ചെന്നൈ: തഞ്ചാവൂരിലെ തിരുവള്ളുവരുടെ പ്രതിമ അജ്ഞാത സംഘം വികൃതമാക്കി. കരിഓയിലും ചാകണവും ഒഴിച്ചാണ് തഞ്ചാവൂരിലെ പിള്ളയാർപ്പട്ടയിൽ സ്ഥാപിച്ച പ്രതിമ വികൃതമാക്കിയത്. പ്രതിമയുടെ കണ്ണ് കറുപ്പടിച്ച് മറയ്ക്കുകയും ചാണകം കലക്കി ഒഴിക്കുകയും ചെയ്തു.
പ്രതിമ വികൃതമാക്കിയ വിവരം അറിഞ്ഞ് പോലീസ് സംഘമെത്തി. പോലീസ് സംഘംതന്നെ പ്രതിമ കഴുകി വൃത്തിയാക്കി മാലചാർത്തി. പ്രതികളെ പിടികൂടാനായി നാല് പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഡി.എം.കെ. പ്രസിഡന്റ് എം.കെ. സ്റ്റാലിൻ സംഭവത്തിൽ പ്രതിഷേധിച്ചു. തമിഴ്‌നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിമ വികൃതമാക്കിയതിൽ പ്രതിഷേധിച്ച് ഡി.എം.കെ. പ്രവർത്തകർ തഞ്ചാവൂർ ജില്ലയിൽ പലയിടത്തും പ്രക്ഷോഭം നടത്തി. പ്രതികളെ എത്രയുംപെട്ടെന്ന് പിടികൂടാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും പറഞ്ഞു.