ചെന്നൈ : തമിഴ്‌നാട് സെക്രട്ടേറിയറ്റ് പരിസരത്ത് മരം കടപുഴകിവീണ് പോലീസുകാരിക്ക് ദാരുണാന്ത്യം. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെല്ലിനുസമീപം ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. മുത്തിയാൽപ്പെട്ട് ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കവിതയാണ് (47) മരിച്ചത്. മരം വീണ് പരിക്കേറ്റ പോലീസുകാരൻ മുരുകൻ (46), രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ അഗ്നിരക്ഷാ സേനാംഗം സെന്തിൽകുമാർ (51) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കവിതയും മുരുകനും സെക്രട്ടേറിയറ്റിൽ ജോലിചെയ്തുവരുകയായിരുന്നു. നാലാംഗേറ്റിൽ വാഹനങ്ങളെ നിയന്ത്രിക്കുന്ന ചുമതലയാണ് ഇവർക്കുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് വലിയ മരം കടപുഴകിവീണത്. മരത്തെ തറകെട്ടി സംരക്ഷിച്ചിരുന്നു. രണ്ടുദിവസത്തെ കനത്ത മഴയെത്തുടർന്നാണ് മരത്തിന്റെ വേരറ്റതെന്ന് പോലീസുകാർ പറഞ്ഞു. മരത്തിനിടയിൽപ്പെട്ട കവിത സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മുരുകൻ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ടായി

മരംവെട്ടിനീക്കുന്നതിനിടെയാണ് സെന്തിൽകുമാറിന് പരിക്കേറ്റത്. സംഭവത്തിൽ ഫോർട്ട് പോലീസ് കേസെടുത്തു. ചീഫ് സെക്രട്ടറി വി. ഇറൈ അൻപ്, ഡി.ജി.പി. സി.ശൈലേന്ദ്രബാബു തുടങ്ങിയ മുതിർന്ന ഉദ്യോസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. കവിതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആദരാഞ്ജലിയർപ്പിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആർക്കോണം സ്വദേശിയായ കവിത 2005-ലാണ് പോലീസ് സേനയിൽ ചേർന്നത്. കുടുംബത്തോടെ തണ്ടയാർപ്പേട്ടയിലായിരുന്നു താമസം. മൂന്നുമക്കളുണ്ട്.

കടപുഴകിയത് 75 വര്‍ഷത്തിലേറെപഴക്കമുള്ള മരം

സെക്രട്ടേറിയറ്റ് പരിസരത്ത് വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കവിതയുടെ മരണത്തിനിടെയാക്കിയ മരം 75 വര്‍ഷത്തിലേറെ പഴക്കമുണ്ട്. തറ കെട്ടി സംരക്ഷിച്ചിരുന്ന മരം കടപുഴകുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചുഴലിക്കാറ്റുകള്‍ വന്നപ്പോള്‍പോലും മരത്തിന് ഒന്നുംസംഭവിച്ചിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു കടപുഴകല്‍. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെല്‍ അടുത്തുള്ളതിനാല്‍ സാധാരണ ഒരുപാട് ആളുകളെത്താറുള്ള സ്ഥലത്താണ് അപകടം നടന്നത്. പ്രധാനകവാടത്തിന് അടുത്തായതിനാല്‍ ഈ മരത്തിന് താഴെയാണ് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ വിശ്രമിച്ചിരുന്നതും. അപകടം എല്ലാവരെയും സങ്കടത്തിലാക്കുന്നതായി.

അപകടത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് പരിസരത്തെ വലിയ മരങ്ങളുടെ അപകടസാധ്യതയുള്ള ചില്ലകള്‍ മുറിച്ചുമാറ്റി. കവിതയുടെ കുടുംബത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു. മന്ത്രിമാരായ ദുരൈമുരുകന്‍, പി.കെ. ശേഖര്‍ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ക്കഴിയുന്ന പോലീസുകാരന്‍ മുരുകനെയും അഗ്‌നിരക്ഷാ സേനാഗം സെന്തില്‍കുമാറിനെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

Content Highlights: Uprooted tree crushes female police constable to death at Tamil Nadu Secretariat