ചെന്നൈ: തമിഴ്‌നാട്ടിലെ ഏക ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയായിരുന്ന എം. രാധയ്ക്ക് ലഭിച്ചത് 1042 വോട്ടുകൾ. പരാജയപ്പെട്ടെങ്കിലും രാധ സന്തോഷത്തിലാണ്. തന്റെ സ്വത്വത്തെ അംഗീകരിക്കാനും ലോക്‌സഭയിലേക്ക് പ്രതിനിധിയായി അംഗീകരിക്കാനും ആയിരത്തിലധികം പേർ തയ്യാറായി എന്നത് സന്തോഷിപ്പിക്കുന്നെന്ന് അവർ പറഞ്ഞു.

ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതിൽത്തന്നെ ഇത്രയധികം വോട്ടുകൾ നേടാനായി. ഇതിലും കുറവ് വോട്ടുകൾ നേടിയ സ്ഥാനാർഥികളുണ്ട്. ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ ആയിരത്തിനുമേൽ വോട്ടുകൾ നേടാനായത് തന്റെ വിജയമായി കണക്കാക്കുന്നു. സ്ഥാനാർഥിത്വ വാർത്തകൾ വന്നതോടെ ട്രാൻസ്‌ജെൻഡറുകളെ നേതൃനിരയിൽ കാണാനുള്ള തരത്തിലേക്ക് ആളുകളുടെ മനോനിലയ്ക്ക് ചെറുതായെങ്കിലും മാറ്റം വന്നിട്ടുണ്ട്. ജയിച്ചില്ലെങ്കിലും ഈ മാറുന്ന മനോഭാവം പ്രതീക്ഷ നൽകുന്നു. ഇവിടെ നിർത്തുന്നില്ല, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്നും രാധ കൂട്ടിച്ചേർത്തു. രാജ്യത്താകെ അഞ്ച് ട്രാൻസ്‌ജെൻഡർ സ്ഥാനാർഥികളാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

Content Highlights: Transgender, Tamilnad, 2019LoksabhaElections