ചെന്നൈ: നരേന്ദ്രമോദി സർക്കാരിന്റെ അഞ്ചുവർഷത്തെ ഭരണം അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ന്യൂ ഇന്ത്യ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തലമുറകൾക്കുമുമ്പ് വിദേശത്ത് സ്ഥിരതാമസമാക്കിയവർപോലും തങ്ങൾ ഇന്ത്യക്കാരാണെന്ന് അഭിമാനത്തോടെ പറയുന്നു. ധീരമായ തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ള ശക്തമായ സർക്കാർ ഇന്ത്യയിലുണ്ട്.
രാജ്യാതിർത്തിയിൽ ഉൾപ്പെടെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ചൈനയേപ്പോലെയുള്ള രാജ്യങ്ങൾ ഇന്ത്യയുമായി ചർച്ചയ്ക്കു തയ്യാറാകുന്നത് അതുകൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു. പാസ്പോർട്ട് അപേക്ഷയിലുൾപ്പെടെ ഒട്ടേറെ ജനപ്രിയനടപടികൾ കൈക്കൊള്ളാൻ രണ്ടാം മോദിസർക്കാരിനു കഴിഞ്ഞു. ആഗോളതലത്തിലെ സാമ്പത്തികമാന്ദ്യത്തിന്റെ പ്രതിഫലനം ഇന്ത്യയിലുമുണ്ട്. അതു മറികടക്കാൻ ശക്തവും ഫലപ്രദവുമായ നടപടികളാണ് മോദിസർക്കാർ കൈക്കൊള്ളുന്നത്.
പ്രത്യേക അധികാരം നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിലൂടെ കേന്ദ്രസർക്കാർ ജമ്മു കശ്മീരിൽ സാമൂഹികനീതി ഉറപ്പാക്കി. എന്നാൽ സാമൂഹികനീതി പ്രഖ്യാപിത ലക്ഷ്യമായ തമിഴ്‌നാട്ടിലെ ചില പാർട്ടികൾ കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ എതിർക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി.ജെ.പി. പ്രവർത്തകരുടെ പ്രയത്നത്തിന് ലഭിച്ച സമ്മാനമാണ് തനിക്കുലഭിച്ച മന്ത്രി സ്ഥാനമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മുതിർന്ന ബി.ജെ.പി. നേതാവ് എൽ. ഗണേശൻ, സംസ്ഥാനസെക്രട്ടറി വാനതി ശ്രീനിവാസൻ, മുൻ ഇന്ത്യൻ ബാസ്‌ക്കറ്റ് ബോൾ ടീം ക്യാപ്റ്റൻ ജയശങ്കർ മേനോൻ, നടനും സംവിധായകനുമായ സുരേഷ് മേനോൻ, നർത്തകി ഗോപികവർമ, ഗ്ലോബൽ നായർസേവാ സമാജം പ്രസിഡന്റ് ജയ്ശങ്കർ ഉണ്ണിത്താൻ, ബി.ജെ.പി. സംസ്ഥാനസമിതിയംഗം ലളിത മോഹൻ, എസ്. സുധാകർ, കെ. പ്രേം ആനന്ദ്, എൻ. പ്രേംനാഥ്, അഡ്വ. ജയഗണേഷ്, ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.