ഒന്നേക്കാല്‍ ലക്ഷം സുരക്ഷ ഉദ്യോഗസ്ഥര്‍
3,653 പ്രശ്‌നബാധിത ബൂത്തുകള്‍


ചെന്നൈ : തമിഴ്‌നാട്ടില്‍ സ്വതന്ത്രവും സുതാര്യവുമായ പോളിങിനായി സര്‍വവിധ സുരക്ഷ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. ശൈലേന്ദ്രബാബു അറിയിച്ചു. തമിഴ്‌നാട് പോലീസുള്‍പ്പെടെ ഒന്നേക്കാല്‍ ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തുടനീളം വിന്യസിപ്പിച്ചിട്ടുള്ളത്. തമിഴ്‌നാട് പോലീസിന്റെ 65,000 പേരും, സ്‌പെഷല്‍ പോലീസില്‍ നിന്ന് 35,000 പേരും കേന്ദ്രസായുധസേനയുടെ 282 കമ്പനികളില്‍ നിന്നായി 20,000 ത്തോളം പേരുമാണ് സുരക്ഷ ചുമതലയ്ക്കുള്ളതെന്നും ശൈലേന്ദ്രബാബു അറിയിച്ചു.

സംസ്ഥാനത്ത് 3,653 പോളിങ് കേന്ദ്രങ്ങള്‍ പ്രശ്‌നബാധിതമാണെന്നും ഇവിടെ പോലീസിനും, പ്രത്യേക സുരക്ഷാസംഘത്തിനും പുറമെ നാലു സായുധസേനയെയും വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാ ബൂത്തുകളിലും പ്രത്യേക മൊബൈല്‍ സംഘത്തെയും നിയോഗിക്കും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സുരക്ഷാ സേനയും പ്രവര്‍ത്തിക്കും. അനിഷ്ട സംഭവങ്ങള്‍ ചെറുക്കാനും നിയന്ത്രിക്കാനും ദ്രുതകര്‍മ സേനയുടെ 1,153 ടീമുകളുണ്ട്. പറക്കും പടകളെയും ഊര്‍ജിതമായി രംഗത്തിറക്കും. ഇതിനായി 7,094 ടിമുകളാണുള്ളത്. 24 മണിക്കൂറും വാഹനപരിശോധന കര്‍ശനമാക്കും.

അനധികൃതമായി പണം കൊണ്ടു പോകുന്ന സംഭവത്തില്‍ ഇതു വരെ 612 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 380 പേര്‍ അറസ്റ്റിലായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 160 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പെരുമാറ്റച്ചട്ടലംഘനത്തിന് 4,042 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റു വാറണ്ടുള്ള 1,254 പേരെ അറസ്റ്റ് ചെയ്തു. 20,025 ലൈസന്‍സുള്ള തോക്കുകളില്‍ 17,452 എണ്ണം ഇതു വരെ തിരിച്ചേല്‍പ്പിച്ചതായും ശൈലേന്ദ്രബാബു വ്യക്തമാക്കി.