതോടെ ഡി.എം.കെ. സഖ്യത്തില്‍ എം.ഡി.എം.കെ.യുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. ആര്‍.കെ. നഗര്‍ തിരഞ്ഞെടുപ്പോടെയാണ് എം.ഡി.എം.കെ. യ്ക്കും ഡി.എം.കെ.യ്ക്കുമിടയിലെ അകലം കുറഞ്ഞത്. ഡി.എം.കെ. സ്ഥാനാര്‍ഥി മരുതു ഗണേഷിന് പിന്തുണ പ്രഖ്യാപിച്ച വൈകോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. പിന്നീട് ബസ് നിരക്കുവര്‍ധനയ്‌ക്കെതിരേ ഡി.എം.കെ. നേതൃത്വത്തില്‍ നടത്തിയ പ്രതിപക്ഷ സമരത്തിന്റെ മുന്‍നിരയില്‍ വൈകോയുണ്ടായിരുന്നു.

സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാന്‍ സാരഥിയായി പ്രവര്‍ത്തിക്കുമെന്ന് താന്‍ കരുണാനിധിക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്നാണ് അന്ന് വൈകോ പറഞ്ഞത്. ബസ് നിരക്ക് വര്‍ധനയ്‌ക്കെതിരേ നടന്ന ആദ്യഘട്ടസമരത്തിന് മുന്‍പ് സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വൈകോ പങ്കെടുത്തിരുന്നില്ല. പകരം പാര്‍ട്ടി െഡപ്യൂട്ടി ജനറല്‍ സെക്രട്ടറി മല്ലൈ സത്യയായിരുന്നു എം.ഡി.എം.കെ.യെ പ്രതിനിധീകരിച്ചത്. എന്നാല്‍ ഇത്തവണ വൈകോ തന്നെ യോഗത്തിന് എത്തുകയായിരുന്നു. എം.ഡി.എം.കെ.യെ കൂടാതെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത വി.സി.കെ., സി.പി.എം, സി.പി.ഐ. എന്നീ പാര്‍ട്ടികളും ഡി.എം.കെ. സഖ്യത്തിന് തയ്യാറെടുക്കുകയാണ്. അണിയറയില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതായാണ് സൂചന.