ചെന്നൈ: സുനാമിയിൽ കടലെടുത്ത ജീവിതങ്ങൾക്ക് മുന്നിൽ തമിഴകത്തിന്റെ സ്മരണാഞ്ജലി. കടലോര ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പൂക്കൾ അർപ്പിച്ചു. സുനാമിയിൽ രക്ഷപ്പെട്ടവർ ഉറ്റവരുടെ ഓർമയ്ക്ക് മുന്നിൽ കണ്ണീർവാർത്തു.

ചെന്നൈയിൽ പട്ടിനപ്പാക്കത്ത് നടന്ന ചടങ്ങിൽ മീൻപിടിത്ത വകുപ്പ് മന്ത്രി ഡി. ജയകുമാർ പുഷ്പാഞ്ജലി അർപ്പിച്ചു. കടലോര നിവാസികൾ കടലിൽ പാലൊഴുക്കി.

തമിഴ്‌നാട്ടിലെ ഏഴായിരത്തോളം ജീവനുകളാണ് 15 വർഷം മുമ്പുണ്ടായ സുനാമിയിൽ കടലെടുത്തത്. സുനാമിയിൽ മരിച്ചവരോടുള്ള സ്മരണദിനമായ വ്യാഴാഴ്ച നാഗപട്ടണം, കാരയ്ക്കൽ, കടലൂർ, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലെ മത്സത്തൊഴിലാളികൾ കടലിലിറങ്ങിയില്ല.

നാഗപട്ടണം, കാരയ്ക്കൽ ജില്ലകളിലെ 64 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ താമസിക്കുന്നവർ മെഴുകുതിരിയേന്തി പ്രദക്ഷണം നടത്തി. നാഗപട്ടണത്ത് കളക്ടർ പ്രവീൺ നായർ, പോലീസ് സൂപ്രണ്ട് സെൽവ നാഗേന്ദ്രരതിനം എന്നിവർ ചടങ്ങുകൾ നയിച്ചു. നാഗപട്ടണം കളക്ടറേറ്റിലെ സുനാമി സ്മൃതിമണ്ഡപത്തിൽ കളക്ടർ പുഷ്പാഞ്ജലി അർപ്പിച്ചു. നാഗൂരിൽ സുനാമിയിൽ മരിച്ചവരുടെ ശവകുടീരങ്ങളിൽ പൂക്കൾ അർപ്പിച്ചു.

കടലൂരിൽ മരിച്ചവരുടെ ഫോട്ടോകളുമായി ഉറ്റവർ മൗനയാത്ര നടത്തി. കന്യാകുമാരി, തൂത്തുക്കുടി എന്നീ ജില്ലകളിലും കടലോര ജില്ലകളിലുള്ളവർ സൂനാമിയിൽ മരിച്ചവരുടെ സ്മരണ പുതുക്കി.